Saturday, August 25, 2012

ജനമൈത്രി സ്റ്റേഷനുകള്‍ ജനവിരുദ്ധ കേന്ദ്രങ്ങളായി


തലശേരി: ജില്ലയില്‍ പൊലീസ് അതിക്രമങ്ങള്‍ കൂടുതല്‍ നടന്നത് ജനമൈത്രി പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്. വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുംനേരെ കനത്ത ആക്രമണം നടന്നത് ജനമൈത്രിപൊലീസ് പദ്ധതി ആദ്യം നടപ്പാക്കിയ പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍. സിപിഐ എം പ്രവര്‍ത്തകന്റെ കൈ ലോക്കപ്പില്‍ അടിച്ചൊടിച്ചതുള്‍പ്പെടെയുള്ള കൊടുംപാതകങ്ങള്‍ അരങ്ങേറിയ തലശേരി പൊലീസ്സ്റ്റേഷനും ജനമൈത്രിയുടെ പൊയ്മുഖമാണുള്ളത്. ജനമൈത്രി സ്റ്റേഷനുകളെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് ജനദ്രോഹി പൊലീസ് സ്റ്റേഷനാക്കി മാറ്റുന്നതാണ് ഏതാനും ആഴ്ചകളായി കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനമൈത്രി പൊലീസ് പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നത്. മര്‍ദകവാഴ്ച അതിരുകടന്നതോടെ ജനമധ്യത്തില്‍ പൊലീസ് ഒറ്റപ്പെടുകയാണ്. സാമൂഹ്യബോധമുള്ള ഒരു സംഘടനയും പൊലീസുമായി സഹകരിക്കുന്നില്ല. പൊലീസുകാരെ പല സംഘടനകളും പൊതുചടങ്ങുകളില്‍നിന്ന് അകറ്റി നിര്‍ത്തുകയാണ്. ജനമൈത്രി പദ്ധതിയുമായി സഹകരിച്ച് നീങ്ങിയവര്‍തന്നെ പൊലീസിനെ തള്ളിപ്പറയുകയാണ്.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വിജീഷിനെ അന്യായമായി മര്‍ദിച്ചാണ് പയ്യന്നൂര്‍ മേഖലയില്‍ പൊലീസ് അതിക്രമം ആരംഭിച്ചത്. പ്രതിഷേധിച്ചതിന്റെ വൈരാഗ്യത്തില്‍ വെള്ളൂരില്‍ സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളില്‍ അര്‍ധരാത്രി അതിക്രമിച്ചുകടന്ന് കാര്‍ഷികവിളകളും പമ്പ്സെറ്റും നശിപ്പിച്ചു. കിണറില്‍ മാലിന്യം കലര്‍ത്തുകയും ചെയ്തു. എസ്എഫ്ഐ മുന്‍ പയ്യന്നൂര്‍ ഏരിയാപ്രസിഡന്റ് മിഥുനെ അന്യായമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ നിഷാദിനെ പയ്യന്നൂര്‍ കോളേജില്‍ കയറി അറസ്റ്റുചെയ്തശേഷം ഭീകരമായി തല്ലിച്ചതച്ചു. നിഷാദിനെ പത്തുകേസുകളിലാണ് പ്രതിയാക്കിയത്.

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ പേരില്‍ ജില്ലയിലാകെ പൊലീസിന്റെ നിയമലംഘന പരമ്പരയുണ്ടായി. അര്‍ധരാത്രിയും പുലര്‍ച്ചെയും സിപിഐ എമ്മിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചാണ് തലശേരിയില്‍ ജനമൈത്രിയുടെ പുതിയമുഖം പൊലീസ് വെളിപ്പെടുത്തിയത്. പണിമുടക്കി പ്രകടനം നടത്തിയതിന് സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. പിണറായി കിഴക്കുംഭാഗത്തെ വത്സനെ അടിച്ച് കൈയെല്ല് പൊട്ടിച്ചത് തലശേരി ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ സിഐ എം പി വിനോദാണ്. വടക്കുമ്പാട്ടെ കൂളിബസാറിനടുത്ത സിപിഐ എം പ്രവര്‍ത്തകന്‍ ശ്രീലേഷിന് സ്റ്റേഷനില്‍ കുടിവെള്ളം പോലും നല്‍കാതെയാണ് മണിക്കൂറുകളോളം തറയിലിരുത്തി തല്ലിയത്. തലായിയിലെ സുധീര്‍ഥന്‍, കുട്ടിമാക്കൂലിലെ രമേശന്‍ തുടങ്ങി ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ച് മൂന്നാംമുറക്കിരയാക്കി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ മുഖമാണിപ്പോള്‍ തലശേരി സ്റ്റേഷന്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ്; മാത്തൂരില്‍ പൊലീസ് അതിക്രമം

കുഴല്‍മന്ദം: മാത്തൂര്‍ നടക്കാവില്‍ പൊലീസിന്റെ അതിക്രമം തുടരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയും സ്ത്രീകള്‍മാത്രമുള്ള വീട്ടില്‍ രാത്രിയില്‍ പൊലീസ്റെയ്ഡ് നടത്തിയും ഭീകരത സൃഷ്ടിക്കുകയാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയും രാത്രി പതിനൊന്നോടെ എടയ്ക്കാട്ടുപറമ്പ് കല്യാണി, ശ്യാമള, മോഹിനി എന്നിവരുടെ വീടുകളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെയും വീടുകളിലെമെത്തി പൊലീസ് ഭീഷണിപ്പെടുത്തി അസഭ്യവാക്കുകള്‍ ചൊരിയുകയാണ്. വനിതാപൊലീസില്ലാതെയാണ് വീടുകളിലെത്തി പൊലീസുകാര്‍ കുടുംബിനികളെ ചീത്ത വിളിക്കുന്നത്.

കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസുകാരുടെ കണ്‍മുന്നില്‍വച്ച് യൂത്ത്കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചിരുന്നു. എന്നിട്ടും യൂത്ത്കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണ്. രാത്രിയില്‍ വീടുകളില്‍ കയറി പൊലീസുകാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കല്യാണി, ശ്യാമള, മോഹിനി എന്നിവര്‍ വനിതാകമീഷന് പരാതി നല്‍കി. വനിതാകമീഷന്‍ ജില്ലാ ജാഗ്രതാ സമിതിയംഗം അഡ്വ. കെ ശാന്തകുമാരി, മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി കെ പത്മാവതി, നസീമ, ഗീത എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.

പൊലീസ്അതിക്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മഹിളാ അസോസിയേഷന്‍ കുഴല്‍മന്ദം ഏരിയകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പൊലീസ്റെയ്ഡിന്റെ പേരില്‍ അതിക്രമംകാണിച്ച നടക്കാവ്, എടക്കാട്ടുപറമ്പ് പ്രദേശങ്ങളിലെ വീടുകളില്‍ സിപിഐ എം കുഴല്‍മന്ദം ഏരിയ സെക്രട്ടറി എസ് അബ്ദുള്‍റഹ്മാന്‍, ടി കെ ദേവദാസ്, ആര്‍ സുരേന്ദ്രന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

പ്രതിയെ സ്റ്റേഷനില്‍നിന്ന് ഐഎന്‍ടിയുസി നേതാവ് ഇറക്കിക്കൊണ്ടുപോയി

കടയ്ക്കല്‍: താലൂക്കാശുപത്രിയില്‍ അക്രമംകാട്ടിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഐഎന്‍ടിയുസി നേതാവ് സ്റ്റേഷനില്‍നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയി. വെള്ളിയാഴ്ച പകല്‍ രണ്ടന് കടയ്ക്കല്‍ താലൂക്കാശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ കാറ്റാടിമൂട് സ്വദേശി ജയകുമാറാണ് സെക്യൂരിറ്റി ജീവനക്കാരടക്കമുള്ളവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും അസഭ്യവര്‍ഷം ചൊരിഞ്ഞതും. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഐഎന്‍ടിയുസി നേതാവ് ജില്ലാ ജോയിന്റ്സെക്രട്ടറി കെ ഇ സുബ്രഹ്മണ്യം ജയകുമാറിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ തയ്യാറാകാതെവന്നപ്പോള്‍ ഇവരെ ഭീഷണിപ്പെടുത്തിയശേഷം പൊലീസ്സ്റ്റേഷനിലെത്തി ജയകുമാറിനെ പിടിച്ചിറക്കി കൊണ്ടുപോയി.

deshabhimani 250812

1 comment:

  1. ജില്ലയില്‍ പൊലീസ് അതിക്രമങ്ങള്‍ കൂടുതല്‍ നടന്നത് ജനമൈത്രി പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്. വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുംനേരെ കനത്ത ആക്രമണം നടന്നത് ജനമൈത്രിപൊലീസ് പദ്ധതി ആദ്യം നടപ്പാക്കിയ പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍. സിപിഐ എം പ്രവര്‍ത്തകന്റെ കൈ ലോക്കപ്പില്‍ അടിച്ചൊടിച്ചതുള്‍പ്പെടെയുള്ള കൊടുംപാതകങ്ങള്‍ അരങ്ങേറിയ തലശേരി പൊലീസ്സ്റ്റേഷനും ജനമൈത്രിയുടെ പൊയ്മുഖമാണുള്ളത്. ജനമൈത്രി സ്റ്റേഷനുകളെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് ജനദ്രോഹി പൊലീസ് സ്റ്റേഷനാക്കി മാറ്റുന്നതാണ് ഏതാനും ആഴ്ചകളായി കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനമൈത്രി പൊലീസ് പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നത്. മര്‍ദകവാഴ്ച അതിരുകടന്നതോടെ ജനമധ്യത്തില്‍ പൊലീസ് ഒറ്റപ്പെടുകയാണ്. സാമൂഹ്യബോധമുള്ള ഒരു സംഘടനയും പൊലീസുമായി സഹകരിക്കുന്നില്ല. പൊലീസുകാരെ പല സംഘടനകളും പൊതുചടങ്ങുകളില്‍നിന്ന് അകറ്റി നിര്‍ത്തുകയാണ്. ജനമൈത്രി പദ്ധതിയുമായി സഹകരിച്ച് നീങ്ങിയവര്‍തന്നെ പൊലീസിനെ തള്ളിപ്പറയുകയാണ്.

    ReplyDelete