Sunday, August 26, 2012

സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചു


തൃശൂര്‍: സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചതായി മാനേജ്മെന്റ്. തൃശൂര്‍ അതിരൂപതയൂടെ പ്രസിദ്ധീകരണമായ "കത്തോലിക്കസഭ"യിലാണ് സെപ്തംബര്‍ ഒന്നുമുതല്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചതായി മാനേജ്മെന്റ് അറിയിച്ചത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിച്ച മാനേജ്മെന്റിന്റെ പുതിയ തീരുമാനവും വിവാദമാവുന്നു. എസ്എഫ്ഐ, കെഎസ്യു എബിവിപി തുടങ്ങി എല്ലാ വിദ്യാര്‍ഥി സംഘടനകളുടെയും പ്രവര്‍ത്തനം നിരോധിച്ചതായാണ് "കത്തോലിക്ക സഭ" പറയുന്നത്. ക്യാമ്പസില്‍ പ്രകടനങ്ങളും പ്രചാരണങ്ങളും അനുവദിക്കില്ല. യോഗങ്ങളും മുദ്രാവാക്യവും നോട്ടീസും പോസ്റ്ററും കൊടിയും ഇനി ഗേറ്റിന് പുറത്താണെന്നും മുഖപത്രം പറയുന്നു. നിരോധനം ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്. "ആഗസ്ത് മുതല്‍ പൊലീസ് സംരക്ഷണത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്നും ഇതുകണ്ട് പത്തിമടക്കിയ കുട്ടിനേതാക്കള്‍ വായ്മൂടിക്കെട്ടിയും അല്ലാതെയും കോളേജിലെത്തി പരിഹാസ്യരായി മടങ്ങിപ്പോവുകയാണെന്നും" പ്രസിദ്ധീകരണം പരിഹസിക്കുന്നു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രഹസനമാക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിദ്യാര്‍ഥിസംഘടനകള്‍ സമരരംഗത്ത് വന്നിരുന്നു. കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ കോളേജുകളില്‍ ആഗസ്ത് 23നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കോളേജില്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേ തെരഞ്ഞെടുപ്പ് നടത്തൂവെന്നും തെരഞ്ഞെടുപ്പിന്റെ തലേന്നു മാത്രമേ പത്രികാസമര്‍പ്പണം നടത്താവൂവെന്നും മാനേജ്മെന്റ് അറിയിച്ചു. സര്‍കലാശാല നിയമാവലിക്ക് വിരുദ്ധമായാണ് മാനേജ്മെന്റ് തീരുമാനം. ഇതിനെതിരെ ഉയര്‍ന്ന വിദ്യാര്‍ഥിപ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മാനേജ്മെന്റ് ശ്രമിച്ചത്. അക്രമം നടത്തിയെന്ന് ആരോപിച്ച് നിരവധി വിദ്യാര്‍ഥികളെ ഏതാനും ദിവസം മുമ്പ് കോളേജില്‍നിന്ന് സസ്പെന്‍ഡും ചെയ്തു. കോളേജിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതിവിധിയുടെ മറവിലാണ് മാനേജ്മെന്റ് നടപടിയെന്ന് കരുതുന്നു.

നിലവിലെ തെരഞ്ഞെടുപ്പുരീതി അംഗീകരിക്കില്ലെന്നു കാണിച്ച് സെന്റ്തോമസ് ഉള്‍പ്പെടെ ഏതാനും കോളേജുകള്‍ സിന്‍ഡിക്കറ്റിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് കലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല. ഈ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ഏകപക്ഷീയമായി വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചതായി മാനേജ്മെന്റിന്റെ പ്രഖ്യാപനം. വിദ്യാര്‍ഥിസംഘടനകളെ പ്രകോപിപ്പിച്ച് കലാലയ അന്തരീക്ഷം കലുഷിതമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. മാനേജ്മെന്റ് തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് വിദ്യാര്‍ഥിസംഘടനകള്‍.

deshabhimani 270812

1 comment:

  1. തൃശൂര്‍: സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചതായി മാനേജ്മെന്റ്. തൃശൂര്‍ അതിരൂപതയൂടെ പ്രസിദ്ധീകരണമായ "കത്തോലിക്കസഭ"യിലാണ് സെപ്തംബര്‍ ഒന്നുമുതല്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചതായി മാനേജ്മെന്റ് അറിയിച്ചത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിച്ച മാനേജ്മെന്റിന്റെ പുതിയ തീരുമാനവും വിവാദമാവുന്നു. എസ്എഫ്ഐ, കെഎസ്യു എബിവിപി തുടങ്ങി എല്ലാ വിദ്യാര്‍ഥി സംഘടനകളുടെയും പ്രവര്‍ത്തനം നിരോധിച്ചതായാണ് "കത്തോലിക്ക സഭ" പറയുന്നത്. ക്യാമ്പസില്‍ പ്രകടനങ്ങളും പ്രചാരണങ്ങളും അനുവദിക്കില്ല. യോഗങ്ങളും മുദ്രാവാക്യവും നോട്ടീസും പോസ്റ്ററും കൊടിയും ഇനി ഗേറ്റിന് പുറത്താണെന്നും മുഖപത്രം പറയുന്നു. നിരോധനം ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്. "ആഗസ്ത് മുതല്‍ പൊലീസ് സംരക്ഷണത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്നും ഇതുകണ്ട് പത്തിമടക്കിയ കുട്ടിനേതാക്കള്‍ വായ്മൂടിക്കെട്ടിയും അല്ലാതെയും കോളേജിലെത്തി പരിഹാസ്യരായി മടങ്ങിപ്പോവുകയാണെന്നും" പ്രസിദ്ധീകരണം പരിഹസിക്കുന്നു.

    ReplyDelete