Wednesday, August 29, 2012

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് ബോണസും അലവന്‍സും നിര്‍ത്തി


ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്കുള്ള ബോണസും അലവന്‍സും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി. ഇതോടെ സംസ്ഥാനത്തെ 12,000 മഹിളാപ്രധാന്‍ ഏജന്റുമാരുള്‍പ്പെടെയുള്ളവരുടെ ജീവിതം ദുരിതത്തിലായി. ശ്യാമള ഗോപിനാഥ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏജന്റുമാര്‍ക്ക് നല്‍കുന്ന കമീഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവും തുടര്‍ന്നുണ്ടായ സംസ്ഥാന സര്‍ക്കാര്‍ഉത്തരവുമാണ് ഏജന്റുമാര്‍ക്ക് തിരിച്ചടിയായത്.

കമീഷന്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കി സംസ്ഥാന സര്‍ക്കാരിനോട് ഏജന്റുമാര്‍ക്ക് നല്‍കുന്ന ബോണസ്, അലവന്‍സ് ആനുകൂല്യങ്ങള്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആനുകൂല്യങ്ങള്‍ നല്‍കുകയാണെങ്കില്‍ ഇത് കുറച്ചുള്ള കമ്മീഷന്‍മാത്രം ഏജന്റുമാര്‍ക്ക് നല്‍കാന്‍ കഴിയൂ എന്നായിരുന്നു ഉത്തരവ്. എട്ടുമാസം മുമ്പ് ഇറങ്ങിയ ഉത്തരവിന്റെ മറവില്‍ 1981ല്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്കായി നടപ്പാക്കിയ നാലുശതമാനം പ്രോത്സാഹന അലവന്‍സും ഒന്നേകാല്‍ ശതമാനം ബോണസും സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവില്‍ എട്ടുമാസത്തെ അലവന്‍സ് കുടിശ്ശികയുണ്ട്. ഓണത്തിന് തൊട്ടുമുമ്പ് ലഭിച്ചിരുന്ന ബോണസും ഭാഗികമായി നിഷേധിച്ചു. തനതായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെയാണ് കേന്ദ്രം ചോദ്യം ചെയ്യുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇത്തരത്തിലൊരു ഉത്തരവുണ്ടായത് പൊതുമേഖലയിലുള്ള ദേശീയ സമ്പാദ്യ പദ്ധതിയെ തകര്‍ത്ത് സ്വകാര്യ ബാങ്കിങ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും ആരോപണമുണ്ട്. ഇതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടും അവഗണിച്ചു.

പദ്ധതിയിലൂടെ പിരിച്ചെടുക്കുന്ന തുകയില്‍ ഗണ്യമായ സംഖ്യ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം വായ്പയായി നല്‍കാറുണ്ട്. ഇതും ഇനിമുതല്‍ ഇല്ലാതാകും. ഏജന്റുമാരുടെ സേവനം മറ്റു മേഖലകളിലേക്ക് തിരിച്ചുവിടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അടിസ്ഥാന വിവരശേഖരണം, സാമൂഹ്യ വനവല്‍ക്കരണം, പൊതുജനാരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലകളിലെ ചുമതലകള്‍ ഇവരെ ഏല്‍പ്പിക്കാനാണ് നീക്കം. ഇതിനായുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ദേശീയ സമ്പാദ്യപദ്ധതി സംസ്ഥാന ഡയറക്ടറെ ചുമതലപ്പെടുത്തി. തുച്ഛമായ സംഖ്യ നല്‍കുകയെന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്. സെന്‍സസ് പോലുള്ള ജോലികളില്‍നിന്ന് അധ്യാപകരെ ഒഴിവാക്കി ഏജന്റുമാരെ ഏല്‍പ്പിക്കുന്നതിലൂടെ ഈയിനത്തില്‍ ചെലവഴിക്കുന്ന തുക വന്‍തോതില്‍ കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
(ജെയ്സണ്‍ ഫ്രാന്‍സിസ്)

deshabhimani 290812

No comments:

Post a Comment