Monday, August 27, 2012
വില്‍ക്കാനുണ്ട് കായലും കണ്ടല്‍ക്കാടും വനങ്ങളും
ഭൂമാഫിയകളുടെ പറുദീസയായ ഇടുക്കിയിലെ വാഗമണ്ണില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍പോലും കൈയേറ്റം നടക്കുന്നതിനിടയില്‍ ഈ സംരക്ഷിത റവന്യു ഭൂമിയില്‍ ഗോള്‍ഫ് കോഴ്‌സും അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് അറീനയും സ്ഥാപിക്കുമെന്ന് എമര്‍ജിംഗ് കേരള വെബ്‌സൈറ്റിലൂടെ ടൂറിസം വകുപ്പ് പ്രഖ്യാപിച്ചതും സര്‍ക്കാര്‍തലനിയമ ലംഘനത്തിന് ദൃഷ്ടാന്തമായി.
പീരുമേട്ടിലെ പരിസ്ഥിതി ദുര്‍ബലദേശത്ത് റിസോര്‍ട്ട് മാഫിയകളെ കൂടിയിരുത്താന്‍ മിസ്റ്റ്‌വാലി ഹെല്‍ത്ത് റിസോര്‍ട്ടും ഹില്‍സ്റ്റേഷന്‍ കോട്ടേജുകളും ഹോട്ടലും യോഗ-ധ്യാനകേന്ദ്രങ്ങളും റിക്രിയേഷന്‍ - ബിസിനസ് സെന്ററും സ്ഥാപിക്കുമെന്നും ടൂറിസം വകുപ്പിന്റെ മറ്റൊരു പ്രോജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവികുളത്തെ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സ്‌പൈസ്‌വാലി ആഡംബരറിസോര്‍ട്ട്, ധര്‍മടത്തെ പൈതൃക പ്രാധാന്യമുള്ള തുരുത്തുകളില്‍ വിനോദ സഞ്ചാരകേന്ദ്രവും ഇക്കോ റിസോര്‍ട്ടും മുഴുപ്പിലങ്ങാട് ബീച്ചില്‍ സാഹസിക കായികകേന്ദ്രം, കാപ്പില്‍ കായല്‍തീരത്ത് റിസോര്‍ട്ട്, ഇലവീഴാ പൂഞ്ചിറയില്‍ ഇക്കോറിസോര്‍ട്ട്, കക്കയം ഇക്കോ ക്യാമ്പ്, കാരപ്പുഴയില്‍ ഇക്കോ റിസോര്‍ട്ടും കണ്‍വെന്‍ഷന്‍ സെന്ററും തുടങ്ങി 25 പദ്ധതികളാണ് ഭൂമാഫിയയ്ക്ക് വേണ്ടി ടൂറിസം വകുപ്പ് എമര്‍ജിംഗ് കേരള വഴി കച്ചവടമടിക്കുക.
ഭൂമാഫിയകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായ ജനകീയ പ്രക്ഷോഭവും ഹരിതരാഷ്ട്രീയവും കരുത്താര്‍ജ്ജിക്കുന്നതിനിടയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമവിരുദ്ധമായ ഭൂമി കച്ചവടത്തിന് വ്യവസായവകുപ്പിനെ രംഗത്തിറക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
കാടുമുതല്‍ കടല്‍വരെ മാഫിയകള്‍ക്ക്
വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ കാര്‍മികത്വത്തില്‍ നടക്കാനിരിക്കുന്ന എമര്‍ജിംഗ് കേരള എന്ന പരിപാടിയില്‍ ടൂറിസത്തിന്റെ പേരില്‍ കാടു മുതല്‍ കടല്‍വരെയുള്ള സര്‍ക്കാര്‍ ഭൂമികള്‍ സ്വകാര്യ മാഫിയാസംഘങ്ങള്‍ക്കു പതിച്ചുകൊടുക്കുന്നതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
കേരളത്തിലെ സൂപ്പര്‍ ഭൂമാഫിയയെന്നറിയപ്പെടുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള, ലിമിറ്റഡ് (ഇന്‍കെല്‍) എന്ന സ്വകാര്യ സ്ഥാപനം സര്‍ക്കാര്‍വക സ്ഥാപനമെന്ന വ്യാജേനയാണ് ടൂറിസംപദ്ധതികളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് എമര്‍ജിംഗ് കേരളയുടെ വെബ്‌സൈറ്റില്‍ നിന്നും വ്യക്തമായി. ഇന്‍കലിനു സര്‍ക്കാര്‍ വക ഭൂമിദാനം നടത്തുന്നതുസംബന്ധിച്ച് രണ്ടു മാസം മുമ്പ് 'ജനയുഗം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്‍കെല്‍ എന്ന ഭൂമാഫിയയ്ക്കു ഭൂമികേരളം തീറെഴുതിക്കൊടുക്കരുതെന്ന് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യവസായ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചാവേളയില്‍ സി പി ഐ നിയമസഭാ കക്ഷിനേതാവ് സി ദിവാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്‍കെലിനു ഇനി സര്‍ക്കാര്‍ വക ഭൂമി നല്‍കില്ലെന്ന് ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പതിനായിരം കോടി രൂപയിലേറെ വിലവരുന്ന റവന്യു ഭൂമികള്‍ തട്ടിയെടുക്കാനുള്ള ഇന്‍കെലിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന 'ജനയുഗം' റിപ്പോര്‍ട്ടിനെതുടര്‍ന്ന് ഇന്‍കലിന് ഭൂമിദാനം അരുതെന്ന് റവന്യുമന്ത്രി അടുര്‍പ്രകാശ് ഉത്തരവിടുകയും ചെയ്തു.
തുടര്‍ന്ന് ഇന്‍കെല്‍ മേധാവിയും മുന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയുമായ ടി ബാലകൃഷ്ണനെകൂടി പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറി കെ ജയകുമാര്‍ വിളിച്ചുചേര്‍ത്ത റവന്യു-വ്യവസായ വകുപ്പ് സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തില്‍ റവന്യു ഭൂമികളില്‍ ഒരിഞ്ചുപോലും ഇന്‍കെലിനു നല്‍കരുതെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ റവന്യു മന്ത്രിയുടെ ഉത്തരവും ചീഫ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനവും വ്യവസായ മന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പുമെല്ലാം ജലരേഖയായി.
'ജനയുഗം' റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മലപ്പുറം ജില്ലയില്‍ പാണക്കാട്ടെ 183 ഏക്കറില്‍ എഡ്യൂ ഹെല്‍ത്ത്‌സിറ്റി ഇന്‍കെല്‍ സ്ഥാപിക്കുമെന്നാണ് എമര്‍ജിംഗ് കേരളയിലെ ഇന്‍കെലിന്റെ പദ്ധതി രേഖയില്‍ പറയുന്നത്. ഇതിനുപുറമേ ഇവിടെ രണ്ടേക്കറില്‍ ആഡംബര ഹോട്ടലും ഇന്‍കെല്‍ നിര്‍മിക്കും.
റവന്യു വകുപ്പ് മന്ത്രിയുടെ ഉത്തരവുലംഘിച്ച് പാണക്കാട്ടെ റവന്യു ഭൂമിയില്‍ ഹോട്ടലും എഡ്യൂഹെല്‍ത്ത് സിറ്റിയും സ്ഥാപിക്കാനുള്ള മാസ്റ്റര്‍പ്ലാനുണ്ടാക്കാന്‍ ഒരു അന്താരാഷ്ട്ര ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ടെന്നും എമര്‍ജിംഗ് കേരള വെബ്‌സൈറ്റില്‍ ഇന്‍കെലിന്റെ പദ്ധതി രേഖയില്‍ വെളിപ്പെടുത്തുന്നു. സ്വാശ്രയ പങ്കാളിത്തത്തോടെയാകും ഇതെല്ലാം സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിക്കുക.
