Wednesday, August 29, 2012

മറ്റു രാജ്യങ്ങളില്‍ നിരോധിച്ച 67 കീടനാശിനി ഇന്ത്യയില്‍ ഉപയോഗിക്കുന്നു


മറ്റു രാജ്യങ്ങളില്‍ നിരോധിച്ചതോ ഉപയോഗം നിയന്ത്രിച്ചതോ ആയ 67 കീടനാശിനി ഇന്ത്യയില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതായി കേന്ദ്ര കൃഷി സഹമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍, അസഫയ്റ്റ്, അലാക്ലോര്‍, അലുമിനിയം ഫോസ്ഫേറ്റ്, അട്രാസിന്‍, കാര്‍ബോ സള്‍ഫാന്‍ എന്നിവ അടക്കമുള്ള കീടനാശിനികളാണ് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് ശുപാര്‍ശചെയ്ത സി ഡി മായി കമ്മിറ്റിതന്നെയാണ് മറ്റു പല കീടനാശിനികള്‍ക്കുവേണ്ടി ശുപാര്‍ശ നല്‍കിയതെന്ന് മന്ത്രി നല്‍കിയ പട്ടികയില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തിവച്ചെന്നും മന്ത്രി വിശദീകരിച്ചു. പി കരുണാകരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കീടനാശിനികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളെക്കുറിച്ചും അതിന്മേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും മന്ത്രി മൗനം പാലിച്ചു. കീടനാശിനികളും വളങ്ങളും വിവേകപൂര്‍വം ഉപയോഗിക്കുന്നതിനെ സംബന്ധിച്ചുള്ള കാര്‍ഷികനയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ നെല്‍വിത്തിന്റെ 42.5 ശതമാനവും 2011-12ല്‍ വിതരണംചെയ്തത് സ്വകാര്യ കമ്പനികളാണെന്ന് കൃഷിമന്ത്രി ശരദ് പവാര്‍ എം ബി രാജേഷിനെ അറിയിച്ചു. 57.5 ശതമാനമാണ് പൊതുമേഖലാ കമ്പനികളുടെ സംഭാവന. ഗോതമ്പ് വിതരണത്തിന്റെ 94.79 ശതമാനവും സ്വകാര്യകമ്പനികളുടെ കൈയിലാണ്. പൊതുമേഖലാ കമ്പനികളുടെ പങ്ക് 5.21 ശതമാനംമാത്രം. പ്രധാന വിത്തുകളുടെ മേല്‍ ആധിപത്യം സ്വകാര്യമേഖലയ്ക്ക് ആണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി നല്‍കിയ കണക്ക്. നെല്‍ കര്‍ഷകര്‍ക്കായി കേന്ദ്രം പാക്കേജ് പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ഹരീഷ് റാവത്ത് കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് മറുപടി നല്‍കി.

deshabhimani 290812

1 comment:

  1. മറ്റു രാജ്യങ്ങളില്‍ നിരോധിച്ചതോ ഉപയോഗം നിയന്ത്രിച്ചതോ ആയ 67 കീടനാശിനി ഇന്ത്യയില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതായി കേന്ദ്ര കൃഷി സഹമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍, അസഫയ്റ്റ്, അലാക്ലോര്‍, അലുമിനിയം ഫോസ്ഫേറ്റ്, അട്രാസിന്‍, കാര്‍ബോ സള്‍ഫാന്‍ എന്നിവ അടക്കമുള്ള കീടനാശിനികളാണ് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് ശുപാര്‍ശചെയ്ത സി ഡി മായി കമ്മിറ്റിതന്നെയാണ് മറ്റു പല കീടനാശിനികള്‍ക്കുവേണ്ടി ശുപാര്‍ശ നല്‍കിയതെന്ന് മന്ത്രി നല്‍കിയ പട്ടികയില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തിവച്ചെന്നും മന്ത്രി വിശദീകരിച്ചു. പി കരുണാകരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

    ReplyDelete