ടാങ്കര്‍ ലോറി സ്ഫോടനത്തില്‍ വന്‍നാശം; 2 മരണം
കണ്ണൂര്‍: വന്‍നാശം വിതച്ച ചാല ടാങ്കര്‍ ലോറി സ്ഫോടനത്തില്‍ പരിക്കേറ്റ വീട്ടമ്മയടക്കം 2 പേർ മരിച്ചു. പരിക്കേറ്റ 36 പേരില്‍ 18 പേരുടെ നില അതീവ ഗുരുതരം. 30 വീടുകളും 24 കടകളും 8 വാഹനങ്ങളും വിവിധ കാര്‍ഷിക വിളകളും നശിച്ചതിലൂടെ കോടികളുടെ നഷട്മുണ്ടായി. പൊള്ളലേറ്റ് പരിക്കുകളോടെ കണ്ണൂര്‍ കൊയ്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാല ശ്രീനിലയത്തില്‍ കേശവന്റെ ഭാര്യ ശ്രീലത(47), ചാല സ്വദേശി അബ്ദുള്‍ അസീസ് (55) എന്നിവരാണ് ചൊവാഴ്ച മരിച്ചത്. ശ്രീലത രാവിലെയും അബ്ദുള്‍ അസീസ് വൈകിട്ടുമാണു മരിച്ചത്. ഇവരുടെ ആശ്രിതര്‍ക്ക് 10ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17 പേരില്‍ പതിനാലാളുകളുടെയും നില ഗുരുതരമാണ്. ഇവര്‍ക്ക് 60 മുതല്‍ 90 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പതിനൊന്നില്‍ ഒരു കുട്ടിക്ക് ഗുരുതര പൊള്ളലുണ്ട്. കണ്ണൂര്‍ കൊയ്ലി ആശുപത്രിയിലുള്ള ആറില്‍ മൂന്നുപേരുടെ നില ഗുരതരമാണ്. ഇവരെ മണിപാല്‍ ആശുപത്രിയിലേക്ക് മറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള രണ്ടുപേരെ വാര്‍ഡിലേക്ക് മാറ്റി. ടാങ്കര്‍ലോറി പൊട്ടിത്തെറിക്കുന്ന സമയത്ത് ഉറക്കത്തിലായരാണ് പൊള്ളലേറ്റവരില്‍ ഭൂരിഭാഗവും.
ലോറി അപകടത്തില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ സമീപ വീടുകളില്‍ നിന്നുള്ളവരോട് വൈദ്യുതി ബന്ധം വിഛേദിക്കാനും ഓടിരക്ഷപ്പെടാനും അഭ്യര്‍ഥിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്ഫോടനത്തില്‍ മൂന്നോളം വീടുകളും അഞ്ചോളം കടകളും പൂര്‍ണമായി തകര്‍ന്നു. ഫലവൃക്ഷങ്ങളും തണല്‍ വൃക്ഷങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വൃക്ഷങ്ങള്‍ കത്തിനശിച്ചു.ടാങ്കറിന്റെ മുന്‍ഭാഗം ഫലവൃക്ഷങ്ങളുടെ ഇടയിലൂടെ തീഗോളമായി അര കിലോമീറ്റര്‍ അകലെയാണ് പതിച്ചത്. വീടുകളില്‍ തട്ടയിരുന്നെങ്കില്‍ വന്‍ ദുരന്തം വിതയ്ക്കുമായിരുന്നു.
മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ന്‍,കെ സി ജോസഫ്, കെ പി മോഹനന്‍, ഡോ. എം കെ മുനീര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. ഐഒസി സംഘവും ഫോറന്‍സിക് ഡയരക്ടറും സ്ഥലത്ത് എത്തിയേക്കും. മഹാദുരന്തമറിഞ്ഞ് പുലര്‍ച്ചെമുതല്‍ ആയിരക്കണക്കിനാളുകള്‍ സംഭവസ്ഥലത്തേ് ഒഴുകി. 40ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റവരുടെ ആശുപത്രി ചെലവുകള്‍ക്ക് പുറമെ 3 ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ രൂപനല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തിന് കാരണമായ ഡിവൈഡറുകള്‍ ബുധനാഴ്ച തന്നെ പൊളിച്ചുമാറ്റുമെന്നും വീടുകള്‍, കടകള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള നഷട്ം തിട്ടപ്പെടുത്തിയ ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മണ്ണും മനസും വെന്ത് ചാല
മണ്ണും മനസും വെന്തുപോയ തെരുവാണ് ഇനി ചാല. കൂത്തുപറമ്പ്- കണ്ണൂര്‍ റോഡിനോടുചേര്‍ന്നുള്ള ചാലയെന്ന കൊച്ചുഗ്രാമത്തിന്റെ സ്വപനങ്ങള്‍ ഒറ്റ ദിവസം കൊണ്ടാണ് കീഴ്മേല്‍ മറിഞ്ഞത്. താങ്ങാനാവാത്ത ദുരിതത്തിന്റെ മുറിവടയാളങ്ങള്‍ ഇവരില്‍ നിന്ന് മാഞ്ഞുപേകാന്‍ വര്‍ഷങ്ങളെടുക്കും. ഉത്രാടത്തലേന്നത്തെ തിരക്കൊഴിഞ്ഞ് ഉറക്കത്തിലേക്ക് വീഴാന്‍ തുടങ്ങുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് മരണത്തിന്റെ സൈറണ്‍ മുഴക്കി ടാങ്കര്‍ ലോറിയെത്തിയത്.
