Wednesday, August 29, 2012
വന്‍കിട കമ്പനികളുടെ 5.39 ലക്ഷം കോടി ബാങ്ക് വായ്പ എഴുതിത്തള്ളുന്നു
പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വന്‍കിട കമ്പനികള്‍ വായ്പയായി എടുത്ത 5.39 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ കമ്പനികള്‍ വായ്പ തിരിച്ചടയ്ക്കാന്‍ വിസമ്മതിക്കുന്നതിന്റെ മറവിലാണിത്. നികുതി ഇളവ് വഴി കോര്‍പറേറ്റുകള്‍ക്ക് ബജറ്റില്‍ 5 ലക്ഷം കോടി സൗജന്യം നല്‍കിയതിന് പുറമെയാണ് ഈ നീക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പോലുള്ള ബാങ്കുകളെ സാമ്പത്തികമായി തളര്‍ത്തുന്ന തീരുമാനമാണിത്. സാമ്പത്തികമാന്ദ്യം സാധാരണക്കാരനെ ദുരിതത്തിലാക്കുമ്പോള്‍ അവരുടെ തലയില്‍ വിലക്കയറ്റം കൂടി അടിച്ചേല്‍പിക്കുന്ന സര്‍ക്കാരാണ് വന്‍കിട കമ്പനികളോട് ഔദാര്യം കാണിക്കുന്നത്.
രാജ്യത്തെ പത്ത് കോര്‍പറേറ്റ് കമ്പനികള്‍ എടുത്ത 5,39,500 കോടി രൂപയുടെ വായ്പയാണ് കിട്ടാക്കടമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. രാജ്യത്ത് സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ദൃശ്യമായ 2007 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് പത്ത് കോര്‍പറേറ്റ് കമ്പനികള്‍ ബാങ്കുകളില്‍നിന്ന് അഞ്ച് ലക്ഷം കോടി കടമെടുത്തത്. 2007ല്‍ ഈ കമ്പനികളുടെ മൊത്തം ബാങ്ക് കടം 99300 കോടി രൂപയായിരുന്നെങ്കില്‍ 2012ല്‍ അത് 5.39 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 40 ശതമാനമാണ് വര്‍ധനയെന്ന് "ക്രെഡിറ്റ് സ്വീസ് ഗ്രൂപ്പ്" നടത്തിയ പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം ബാങ്ക് വായ്പയുടെ 13 ശതമാനവും ഈ പത്ത് കമ്പനികളാണ് എടുത്തതെന്നര്‍ഥം. പശ്ചാത്തലസൗകര്യം, ഊര്‍ജം, ടെലികോം, ടെക്സ്റ്റൈല്‍, സ്റ്റീല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് കടം വാങ്ങിക്കൂട്ടിയത്. തിരിച്ചടയ്ക്കേണ്ടി വരില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ഇവര്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് കടമെടുത്തത്.
പശ്ചാത്തല വികസനരംഗത്ത് പ്രവര്‍ത്തിക്കുന്ന ലാന്‍കോ ഗ്രൂപ്പാണ് കടമെടുക്കുന്നതില്‍ ഏറ്റവും മുന്നില്‍. അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ കടമെടുപ്പില്‍ 76 ശതമാനമാണ് വര്‍ധിച്ചത്. ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഡാനി ഗ്രൂപ്പിന്റെ കടം 74 ശതമാനവും ജി വി കെ ഗ്രൂപ്പിന്റേത് 65 ശതമാനവും വേദാന്തയുടേത് 58 ശതമാനവും ജിഎംആറിന്റേത് 55 ശതമാനവും വര്‍ധിച്ചു. വീഡിയോകോണ്‍, എസ്സാര്‍, റിലയന്‍സ്, ജെഎസ്ഡബ്ല്യു എന്നീ കമ്പനികളും കോടികള്‍ കടമെടുത്തവയില്‍ പെടുന്നു. വേദാന്ത 93500 കോടിയും എസ്സാര്‍ 93800 കോടിയും അനില്‍ അംബാനിയുടെ റിലയന്‍സ് 86700 കോടിയും കടമെടുത്തിട്ടുണ്ട്.
2012 വരെ ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ അളവ് 46 ശതമാനമാണ് വര്‍ധിച്ചത്. മൊത്തം വായ്പാ വര്‍ധന 17 ശതമാനമാണെങ്കില്‍ അതിന്റെ മൂന്നിരട്ടിയാണ് കിട്ടാക്കടത്തിന്റെ വര്‍ധന. ലോക്സഭയില്‍ ആഗസ്ത് 22ന് ധനമന്ത്രി പി ചിദംബരം നല്‍കിയ മറുപടിയനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നിലവില്‍ 1,23,462 കോടി രൂപയാണ്. ഇതിനു പുറമെയാണ് പുതിയ എഴുതിത്തള്ളല്‍. 2009ല്‍ കിട്ടാക്കടം 68216 കോടി രൂപയായിരുന്നു. സാധാരണക്കാന്റെ വായ്പ കര്‍ക്കശമായി തിരിച്ചുപിടിക്കുമ്പോള്‍ വന്‍ ഇളവ് നല്‍കി കോര്‍പറേറ്റുകള്‍ക്ക് വായ്പ പുനഃസംഘടിപ്പിച്ച് നല്‍കാനും അധികൃതര്‍ തയ്യാറാകുന്നു. പുനഃസംഘടിപ്പിക്കപ്പെട്ട വായ്പയില്‍ 20 ശതമാനവും തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്.
(വി ബി പരമേശ്വരന്‍)
deshabhimani 290812
Labels:
കോര്‍പ്പറേറ്റിസം,
ബാങ്കിംഗ്
Subscribe to:
Post Comments (Atom)

ReplyDelete