Wednesday, August 29, 2012

ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി മന്ത്രിസഭാസമിതിയുടെ പരിഗണനയ്ക്ക്


ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിക്കാതെ മന്ത്രിസഭാസമിതിയുടെ പരിഗണനയ്ക്ക് വിട്ടു. വിവിധ മന്ത്രാലയങ്ങളില്‍നിന്ന് ബില്ലിനെതിരെ ഉയര്‍ന്ന എതിര്‍പ്പ് പരിഗണിച്ചാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണമെന്ന ധാരണയില്‍ എത്തിയത്. കോര്‍പറേറ്റ് മേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്ന വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലുണ്ടെന്നും അവ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ചില മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ ശബ്ദമുയര്‍ത്തിയത്. വ്യവസായ സംരംഭങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് കൂടുതല്‍ എളുപ്പമാക്കാനും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് നിയമഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, വിവിധ മേഖലകള്‍ക്ക് നിയമഭേദഗതി ദോഷംചെയ്യുമെന്നാണ് മന്ത്രിമാര്‍ യോഗത്തില്‍ പറഞ്ഞത്. ഭൂമി ഏറ്റെടുക്കലില്‍ സുതാര്യത, ന്യായമായ പ്രതിഫലത്തിനുള്ള അവകാശം, പുനരധിവാസം എന്നിവയ്ക്കായുള്ളതാണ് നിയമഭേദഗതി.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മേയില്‍ സമര്‍പ്പിച്ചിരുന്നു. വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നാണ് സംരംഭകരുടെ പരാതിയെന്നും ഇത് പരിഹരിക്കണമെന്നും ഘന-വ്യവസായ മന്ത്രാലയവും ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയവും ആവശ്യപ്പെടുന്നു. ഗ്രാമങ്ങളില്‍ ഇന്നുള്ളതിന്റെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുംവരെ വില ഉയരുമെന്നാണ് വ്യവസായികളുടെ ആശങ്ക. മാത്രമല്ല, ഗ്രാമങ്ങളില്‍ 100 ഏക്കറിലധികം ഭൂമി ഏറ്റെടുക്കുന്നവരും നഗരങ്ങളില്‍ 50 ഏക്കറിലധികം ഏറ്റെടുക്കുന്നവരും കുടിയിറക്കപ്പെടുന്ന ജനങ്ങളെ സ്വന്തം ചെലവില്‍ പുനരധിവസിപ്പിക്കണം. കൂടാതെ ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക്, ജോലി, സ്റ്റൈപെന്‍ഡ് എന്നിവയും നല്‍കണം. ഇതൊക്കെ ചേര്‍ന്നാല്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ചെലവ് ഇന്നുള്ളതിന്റെ മൂന്നര ഇരട്ടിവരെയായി ഉയരുമെന്നും അതിനാല്‍ നിയമഭേദഗതി ഇന്നുള്ള അവസ്ഥയില്‍ പാസാക്കരുതെന്നുമാണ് കോര്‍പറേറ്റുകള്‍ക്കുവേണ്ടി വിവിധ മന്ത്രാലയങ്ങള്‍ ആവശ്യപ്പെടുന്നത്. പോസ്കോ, ആര്‍സലര്‍ മിത്തല്‍, ടാറ്റ എന്നിവയുടെ ഉരുക്കുശാലകള്‍, ദേശീയ ഹൈവേയുടെ 80 നിര്‍മാണ പദ്ധതികള്‍ എന്നിവയ്ക്ക് ഭഭൂമി ഏറ്റെടുക്കുന്നതിന് നിയമഭേദഗതി പാസാകണം. കുത്തക കമ്പനികള്‍ക്ക് നേരിയ നഷ്ടംപോലും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന കേന്ദ്രമന്ത്രിമാര്‍ പക്ഷേ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ല.
(വി ജയിന്‍)

പ്രധാന ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കരുത്: എംപിമാര്‍

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട്റ പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതിനാല്‍ ജനങ്ങളെ ബാധിക്കുന്ന പ്രധാനബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കരുതെന്ന് സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ അടക്കമുള്ള എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിനോട് അഭ്യര്‍ഥിച്ചു. സിപിഐ എം ചീഫ്വിപ്പ് രാംചന്ദ്രഡോം, സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത, എഐഎഡിഎംകെ നേതാവ് തമ്പിദുരൈ എന്നിവരടങ്ങുന്ന എംപിമാരാണ് സ്പീക്കറെ സന്ദര്‍ശിച്ചത്. സഭ സുഗമമായി നടത്താന്‍ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തണമെന്ന് പി കരുണാകരന്‍ ആവശ്യപ്പെട്ടു.

ഖനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് അടിയന്തരമായി റദ്ദാക്കി അന്വേഷണം നടത്തണം. ഇടപാടിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണം. പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തില്‍ ബാങ്കിങ് നിയമം ഭേദഗതിക്ക് ഉള്‍പ്പെടെയുള്ളവ ഈ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല ബില്ലുകളിലും ഇടതുപക്ഷം ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പി കരുണാകരന്‍ ചൂണ്ടിക്കാട്ടി.

ആണവ ബാധ്യതാബില്‍ ഭേദഗതി ചെയ്യണമെന്ന് ലോക്സഭാ സമിതി

ന്യൂഡല്‍ഹി: ആണവബാധ്യതാ നിയമത്തില്‍ വെള്ളം ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് ലോക്സഭയുടെ സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി നിര്‍ദേശിച്ചു. അമേരിക്കയിലുള്ളവ അടക്കം വിദേശ ആണവ കമ്പനികളെ സഹായിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന 24(1), 24(2) എന്നീ വകുപ്പുകള്‍ നിയമനിര്‍മാണ സത്തയ്ക്ക് അനുയോജ്യമല്ലാത്തതുകൊണ്ടാണ് ഭേദഗതി നിര്‍ദേശിച്ചതെന്ന് പാര്‍ലമെന്ററി സമിതി ചെയര്‍മാനും സിപിഐ എം ഉപനേതാവുമായ പി കരുണാകരന്‍ പറഞ്ഞു. നിയമത്തിന്റെ വകുപ്പുകള്‍ക്ക് അനുസരിച്ചായിരിക്കണം ചട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ അഴിമതിക്കഥകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നതിനാല്‍ വെട്ടിലായ യുപിഎ സര്‍ക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ് സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയുടെ നിര്‍ദേശം. ആണവനിലയത്തില്‍ അപകടമുണ്ടായാല്‍ റിയാക്ടര്‍ കമ്പനി നല്‍കേണ്ട നഷ്ടപരിഹാരം കുറയ്ക്കുമെന്നാണ് ആണവബാധ്യതാനിയമത്തിലെ 24(1) വകുപ്പ്. ആണവദുരന്തമുണ്ടായാല്‍ ആണവനിലയ നടത്തിപ്പുകാര്‍ നല്‍കേണ്ട നഷ്ടപരിഹാരം 1500 കോടി രൂപ മാത്രമാണ്. എന്നാല്‍, റിയാക്ടറും മറ്റും നല്‍കുന്ന വിദേശ കമ്പനികളില്‍ നിന്നും ഈടാക്കുന്ന നഷ്ടപരിഹാരവും പരമാവധി 1500 കോടി രൂപയാണെന്ന് നിജപ്പെടുത്തുകയാണ് ഈ വകുപ്പ്. പരമാവധി സുരക്ഷ നല്‍കുകയെന്ന നിയമത്തിന്റെ ലക്ഷ്യത്തിന് എതിരാണ് ഈ വകുപ്പെന്നാണ് പാര്‍ലമെന്റി സമിതിയുടെ വിലയിരുത്തല്‍. അപകടമുണ്ടായി മൂന്ന് വര്‍ഷത്തിനകം നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണമെന്നതാണ് 24(2) വകുപ്പ് പറയുന്നത്. ആണവദുരന്തത്തിന്റെ ഫലം കണ്ട് തുടങ്ങാന്‍ വര്‍ഷങ്ങളെടുക്കുമെന്നിരിക്കെ ഈ നിബന്ധനയും നിയമത്തിന്റെ സത്തക്ക് യോജിച്ചതല്ലെന്ന് പാര്‍ലമെന്റി സമിതി പറഞ്ഞു. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിനെ "ഗ്രീന്‍ പീസ്" സംഘടന സ്വാഗതം ചെയ്തു. സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, സുരക്ഷയില്‍ വെള്ളം ചേര്‍ക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന ശുപാര്‍ശ സ്വാഗതാര്‍ഹമാണ്.

deshabhimani 290812

No comments:

Post a Comment