Wednesday, August 8, 2012

കോര്‍പറേറ്റുകള്‍ക്കായി ചിദംബരം നീക്കം ആരംഭിച്ചു


സാധാരണക്കാരുടെ ജീവിതം വരിഞ്ഞുമുറുക്കിയും സ്വദേശി, വിദേശി കുത്തകകളെ കയറൂരിവിട്ടും സാമ്പത്തിക പരിഷ്കരണം ഊര്‍ജിതമാക്കാന്‍ പുതിയ ധനമന്ത്രി പി ചിദംബരം നീക്കം തുടങ്ങി. ഡീസല്‍, യൂറിയ എന്നിവയുടെ സബ്സിഡി നീക്കംചെയ്തും വന്‍കിട കമ്പനികള്‍ക്കുവേണ്ടി നികുതിഘടനയിലടക്കം മാറ്റം വരുത്തിയുമാവും പരിഷ്കാരം തീവ്രമാക്കുക. പ്രണബ്മുഖര്‍ജി രാഷ്ട്രപതിയായതിനെത്തുടര്‍ന്ന് ധനവകുപ്പിന്റെ ചുമതലയേറ്റ ചിദംബരത്തിന്റെ ആദ്യ പ്രസ്താവനതന്നെ കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്. പ്രണബ് മുഖര്‍ജിയുടെ കീഴില്‍ സാമ്പത്തിക പരിഷ്കരണം ഇഴഞ്ഞു നീങ്ങുകയാണെന്ന പരാതിയാണ് കോര്‍പറേറ്റുകള്‍ ഉയര്‍ത്തിയത്. നിക്ഷേപകര്‍ക്ക് ദോഷകരമാംവിധം പ്രണബ് മുഖര്‍ജി കൊണ്ടുവന്ന നികുതിനിയമത്തിലെ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ ഇല്ലാതാക്കാനാണ് ചിദംബരത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച നികുതി നിര്‍ദേശത്തില്‍ മാറ്റം വരുത്തും.

12,000 കോടി രൂപ നികുതി അടയ്ക്കാനുള്ള "വോഡഫോണ്‍" കമ്പനിയുടെ ആവശ്യമാണ് ചിദംബരം നിറവേറ്റിക്കൊടുക്കുന്നത്. "ഹച്ച്" കമ്പനി ഏറ്റെടുത്തതിലൂടെ വോഡഫോണ്‍ 12,000 കോടി രൂപ നികുതി അടയ്ക്കണമെന്ന് നികുതിവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദേശത്ത് നടന്ന ഇടപാടില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കാന്‍ ബാധ്യതയില്ലെന്നായിരുന്നു വോഡഫോണിന്റെ വാദം. സുപ്രീംകോടതി കമ്പനിയുടെ നിലപാടിന് സാധൂകരണവും നല്‍കി. എന്നാല്‍, ഇത് മറികടക്കാന്‍ നികുതിനിയമത്തില്‍ മുന്‍കാലപ്രാബല്യത്തോടെ പ്രണബ് മുഖര്‍ജി ഭേദഗതി വരുത്തി. വിദേശത്ത് നടന്ന ഇടപാടായാലും കമ്പനികളെ നികുതി അടയ്ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന തരത്തിലായിരുന്നു ഭേദഗതി. പ്രണബ് മുഖര്‍ജിയും കോര്‍പറേറ്റ് ഭീമന്‍മാരും തമ്മിലുള്ള ഉരസലിന് ഈ നികുതി പരിഷ്കരണം ഇടയാക്കിയിരുന്നു. എന്നാല്‍, വോഡഫോണിനുവേണ്ടി ഭേദഗതി അട്ടിമറിക്കാനുള്ള ചിദംബരത്തിന്റെ നീക്കം ഖജനാവിന് ഭീമമായ നഷ്ടം വരുത്തും.

വിദേശനിക്ഷേപകരുടെ നികുതി വെട്ടിപ്പ് തടയാന്‍ കൊണ്ടുവന്ന പൊതു ഒഴിവാക്കല്‍ വിരുദ്ധ ചട്ടത്തിന്റെ (ഗാര്‍) കഴുത്ത് ഞെരിക്കുന്നതാണ് ചിദംബരത്തിന്റെ മറ്റൊരു നീക്കം. മൗറീഷ്യസ് രീതിയിലൂടെയും മറ്റും യഥേഷ്ടം നികുതിവെട്ടിപ്പ് തുടരാന്‍ വിദേശനിക്ഷേപകര്‍ക്ക് ഇതിലൂടെ സാധിക്കും. പലിശനിരക്ക് കുറയ്ക്കുന്ന കാര്യം ചിദംബരം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവുമായി ചര്‍ച്ച നടത്തി. പലിശനിരക്കില്‍ മാറ്റം വരുത്തില്ലെന്ന് കഴിഞ്ഞ മാസത്തെ നയഅവലോകനത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പലിശനിരക്ക് കുറച്ച് ഉപഭോഗം വര്‍ധിപ്പിക്കുന്നതിലാണ് മന്ത്രിക്ക് താല്‍പ്പര്യം. കോര്‍പറേറ്റ് അനുകൂല സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കലാണ് ഇതിനുപിന്നില്‍. ഒന്‍പത് നിര്‍ണായക മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാനും പരിപാടിയുണ്ട്. പെട്രോളിയം, വൈദ്യുതി, കല്‍ക്കരി, ഖനം, ഊര്‍ജം, റോഡ് ഗതാഗതം, റെയില്‍വേ, ടെക്സറ്റൈല്‍സ്, തുറമുഖം എന്നീ രംഗങ്ങളിലെ പരിഷ്കരണം ഊര്‍ജിതമാക്കും. ഓഹരിവില്‍പ്പന വേഗത്തിലാക്കും. ഇതോടൊപ്പം ഡീസല്‍ സബ്സിഡി പിന്‍വലിക്കുന്നതും യൂറിയ സബ്സിഡി എടുത്തു കളയുന്നതും പരിഗണിക്കും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും മറ്റ് ക്ഷേമപദ്ധതികളും ഏകീകരിക്കുമെന്നും ചിദംബരം വ്യക്തമാക്കി. ക്ഷേമപദ്ധതികളില്‍&ാറമവെ; പണം മുടക്കുന്നതില്‍ കുറവു വരുത്തുമെന്ന്&ാറമവെ; കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ പദ്ധതികളുടെ ഏകീകരണം വകയിരുത്തല്‍ വെട്ടിക്കുറയ്ക്കാനുള്ള ന്യായീകരണമാക്കും. വിജയ് ഖേല്‍ക്കറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയോട് പരിഷ്കരണത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ ചിദംബരം ആവശ്യപ്പെട്ടിട്ടുണ്ട്.