ഉത്രാടക്കളമൊരുക്കുന്നതിന് പൂക്കള്‍ ഒരുക്കിവെച്ച് ഉറക്കത്തിലേക്ക് ചാഞ്ഞ ഈ ഗ്രാമത്തില്‍ നിന്ന് ഓണം കുടിയിറക്കപ്പെട്ടിരിക്കുന്നു. ഓണം ഇനിയൊരിക്കലും സുഖകരമായ ഒര്‍മ്മയായിരിക്കില്ല ഇനി ഈ ഗ്രാമത്തിന്. ആയുസ്സ് മുഴുവന്‍ കരുതിവെച്ചതെല്ലാം ഒറ്റനിമിഷം കൊണ്ട് വെന്തുചാരമായി മണ്ണോടുചേര്‍ന്നിരിക്കുന്നു. പാതിവെന്ത ശരീരവുമായി ആശുപത്രികളില്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്കൊപ്പം പ്രാര്‍ഥനകളോടെ നില്‍ക്കുകയാണ് ഈ നാട്. കൂത്തുപറമ്പ്- കണ്ണൂര്‍ റോഡില്‍ ചാല ബൈപ്പാസ് ജംഗ്ഷന് സമീപമാണ് ഡിവൈഡറില്‍ ഇടിച്ചാണ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞത്. അപകടത്തിന് പിന്നാലെ ടാങ്കറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് സ്ഫോടനത്തിന് കാരണമായത്. 3 തവണയായി നടന്ന സ്ഫോടനങ്ങളിലാണ് വീടുകളും വ്യാപാര സ്ഥാപനങ്ങളും അടക്കമുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നത്. രണ്ടുകിലോമീറ്റര്‍ ചുറ്റളവിലെ വീടുകളെയെല്ലാം സ്ഫോടനം പിടിച്ചുകുലുക്കി. ഏറെ അകലങ്ങളില്‍പ്പോലും സ്ഫോടനശബദുവും തീവെളിച്ചവുമെത്തി. പ്രദേശത്തെ പുല്‍നാമ്പുകളെപ്പോലും നക്കിത്തുടച്ച് ദുരന്തം അതിന്റെ ഭീകരമുഖം വെളിപ്പെടുത്തുകയായിരുന്നു. ഗ്യാസ് പടര്‍ന്ന് മണം വ്യാപിച്ചതോടെയാണ് സമീപത്തെ വീടുകളിലുള്ളവര്‍ ദുരന്തം മണത്തത്. ഭൂമികുലുക്കം ഉണ്ടായാലെന്ന പോലെ ജീവന്‍ മാത്രം കയ്യിലെടുത്ത് സുരക്ഷിതകേന്ദ്രങ്ങള്‍ തേടി അലമുറയിട്ട് പായുകയായിരുന്നു. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ജീവാപായം പരിമിതമാക്കിയത്. കൈക്കുഞ്ഞുങ്ങളുമായി ബൈപ്പാസ് റോഡിലും ആറ്റടപ്പയിലും മറ്റുമായി അഭയം തേടിയവര്‍ക്ക് ദുരന്തഭൂമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അപ്പോഴും ഒന്നും അറിയുമായിരുന്നില്ല. സ്ഫോടന ശബ്ദങ്ങളില്‍ ഉള്ളുകിടുങ്ങി ആശങ്കയുടെ മുള്‍മുനയിലായിരുന്നു മണിക്കൂറുകള്‍ അവര്‍ കഴിഞ്ഞത്്.