പാണക്കാടു പദ്ധതിയുടെ വിശദാംശങ്ങള്‍, പദ്ധതി പ്രദേശത്തെ 1.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 175 മുറികളുടെ നിര്‍മാണം, നിര്‍മാണച്ചെലവ്, സ്വകാര്യ നിക്ഷേപകരെ കാത്തിരിക്കുന്ന വന്‍ലാഭ സാധ്യതകള്‍ എന്നിവയും ഇന്‍കെലിന്റെ പ്രലോഭനങ്ങളിലുണ്ട്. ഇതിനുപുറമേ വിദേശമലയാളികളുടെ നിക്ഷേപത്തില്‍ തിരൂരങ്ങാടിയിലെ മമ്പ്രം, കീരനല്ലൂര്‍ ബോട്ട് ക്ലബ് എന്നിവസ്ഥാപിക്കാനുളള മറ്റൊരു പദ്ധതി പ്രദേശവും റവന്യു ഭൂമിയാണ്. ബോട്ട് ക്ലബിനോടനുബന്ധിച്ച് ആഡംബര ഹോട്ടലും രണ്ട് ബോട്ട് ജെട്ടികളുമുണ്ടാവും.
റവന്യു വകുപ്പ് പ്രത്യേക ഉത്തരവുവഴി കൈമാറ്റം നിഷേധിച്ച ഭൂമിയില്‍ പദ്ധതികള്‍ തുടങ്ങാനുള്ള ചങ്കൂറ്റം ഇന്‍കലിനു പകര്‍ന്നുനല്‍കിയത് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന ആരോപണം റവന്യു വകുപ്പില്‍ ഉയര്‍ന്നുകഴിഞ്ഞു.
പ്രതിദിനം മായുന്നത് 60 ഹെക്ടര്‍ നെല്‍പാടങ്ങള്‍
അരനൂറ്റാണ്ടു മുമ്പ് കേരളത്തിനാവശ്യമായ അരിയുടെ പകുതിവിളയിച്ചിരുന്ന സംസ്ഥാനത്തെ നെല്‍പാടങ്ങളില്‍ പ്രതിദിനം മായുന്നത് 60 ഹെക്ടര്‍ വീതമെന്ന് ആശങ്കാജനകമായ റിപ്പോര്‍ട്ട്.
സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും രേഖകളിലും ബജറ്റിനോടൊപ്പം നിയമസഭയില്‍ സമര്‍പ്പിച്ച സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ ഇക്കണോമിക് റിവ്യുവിലും കേരളത്തിലെ വയലേലകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നുവെന്ന കണക്കുകളുടെ പട്ടികയുണ്ട്. എന്നാല്‍ നെല്‍പാടങ്ങളുടെ പ്രതിദിന തിരോധാനത്തിന്റെ കണക്കുകള്‍ ശേഖരിച്ചത് പാലക്കാട്ടെ ദേശീയകര്‍ഷകസമാജം എന്ന സന്നദ്ധ സംഘടനയാണ്.
വയലേലകള്‍ പ്രതിദിനം മറയുന്നതിന് മുഖ്യകാരണം നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമം കശാപ്പുചെയ്തതും അനധികൃത നിര്‍മാണങ്ങള്‍ക്കു നിയമസാധുത നല്‍കാനുള്ള മന്ത്രിസഭയുടെ ദുരൂഹമായ തീരുമാനവുമാണെന്നും കാര്‍ഷികവിദഗ്ധര്‍ പറയുന്നു. പ്രതിദിനം ശരാശരി 60 ഹെക്ടര്‍ നെല്‍വയലുകള്‍ മണ്ണിട്ടുനികത്തുന്നത് കേരളത്തിലെ വയലേലകള്‍ ഓര്‍മമാത്രമാക്കിമാറ്റുമെന്ന് ദേശീയ കര്‍ഷകസമാജം അധ്യക്ഷന്‍ പുല്‍പ്പള്ളി വാസുദേവന്‍ ആശങ്ക പ്രകടിപ്പിച്ചു.
