Sunday, August 26, 2012

ചേരിചേരാ പ്രസ്ഥാനം വന്‍ വിജയമാവും


ചേരിചേരാ പ്രസ്ഥാനത്തിന്റെ 16-ാമത് ഉച്ചകോടി സമ്മേളനം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഓഗസ്റ്റ് 26-31 ന് നടക്കും. സമ്മേളനത്തെ രാഷ്ട്രീയമായും പങ്കാളിത്തത്തിലും ദുര്‍ബലമാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന തീവ്രശ്രമങ്ങള്‍ വിജയിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. 120 അംഗ രാഷ്ട്രങ്ങളുടെയും 17 നിരീക്ഷക രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയിലെ മൂന്നില്‍ രണ്ട് അംഗ രാഷ്ട്രങ്ങളെയും ലോകജനസംഖ്യയില്‍ 55 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന ബ്രഹദ്‌സംഘടനയാണ് ചേരിചേരാ പ്രസ്ഥാനം.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും നാറ്റോ സൈനിക സഖ്യരാഷ്ട്രങ്ങളുടെയും നിഷേധാത്മക ഇടപെടലിനെ തുടര്‍ന്ന് ഉപരോധത്തെ നേരിടുന്ന ഇറാന് സമ്മേളനം വന്‍ ധാര്‍മ്മിക വിജയമാവും. അറബ് വസന്തത്തിന്റെ മറവില്‍ സിറിയയില്‍ അരേങ്ങേറുന്ന രക്തരൂക്ഷാത കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.
പാശ്ചാത്യതാല്‍പ്പര്യത്തിന് വിരുദ്ധമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി.

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, ഈജിപ്ത് പ്രസിഡന്റ് മൊഹമ്മദ് മുര്‍സി, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്ങ്-ഉണ്‍ തുടങ്ങിയ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. പാകിസ്ഥാന്‍, ബംഗഌദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ തുടങ്ങി ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ രാഷ്ട്രഭരണ നേതാക്കളും ടെഹ്‌റാനിലെത്തും.

പാശ്ചാത്യ ഇടപെടലുകള്‍ വകവയ്ക്കാതെ അമ്പതിലേറെ രാഷ്ട്രങ്ങള്‍ തങ്ങളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, രാജാക്കന്മാര്‍ എന്നിങ്ങനെ സമുന്നത രാഷ്ട്രതലവന്മാരെയും ഭരണാധികാരികളെയും ഉച്ചകോടിയിലേക്ക് അയയ്ക്കുന്നുണ്ട്.

സിറിയന്‍  പ്രശ്‌നത്തില്‍ യു എനില്‍ കര്‍ക്കശനിലപാട് സ്വീകരിച്ച റഷ്യയും ചൈനയും ഉച്ചകോടിയിലേക്ക് തങ്ങളുടെ ഉന്നതാധികാര പ്രതിനിധിസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യ-ഇറാന്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ടെഹ്‌റാന്‍ ഉച്ചകോടി വേദിയൊരുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച ടെഹ്‌റാനിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

ഉച്ചകോടിക്ക് മുന്നോടിയായി ഇന്ന് നടക്കുന്ന ഇന്ത്യ-ഇറാന്‍-അഫ്ഗാനിസ്ഥാന്‍ ത്രീകക്ഷി യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി പങ്കെടുക്കും.
ഇന്ത്യ-ഇറാന്‍ വ്യാപാരം 2010-11 കാലയളവില്‍ പന്ത്രണ്ട് ലക്ഷം കോടി ഡോളറിന്റേതാണ്. തന്ത്രപ്രധാനമായ ഇന്ത്യ-പാകിസ്ഥാന്‍-ഇറാന്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ചര്‍ച്ചകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഉച്ചകോടിയില്‍ ഉരുത്തിരിയുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.

  അടുത്തമാസം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഹൈട്രോകാര്‍ബണ്‍ സംബന്ധിച്ച ഇന്ത്യ-ഇറാന്‍ സംയുക്ത പ്രവര്‍ത്തക സംഘം ഈ വിഷയം ചര്‍ച്ചചെയ്യും.

janayugom news

2 comments:

  1. ചേരിചേരാ പ്രസ്ഥാനത്തിന്റെ 16-ാമത് ഉച്ചകോടി സമ്മേളനം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഓഗസ്റ്റ് 26-31 ന് നടക്കും. സമ്മേളനത്തെ രാഷ്ട്രീയമായും പങ്കാളിത്തത്തിലും ദുര്‍ബലമാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന തീവ്രശ്രമങ്ങള്‍ വിജയിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. 120 അംഗ രാഷ്ട്രങ്ങളുടെയും 17 നിരീക്ഷക രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയിലെ മൂന്നില്‍ രണ്ട് അംഗ രാഷ്ട്രങ്ങളെയും ലോകജനസംഖ്യയില്‍ 55 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന ബ്രഹദ്‌സംഘടനയാണ് ചേരിചേരാ പ്രസ്ഥാനം.

    ReplyDelete
  2. ചേരിചേരാ പ്രസ്ഥാനത്തിന്റെ പതിനാറാം ഉച്ചകോടി തെഹ്റാനില്‍ ചേരുന്നത് തങ്ങളെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ ഉപരോധത്തിന്റെയും ഭീഷണികളുടെയും പരാജയമാണെന്ന് ഇറാന്‍ പ്രസ്താവിച്ചു. മധ്യ പൗരസ്ത്യ ദേശവും ഉത്തരാഫ്രിക്കയും സംഭവബഹുലമായ വേളയില്‍ ഇത്രയധികം രാഷ്ട്രനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് പ്രധാനമാണെന്ന് ഇറാന്‍ വിദേശ ഉപമന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍ പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങടക്കം 120 രാഷ്ട്രങ്ങളുടെ നേതാക്കളുംപങ്കെടുക്കുന്ന ഉച്ചകോടി 30, 31 തീയതികളിലാണ് നടക്കുക. ഇതിന്റെ മുന്നോടിയായുള്ള ഉദ്യോഗസ്ഥതല യോഗം ഞായറാഴ്ച ആരംഭിച്ചു. ഉച്ചകോടിയുടെ അജന്‍ഡയും പ്രമേയങ്ങളുമാണ് അംഗരാജ്യങ്ങളുടെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം ചര്‍ച്ചചെയ്യുന്നത്. അമേരിക്കന്‍ ഉപരോധത്തെ രാജ്യം വകവയ്ക്കുന്നില്ലെന്നതിന്റെ സൂചനയായി ഉച്ചകോടിയെ നയതന്ത്രതലത്തില്‍ എടുത്തുകാട്ടാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ഉപരോധത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള അവസരമായും ഉച്ചകോടി മാറിയേക്കും. അമേരിക്ക ആണവനിലയമാണെന്ന് സംശയിക്കുന്ന പാര്‍ച്ചിന്‍ സൈനികകേന്ദ്രം കാണാനും പ്രതിനിധികള്‍ക്ക് ഉച്ചകോടിക്കിടെ അവസരമൊരുക്കിയിട്ടുണ്ട്. ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള തങ്ങളുടെ അവകാശം വ്യക്തമാക്കുന്ന ബോര്‍ഡുകളും "ദൈവം സ്വതന്ത്രനായി ജനിപ്പിച്ച മനുഷ്യനെ അടിമകളാക്കുന്നത് ഒഴിവാക്കുക" തുടങ്ങി പാശ്ചാത്യ അധിനിവേശത്തെ സൂചിപ്പിക്കുന്ന ബോര്‍ഡുകളും നഗരത്തിലെങ്ങും നിറഞ്ഞിട്ടുണ്ട്.

    ReplyDelete