Friday, August 31, 2012
3000 കോടിയുടെ പൈപ്പ് കുംഭകോണത്തിനു കളമൊരുങ്ങി
നിരവധി കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടി വാങ്ങിക്കൂട്ടിയ ശതകോടീകള്‍ വിലവരുന്ന പൈപ്പുകള്‍ സംസ്ഥാനത്തെമ്പാടും വര്‍ഷങ്ങളായി കാടുമൂടിക്കിടക്കുന്നതിനിടയില്‍ മൂവായിരം കോടിയുടെ പൈപ്പ് കുംഭകോണത്തിന് ജല അതോറിറ്റിയില്‍ അരങ്ങൊരുങ്ങി.
ജലവിതരണ പദ്ധതികളുടെ നവീകരണത്തിന്റെ മറവില്‍ 6000 കോടിയോളം രൂപയുടെ സഹായത്തിന് ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിക്ക് (ജിക്ക) സമര്‍പ്പിക്കാന്‍ ഇത് സംബന്ധിച്ച രൂപരേഖയും തയ്യാറായി. ഇതില്‍ മൂവായിരം കോടിയോളം നിലവിലുള്ള പൈപ്പ്‌ലൈനുകള്‍ മാറ്റി പുതിയ പൈപ്പ്‌ലൈനുകളിടാനാണെന്ന് ജിക്കയ്ക്കു സമര്‍പ്പിക്കുന്ന പദ്ധതിരേഖയില്‍ പറയുന്നു. സംസ്ഥാനത്തെ ജലവിതരണ പദ്ധതികളുടെയെല്ലാം പൈപ്പ് ലൈനുകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുള്ളതിനാല്‍ പുതിയ പൈപ്പ് ലൈനിടാനാണ് മൂവായിരം കോടിയുമെന്ന് ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണഗതിയില്‍ പ്രോജക്ട് റിപ്പോര്‍ട്ടുകളുടെ പ്രയോഗക്ഷമത വിലയിരുത്തി സഹായം അനുവദിക്കുകയാണ് ജിക്ക ചെയ്യാറുള്ളത്. പഴയ പൈപ്പുലൈനുകള്‍ മാറ്റാനുള്ള പദ്ധതിരേഖയായതിനാല്‍ അത് എളുപ്പത്തില്‍ അംഗീകരിച്ചുകിട്ടുമെന്ന തന്ത്രപരമായ കണക്കുകൂട്ടലോടെയാണ് മൂവായിരം കോടിയുടെ പൈപ്പുകുംഭകോണത്തിന് പദ്ധതി മെനഞ്ഞിരിക്കുന്നതെന്ന് ജല അതോറിറ്റിയിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്‍പൈപ്പുലൈനുകളും ഹൈഡന്‍സിറ്റി പോളി എത്തിലിന്‍ (എച്ച് ഡി പി ഇ) പൈപ്പുകളുമുള്ള ലൈനുകള്‍ ഇപ്പോഴും ഭദ്രമാണ്. അതേസമയം തലസ്ഥാനത്ത് അരുവിക്കരയില്‍ നിന്നുള്ള പുതിയ പൈപ്പുലൈനുകള്‍ ജല അതോറിറ്റി ആസ്ഥാനമായ പേരുര്‍ക്കട വയലിക്കട ജലഭവനുമുന്നിലും വഴയിലയിലും പൊട്ടിത്തകര്‍ന്ന് പ്രളയമുണ്ടാവുന്നത് തുടര്‍ക്കഥയാണെന്നും ജല അതോറിറ്റിയിലെ വിദഗ്ധര്‍ ചീണ്ടിക്കാട്ടുന്നു. അതോറിറ്റി നവീകരണത്തിനുവേണ്ടി കരാറുകാര്‍ വഴി വാങ്ങിക്കൂട്ടാന്‍ പോകുന്ന ഗാല്‍വനൈസ്ഡ് അയണ്‍ (ജി ഐ) പൈപ്പുകളടക്കം അടുത്തകാലത്ത് വാങ്ങിയ പൈപ്പുകളുടെ ബലക്ഷമതയെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജിക്കയുടെ ധനസഹായം ഉപയോഗിച്ച് അത്തരം പൈപ്പുകള്‍ വാങ്ങാന്‍ പദ്ധതിമെനഞ്ഞിരിക്കുന്നതെന്നും ആരോപണമുണ്ട്.
