Wednesday, August 29, 2012

പൂക്കളവും പുടവയുമില്ല മാരനും ചപ്പക്കും കഞ്ഞി കുമ്പിളില്‍ തന്നെ


""ഞാക്ക് ഇക്കൊല്ലം ഓണം കാണി. മണ്ണില്ലാണ്ട് ഞാക്ക് എന്തോണം? മണ്ണ് കിട്ടീറ്റ് മതി ഇനി ഓണം"". ചീയമ്പം ആദിവാസി ഭൂസമരകേന്ദ്രത്തിലെ മാരനും ചപ്പക്കും ഇക്കുറിയും കുമ്പിളില്‍ തന്നെ കഞ്ഞി. മാലോകരെല്ലാരും ഒന്നു പോലെ വാണ മാവേലികാലത്തിന്റെ മധുരസ്മരണകള്‍ പുതുക്കുമ്പോഴും ഓണത്തിന് കുമ്പിളില്‍ കഞ്ഞി പോലും കിട്ടാത്ത വയനാട്ടിലെ ആദിവാസികള്‍ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. സമരഭൂമിയില്‍ കെട്ടിമറച്ച ഷെഡുകള്‍ പൊലീസും വനപാലകരും ചേര്‍ന്ന് പൊളിച്ച് മാറ്റിയെങ്കിലും വീണ്ടും കെട്ടിയ കുടിലുകളില്‍ അവര്‍ സമരം തുടരുകയാണ്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോള്‍ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കാടിന്റെ മക്കള്‍ കാറ്റും മഴയും ഏറ്റ് ഭൂസമരകേന്ദ്രങ്ങളിലാണ് അന്തിയുറങ്ങുന്നത്.അത്തപ്പൂക്കളമില്ലാതെ ഓണദിവസം പോലും അരവയറുമായി സമരഭൂമിയില്‍ കഴിയുമ്പോഴും ഭൂമിയില്ലാതെ മടക്കമില്ലെന്ന ദൃഡനിശ്ചയത്തിലാണ് ഈ ആദിവാസികള്‍.

മെയ് ഏഴിനാണ് ആദിവാസിക്ഷേമസമിതിയുടേയും ഭൂസമരസഹായസമിതിയുടേയും നേതൃത്വത്തില്‍ ആദിവാസികള്‍ മണ്ണിന് വേണ്ടിയുളള മൂന്നാംഘട്ട സമരം തുടങ്ങിയത്. സമരം തുടങ്ങി നാല് മാസം പിന്നിടുമ്പോഴും ആദിവാസികള്‍ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. സമരം ചെയ്ത ആദിവാസികളെ സര്‍കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.ആദിവാസികള്‍ സമരഭൂമിയില്‍ പണിത കുടിലുകള്‍ പൊളിച്ച് മാറ്റി.ജൂലൈ 19ന് ചീയമ്പത്തെ അറുനൂറോളം ആദിവാസികളെയാണ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍സെന്‍ട്രല്‍ ജയിലലിടച്ചത്.സ്ത്രീകളേയും കുട്ടികളേയും പോലുംവെറുതെ വിട്ടില്ല.ആദിവാസികള്‍ക്ക് നിയമപ്രകാരം അര്‍ഹതപ്പെട്ട ഭൂമി വിതരണം ചെയ്യാതെ സര്‍കാരാണ് നിയമം ലംഘിക്കുന്നത്. അതേ സമയം ഭുമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികളെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്യുന്നു.മെയ് ഏഴിന് തുടങ്ങിയ ഭൂസമരത്തില്‍ പങ്കെടുത്ത 1162 ആദിവാസികളെ സര്‍കാര്‍ ജയിലിലടച്ചു.1477 എകെഎസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കാനുള്ള നടപടിക്രമങ്ങളും എവിടെയുമെത്തിയിട്ടില്ല. ജയിലില്‍ നിരാഹാരസമരം ആരംഭിച്ചതോടെയാണ് ആദിവാസികളെ വിട്ടയക്കാന്‍ സര്‍കാര്‍ നിര്‍ബന്ധിതമായത്. ആഗസ്ത് മൂന്നിന് സമരഭൂമിയിലെത്തിയ ജയില്‍മോചിതര്‍ക്ക് ഉജ്വല വരവേല്‍പാണ് ലഭിച്ചത്.ആഗസ്ത് ആറിന് വീണ്ടും സമരഭൂമിയില്‍ പ്രവേശിച്ച ആദിവാസികുടുംബങ്ങളാണ് ഇപ്പോഴും സമരകേന്ദ്രങ്ങളില്‍ തുടരുന്നത്്. സര്‍കാര്‍ കണ്ണ് തുറക്കുന്നതും കാത്ത്.
(പി കെ രാഘവന്‍)

deshabhimani 290812

1 comment:

  1. ""ഞാക്ക് ഇക്കൊല്ലം ഓണം കാണി. മണ്ണില്ലാണ്ട് ഞാക്ക് എന്തോണം? മണ്ണ് കിട്ടീറ്റ് മതി ഇനി ഓണം"". ചീയമ്പം ആദിവാസി ഭൂസമരകേന്ദ്രത്തിലെ മാരനും ചപ്പക്കും ഇക്കുറിയും കുമ്പിളില്‍ തന്നെ കഞ്ഞി.

    ReplyDelete