Saturday, August 25, 2012

ചിദംബരത്തിന് സംശയത്തിന്റെ ആനുകൂല്യം


2ജി സ്പെക്ട്രം കേസില്‍ ധനമന്ത്രി പി ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനോ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതിനോ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന കാരണം കാട്ടിയാണ് ജസ്റ്റിസുമാരായ ജി എസ് സിങ്വി, കെ എസ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തള്ളിയത്. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരാകരിച്ചത് ചോദ്യംചെയ്ത് ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിയും സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചിദംബരത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും മുന്‍മന്ത്രി എ രാജയുടെ കൂട്ടുപ്രതിയാക്കണമെന്നുമായിരുന്നു ആവശ്യങ്ങള്‍.

രാജയും ധനമന്ത്രിയായ ചിദംബരവും രണ്ട് വകുപ്പിലെയും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍, യോഗം ചേര്‍ന്നു എന്നതുകൊണ്ടുമാത്രം ക്രിമിനല്‍ ഗൂഢാലോചന നടന്നതായി കണക്കാക്കാനാകില്ല. സാമ്പത്തികനേട്ടം ലഭിച്ചിട്ടുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. ധനമന്ത്രി എന്നനിലയില്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്തതിനും വസ്തുനിഷ്ഠ രേഖയില്ല. സ്പെക്ട്രം തെറ്റായ രീതിയിലാണ് വിതരണംചെയ്തതെങ്കിലും ഇത് ക്രിമിനല്‍ ഗൂഢാലോചനയുടെ ഉല്‍പ്പന്നഫലമായി കാണാനാകില്ല. സംശയം എത്ര ശക്തമാണെങ്കിലും നിയമപരമായ തെളിവിന് പകരമാകില്ല. രാജയുമായി രണ്ടുവട്ടം ചിദംബരം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതുകൊണ്ടുമാത്രം ക്രിമിനല്‍ ഗൂഢാലോചനയുള്ളതായി പറയാനാകില്ല. സ്പെക്ട്രം വിതരണത്തില്‍ മന്ത്രിമാരും പ്രധാനമന്ത്രിയുമൊക്കെ പരസ്പരം ചര്‍ച്ച നടത്തിയതിനുശേഷവും തെറ്റായ നിഗമനമോ അതല്ലെങ്കില്‍ അപക്വമോ അനുചിതമോ ആയ സമീപനമോ, മോശം രീതിയിലുള്ള മേല്‍നോട്ടമോ സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ടുമാത്രം ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന് സ്ഥാപിക്കാനാകില്ല. സ്വാന്‍, യൂണിടെക് എന്നീ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ചിദംബരം ബോധപൂര്‍വം അനുമതി നല്‍കിയെന്ന ആക്ഷേപമുണ്ട്. ഓഹരി വിറ്റഴിക്കല്‍ നടന്നിട്ടുണ്ടെങ്കിലും ഇവിടെയും ചിദംബരത്തിനെതിരായ തെളിവുകള്‍ പര്യാപ്തമല്ല- കോടതി ഉത്തരവില്‍ പറഞ്ഞു.

2001ലെ അതേനിരക്കില്‍ സ്പെക്ട്രം വില നിലനിര്‍ത്തുന്നതിലും രണ്ടു കമ്പനികളുടെ ഓഹരി വില്‍ക്കുന്നതിലും ചിദംബരമാണ് തീരുമാനമെടുത്തതെന്ന് നേരത്തെ പ്രത്യേക സിബിഐ കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നായിരുന്നു കോടതിനിലപാട്. രണ്ടംഗബെഞ്ചിന്റെ ഉത്തരവില്‍ പിശകുകളുണ്ടെന്ന് ഹര്‍ജിക്കാരനായ സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ചിദംബരം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിട്ടില്ല. താന്‍ വാദിക്കാത്ത കാര്യങ്ങളുള്ള ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കും- സ്വാമി പറഞ്ഞു. ചിദംബരത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ സ്പെക്ട്രം ഇടപാടില്‍ യുപിഎ സര്‍ക്കാരിന്റെ നിരപരാധിത്വമാണ് തെളിയിക്കപ്പെടുന്നതെന്ന് നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 250812

No comments:

Post a Comment