Tuesday, August 28, 2012

മഹാരാഷ്ട്രയില്‍ ഡിവൈഎഫ്ഐക്ക് മലയാളി സെക്രട്ടറി


ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി കോട്ടയം സ്വദേശിനി പ്രീതി ശേഖര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 24 മുതല്‍ മൂന്നു ദിവസങ്ങളായി നന്ദേഡ് ജില്ലയിലെ മാഹുരില്‍ നടന്ന സംസ്ഥാനസമ്മേളനം ഞായറാഴ്ച സമാപിച്ചു. അഡ്വ.ഭഗവന്‍ ഭോജ് ഗെ ആണ് പുതിയ സംസ്ഥാന പ്രസിഡന്റ്.

കോട്ടയം, കഞ്ഞിക്കുഴി സ്വദേശിനിയായ പ്രീതി മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയായ അവര്‍ ഭര്‍ത്താവ് കെ കെ പ്രകാശനൊപ്പം വസായിയില്‍ ആണ് താമസം. കോട്ടയം ബസേലിയസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുന്‍ തലവന്‍ പ്രൊഫ. ചന്ദ്രശേഖരന്റെ മകളാണ്. റെയില്‍വെ യാത്രക്കാരുടെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരങ്ങളുടെ മുനിരയിലുണ്ടായിരുന്നു. ഇന്ത്യയിലെ നഴ്സിങ് സമരങ്ങള്‍ക്ക് തുടക്കമിട്ട ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രി സമരസഹായസമിതിയുടെ ചെയര്‍പേഴ്സണ്‍ ആയിരുന്നു. ഡിവൈഎഫ്ഐയുടെ മുംബൈ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടു്. മുംബൈ യൂനിവേര്‍സിറ്റിയില്‍ ഗവേഷകയായ പ്രീതി ശേഖറിന് പുറമേ മുംബൈയില്‍ നിന്ന് തന്നെയുള്ള കെ എസ് രഘു, നാസിക്കില്‍ നിന്നുള്ള ഫ്രാന്‍സിസ് ചാക്കോ എന്നീ മലയാളികളും ഇക്കുറി സംസ്ഥാനസമിതിയിലുണ്ട്. ഭാസ്കര്‍ പാട്ടീലാണ് പുതിയ ട്രഷറര്‍. 35 അംഗസംസ്ഥാന കമ്മിറ്റിക്ക് പുറമേ 13 അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.

24ന് അഖിലേന്ത്യാസെക്രട്ടറി തപന്‍ സിന്‍ഹ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ 16 ജില്ലകളിലെ ഒരു ലക്ഷത്തില്‍പ്പരം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പേര്‍ പങ്കെടുത്തു. സമാപന സമ്മേളനം സി.പിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഡിവൈഎഫ്ഐ സ്ഥാപക സെക്രട്ടറിയുമായ മഹേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നും പൂര്‍ണ്ണമായും പിന്തിരിയുകയും കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നയപരിപാടികളെ സമ്മേളനം ശക്തമായി വിമര്‍ശിച്ചു. കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്തുവിലകൊടുത്തും തടയുമെന്നും പ്രമേയം വ്യക്തമാക്കുന്നു. പെണ്‍ഭ്രൂണഹത്യക്കും ലിംഗവിവേചനത്തിനുമെതിരായ നിയമ നടപടികള്‍ കര്‍ശനമാക്കുക, മഹാരാഷ്ട്രയില്‍ ഒഴിഞ്ഞു കിടക്കുന്ന 18 ലക്ഷത്തോളം സര്‍ക്കാര്‍ തസ്തികകളില്‍ ഉടനടി നിയമനം നടത്തുക, ദേശീയ നാഗരിക തൊഴിലുറപ്പുപദ്ധതി സുതാര്യമായി നടപ്പിലാക്കുക, സമ്പൂര്‍ണ്ണ യുവജനകായിക നയം പ്രഖ്യാപിക്കുക, സ്വകാര്യമേഖലയിലും ദളിത്ആദിവാസി സംവരണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

മധുജാ സെന്‍ പ്രസിഡന്റ് ദേബജ്യോതി സെക്രട്ടറി

കൊല്‍ക്കത്ത: എസ്എഫ്ഐ പശ്ചിമ ബംഗാള്‍ 34-ാം സംസ്ഥാന സമ്മേളനം പ്രസിഡന്റായി മധുജാ സെന്‍ റായ്, സെക്രട്ടറിയായി ദേബജ്യോതി ദാസ് എന്നിവരെ തെരഞ്ഞെടുത്തു. 89 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 27 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. അലിപുര്‍ദാറില്‍ മൂന്നുദിവസമായി നടന്ന സമ്മേളനത്തില്‍ 512 പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് നടമാടുന്ന അരാജകത്വത്തിനെതിരെ ശക്തമായി പോരാടുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. മുന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ച ജനകീയ വിദ്യാഭ്യാസ വ്യവസ്ഥിതി എന്തു വിലകൊടുത്തും സംരക്ഷിക്കും. സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു സംസാരിച്ചു.
(ഗോപി)

deshabhimani

1 comment:

  1. ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി കോട്ടയം സ്വദേശിനി പ്രീതി ശേഖര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 24 മുതല്‍ മൂന്നു ദിവസങ്ങളായി നന്ദേഡ് ജില്ലയിലെ മാഹുരില്‍ നടന്ന സംസ്ഥാനസമ്മേളനം ഞായറാഴ്ച സമാപിച്ചു. അഡ്വ.ഭഗവന്‍ ഭോജ് ഗെ ആണ് പുതിയ സംസ്ഥാന പ്രസിഡന്റ്.

    ReplyDelete