നികുതി നിയമത്തിലെ "മുന്‍കാല പ്രാബല്യം" എന്ന നിബന്ധന മാറ്റരുത്: പിബി

നികുതി നിയമത്തില്‍നിന്ന് "മുന്‍കാലപ്രാബല്യം" എന്ന നിബന്ധന മാറ്റുമെന്ന ധനമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനയില്‍ സിപിഐ എം ശക്തിയായി പ്രതിഷേധിച്ചു. ഈ നിബന്ധന മാറ്റരുത്. ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യയില്‍നിന്ന് നേടിയ സ്വത്തിന് നികുതി ഒഴിവാക്കുക, ഇന്ത്യന്‍-വിദേശ കോര്‍പറേറ്റുകള്‍ക്ക് നികുതി ഒഴിവാക്കാന്‍ സൗകര്യം നല്‍കുക എന്നീ ഉദ്ദേശ്യങ്ങളോടെയുള്ളതാണ് ധനമന്ത്രിയായി ചുമതലയേറ്റശേഷം ചിദംബരം ആദ്യം നടത്തിയ ഈ പ്രഖ്യാപനമെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗീകരിച്ച ധനബില്ലിലുള്ളതാണ് "മുന്‍കാല പ്രാബല്യം" എന്ന നിബന്ധന. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ഇത് മാറ്റാന്‍ കഴിയില്ല. എന്നിട്ടും മാറ്റുമെന്ന് മന്ത്രി പറയുന്നത് 12000 കോടി നികുതി അടയ്ക്കുന്നതില്‍നിന്ന് വോഡഫോണ്‍ കമ്പനിയെ സഹായിക്കാന്‍വേണ്ടിയാണ്്. "മൗറീഷ്യസ്" രീതിയില്‍ നികുതി ഒഴിവാക്കാന്‍ കമ്പനികള്‍ നടത്തുന്ന ശ്രമത്തെ തടയാനുദ്ദേശിച്ചുള്ള പൊതുനികുതി ഒഴിവാക്കല്‍ നിയമം പുനഃപരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. സ്വന്തം സര്‍ക്കാരും പാര്‍ലമെന്റും അംഗീകരിച്ച തീരുമാനങ്ങള്‍ ഒഴിവാക്കി നവഉദാരവല്‍ക്കരണ നയങ്ങളാണ് ധനമന്ത്രി നടപ്പാക്കുന്നത്. നിക്ഷേപകരുടെ വിശ്വാസ്യത നേടാനാണ് നികുതിനിയമങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന ധനമന്ത്രിയുടെ അവകാശവാദം തനി കാപട്യമാണ്. പൊതുധനം ഉപയോഗിച്ച് ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കുംവിധം നികുതിനിയമങ്ങളില്‍ മാറ്റം വരുത്തുന്നത് ദേശീയ നീതിക്ക് എതിരാണെന്നും പിബി പറഞ്ഞു.

deshabhimani 080812

1 comment:

  1. സാധാരണക്കാരുടെ ജീവിതം വരിഞ്ഞുമുറുക്കിയും സ്വദേശി, വിദേശി കുത്തകകളെ കയറൂരിവിട്ടും സാമ്പത്തിക പരിഷ്കരണം ഊര്‍ജിതമാക്കാന്‍ പുതിയ ധനമന്ത്രി പി ചിദംബരം നീക്കം തുടങ്ങി. ഡീസല്‍, യൂറിയ എന്നിവയുടെ സബ്സിഡി നീക്കംചെയ്തും വന്‍കിട കമ്പനികള്‍ക്കുവേണ്ടി നികുതിഘടനയിലടക്കം മാറ്റം വരുത്തിയുമാവും പരിഷ്കാരം തീവ്രമാക്കുക. പ്രണബ്മുഖര്‍ജി രാഷ്ട്രപതിയായതിനെത്തുടര്‍ന്ന് ധനവകുപ്പിന്റെ ചുമതലയേറ്റ ചിദംബരത്തിന്റെ ആദ്യ പ്രസ്താവനതന്നെ കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്. പ്രണബ് മുഖര്‍ജിയുടെ കീഴില്‍ സാമ്പത്തിക പരിഷ്കരണം ഇഴഞ്ഞു നീങ്ങുകയാണെന്ന പരാതിയാണ് കോര്‍പറേറ്റുകള്‍ ഉയര്‍ത്തിയത്. നിക്ഷേപകര്‍ക്ക് ദോഷകരമാംവിധം പ്രണബ് മുഖര്‍ജി കൊണ്ടുവന്ന നികുതിനിയമത്തിലെ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ ഇല്ലാതാക്കാനാണ് ചിദംബരത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച നികുതി നിര്‍ദേശത്തില്‍ മാറ്റം വരുത്തും.

    ReplyDelete