Friday, August 31, 2012

ചര്‍ച്ചയില്ലാതെ രണ്ട് ബില്ലുകള്‍ ലോക്സഭ പാസാക്കി


കല്‍ക്കരി കുംഭകോണത്തിന് ഉത്തരവാദിയായ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ബഹളത്തിനിടെ അന്താരാഷ്ട്ര രാസായുധ സമ്മേളന ഭേദഗതി നിയമവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഭേദഗതി നിയമവും ലോക്സഭഭപാസാക്കി. പകല്‍ 11ന് സഭ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. 12 വരെ സഭഭനിര്‍ത്തി. 12ന് വീണ്ടും ചേര്‍ന്നപ്പോഴാണ് പ്രധാന പേപ്പറുകള്‍ സഭയില്‍ വച്ചശേഷം നിയമനിര്‍മാണത്തിലേക്ക് കടന്നത്. ബഹളത്തിനിടെ ആദ്യം പരിഗണിച്ച രാസായുധ സമ്മേളന ഭേദഗതി ബില്‍ രണ്ട് മിനിറ്റുകൊണ്ട് പാസാക്കി. രാജ്യസഭ നേരത്തെ ബില്‍ പാസാക്കിയിരുന്നു.

രണ്ടായിരത്തിലെ രാസായുധ സമ്മേളന നിയമമാണ് ഭേദഗതി ചെയ്തത്. രാസായുധങ്ങള്‍ വികസിപ്പിച്ചെടുക്കല്‍, ഉല്‍പ്പാദനവും ശേഖരണവും നിരോധിക്കല്‍, നിലവിലുള്ള രാസായുധങ്ങള്‍ നശിപ്പിക്കല്‍ എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ബില്ലില്‍ പറയുന്നു. കേന്ദ്ര രാസവസ്തുമന്ത്രി ശ്രീകാന്ത് ജനയാണ് ബില്‍ അവതരിപ്പിച്ചത്. 1993ല്‍ അന്താരാഷ്ട്ര കെമിക്കല്‍ കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. കണ്‍വന്‍ഷനില്‍ അംഗമല്ലാത്ത രാജ്യങ്ങളുമായി മാരകശക്തിയുള്ള രാസവസ്തുക്കളുടെ കൊടുക്കല്‍വാങ്ങല്‍ നിരോധിക്കുന്നതാണ് നിയമഭേദഗതിയിലെ പ്രധാന വ്യവസ്ഥ. ലോകത്തുനിന്ന് രാസായുധങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ലോകമാകെ രാസായുധങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള കാലാവധി ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് അവസാനിച്ചിരുന്നു. എന്നാല്‍, പത്തുവര്‍ഷം കൂടി സാവകാശമുണ്ടെങ്കില്‍ മാത്രമേ തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഈ ശ്രമത്തിന് മുന്‍കൈയെടുത്ത അമേരിക്കയുടെ നിലപാട്. രാസായുധങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറാകാതെ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന അമേരിക്കയ്ക്ക് പൂര്‍ണമായും വിധേയമായാണ് യുപിഎ ഗവണ്‍മെന്റ് നിയമ ഭേദഗതി കൊണ്ടുവന്നത്.

രാസവസ്തു മേഖലയില്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിശ്ചിത പരിധിയില്‍ കൂടുതലുള്ള രാസവ്യവസായങ്ങള്‍ക്കു മാത്രമേ ലൈസന്‍സ് ആവശ്യമുള്ളൂവെന്നാണ് പുതിയ നിയമം. ഇത് ഈ മേഖലയുടെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്കയുണ്ടാക്കുന്നു. ചെറുകിട യൂണിറ്റുകളില്‍ മാരകമായ രാസവസ്തുക്കളുണ്ടാക്കാന്‍ ഇപ്പോഴുള്ള ഭേദഗതി മൂലം കഴിയും. ഇത് തീവ്രവാദികളടക്കമുള്ളവര്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്ക ഇടതുപക്ഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ പങ്കുവയ്ക്കാനോ ചര്‍ച്ച നടത്താനോ അവസരമൊരുക്കാതെ ധൃതിപിടിച്ച് ബില്‍ പാസാക്കിയെടുക്കുകയായിരുന്നു.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ മറ്റ് കേന്ദ്രങ്ങളിലും സ്ഥാപനം ആരംഭിക്കാന്‍ അനുമതി നല്‍കാനുള്ള ബില്ലാണ് എയിംസ് നിയമഭേദഗതി.
(വി ജയിന്‍)

deshabhimani 310812

1 comment:

  1. കല്‍ക്കരി കുംഭകോണത്തിന് ഉത്തരവാദിയായ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ബഹളത്തിനിടെ അന്താരാഷ്ട്ര രാസായുധ സമ്മേളന ഭേദഗതി നിയമവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഭേദഗതി നിയമവും ലോക്സഭഭപാസാക്കി.

    ReplyDelete