Sunday, August 26, 2012

അസമില്‍ വീണ്ടും കലാപം; 5 മരണം


അസമിലെ ബോഡോമേഖലയില്‍ വീണ്ടും വംശീയകലാപം ആളിക്കത്തി. കലാപബാധിതമേഖലയായ ചിരാന്‍ഗ് ജില്ലയില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ അക്രമത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പൊലീസിന്റെയും പട്ടാളത്തിന്റെയും സാന്നിധ്യമുള്ള മേഖലയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്. പുതിയ സംഭവത്തോടെ ബോഡോമേഖലയില്‍നിന്ന് ദുരിതാശ്വാസക്യാമ്പുകളിലേക്ക് പലായനം ശക്തമായി. ചിരാന്‍ഗില്‍ വീണ്ടും അനിശ്ചിതകാല നിശാനിയമം ഏര്‍പ്പെടുത്തി.

ചിരാന്‍ഗിലെ ബിജ്നിയിലെ ചൗധരിപാരയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അഞ്ചു പേരെ വെട്ടിക്കൊന്നത്.ഇതോടെ, ആഗസ്ത് ആദ്യവാരം തുടങ്ങി ആറു ജില്ലയിലേക്ക് പടര്‍ന്ന ബോഡോ വംശജരും ന്യൂനപക്ഷങ്ങളും തമ്മിലുള്ള വംശീയകലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. നാലുലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി. മൂന്നു ലക്ഷംപേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്. ബോഡോമേഖലയില്‍ വീണ്ടും കലാപസൂചന നല്‍കി കഴിഞ്ഞ ദിവസം കൂടുതല്‍പേര്‍ കൊക്രജാര്‍, ചിരാന്‍ഗ് ജില്ലകളില്‍നിന്ന് ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടിയിരുന്നു. വെള്ളിയാഴ്ചമാത്രം 1700 പേര്‍ പുതുതായി ദുരിതാശ്വാസക്യാമ്പിലെത്തി. കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ അക്രമങ്ങള്‍. സംസ്ഥാനത്തു നിന്നും പലായനം ചെയ്ത അസംസ്വദേശികള്‍ മടങ്ങിവരാന്‍ അഭ്യര്‍ഥന നടത്താന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ആര്‍ അശോക് എത്തിയ ദിവസമാണ് അക്രമമുണ്ടായത്. കോണ്‍ഗ്രസ് ഭരണ മുന്നണിയിലെ സഖ്യകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് മുന്നണി (ബിപിഎഫ്) എംഎല്‍എ പ്രദീപ് ബ്രഹ്മ അറസ്റ്റിലായതോടെ കലാപത്തിനു പിന്നിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പങ്കാളിത്തവും പുറത്തുവന്നിരിക്കുകയാണ്.ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ എകെ 47 തോക്കുമായി കലാപകാരികളെ നയിച്ചത് ബ്രഹ്മയാണെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ബ്രഹ്മയ്ക്കെതിരായ ഏഴു കേസുകള്‍ സിബിഐ ഏറ്റെടുത്തേക്കും.

deshabhimani 260812

No comments:

Post a Comment