Friday, August 31, 2012

മന്ത്രിയുടെ കൂട്ടുകാര്‍ക്ക് മുറി നല്‍കിയില്ല; വൈല്‍ഡ് ലൈഫ് വാര്‍ഡനെ സ്ഥലംമാറ്റി


കല്‍പ്പറ്റ: മന്ത്രിയുടെ സൃഹൃത്തുക്കള്‍ക്ക് വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ താമസ സൗകര്യമൊരുക്കാത്തതിന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സ്ഥലം മാറ്റി. വയനാട് വന്യജീവികേന്ദ്രത്തിലെ കെ കെ സുനില്‍കുമാറിനെയാണ് മന്ത്രി ഗണേശ്കുമാര്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയത്.

മന്ത്രിയുടെ സുഹൃത്തുക്കള്‍ 22, 23 തീയതികളില്‍ മുത്തങ്ങയിലെ സ്രാമ്പിയില്‍ താമസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24നാണ് സംഘം എത്തിയത്. 25ന് കൂടി റൂം വേണമെന്ന് ആവശ്യപ്പെട്ടു. ആ ദിവസം മറ്റൊരു സംഘത്തിന് മുറി നല്‍കിയതിനാല്‍ ഒഴിവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഉടന്‍ മന്ത്രിയുടെ ഗണ്‍മാന്‍ ഇടപെട്ട് ബത്തേരി ഐബി നല്‍കാനാവശ്യപ്പെട്ടു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് മുറി നല്‍കിയതിനാല്‍ ഐബിയില്‍ ഒഴിവില്ലെന്നും മാനന്തവാടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ സൗകര്യം ഒരുക്കാമെന്നും അറിയിച്ചെങ്കിലും സംഘം വിസമ്മതിച്ചു. കോപാകുലനായ മന്ത്രി, ഗസ്റ്റ്ഹൗസുകള്‍ പൂട്ടി താക്കോലും ലഡ്ജറുകളുമായി പാലക്കാട്ടെത്താന്‍ വൈല്‍ഡ്ലൈഫ് വാര്‍ഡനോട് ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ ഐബികളുടെയും ഗസ്റ്റ്ഹൗസുകളുടെയും ചുമതല അന്നുതന്നെ തിരുവനന്തപുരത്തുള്ള പ്രിന്‍സിപ്പല്‍ സിസിഎഫിന് നല്‍കി. പാലക്കാട് ഗസ്റ്റ്ഹൗസിലെത്തിയ ഉദ്യോഗസ്ഥനെ മറ്റുള്ളവരുടെ മുമ്പില്‍വച്ച് മന്ത്രി പുലഭ്യം പറഞ്ഞു. ""മന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെക്കാളും വലുതല്ല സിസിഎഫ്. നിന്നെ ഞാന്‍ കാലിന്റെ ചുവട്ടിലേക്ക് മാറ്റാന്‍ പോകുകയാണ്"" എന്നൊക്കെയായിരുന്നു ആക്രോശം. തുടര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തിന്റെ ചുമതല സൗത്ത് വയനാട് ഡിഎഫ്ഒക്ക് നല്‍കി.

സത്യസന്ധമായ പ്രവര്‍ത്തനംകൊണ്ട് കേരളത്തില്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് സുനില്‍കുമാര്‍. അട്ടപ്പാടിയില്‍ കഞ്ചാവു കൃഷി അമര്‍ച്ച ചെയ്യുന്നതില്‍ ക്രിയാത്മക ഇടപെടല്‍ നടത്തിയ ഇദ്ദേഹത്തിന് 2006ല്‍ ഏറ്റവും നല്ല റെയ്ഞ്ചര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു. 2010ല്‍ സൗത്ത് വയനാട് ഡിഎഫ്ഒ യായി നിയമനം ലഭിച്ച സുനില്‍കുമാര്‍ പശ്ചിമഘട്ട മലനിരകളില്‍ സ്വകാര്യ എസ്റ്റേറ്റുടമകള്‍ കൈയേറിയ ആയിരത്തിലധികം ഏക്കര്‍ വനഭൂമി തിരികെ പിടിച്ചെടുത്തിരുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ നടപ്പാക്കിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഈ ഉദ്യോഗസ്ഥന്‍ പുലര്‍ത്തിയ ജാഗ്രത ഏറെ പ്രശംസിക്കപ്പെട്ടു.

വനം-ക്വാറി മാഫിയകള്‍ക്ക് വേണ്ടി സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും നടപടിയെടുത്തും പീഡിപ്പിക്കുന്ന മന്ത്രിയുടെ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതായി ആരോപണമുണ്ട്. മന്ത്രിയുടെ അനുയായികളെ അനുസരിക്കാത്തതിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. കുറിച്യാട് റെയ്ഞ്ചര്‍ ജോഷിലിനെ വാളയാര്‍ ചെക്ക് പോസ്റ്റിലേക്ക് രണ്ടുമാസം മുമ്പാണ് സ്ഥലം മാറ്റിയത്. കേരളത്തിലെ ആദ്യ വനിതാ റെയ്ഞ്ചര്‍ ഷജ്നയെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലുതവണ സ്ഥലം മാറ്റി. ചില ഡിഎഫ്ഒമാര്‍ അധികാരം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്നും ഗസ്റ്റ് ഹൗസുകളുടെ ചുമതല സിസിഎഫുമാരെ ഏല്‍പ്പിക്കുമെന്നും വനംമന്ത്രി കെ ബി ഗണേശ്കുമാര്‍ പറഞ്ഞു.

deshabhimani 310812

1 comment:

  1. മന്ത്രിയുടെ സൃഹൃത്തുക്കള്‍ക്ക് വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ താമസ സൗകര്യമൊരുക്കാത്തതിന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സ്ഥലം മാറ്റി. വയനാട് വന്യജീവികേന്ദ്രത്തിലെ കെ കെ സുനില്‍കുമാറിനെയാണ് മന്ത്രി ഗണേശ്കുമാര്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയത്.

    ReplyDelete