Friday, August 31, 2012

വൈദ്യുതി ബോര്‍ഡ് കടക്കെണിയിലേക്ക്


ജനങ്ങളെ പിഴിയുന്ന നിരക്കുവര്‍ധനയ്ക്ക് ശേഷവും വൈദ്യുതി ബോര്‍ഡ് വന്‍ കടക്കെണിയിലേക്ക്. കേരള പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് 14 ശതമാനം പലിശയ്ക്ക് കടമെടുത്ത് ഈമാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തിയ ബോര്‍ഡ് അടുത്തമാസം കടുത്ത പ്രതിസന്ധയിലേക്ക് നീങ്ങുമെന്ന് സൂചന. വൈദ്യുതി വാങ്ങിയ വകയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് (എന്‍ടിപിസി) കഴിഞ്ഞമാസം നല്‍കേണ്ട 250 കോടി കൊടുത്തിട്ടില്ല. ഈമാസത്തെ 400 കോടിയും നല്‍കണം. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ സാമ്പത്തികവര്‍ഷം പദ്ധതികയൊന്നും ഏറ്റെടുത്തിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് നല്‍കുന്നില്ല. ചെലവുചുരുക്കലിന്റെ ഭാഗമായി രാത്രി വാഹനമോടുന്നത് നിയന്ത്രിച്ചതിനാല്‍ രാത്രികാല അറ്റകുറ്റപ്പണി നിലച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായി കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉത്രാട തലേന്നു മാത്രമാണ് ഓണം അഡ്വാന്‍സ് നല്‍കിയത്. പെന്‍ഷന്‍ പരിഷ്കരണം എല്ലായിടത്തും നടപ്പാക്കിയിട്ടില്ല. പരിഷ്കരണത്തിലെ കുടിശ്ശിക എന്നു കൊടുക്കുമെന്ന് പറയാന്‍ കഴിയുന്നില്ല. ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു ഈമാസം നല്‍കേണ്ടതാണെങ്കിലും വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ച ക്ഷാമബത്ത ആറു മാസത്തിനുശേഷവും നല്‍കാന്‍ കഴിയുന്നില്ല.

പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്കുവര്‍ധനയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ബാധ്യത ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മൂന്നു മാസത്തേക്കുള്ള തുകയായ 80 കോടി ബോര്‍ഡിന് കഴിഞ്ഞദിവസം അനുവദിച്ചു. അത് ഈമാസം തന്നെ ചെലവിട്ടു. അടുത്ത രണ്ടുമാസം പ്രതിസന്ധി രൂക്ഷമാകാന്‍ ഇതും കാരണമാകും. വൈദ്യുതി ബോര്‍ഡിന് വായ്്പ നല്‍കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ദേശസാല്‍ക്കൃത ബാങ്കുകള്‍. എസ്ബിടിയില്‍ നിന്ന് 3000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് ഇപ്പോള്‍തന്നെയുണ്ട്. മറ്റൊരു ബാങ്കില്‍നിന്നെടുത്ത വായ്പാ തിരിച്ചടവ് അടുത്തമാസം ആരംഭിക്കേണ്ടതുണ്ട്. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കോടതി നിര്‍ദേശിച്ച തരത്തില്‍ നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയും തിരിച്ചടിയായി. കോടിയലക്ഷ്യ നടപടികള്‍ ഒഴിവാക്കാന്‍, അധിക തുക പലിശ സഹിതം നല്‍കേണ്ടിവരുന്നു.

വൈദ്യുതി ആസൂത്രണത്തിലെ ഗുരുതര പാളിച്ചയാണ് ബോര്‍ഡിനെ ഈ നിലയിലേക്ക് തള്ളിയത്. മഴക്കാലത്ത് ചെറുകിട പദ്ധതികളില്‍ നിന്ന് പരമാവധി ഉല്‍പ്പാദനം നടത്തിയും പുറമേനിന്ന് വൈദ്യുതി വാങ്ങിയും വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് പതിവ്. അതിനു തയ്യാറാകാതെ ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തിയതു മൂലം വേനല്‍ക്കാലത്ത് കൂടിയ വിലയ്ക്ക് പുറമേനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വന്നു. ഇത് ചെലവ് കുതിക്കാന്‍ ഇടയാക്കി. നിരക്കുവര്‍ധനയിലൂടെ ലഭിക്കുന്ന അധികവരുമാനം പോലും പ്രതിസന്ധിക്ക് പരിഹാരമാകാത്ത അവസ്ഥയാണ്. പ്രതിസന്ധികളില്‍ അകപ്പെട്ട ബോര്‍ഡിന് സ്ഥിരം ചെയര്‍മാന്‍ ഇല്ലാത്തതും പ്രശ്നമായി മാറുന്നു. ഊര്‍ജ സെക്രട്ടറി ഏലിയാസ് ജോര്‍ജിനാണ് ഇപ്പോള്‍ ചുമതല. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളുടെ കൂടി ചുമതലയുള്ളതിനാല്‍ അദ്ദേഹത്തിന്റെ സേവനം ബോര്‍ഡിന് കിട്ടാത്ത സ്ഥിതിയുമാണ്.
(ആര്‍ സാംബന്‍)

deshabhimani 310812

1 comment:

  1. ജനങ്ങളെ പിഴിയുന്ന നിരക്കുവര്‍ധനയ്ക്ക് ശേഷവും വൈദ്യുതി ബോര്‍ഡ് വന്‍ കടക്കെണിയിലേക്ക്. കേരള പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് 14 ശതമാനം പലിശയ്ക്ക് കടമെടുത്ത് ഈമാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തിയ ബോര്‍ഡ് അടുത്തമാസം കടുത്ത പ്രതിസന്ധയിലേക്ക് നീങ്ങുമെന്ന് സൂചന.

    ReplyDelete