ആകോശത്തോളം ഉയരെ കൊള്ളിയാന്‍ പോലെ പായുന്ന തീനാളങ്ങള്‍ കണ്ട് അലമുറയിടുകയായിരുന്നു പലരും. തീനാമ്പുകള്‍ക്കിടയിലൂടെ രക്ഷതേടി ഓടുന്നതിനിടെയാണ് പലര്‍ക്കും പൊള്ളലേറ്റത്. വീടുകളില്‍ ഉറങ്ങാതെ നിന്നവര്‍ക്കാണ് ബഹളം കേട്ട് എളുപ്പം രക്ഷപ്പെടാനായത്. ഉറങ്ങിയവരാണ് ഗുരുതരമായി പരിക്കേറ്റവരില്‍ ഏറെയും. കാറ്റിന്റെ ദിശക്കൊപ്പം ഗ്യാസ് കനത്തതോതില്‍ പടര്‍ന്ന ഭാഗങ്ങളിലാണ് കനത്ത നാശനഷ്ടം. രാത്രി വൈകി, തീനാമ്പുകള്‍ പിന്‍വലിഞ്ഞതോടെ വീടുകളല്‍ ശേഷിക്കുന്നത് എന്തെന്ന് തെരയാനെത്തിയവരില്‍ പലര്‍ക്കും കാണാനായത് ഒരു പിടി ചാരമാണ്. കലാപത്തിലെന്ന പോലെ തച്ചുതകര്‍ക്കപ്പെട്ട നിലയിലായിരുന്നു പല വീടുകളിലും. ഓണത്തിന്റെ ആരവങ്ങളുയരേണ്ടിയിരുന്ന ഈ വീടുകളില്‍ പച്ചമാസം കരിഞ്ഞ ഗന്ധവും ഒടുങ്ങാത്ത വിലാപങ്ങളുമാണ് ബാക്കി.
വന്‍ സ്ഫോടനം; പിന്നെ തീഗോളം ദാരുണം ഈ ദുരന്തം
വന്‍ സ്ഫോടനങ്ങളുടെ നടുക്കുന്ന ശബ്ദവും മാനംമുട്ടെ ഉയരുന്ന തീനാളങ്ങളും... നടുക്കുന്ന കാഴ്ചയാണ് ഓണത്തിന്റെ ആഹ്ലാദത്തിമിര്‍പ്പില്‍നിന്ന് ഉറക്കത്തിലേക്ക് നീങ്ങിയ നഗരവാസികളെ ഉണര്‍ത്തിയത്. എന്താണ് സംഭവിച്ചതെന്ന് ആദ്യമാര്‍ക്കും മനസ്സിലായില്ല. ആംബുലന്‍സുകളുടെ അപകടസൈറണ്‍ വിളികേട്ടതോടെ ജനങ്ങള്‍ പരക്കം പാഞ്ഞു.
പത്തേമുക്കാലോടെ ചാല ബൈപാസിലെ അമ്പലത്തിനു സമീപമാണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായതിനാല്‍ ഭൂമി കുലുക്കമാണെന്നാണ് ആളുകള്‍ ആദ്യം കരുതിയത്. വീടുകളില്‍നിന്ന് ഓടിയിറങ്ങിയവര്‍ ആളിപ്പടര്‍ന്ന അഗ്നിനാളങ്ങളില്‍ ഈയാമ്പാറ്റകളെപ്പോലെ പൊള്ളലേറ്റു പിടഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. റോഡിലുണ്ടായിരുന്ന ബൈക്കുകള്‍ അടക്കമുള്ള വാഹനങ്ങളും കത്തിച്ചാമ്പലായി. കൂട്ടനിലവിളിയോടെ ആളുകള്‍ വീടുവിട്ടോടി. സമീപത്തെ അഞ്ച് കടകളിലേക്കും നിരവധി വീടുകളിലേക്കും തീപടര്‍ന്നു. ഇരുപത്തഞ്ചിലധികം പേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. പലരുടെയും നില അതീവഗുരുതരമാണ്. ഗ്യാസ് നിറച്ച ടാങ്ക് ലോറിയില്‍നിന്ന് വേര്‍പെട്ടതായാണ് വിവരം. ഡ്രൈവറും ക്ലീനറും പുറത്തിറങ്ങി മറ്റു വാഹനങ്ങള്‍ ഈ സ്ഥലത്തേക്ക് എത്തുന്നത് തടയുന്നുണ്ടായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.