കൃഷിസ്ഥലങ്ങളുടെ പ്രത്യേകിച്ചും നെല്‍പാടങ്ങളുടെ വിസ്തീര്‍ണം അതിവേഗം ചുരുങ്ങുന്ന പ്രവണതയ്ക്കു തുടക്കമിട്ടത് മൂന്നു പതിറ്റാണ്ടു മുമ്പാണെന്നും ഇപ്പോഴത്തെ ഭക്ഷ്യ പ്രതിസന്ധിയുടെ മുഖ്യകാരണം നെല്‍വയലുകളുടെ അതിശീഘ്രമുള്ള തിരോധാനമാണെന്നും കേരള കാര്‍ഷികസര്‍വകലാശാലയിലെ അഗ്രോണമി വിഭാഗം പ്രഫസറുമായ ഐ ജോണ്‍ കുട്ടി പറയുന്നു.
ഇന്ത്യയിലെ കാര്‍ഷികോല്‍പാദന വളര്‍ച്ചാനിരക്ക് മുന്ന് ശതമാനത്തില്‍ താഴെയാണെങ്കില്‍ കേരളത്തില്‍ അത് മൈനസ് 11.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് വയലേലകളും കൃഷിയിടങ്ങളും അതിവേഗം കരഭൂമിയും കോണ്‍ക്രീറ്റ് വനങ്ങളുമായി മാറുന്നതുമൂലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിന്റെ നെല്ലറയായ പാലക്കാട്ട് ജില്ലയുടെ വിസ്തൃതി സംസ്ഥാനത്തിന്റെ വിസ്തീര്‍ണത്തിന്റെ 11.3 ശതമാനം മാത്രമാണ്. ഇതില്‍ 31.2 ശതമാനവും നെല്‍പാടങ്ങളായിരുന്നുവെന്നാണ് ഒരു വര്‍ഷം മുമ്പുള്ള കണക്ക്. കേരളത്തിലെ നെല്ലുല്‍പ്പാദനത്തിന്റെ 34.32 ശതമാനവും പാലക്കാടിന്റെ സംഭാവനയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിപ്പുറം ഈ ശതമാനക്കണക്കാകെ ഭൂമാഫിയകള്‍ ചേര്‍ന്ന് അട്ടിമറിച്ചു. നെല്‍വയലുകളുടേയും നെല്ലുല്‍പാദനത്തിന്റെയും ശതമാനം ഇതുമൂലം കുത്തനെതാണു.
ആറു വര്‍ഷം മുമ്പ് പാലക്കാട് ജില്ലയില്‍ 113, 919 ഹെക്ടറ്ററില്‍ നെല്‍കൃഷിയുണ്ടായിരുന്നത് ഗണ്യമായി കുറഞ്ഞു. '71 ല്‍ ഈ നെല്ലറയിലെ വയലേലകളുടെ വിസ്തൃതി 182,622 ഹെക്റ്ററായിരുന്നതില്‍ 79,703 ഹെക്റ്റര്‍ നെല്‍പാടങ്ങളാണ് അപ്രത്യക്ഷമായത്.
നെല്‍പാടങ്ങള്‍ക്കു ചരമഗീതമെഴുതുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ നെല്‍വയലുകളുടെ കുരുതിക്കു കളമൊരുക്കുന്ന നടപടികള്‍ 'അതിശീഘ്രം ബഹുദൂരം' പുരോഗമിക്കുന്നുവെന്നാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
janayugom news
Subscribe to:
Post Comments (Atom)
വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ കാര്‍മികത്വത്തില്‍ നടക്കാനിരിക്കുന്ന എമര്‍ജിംഗ് കേരള എന്ന പരിപാടിയില്‍ ടൂറിസത്തിന്റെ പേരില്‍ കാടു മുതല്‍ കടല്‍വരെയുള്ള സര്‍ക്കാര്‍ ഭൂമികള്‍ സ്വകാര്യ മാഫിയാസംഘങ്ങള്‍ക്കു പതിച്ചുകൊടുക്കുന്നതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
ReplyDelete