Monday, August 27, 2012
ഭക്ഷ്യസുരക്ഷാദിനം വിജയിപ്പിക്കുക: സിപിഐ എം
ഇടതുപാര്‍ടികള്‍ അഖിലേന്ത്യാതലത്തില്‍ സെപ്തംബര്‍ 12ന് ആഹ്വാനം ചെയ്ത ഭക്ഷ്യസുരക്ഷാദിനം വിജയിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ആഹ്വാനംചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയങ്ങള്‍ ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്നതും വന്‍വിലക്കയറ്റം സൃഷ്ടിക്കുന്നതുമാണെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
ക്ഷേമപദ്ധതികള്‍ പലതും ഉപേക്ഷിച്ചു. രാജ്യത്തിന്റെ വിലപിടിപ്പുള്ള പ്രകൃതി വിഭവങ്ങളും സ്പെക്ട്രം പോലുള്ള സേവന സാങ്കേതികവിദ്യയും കുത്തകകള്‍ക്ക് കൈമാറുന്ന നയം തുടരുകയാണ്. സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സ്വകാര്യവല്‍ക്കരണം, ചെറുകിട വ്യാപാരമേഖലയിലെ വിദേശ കുത്തകവല്‍ക്കരണം തുടങ്ങിയവ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് തികച്ചും എതിരാണ്. ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റം തടയാനും ആവശ്യമായ തുക വകയിരുത്താന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വന്‍കിട കുത്തകകള്‍ക്ക് ഏതാനും വര്‍ഷങ്ങളായി 28 ലക്ഷം കോടി രൂപയുടെ ഇളവ് അനുവദിച്ചു. പെട്രോളിയം ഉല്‍പ്പങ്ങളുടെ വിലവര്‍ധനയും ബജറ്റുകളിലെ നികുതി വര്‍ധനയും കടുത്ത സാമ്പത്തികഭാരമാണ് സാധാരണ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
ബംഗാളില്‍ തൃണമൂലും ഇടത് തീവ്രവാദികളും കോണ്‍ഗ്രസും വലതുപക്ഷ മാധ്യമങ്ങളും തുടര്‍ച്ചയായ കടന്നാക്രമണങ്ങളാണ് പാര്‍ടിക്കും ഇടതുപക്ഷത്തിനും നേരെ നടത്തുന്നത്. ജനാധിപത്യാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യങ്ങള്‍ക്കും നേരെ വന്‍ കൈയേറ്റം നടക്കുന്നു. നാലുവര്‍ഷത്തിനിടെ അഞ്ഞൂറ്റമ്പതിലധികം സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടു. സൗത്ത് 24 ഫര്‍ഗാന ജില്ലയില്‍ കഴിഞ്ഞദിവസം സിപിഐ എം നേതാവായ ഇച്ച ഗയനെ വെടിവച്ചുകൊന്നത് പട്ടാപ്പകലാണ്. ഇതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ കൊല്‍ക്കത്തയില്‍ ചെന്ന് അഭിനന്ദിച്ചത് ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ള സാമ്രാജ്യത്വ പിന്തുണയുടെ ദൃഷ്ടാന്തമാണ്.
അസമിലെ വംശീയകലാപവും കൂട്ടക്കൊലയും നാടിനെ ഞെട്ടിച്ച ക്രൂരസംഭവമാണ്. 85 മനുഷ്യജീവന്‍ ഇതിനിടെ ഹോമിച്ചു. കോടികളുടെ സമ്പത്താണ് ആക്രമണത്തില്‍ നശിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ കിടപ്പാടം വിട്ട് പലായനം ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരാജയവും കെടുകാര്യസ്ഥതയുമാണ് ഈ കൂട്ടക്കുരുതിക്ക് വഴിവച്ചത്. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ തികഞ്ഞ അരക്ഷിതബോധത്തിലാണ്. ഇതു മുതലെടുക്കാന്‍ തീവ്രവാദ-വര്‍ഗീയശക്തികള്‍ നടത്തിയ അത്യാപല്‍ക്കരമായ നീക്കം ഉല്‍ക്കണ്ഠാജനകമാണ്. വര്‍ഗീയതയെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബിജെപിയും ഈ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന കൊടിയ ജനദ്രോഹ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി 22നു സംഘടിപ്പിച്ച സെക്രട്ടറിയറ്റ്-കലക്ടറേറ്റ് ഉപരോധസമരം ചരിത്ര വിജയമാക്കി മാറ്റിയ പ്രവര്‍ത്തകരെയും അനുഭാവികളെയും മറ്റു ജനാധിപത്യ വിശ്വാസികളെയും സംസ്ഥാനകമ്മിറ്റി അഭിവാദ്യം ചെയ്തു.
deshabhimani 270812
Labels:
ഇടതുപക്ഷം
Subscribe to:
Post Comments (Atom)
ഇടതുപാര്‍ടികള്‍ അഖിലേന്ത്യാതലത്തില്‍ സെപ്തംബര്‍ 12ന് ആഹ്വാനം ചെയ്ത ഭക്ഷ്യസുരക്ഷാദിനം വിജയിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ആഹ്വാനംചെയ്തു.
ReplyDelete