വീടുകളിലുണ്ടായിരുന്നവര്‍ ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് അശനിപാതം പോലെ ദുരന്തമെത്തിയത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. ഒപ്പം നാട്ടുകാരും രംഗത്തെത്തി. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി. തീയും പുകയുംമൂലം ആര്‍ക്കും ആദ്യം അടുത്തെത്താന്‍ കഴിഞ്ഞില്ല. സ്ഫോടനഭീഷണി നിലനിന്നതിനാല്‍ രക്ഷാപ്രവര്‍ത്തകരും ആശങ്കയിലായി. പൊലീസ് ഉടന്‍ തന്നെ ഗതാഗതം തിരിച്ചുവിട്ടു. വൈദ്യുതോപകരണങ്ങള്‍, മണ്ണെണ്ണവിളക്ക് എന്നിവ ഉപയോഗിക്കരുതെന്നും അറിയിപ്പ് നല്‍കി. പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം എത്തിയിരുന്നു. സമീപത്തെ വീടുകളിലുണ്ടായിരുന്നവര്‍ക്കാണ് പൊള്ളലേറ്റത്. ഏതാണ്ട് ഇരുപത്തഞ്ചോളം വീടുകള്‍ അപകടത്തിന്റെ ദുരന്തത്തിനിരയായിട്ടുണ്ട്. അഞ്ചു വീടുകളും നാല് കടകളും പൂര്‍ണമായും കത്തിയമര്‍ന്നു. മഴ പെയ്തതുകൊണ്ട് മാത്രമാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. ദുരന്തഭീഷണി കണക്കിലെടുത്ത് സമീപവാസികളെ ഒഴിപ്പിച്ചു. കണ്ണൂര്‍ എ കെ ജി, തലശേരി ഇന്ദിരാഗാന്ധി ആശുപത്രി എന്നിവിടങ്ങളിലേക്കാണ് പൊള്ളലേറ്റവരുമായി ആംബുലന്‍സുകള്‍ കുതിച്ചത്. എ കെ ജിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പതിനഞ്ചുപേരെയാണ് പരിയാരത്ത് എത്തിച്ചത്. ഇവരില്‍ മൂന്നു സ്ത്രീകളടക്കമുള്ളവരുടെ നില ഗുരുതരമാണ്. തലശേരി ആശുപത്രിയിലുള്ള നാലുപേര്‍ക്കും ഗുരുതരമാണ്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമെത്തിക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയില്ല. ഇത്തരം അപകടങ്ങളെ നേരിടാനുള്ള ആധുനികസംവിധാനങ്ങള്‍ ഫയര്‍ഫോഴ്സിന്റെ വശവും ഉണ്ടായിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്നതിന് പകരം ജില്ലാ പൊലീസ് മേധാവി ടെലിവിഷനുകള്‍ക്ക് ഇന്റര്‍വ്യൂ നല്‍കാന്‍ രംഗത്തെത്തിയതും പ്രദേശവാസികളുടെ രോഷം ക്ഷണിച്ചുവരുത്തി. കനത്ത തീയും പുകയും വകവയ്ക്കാതെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ഗതാഗതനിയന്ത്രണത്തിലും നാട്ടുകാര്‍ ഒറ്റമനസോടെ രംഗത്തെത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജെയിംസ് മാത്യു എംഎല്‍എ, എം വി ജയരാജന്‍ എന്നവര്‍ സംഭവസ്ഥലത്തെത്തി. പൊള്ളലേറ്റവരുടെ അവസ്ഥ ദാരുണമാണ്. നൂറുശതമാനം പൊള്ളലേറ്റ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ആരുടെയും കരളലിയിപ്പിക്കും. കരയാന്‍ പോലുമാകാതെയാണ് ഇവര്‍ കൊടുംവേദന അനുഭവിക്കുന്നത്.
deshabhimani
മണ്ണും മനസും വെന്തുപോയ തെരുവാണ് ഇനി ചാല. കൂത്തുപറമ്പ്- കണ്ണൂര്‍ റോഡിനോടുചേര്‍ന്നുള്ള ചാലയെന്ന കൊച്ചുഗ്രാമത്തിന്റെ സ്വപനങ്ങള്‍ ഒറ്റ ദിവസം കൊണ്ടാണ് കീഴ്മേല്‍ മറിഞ്ഞത്. താങ്ങാനാവാത്ത ദുരിതത്തിന്റെ മുറിവടയാളങ്ങള്‍ ഇവരില്‍ നിന്ന് മാഞ്ഞുപേകാന്‍ വര്‍ഷങ്ങളെടുക്കും. ഉത്രാടത്തലേന്നത്തെ തിരക്കൊഴിഞ്ഞ് ഉറക്കത്തിലേക്ക് വീഴാന്‍ തുടങ്ങുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് മരണത്തിന്റെ സൈറണ്‍ മുഴക്കി ടാങ്കര്‍ ലോറിയെത്തിയത്.
ReplyDelete