പാര്‍ലമെന്റ് പൂര്‍ണ സ്തംഭനത്തിലേക്ക്
കല്‍ക്കരി അഴിമതി പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജിവയ്ക്കുന്നില്ലെങ്കില്‍ സമ്മേളനവുമില്ലെന്ന ബിജെപിയുടെ കടുത്ത നിലപാടാണ് സഭയെ പൂര്‍ണസ്തംഭനത്തിലേക്ക് നയിക്കുന്നത്. 2ജി കേസില്‍ ധനമന്ത്രി പി ചിദംബരത്തിന് ആശ്വാസം നല്‍കിയ സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ തിങ്കളാഴ്ചയോടെ സമ്മേളന നടപടികളിലേക്ക് നീങ്ങാമെന്നാണ് സര്‍ക്കാരും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നത്.
നാലുനാളായി സ്തംഭനം തുടരുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ മീരാകുമാര്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധി തീരുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് ബിജെപിനേതാക്കള്‍ നല്‍കുന്ന സൂചന. കല്‍ക്കരി അഴിമതി വിഷയത്തിലും 2ജിയിലേതുപോലെ സംയുക്ത പാര്‍ലമെന്ററിസമിതി രൂപീകരിക്കണമെന്ന സമ്മര്‍ദത്തിന് കേന്ദ്രം വഴങ്ങേണ്ടിവരുമെന്നാണ് അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ളവരുടെ പ്രതീക്ഷ. കല്‍ക്കരി, 2ജി അഴിമതികള്‍ തടയാമായിരുന്നിട്ടും അതിന് ശ്രമിക്കാത്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പി ചിദംബരവും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പുറത്തുപോകണമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടുപോയാല്‍ തങ്ങളുടെ മുഖം നഷ്ടപ്പെടുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രധാനമന്ത്രിക്ക് തന്റെ വാദം മുന്നോട്ടുവയ്ക്കാന്‍ അവസരം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. 27ന് സഭയില്‍ പ്രധാനമന്ത്രി പ്രസ്താവന വയ്ക്കും. അതിന് അനുവദിച്ചില്ലെങ്കില്‍ രാഷ്ട്രത്തോട് പ്രധാനമന്ത്രി സംസാരിക്കുമെന്ന് ചിദംബരം പറഞ്ഞു. ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി 28ന് തെഹ്റാനില്‍ പോകുന്നതിനാലാണ് 27ന് തന്നെ പ്രസ്താവന നടത്തുന്നത്. പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ രാജിവയ്ക്കാന്‍മാത്രം ദുര്‍ബലമല്ല യുപിഎ സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. പ്രധാനമന്ത്രി രാജിവച്ചശേഷം മതി പാര്‍ലമെന്റ് സമ്മേളനം എന്ന അദ്വാനിയുടെയും അരുണ്‍ ജെയ്റ്റ്ലിയുടെയും സമീപനത്തോട് ബിജെപിയിലും എന്‍ഡിഎയിലും രൂപപ്പെട്ട ഭിന്നത സമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. ലോക്സഭാ നേതാവും ആഭ്യന്തരമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയും പ്രതിപക്ഷനേതാവ് സുഷമ സ്വരാജും രണ്ടുദിവസമായി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.
എന്നാല്‍ 2ജി അഴിമതി അന്വേഷിക്കുന്ന ജെപിസി ബഹിഷ്കരിച്ച ബിജെപി, വ്യാഴാഴ്ച രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി വിളിച്ച യോഗത്തില്‍ പങ്കെടുത്തത് സര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്നു. പാര്‍ലമെന്റ് അനന്തമായി സ്തംഭിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷവുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതി നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
(വി ബി പരമേശ്വരന്‍)
ഖനം ചെയ്യാത്തതിനാല്‍ നഷ്ടമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യാതെ നല്‍കിയതില്‍ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വെളിപ്പെടുത്തിയ സിഎജി റിപ്പോര്‍ട്ടിനെതിരെ വിചിത്രവാദവുമായി കേന്ദ്രസര്‍ക്കാര്‍. സിബിഐ അന്വേഷിക്കുന്ന കേസില്‍ 57 കല്‍ക്കരിപ്പാടങ്ങളില്‍ ഒന്നില്‍മാത്രമേ ഖനമുള്ളൂവെന്നും ഖനം നടക്കാത്തതിനാല്‍ നഷ്ടമില്ലെന്നുമുള്ള വാദമാണ് മന്ത്രിസഭാ സമിതി അധ്യക്ഷന്‍ പി ചിദംബരവും കല്‍ക്കരിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളും മുന്നോട്ടുവയ്ക്കുന്നത്. തെറ്റിദ്ധാരണ തിരുത്താനെന്നു പറഞ്ഞ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പങ്കെടുത്തു.
നഷ്ടം സംബന്ധിച്ച സിഎജിയുടെ ഊഹത്തില്‍ പിഴവുണ്ടെന്ന് ചിദംബരം പറഞ്ഞു. കല്‍ക്കരി ഖനം ചെയ്യാത്തിടത്തോളം എവിടെയാണ് നഷ്ടം? അദ്ദേഹം ചോദിച്ചു. ഖനംചെയ്ത് പുറത്തെടുത്ത് കുറഞ്ഞ വിലയ്ക്ക് കൊടുക്കുമ്പോള്‍മാത്രമേ നഷ്ടമുണ്ടാവൂ. ലേലത്തിനുള്ള മാനദണ്ഡവും നടപടിക്രമങ്ങളും ഏറെക്കുറെ തയ്യാറായി. മന്ത്രിസഭാസമിതി ചേര്‍ന്ന് കോള്‍ റഗുലേറ്റര്‍ ബില്ലിന് അന്തിമരൂപം നല്‍കി മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പറയാനുള്ളത് പ്രതിപക്ഷം കേള്‍ക്കണം. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. അതിനോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിക്ക് അവസരം നല്‍കേണ്ടതല്ലേ? തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് പ്രസ്താവന നടത്താന്‍ പാര്‍ലമെന്റില്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവന കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രി ജനങ്ങളോട് പ്രസ്താവന നടത്തുമെന്നും ചിദംബരം പറഞ്ഞു.
(വി ജയിന്‍)
deshabhimani 250812
No comments:
Post a Comment