Sunday, August 26, 2012

നെല്ലിയാമ്പതിക്ക് പിന്നാലെ വാഗമണ്ണും വില്‍പ്പനയ്ക്ക്


നെല്ലിയാമ്പതി വനഭൂമിക്കു പിന്നാലെ വാഗമണ്ണിലെ പ്രകൃതിരമണീയമായ മലനിരകളും "എമര്‍ജിങ് കേരള"യുടെ മറവില്‍ വില്‍പ്പനയ്ക്ക്്. വാഗമണ്ണിലെ 100 ഏക്കറാണ് ഗോള്‍ഫ് കോഴ്സ് അടക്കമുള്ള പദ്ധതികള്‍ക്കായി വന്‍കിട സ്വകാര്യ ടൂറിസം ഗ്രൂപ്പുകള്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ എമര്‍ജിങ് കേരള വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തങ്ങള്‍പാറ, മുരുകന്‍കുന്ന്, കുരിശുമല എന്നിവിടങ്ങളിലെ സ്ഥലമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. നാല്‍പ്പത് കോട്ടേജ്, ഗോള്‍ഫ് കോഴ്സ്, പാരാഗ്ലൈഡിങ്, ട്രക്കിങ് തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തിലുളള വാഗമണ്‍ മലനിരകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ തന്നെ കൈയേറ്റക്കാരുടെ പക്കലാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വാഗമണ്ണിലെ കൈയേറ്റം വാര്‍ത്തയായിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. എല്‍ഡിഎഫ് ഒഴിപ്പിച്ച സ്ഥലങ്ങള്‍ ഇപ്പോള്‍ വീണ്ടും മാഫിയയുടെ പിടിയിലായി. ഇതിനിടെയാണ് ടൂറിസത്തിന്റെ മറവില്‍ 100 ഏക്കര്‍ കൈയേറാനുള്ള നീക്കം. 120 കോടിയുടെ പദ്ധതിയാണ് വാഗമണ്ണില്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്തുന്ന എമര്‍ജിങ് കേരളയുടെ മറവില്‍ നെല്ലിയാമ്പതി വനഭൂമിയിലെ 25 ഏക്കര്‍ വന്‍കിട സ്വകാര്യ ടൂറിസം ഗ്രൂപ്പുകള്‍ക്ക് കൈമാറാനുള്ള നീക്കം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നെല്ലിയാമ്പതിയില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഫോറസ്റ്റ് ലോഡ്ജും ഹെല്‍ത്ത് റിസോര്‍ട്ടുകളും സ്ഥാപിക്കാനാണ് ഭൂമി നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. പാട്ടക്കാലാവധി കഴിഞ്ഞ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നതിനിടെയാണ് ടൂറിസം പദ്ധതികള്‍ക്ക് സ്വകാര്യ ഏജന്‍സികളെ ക്ഷണിച്ചത്.

deshabhimani 270812

No comments:

Post a Comment