Friday, August 31, 2012
കെ പങ്കജാക്ഷന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
ആര്‍എസ്പി മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ പങ്കജാക്ഷന് നാടിന്റെ ആദരാഞ്ജലി. വ്യാഴാഴ്ച പേട്ടയിലെ വീട്ടിലും വിജെടി ഹാളിലും ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലോടെ ചാക്ക ഐടിഐ ജങ്ഷനുസമീപം എന്‍ ശ്രീകണ്ഠന്‍നായര്‍ സ്മാരകമന്ദിര പരിസരത്ത് മൃതദേഹം സംസ്കരിച്ചു. ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവായ പങ്കജാക്ഷന്‍ ചൊവ്വാഴ്ച രാത്രി 8.25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചത്. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 8.45ന് പേട്ട കവറടി റോഡിലെ ഇന്ദു മഹലില്‍ എത്തിച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയ്യാറാക്കിയ പുഷ്പാലംകൃത വാഹനത്തില്‍ പതിനൊന്നോടെ വിജെടി ഹാളില്‍ എത്തിച്ചു.
കുടുംബാംഗങ്ങളും നേതാക്കളും പാര്‍ടി പ്രവര്‍ത്തകരും മൃതദേഹത്തിന് അകമ്പടിയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാരായ കെ എം മാണി, ആര്യാടന്‍ മുഹമ്മദ്, കെ സി ജോസഫ്, വി എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, കെ ബി ഗണേശ്് കുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, ബേബി ജോണ്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിരപ്പന്‍കോട് മുരളി, എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സിപിഐ നേതാക്കളായ വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, തെന്നല ബാലകൃഷ്ണപിള്ള, മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍സിപി നേതാക്കളായ ടി പി പീതാംബരന്‍, ഉഴവൂര്‍ വിജയന്‍, എംപിമാരായ എ സമ്പത്ത്, പി കെ ബിജു, എന്‍ പീതാംബരക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ വി ശിവന്‍കുട്ടി, കോവൂര്‍ കുഞ്ഞുമോന്‍, തിരുവനന്തപുരം മേയര്‍ കെ ചന്ദ്രിക, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, പ്രൊഫ. എ വി താമരാക്ഷന്‍, ബാബു ദിവാകരന്‍, പി വിശ്വംഭരന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിജെടി ഹാളില്‍ പൊലീസ് സേന കെ പങ്കജാക്ഷന് അഭിവാദ്യം അര്‍പ്പിച്ചു.
ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, സംസ്ഥാന സെക്രട്ടറി എ എ അസീസ് എംഎല്‍എ, മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, അബനി റോയി എംപി, വി പി രാമകൃഷ്ണപിള്ള എന്നിവര്‍ ചെങ്കൊടി പുതപ്പിച്ചു. ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാര ചടങ്ങ്. മകന്‍ ബസന്ത് പങ്കജാക്ഷന്‍ ചിതയ്ക്ക് തീ കൊളുത്തി. അനുശോചനയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജി കാര്‍ത്തികേയന്‍, എം എ ബേബി, പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, വൈക്കം വിശ്വന്‍, ഷിബു ബേബിജോണ്‍, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
deshabhimani 310812
Labels:
ആദരാഞ്ജലി
Subscribe to:
Post Comments (Atom)
No comments:
Post a Comment