Tuesday, August 28, 2012
ക്രൂഡ് ഓയില്‍ കരുതല്‍ശേഖരം: സംഭരണികള്‍ നിര്‍മിക്കുന്നു
അടിയന്തരസാഹചര്യങ്ങളില്‍ ഇറക്കുമതിയെ ആശ്രയിക്കാതെ രാജ്യത്തിന്റെ എണ്ണ ആവശ്യം നേരിടാന്‍ ഇന്ത്യ ക്രൂഡ് ഓയിലിന്റെ തന്ത്രപരമായ കരുതല്‍ശേഖരം തയ്യാറാക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് കേന്ദ്രങ്ങളിലെ വന്‍ ക്രൂഡോയില്‍ സംഭരണികളുടെ നിര്‍മാണം പൂര്‍ത്തിയാകും. അതോടെ രണ്ട് മാസം വരെ ഇന്ത്യയുടെ ആവശ്യത്തിനുള്ള ക്രൂഡോയില്‍ സംഭരിച്ചുവയ്ക്കാന്‍ കഴിയും. അമേരിക്കയുടെ തന്ത്രപരമായ ക്രൂഡോയില്‍ ശേഖരത്തിന്റെ മാതൃകയിലാണ് ഇത്.53.3 ലക്ഷം ടണ്‍ സംഭരണശേഷിയുള്ളതാണ് നിര്‍മാണത്തിലിരിക്കുന്ന മൂന്ന് സംഭരണികള്‍. വിശാഖപട്ടണം, മംഗലാപുരം, കര്‍ണാടകത്തിലെ തന്നെ പാടൂര്‍ എന്നിവിടങ്ങളിലാണ് സംഭരണികളുടെ നിര്‍മാണം പുരോഗമിക്കുന്നത്.
2004 ജനുവരിയില്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനപ്രകാരമാണ് വന്‍ സംഭരണികള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 2004 ജൂണില്‍ ഇതിനായി ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്സ് ലിമിറ്റഡ്(ഐഎസ്പിആര്‍എല്‍) എന്ന കമ്പനി രൂപീകരിച്ചു. സംഭരണികളുടെ നിര്‍മാണച്ചെലവിനായി 2006 ജനുവരിയില്‍ സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി 11267 കോടി രൂപ അനുവദിച്ചു. മൂന്ന് ഭൂഗര്‍ഭ നിലവറകളില്‍ നിറയ്ക്കാനുള്ള ക്രൂഡോയിലിന്റെ വിലയായി 20278 കോടി രൂപയാണ് വേണ്ടത്. ക്രൂഡോയിലിന്റെ അന്താരാഷ്ട്രവില വീപ്പയ്ക്ക് 110 ഡോളര്‍ എന്ന നിരക്കിലാണ് ഈ തുക നിശ്ചയിച്ചിട്ടുള്ളത്. 2014 ആകുമ്പോഴേക്ക് രാജ്യത്തിന്റെ മൊത്തം ക്രൂഡോയില്‍ സംഭരണശേഷി 3.082 കോടി ടണ്‍ ആകും. രാജ്യത്തിന്റെ ഇന്നത്തെ എണ്ണ ഉപയോഗത്തിന്റെ നിരക്കില്‍ 70 ദിവസത്തേയ്ക്ക് ഇത് മതിയാകും.
മധ്യപൂര്‍വേഷ്യയിലെ പ്രശ്നങ്ങള്‍, യുദ്ധം, സമുദ്രഗതാഗതത്തിലെ തടസ്സം, പ്രകൃതിദുരന്തം എന്നീ കാരണങ്ങളാല്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി തടസ്സപ്പെട്ടാല്‍ കരുതല്‍ശേഖരവും തന്ത്രപരമായ ശേഖരവും എടുത്തുപയോഗിക്കാന്‍ കഴിയും. രണ്ട് മാസം വരെ രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്ര ക്രൂഡോയില്‍ ശേഖരം ഉണ്ടാകും. ക്രൂഡോയിലിന്റെ അന്താരാഷ്ട്രവില ചില സാഹചര്യങ്ങളില്‍ വന്‍തോതില്‍ ഉയരുമ്പോള്‍ താല്‍ക്കാലികമായി ഇറക്കുമതി വേണ്ടെന്നുവച്ച് കരുതല്‍ശേഖരം എടുത്തുപയോഗിക്കാന്‍ കഴിയും. തന്ത്രപരമായ ശേഖരം വിപുലമാക്കാനുള്ള പദ്ധതികളും ആരംഭിച്ചു. 1.25 കോടി ടണ്‍ ക്രൂഡോയില്‍ സംഭരിക്കാന്‍ കഴിയുന്ന നാല് ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കാനുള്ള സാധ്യതാപഠനം ആരംഭിച്ചു. രാജസ്ഥാനിലെ ബിക്കാനീര്‍(25 ലക്ഷം ടണ്‍), ഗുജറാത്തിലെ രാജ്കോട്ട്(25 ലക്ഷം ടണ്‍), കര്‍ണ്ണാടകത്തിലെ പാടൂര്‍(50 ലക്ഷം ടണ്‍), ഒറീസയിലെ ചന്ദിഖോള്‍(25 ലക്ഷം ടണ്‍) എന്നിങ്ങനെയാണ് രണ്ടാംഘട്ടം തന്ത്രപരശേഖരത്തിനുള്ള ടാങ്കുകള്‍ നിര്‍മിക്കുക. ബിക്കാനീര്‍, ചന്ദിഖോള്‍ എന്നിവിടങ്ങളിലേക്കുള്ള പദ്ധതിക്കായി സാധ്യതാപഠനം തയ്യാറാക്കി സമര്‍പ്പിച്ചു.മറ്റ് രണ്ട് പദ്ധതികളുടെ സാധ്യതാപഠനം ഡിസംബറോടെ പൂര്‍ത്തിയാകും.
(വി ജയിന്‍)
deshabhimani 260812
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete