Monday, August 27, 2012

പണം നല്‍കുന്നതിലെ താമസം: ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് കിട്ടില്ല


സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഇക്കുറി ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് വിതരണം ചെയ്യാനാകില്ല. പണം കിട്ടുമെന്നു കരുതിയ സാധാരണക്കാര്‍ക്ക് ഇക്കുറി ഓണം "പട്ടിണി"ക്കാലമാണ്. വിവിധ പെന്‍ഷനുകള്‍ക്കുള്ള പണം നല്‍കുന്നതില്‍ വരുത്തിയ കാലതാമസമാണ് വിതരണത്തിന് തടസ്സമായത്. ഓണത്തിനുമുമ്പ് പെന്‍ഷനുകള്‍ കുടിശികതീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇത് പ്രാവര്‍ത്തികമായില്ല.

ആലപ്പുഴ ജില്ലയില്‍ 53,922 പേര്‍ക്കാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കേണ്ടത്. ഇത് മൂന്നുമാസമായി കുടിശികയാണ്. സെപ്തംബര്‍ വരെയുള്ള പെന്‍ഷന്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഓരോ തൊഴിലാളിക്കും 1200 രൂപവീതമാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇതിനുള്ള ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസംവരുത്തി. ലേബര്‍ ഓഫീസ് മുഖേനയാണ് ക്ഷേമപെന്‍ഷനുകള്‍ അലോട്ട് ചെയ്തത്. ഇവിടത്തെ ജീവനക്കാരുടെ കുറവുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പെന്‍ഷന്‍തുക കൈമാറുന്നതിന് കാലതാമസം നേരിട്ടു. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പെന്‍ഷന്‍ ലഭിക്കേണ്ടവരുടെ പട്ടികയും അനുവദിക്കേണ്ട തുകയും സംബന്ധിച്ച വിവരങ്ങള്‍ സിഡിയിലാക്കി ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലേക്ക് നല്‍കി. ഇവിടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പോസ്റ്റുമാന്‍ മുഖേന വീടുകളിലെത്തിക്കുകയാണ് പതിവ്. എന്നാല്‍ ജില്ലയില്‍ ഇതുവരെയും ഇത്തരത്തില്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടില്ല. മാത്രമല്ല ഒരുദിവസം ഒരുപോസ്റ്റുമാന്‍ മുഖേന 25,000 രൂപയില്‍ കൂടുതല്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് നിബന്ധന. ഓണത്തോടനുബന്ധിച്ചുള്ള അവധിദിനം ബുധനാഴ്ച ആരംഭിക്കുമെന്നതിനാല്‍ അടുത്ത രണ്ടുദിവസംമാത്രമാണ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയുക. ശരാശരി ഒരുപഞ്ചായത്തില്‍ നൂറില്‍താഴെ ആളുകള്‍ക്ക് മാത്രമാണ് പെന്‍ഷന്‍ ലഭിക്കുക. കയര്‍മേഖലയിലെ സ്ഥിതിയും ഇതുതന്നെ. ആലപ്പുഴ ജില്ലയിലെ പതിനായിരക്കണക്കിന് കയര്‍തൊഴിലാളികള്‍ക്ക് ഓണത്തിന് മുമ്പ് പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്. ഓണത്തിനുമുമ്പ് 70 ശതമാനത്തിലധികംപേര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ലെന്നതാണ് സ്ഥിതി.

deshabhimani 270812

1 comment:

  1. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഇക്കുറി ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് വിതരണം ചെയ്യാനാകില്ല. പണം കിട്ടുമെന്നു കരുതിയ സാധാരണക്കാര്‍ക്ക് ഇക്കുറി ഓണം "പട്ടിണി"ക്കാലമാണ്. വിവിധ പെന്‍ഷനുകള്‍ക്കുള്ള പണം നല്‍കുന്നതില്‍ വരുത്തിയ കാലതാമസമാണ് വിതരണത്തിന് തടസ്സമായത്. ഓണത്തിനുമുമ്പ് പെന്‍ഷനുകള്‍ കുടിശികതീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇത് പ്രാവര്‍ത്തികമായില്ല.

    ReplyDelete