എം പി ഗംഗാധരന്‍ മന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ ജലമലിന ജലഅതോറിറ്റിയില്‍ നടന്ന പൈപ്പുകുംഭകോണം വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. അന്നത്തെ ഭരണ മുന്നണിയിലെ യുവതുര്‍ക്കികളായിരുന്ന ഇപ്പോഴത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയനും ഇന്നത്തെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പിന്നീട് മന്ത്രിയായ പന്തളം സുധാകരനും ചേര്‍ന്ന് സംയുക്ത പ്രസ്താവനയിലൂടെ എ പി ഗംഗാധരന്‍ നടത്തിയ പൈപ്പ് കുംഭകോണത്തെ അപലപിച്ചത് കോണ്‍ഗ്രസിലും പൊട്ടിത്തെറിക്കിടയാക്കി.
ഇപ്പോഴത്തെ ജപ്പാന്‍ കുടിവെള്ള പദ്ധതികള്‍ കരാറുകാര്‍ മുഖേനയാണ് നടപ്പാക്കുന്നത്. എന്നാല്‍ അവര്‍ പൈപ്പ് വാങ്ങുന്നത് അതോറിറ്റിയിലെ ചില ഉന്നതരുടേയും ജലവിഭവ വകുപ്പുഭരിക്കുന്ന മന്ത്രി പി ജെ ജോസഫിന്റെ പാര്‍ട്ടിയിലെ വിശ്വസ്തരുടെയും മേല്‍നോട്ടത്തിലാണെന്ന കാര്യം ജലഅതോറിറ്റിയിലെ 'ഇടനാഴിപ്പാട്ടാ'ണ്. 25 മുതല്‍ 40 ശതമാനം വരെ കമ്മിഷന്‍ വിവിധ ഇനം പൈപ്പുകള്‍ക്ക് ലഭിക്കും. ഇതില്‍ കരാറുകാര്‍ക്ക് തുച്ഛമായ ഒരു വിഹിതം ലഭിക്കും. കരാര്‍ നല്‍കുമ്പോഴുള്ള അലിഖിത ധാരണാപത്രവും ഇതാണത്രെ. ശേഷിക്കുന്ന കോടികളുടെ ഭൂരിഭാഗം കമ്മിഷനാണ് പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാനുള്ള പദ്ധതിക്കുപിന്നിലെ പ്രലോഭനമെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.
ഭൂമിക്കിടയിലുള്ള പൈപ്പുലൈനുകളുടെ പ്രയോഗക്ഷമത ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ചശേഷം മാത്രമേ പൈപ്പുലൈന്‍ നവീകരണത്തിനു തുക അനുവദിക്കാവു എന്ന സന്ദേശം അതോറിറ്റിയിലെ ചില ഉന്നതര്‍ തന്നെ ജിക്കയ്ക്ക് അയച്ചു എന്ന സൂചനയുമുണ്ട്. നവീകരണ പദ്ധതിക്കൊപ്പം ഇപ്പോഴുള്ള പദ്ധതിയിലെ കൊല്ലത്ത് 500 കോടി രൂപ ചെലവില്‍ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിനെക്കുറിച്ചുള്ള പദ്ധതി നിര്‍ദേശവും പരിശോധനാവിധേയമാക്കണമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ടത്രെ.
സാങ്കേതിക വിദഗ്ധരുടെ ജപ്പാനിലേക്കുള്ള സംഘത്തില്‍ ജലവിഭവമന്ത്രി പി ജെ ജോസഫ് നുഴഞ്ഞുകയറിയത് പൈപ്പ് ഇടപാട് അടക്കം സംശയാസ്പദമായ ഈ പദ്ധതിരേഖ ജിക്കയെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കാന്‍ വേണ്ടിയാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.
(കെ രംഗനാഥ്)
janayugom 310812
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
നിരവധി കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടി വാങ്ങിക്കൂട്ടിയ ശതകോടീകള്‍ വിലവരുന്ന പൈപ്പുകള്‍ സംസ്ഥാനത്തെമ്പാടും വര്‍ഷങ്ങളായി കാടുമൂടിക്കിടക്കുന്നതിനിടയില്‍ മൂവായിരം കോടിയുടെ പൈപ്പ് കുംഭകോണത്തിന് ജല അതോറിറ്റിയില്‍ അരങ്ങൊരുങ്ങി.
ReplyDelete