Sunday, August 26, 2012

ഓണക്കിറ്റില്‍ പലവ്യഞ്ജനം കുറവ് മന്ത്രിയും മേയറും തമ്മിലിടഞ്ഞു


തൃശൂര്‍: അന്യ സംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനചടങ്ങില്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും മേയര്‍ ഐ പി പോളും തമ്മില്‍ തര്‍ക്കം. ഇതേചൊല്ലി മന്ത്രി വേദി വിടാനൊരുങ്ങി. വിവാദം അറിഞ്ഞ് എംഎല്‍എ എത്തിയതാകട്ടെ ഉദ്ഘാടനചടങ്ങ് കഴിഞ്ഞും.

ഒരു കോടിയോളം രൂപ ചെലവഴിച്ച് അന്യ സംസ്ഥാനത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ഓണക്കിറ്റില്‍ അരിയുടെയും പലവ്യഞ്ജനങ്ങളടെയും അളവ് കുറഞ്ഞതിനെ ചൊല്ലിയാണ് ശനിയാഴ്ച ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനവേദിയില്‍മന്ത്രി സി എന്‍ ബാലകൃഷ്ണനും മേയര്‍ ഐ പി പോളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഉദ്ഘാടനചടങ്ങ് കഴിഞ്ഞാണ് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ എത്തിയത്.

ജില്ലയില്‍ ഏഴായിരത്തോളം ഓണക്കിറ്റുകളാണ് അയല്‍സംസ്ഥാനത്തൊഴിലാളികള്‍ക്ക് വിതരണത്തിനുള്ളത്. രണ്ടു കിലോ അരി, അര കിലോ പഞ്ചസാര, 200ഗ്രാം മുളക്, 100ഗ്രാം തേയില എന്നിവയാണ് കിറ്റിലുള്ളത്. മാവേലിസ്റ്റോറുകളില്‍ നിന്ന് നല്‍കുന്ന കിറ്റിന് 86 രൂപയാണ് വില. സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന പദ്ധതിക്ക് പത്തുകോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇത്രയും തുക ചെലവഴിച്ച് എത്തിയത് നാമമാത്ര അളവിലുള്ള സാധനങ്ങളും കിറ്റുകളും. ഇക്കാര്യം മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ തന്നെ ചൂണ്ടിക്കാട്ടി. മേയര്‍ ഐ പി പോള്‍ ഇക്കാര്യം സര്‍ക്കാര്‍തലത്തില്‍ തീരുമാനിച്ചതല്ലേയെന്ന് തിരിച്ചടിച്ചു. ഇതോടെ ഉദ്യേഗസ്ഥര്‍ ചെയ്തതിന് തനിക്ക് എന്തുചെയ്യാനാവുമെന്നും ഉദ്ഘാടനം ചെയ്യാന്‍ താനില്ലെന്നും പറഞ്ഞ് മന്ത്രി വേദി വിടാനൊരുങ്ങി. ഇതോടെ സംഘാടകര്‍ മന്ത്രിയെ സമാധാനിപ്പിച്ചിരുത്തി. അയല്‍സംസ്ഥാനത്തൊഴിലാളികള്‍ക്ക് അളവുകുറച്ച് സാധനങ്ങള്‍ നല്‍കിയതില്‍ മേയറും അസംതൃപ്തി പ്രകടിപ്പിച്ചു.

ജില്ലയില്‍ 75,000 അയല്‍സംസ്ഥാനത്തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗികകണക്ക്. എന്നാല്‍ ലേബര്‍വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ആയിരത്തോളം പേര്‍ മാത്രമാണ്. ലേബര്‍വകുപ്പ് ഇവര്‍ക്ക് കിറ്റിനുള്ള കൂപ്പണുകള്‍ നല്‍കും. കൂപ്പണുകള്‍ മാവേലിസ്റ്റോറുകളില്‍ നല്‍കി കിറ്റു വാങ്ങണം. സെപ്തംബര്‍ ഏഴു വരെയാണ് പദ്ധതി. അയല്‍സംസ്ഥാനത്തൊഴിലാളികള്‍ എവിടെയാണ് താമസിക്കുന്നതെന്നും മറ്റുമുള്ള കണക്ക് ജില്ലാ സപ്ലൈ ഓഫീസിനും ലേബര്‍ വകുപ്പിനും ലഭ്യവുമല്ല. കൃത്യമായ കണക്കുകളും രജിസ്റ്ററോ തയ്യാറാക്കാതെയാണ് ഓണക്കിറ്റുകള്‍ വിതരണത്തിനെത്തിയത്. പദ്ധതിയുടെ മറവില്‍ വന്‍തട്ടിപ്പും അഴിമതിയും അരങ്ങേറിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

10 കോടി തട്ടാന്‍ മറുനാടന്‍ തൊഴിലാളിക്ക് ഓണക്കിറ്റ് പദ്ധതി

കൊച്ചി: ഒന്നരലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കാനെന്ന പേരില്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങുന്നു. വ്യക്തമായ മാനദണ്ഡമോ തൊഴിലാളികളുടെ കൃത്യമായ കണക്കോ ഇല്ലാതെ തയ്യാറാക്കിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കോ രജിസ്റ്ററോ ഒരു വകുപ്പും തയ്യാറാക്കിയിട്ടില്ല. അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തത് 30,000 പേര്‍ മാത്രമാണ്. ഓണാവധിയായതിനാല്‍ ഇവരിലേറെപ്പേരും നാട്ടില്‍പോകാനൊരുങ്ങുകയുമാണ്. ബഹുഭൂരിപക്ഷത്തിനും പദ്ധതിയെക്കുറിച്ച് കാര്യമായ അറിവുമില്ല. തൊഴില്‍വകുപ്പിന്റെയും കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെയും നേതൃത്വത്തിലാണ് കിറ്റ് വിതരണം.

പത്തുകോടി ചെലവില്‍ ഒന്നരലക്ഷം ഓണക്കിറ്റ് അന്യസംസ്ഥാനക്കാര്‍ക്കു നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സപ്ലൈകോയിലാണ് കിറ്റിന് ഓര്‍ഡര്‍ നല്‍കിയത്. കിറ്റ് ഒന്നിന് 86 രൂപയാണ് വില. രണ്ടു കിലോ അരി, അരക്കിലോ പഞ്ചസാര, 200 ഗ്രാം മുളക്, 100 ഗ്രാം തേയില എന്നിവയടങ്ങുന്ന ഒന്നരലക്ഷം കിറ്റിന് 1.2 കോടി രൂപയോളമേ ചെലവാകൂ. അന്യസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാലും മരിച്ചാലും അടിയന്തരസഹായത്തിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമബോര്‍ഡിന് പത്തുകോടിരൂപ നീക്കിവച്ചിരുന്നു. കുറച്ചുപേര്‍ക്കെങ്കിലും ഇത് പ്രയോജനപ്പെടുകയും ചെയ്തു. ഓണക്കിറ്റ് വിതരണത്തിന്റെ പേരില്‍ ബാക്കി പണം മുഴുവന്‍ ധൂര്‍ത്തടിക്കാനുള്ള വഴിയാണ് ഇപ്പോള്‍ തുറക്കുന്നത്. രജിസ്റ്റര്‍ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും ഓണക്കിറ്റ് നല്‍കുമെന്നും അല്ലാത്തവര്‍ക്ക് നിര്‍മാണ സൈറ്റില്‍ നേരിട്ടെത്തി കൂപ്പണ്‍ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ വാദം. സൈറ്റുകളില്‍ തൊഴിലുടമ പറയുന്നവര്‍ക്കാകും കൂപ്പണ്‍ നല്‍കുക. കൂപ്പണ്‍ സപ്ലൈകോ മാര്‍ക്കറ്റില്‍ കാണിച്ച് കിറ്റ് വാങ്ങാം. അന്യസംസ്ഥാന തൊഴിലാളികളുടെ കൈവശമുള്ള ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാലും കൂപ്പണ്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തമായ രേഖയോ മാനദണ്ഡമോ ഇല്ലാത്തതിനാല്‍ ഓണക്കിറ്റും കൂപ്പണും എത്രപേര്‍ക്ക് കിട്ടുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും.

തൊഴിലുടമയുടെ സഹായത്തോടെ പദ്ധതി പ്രചരിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ശനിയാഴ്ച സംസ്ഥാനതല ഉദ്ഘാടനം നടന്നാല്‍ തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തിദിവസം. അന്നും പലയിടത്തും അവധിയാണ്. കൂപ്പണ്‍ നല്‍കേണ്ട തൊഴില്‍വകുപ്പിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും ഈ ദിവസങ്ങളില്‍ അവധിയിലാകും. ഉദ്ഘാടനത്തിന് കുറച്ച് അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കാന്‍ ഏതാനും തൊഴിലുടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ഇങ്ങനെ എത്തുന്ന തൊഴിലാളികള്‍ക്കു മാത്രമാകും സൗജന്യ ഓണക്കിറ്റ് കിട്ടുക.

deshabhimani 260812

1 comment:

  1. അന്യ സംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനചടങ്ങില്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും മേയര്‍ ഐ പി പോളും തമ്മില്‍ തര്‍ക്കം. ഇതേചൊല്ലി മന്ത്രി വേദി വിടാനൊരുങ്ങി. വിവാദം അറിഞ്ഞ് എംഎല്‍എ എത്തിയതാകട്ടെ ഉദ്ഘാടനചടങ്ങ് കഴിഞ്ഞും.

    ReplyDelete