Friday, July 6, 2012
രാഗേഷിനെ പ്രതിയാക്കിയത് ദേശീയ വാര്‍ത്ത ചമയ്ക്കാന്‍
ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിനെ പ്രതിയാക്കിയത് നഗ്നമായ രാഷ്ട്രീയ പകപോക്കല്‍. ഒരു ഉയര്‍ന്ന നേതാവിനെ കേസില്‍ പ്രതിയാക്കി ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വരുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. ഐസ്ക്രീം കേസില്‍ സര്‍ക്കാറിനു തലവേദനയായ സുപ്രീംകോടതി പരാമര്‍ശം വന്ന ദിവസംതന്നെ ഇതിന് തെരഞ്ഞെടുത്തതിനു പിന്നിലും ഉന്നത ഇടപെടല്‍ വ്യക്തം. നേരത്തെ നിശ്ചയിക്കപ്പെട്ട ഒരു നാടകം അവസരോചിതമായി ഉപയോഗിച്ചുവെന്നുമാത്രം."പ്രതി സംസ്ഥാനകമ്മിറ്റിയിലും" എന്ന ബ്രേക്കിങ് ന്യൂസ് വന്നതോടെ മാധ്യമ- പൊലീസ് ഗൂഢാലോചനയും മറനീക്കി. പി കെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റമാണ് ആരോപിച്ചിട്ടുള്ളത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എന്നും പറയുന്നു. സരിനെ ഇതുവരെ ഈ കേസില്‍ പ്രതിയാക്കിയിട്ടില്ല. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിച്ച ആരെയും കേസില്‍ ഉള്‍പെടുത്തിയിട്ടില്ല. പിടിച്ചത് വന്‍വാര്‍ത്തയാക്കുകയും വിട്ടയച്ചത് മുക്കുകയുമാണ് മാധ്യമങ്ങള്‍.
വടകര പൊലീസ് ക്യാമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കുറച്ചുദിവസം മുമ്പ് രാഗേഷിന് നോട്ടീസ് ലഭിച്ചത്. ആയുര്‍വേദ ചികിത്സയിലായതിനാല്‍ 20 ദിവസം കഴിഞ്ഞേ ഹാജരാകാനാവൂ എന്ന് മറുപടിയും നല്‍കി. പൊലീസ് ഇത് അനുവദിച്ചു. പിറ്റേന്നുമുതല്‍ പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് വേട്ടയാടല്‍ തുടങ്ങി. പൊലീസ് ക്യാമ്പില്‍പോകാതെ രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു തുടങ്ങിയ കുറ്റാരോപണങ്ങള്‍. അസുഖമുള്ളവര്‍ക്ക് മാധ്യമങ്ങളും പൊലീസും ഈ നാട്ടില്‍ പെരുമാറ്റച്ചട്ടം നിശ്ചയിച്ചിട്ടുണ്ടോ? ചികിത്സ നടക്കുമ്പോള്‍ പൊലീസ് ക്യാമ്പില്‍ ഊഴം കാത്തും ചോദ്യംചെയ്യലുമായി മണിക്കൂറുകളോളം കഴിയേണ്ടി വരുന്നതും പാര്‍ടി ഓഫീസില്‍ 15 മിനിറ്റ് വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ക്കൊപ്പം ഇരിക്കുന്നതും ഒരുപോലെയാണോ? ഇത്തരത്തില്‍ വാര്‍ത്ത നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ മാതൃഭൂമി പത്രത്തിനും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഗേഷ് നഷ്ടപരിഹാര നോട്ടീസ് നല്‍കിയിട്ടുണ്ട്.
എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന രാഗേഷ് നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നല്ല പൊതുപ്രവര്‍ത്തന പരിചയമുള്ള യുവനേതാവ്. പൊലീസിന്റെ ചോദ്യംചെയ്യല്‍ നോട്ടീസിന് 20 നാള്‍ അവധി ചോദിക്കാന്‍ പാടില്ലാത്ത എന്തുകുറ്റമാണ് രാഗേഷ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കേണ്ടത് പൊലീസും മാധ്യമങ്ങളുമാണ്. അതല്ല, സിപിഐ എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ഒരു നിയമസംരക്ഷണത്തിനും അവകാശമില്ലെന്നാണെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. പൊലീസ് സൂചനപോലും നല്‍കാത്തവര്‍ ഒളിവില്‍പോയി എന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക. പിന്നെ അവര്‍ അറസ്റ്റിലായി എന്ന് കൊണ്ടാടുക. ചന്ദ്രശേഖരന്‍ വധക്കേസിലും എം എം മണിയുടെ പ്രസംഗ കേസിലും കുറച്ചു നാളായി നടക്കുന്ന ഈ നാടകങ്ങള്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വിഭവങ്ങള്‍ നല്‍കാനുള്ളതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പൊലീസ് എന്തുപറഞ്ഞാലും എല്ലാവരും പഞ്ചപുഛമടക്കി അനുസരിച്ചുകൊള്ളണമെന്ന് പഠിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇരുന്നകൊമ്പു മുറിക്കുകയാണ്.
(മനോഹരന്‍ മോറായി)
deshabhimani 060712
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment