Monday, August 27, 2012

പി ജയരാജന് ജാമ്യം: പ്രോസിക്യൂഷന് രൂക്ഷവിമര്‍ശനം


ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഹൈക്കോടജതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബാബു മാത്യു പി ജോസഫാണ് ജയരാജന് ജാമ്യം അനുവദിച്ചത്.പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ജയരാജന്‍ അറസ്റ്റിലായ ശേഷമുണ്ടായ കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതെങ്ങനെയാണെന്ന് ചോദിച്ചു. തിങ്കളാഴ്ച തന്നെ ജയരാജനെ ജയില്‍ മോചിതനാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും ജഡ്ജി നിര്‍ദേശിച്ചു.അതിനായി ഉത്തരവ് തലശ്ശേരി കോടതിയിലേക്ക് ഫാക്സ് മുഖേന നല്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.ഉത്തരവാദപ്പെട്ട പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ അങ്ങനെ വിലക്കാനാകില്ലെന്നു കോടതി പറഞ്ഞു.
25,000 രൂപയുടെ ജാമ്യത്തുകയിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുകയും കുറ്റപത്രവും സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ സര്‍ക്കാര്‍ നിലപാടറിയാന്‍ മാറ്റുകയായിരുന്നു. നിലപാടറിയികാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതിനെത്തുടര്‍ന്നാണ് ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

ഷുക്കൂര്‍ വധക്കേസില്‍ മൊഴിയെടുക്കാന്‍ കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസില്‍ ആഗസ്ത് 1 ന് വിളിച്ചുവരുത്തിയാണ്  പി ജയരാജനെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. ജയരാജനെ അന്യായമായി പ്രതിയാക്കിയതിനെതിരെ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ പ്രതികാര നടപടിക്ക് താക്കീതുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധത്തെ മര്‍ദിച്ചൊതുക്കാനൊരുങ്ങിയ പൊലീസ് നടപടി പലയിടത്തും സംഘര്‍ഷത്തിന് വഴിവച്ചു .ഷുക്കൂര്‍ വധിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരുന്നത്.

ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ ടി വി രാജേഷിന് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജയരാജനും ജാമ്യം അനുവദിക്കണമെന്ന് ജയരാജന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ കോടതിയെ അറിയിച്ചിരുന്നു. എംഎല്‍എ എന്ന നിലയിലാണ് ടി വി രാജേഷിന് ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി അറിയിച്ചു. എന്നാല്‍ സമാന ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട രാജേഷിന് ജാമ്യം അനുവദിച്ചിട്ടുന്നെന്നും പ്രോസിക്യൂഷന്‍ അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും എം കെ ദാമോദരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

deshabhimani news

1 comment:

  1. ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഹൈക്കോടജതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബാബു മാത്യു പി ജോസഫാണ് ജയരാജന് ജാമ്യം അനുവദിച്ചത്.പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ജയരാജന്‍ അറസ്റ്റിലായ ശേഷമുണ്ടായ കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതെങ്ങനെയാണെന്ന് ചോദിച്ചു. തിങ്കളാഴ്ച തന്നെ ജയരാജനെ ജയില്‍ മോചിതനാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും ജഡ്ജി നിര്‍ദേശിച്ചു.അതിനായി ഉത്തരവ് തലശ്ശേരി കോടതിയിലേക്ക് ഫാക്സ് മുഖേന നല്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete