Wednesday, August 8, 2012

195 കോടിയുടെ മതിപ്പുവിലയും സര്‍ക്കാര്‍ പരിഗണിച്ചില്ല


കിനാലൂര്‍ എസ്റ്റേറ്റ് വില്‍പനക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില മതിപ്പുവിലയിലും (ഫെയര്‍വാല്യൂ) 150 കോടി രൂപ കുറവ്. സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില പ്രകാരം എസ്റ്റേറ്റിന് 195 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഇത് കണക്കാക്കാതെയാണ് എസ്റ്റേറ്റ് 40 കോടിക്ക് വന്‍കിടകൃഷിക്കാര്‍ക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ച മതിപ്പുവില നല്‍കാമെന്ന് വന്‍കിടതോട്ടമുടമകള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതും തള്ളിയാണ് എസ്റ്റേറ്റ് വില്‍പനക്ക് സര്‍ക്കാര്‍ കളമൊരുക്കുന്നത്. എസ്റ്റേറ്റിനു 700 കോടി രൂപയാണ് വിപണി വില കണക്കാക്കിയിട്ടുള്ളത്. ഈ ഭൂമിക്ക് ഏക്കറിന് 50 ലക്ഷം വിലയുണ്ടെന്ന് കോടതിയില്‍ കൃഷിക്കാര്‍ സമര്‍പ്പിച്ച രേഖകളിലുണ്ട്.

എസ്റ്റേറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച വിവിധയോഗങ്ങളിലുണ്ടാക്കിയ ധാരണയും അതിന്റെ മിനുട്സുമെല്ലാം അഴിമതിക്ക് തെളിവാണ്. എസ്റ്റേറ്റിന് ഫെയര്‍വാല്യു അടയ്ക്കാന്‍ തയ്യാറാണെന്ന് കൃഷിക്കാര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം ജനുവരി 24ന് തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് കര്‍ഷകര്‍ ഫെയര്‍വാല്യു അടയ്ക്കാമെന്ന് അറിയിച്ചത്. ഫെയര്‍വാല്യു കുറയ്ക്കാന്‍ സന്നദ്ധമല്ലെങ്കില്‍ ആ തുക അടയ്ക്കാന്‍ തയ്യാറാണെന്നാണ് എഴുതി അറിയിച്ചത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക മന്ത്രിക്ക് കൈമാറാമെന്ന് ഔദ്യോഗികമായി അറിയിച്ചശേഷവും ഇളവുനല്‍കി.

എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവിട്ടപ്പോള്‍ കൈയേറ്റക്കാരായി ആരോപിക്കപ്പെട്ട കൃഷിക്കാരുടെ കാര്യം പരിഗണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് കോടതിയില്‍ കേസുള്ളതടക്കം മാനിച്ചായിരുന്നു ഈ നടപടി. തൊഴിലാളികളുടെ താല്‍പര്യം പൂര്‍ണമായി ഉറപ്പാക്കിയാണ് 2010-ല്‍ സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്. ഈ തീരുമാനം മറയാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ കച്ചവടത്തിന് കോപ്പുകൂട്ടുന്നത്. ജനുവരി 24ന് വിളിച്ച യോഗത്തില്‍ തൊഴിലാളി സംഘടനാപ്രതിനിധികളെ വിളിച്ചില്ല. വന്‍കിട ഭൂവുടമകള്‍ മാത്രമാണ് പങ്കെടുത്തത്. കൈയേറ്റക്കാരെന്ന് ആരോപിക്കപ്പെട്ട പി കെ സി അഹമ്മദ്കുട്ടി, ജോസ് കൈനടി, മാര്‍ടിന്‍ തോമസ് തുടങ്ങിയവരും അവരുടെ അഭിഭാഷകരുമുള്‍പ്പെടെ19 പേര്‍ യോഗത്തിലുണ്ടായി. ഭരണകക്ഷിനേതാക്കളും മന്ത്രി ബന്ധുക്കളും ഇതില്‍പ്പെടും.
(പി വി ജീജോ)

deshabhimani 080812

1 comment:

  1. കിനാലൂര്‍ എസ്റ്റേറ്റ് വില്‍പനക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില മതിപ്പുവിലയിലും (ഫെയര്‍വാല്യൂ) 150 കോടി രൂപ കുറവ്. സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില പ്രകാരം എസ്റ്റേറ്റിന് 195 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഇത് കണക്കാക്കാതെയാണ് എസ്റ്റേറ്റ് 40 കോടിക്ക് വന്‍കിടകൃഷിക്കാര്‍ക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ച മതിപ്പുവില നല്‍കാമെന്ന് വന്‍കിടതോട്ടമുടമകള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതും തള്ളിയാണ് എസ്റ്റേറ്റ് വില്‍പനക്ക് സര്‍ക്കാര്‍ കളമൊരുക്കുന്നത്. എസ്റ്റേറ്റിനു 700 കോടി രൂപയാണ് വിപണി വില കണക്കാക്കിയിട്ടുള്ളത്. ഈ ഭൂമിക്ക് ഏക്കറിന് 50 ലക്ഷം വിലയുണ്ടെന്ന് കോടതിയില്‍ കൃഷിക്കാര്‍ സമര്‍പ്പിച്ച രേഖകളിലുണ്ട്.

    ReplyDelete