Monday, August 27, 2012

മന്ത്രി പി കെ ജയലക്ഷ്മിക്ക് വിനയായി കള്ളസത്യവാങ്മൂലവും


നാമനിര്‍ദ്ദേശപത്രികയോടൊപ്പം കള്ളസത്യവാങ്മൂലം നല്‍കിയത് മന്ത്രി പി കെ ജയലക്ഷ്മിക്ക് വിനയാകും. സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് ചെലവ് കണക്കിലും തെറ്റായവിവരങ്ങള്‍ നല്‍കിയതിന് മന്ത്രിക്കെതിരെ ബത്തേരിയിലെ കെ പി ജീവന്‍ വക്കീല്‍നോട്ടീസ് അയച്ചതോടെയയാണ് സത്യവാങ്മൂലത്തിലെ കള്ളത്തരം പുറത്തായത്. എംഎല്‍എ പദവിക്കുപോലും അയോഗ്യത കല്‍പ്പിക്കാവുന്ന കുറ്റമാണ് മന്ത്രി നടത്തിയിട്ടുള്ളതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജയലക്ഷ്മി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ഗാന്ധിക്ക് നല്‍കിയ അപേക്ഷയിലും ബിരുദധാരിയെന്നാണ് അവകാശപ്പെട്ടിട്ടുള്ളത്. കള്ളസത്യവാങ്മൂലം കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. ഗാന്ധി കുടുംബത്തിനുപോലും അപമാനമുണ്ടാക്കുന്ന നടപടിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായതെന്നാണ് ആരോപണം.

വിദ്യാഭ്യാസ യോഗ്യതയിലും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കിലും റിട്ടേണിങ് ഓഫീസറെയും പൊതുജനങ്ങളെയും ഒരുപോലെ കബളിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും റിട്ടേണിങ് ഓഫീസറെ തെറ്റിധരിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നും 2004ല്‍ ബിഎ ബിരുദം നേടിയതായാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍ ജയലക്ഷ്മി ഡിഗ്രി പാസായിട്ടില്ല. രണ്ട് പേപ്പറുകള്‍ പാസായിട്ടില്ല. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുണ്ടെന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയത് തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണ്. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ട്. തെരഞ്ഞെടുപ്പ് ചെലവിലും പച്ചക്കള്ളമാണ് ബോധിപ്പിച്ചത്. 391584രൂപ തെരഞ്ഞെടുപ്പിന് ചെലവഴിച്ചതായാണ് നല്‍കിയ കണക്ക്. എന്നാല്‍ നാമനിര്‍ദേശപത്രിക നല്‍കിയതിനുശേഷം ജയലക്ഷ്മിയുടെ പേരിലുള്ള 20052376881നമ്പര്‍ എസ്ബിഐ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വരികയും ഇത് മന്ത്രി പിന്‍വലിക്കുകയും ചെയ്തു. ഈ തുക സംബന്ധിച്ചകാര്യം തെരഞ്ഞെടുപ്പ് ചെലവില്‍ പറയുന്നില്ല. തുക ആര് നല്‍കിയെന്നോ എന്തുചെയ്തെന്നോ വ്യക്തമല്ല. പണം നല്‍കി വോട്ട് വാങ്ങിയതായാണ് വക്കീല്‍ നോട്ടിസിലെ ആരോപണം. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ കാട്ടിമൂല ശാഖയിലെ അക്കൗണ്ടില്‍ 109രൂപയും എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ 2550രുപയും മാത്രമാണ് തന്റെ പേരില്‍ ഉണ്ടായിരുന്നതായി മന്ത്രി സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്.

സോളസിറ്റേഴ്സ് ഇന്ത്യ ലോ ഓഫീസ് എന്നസ്ഥാപനം മുഖേന ശനിയാഴ്ചയാണ് ജീവന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് ജീവന്‍ പറഞ്ഞു. അതിനിടെ മന്ത്രിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍തന്നെ അമര്‍ഷം പുകയുകയാണ്. സ്വജനപക്ഷപാതിത്വമാണ് പ്രധാന പരാതി. ജില്ലയുടെ വികസനത്തിനായി മന്ത്രിക്ക് ഒന്നും ചെയ്യാനാകുന്നില്ല. ആദിവാസി ഭൂസമരം ജില്ലയില്‍ ശക്തയമായിട്ടും മന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്. ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍പോലും മന്ത്രിക്കെതിരെ രംഗത്തുവന്നു.

കള്ള സത്യവാങ്മൂലം; മന്ത്രി ജയലക്ഷ്മിക്ക് നോട്ടീസ്

കല്‍പ്പറ്റ: നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പു ചെലവ് കണക്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ വക്കീല്‍ നോട്ടീസ്. ബത്തേരിയിലെ കെ പി ജീവനാണ് സോളിസിറ്റേഴ്സ് ഇന്ത്യ ലോ ഓഫീസ് എന്ന അഭിഭാഷക സ്ഥാപനം മുഖാന്തിരം നോട്ടീസ് അയച്ചത്. മൂന്നുദിവസത്തിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസില്‍ അറിയിച്ചു. കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യയാക്കാപ്പെടാവുന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നോട്ടീസിലുള്ളത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നും 2004ല്‍ ബിഎ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയതായാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നും സര്‍വകലാശാലയില്‍ നിന്നും മന്ത്രി ബിരുദം നേടിയിട്ടില്ലെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ചെലവ് സംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്കു നല്‍കിയ കണക്കിലും വിവരങ്ങള്‍ മറച്ചുവച്ചു. 3,91,584 രൂപ തെരഞ്ഞെടുപ്പിന് ചെലവഴിച്ചതായാണ് കണക്ക്. എന്നാല്‍ നാമനിര്‍ദേശ പത്രിക നല്‍കിയശേഷം ജയലക്ഷ്മിയുടെ പേരിലുള്ള 20052376881 നമ്പര്‍ എസ്ബിഐ അക്കൗണ്ടില്‍ 10 ലക്ഷം രൂപ വരികയും ഇത് പിന്‍വലിക്കുകയും ചെയ്തു. ഈ തുക സംബന്ധിച്ച കാര്യം തെരഞ്ഞെടുപ്പു ചെലവില്‍ പറയുന്നില്ല. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ കാട്ടിമൂല ശാഖയിലെ അക്കൗണ്ടില്‍ 109 രൂപയും എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ 2550 രൂപയും മാത്രമാണ് തന്റെ പേരില്‍ ഉണ്ടായിരുന്നതായി മന്ത്രി സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് റിട്ടേണിങ് ഓഫീസറെയും വോട്ടര്‍മാരെയും തെറ്റിദ്ധരിപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ്. വോട്ട് വാങ്ങാന്‍ പത്തു ലക്ഷം രൂപ ഉപയോഗിച്ചതായും വക്കീല്‍ നോട്ടീസില്‍ ആരോപിച്ചു.

deshabhimani 26-270812

1 comment:

  1. നാമനിര്‍ദ്ദേശപത്രികയോടൊപ്പം കള്ളസത്യവാങ്മൂലം നല്‍കിയത് മന്ത്രി പി കെ ജയലക്ഷ്മിക്ക് വിനയാകും

    ReplyDelete