Friday, August 31, 2012
സാമ്രാജ്യത്വചേരിക്ക് താക്കീത്
അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വചേരിക്ക് ശക്തമായ താക്കീതോടെ പതിനാറാമത് ചേരിചേരാ ഉച്ചകോടിക്ക് തെഹ്റാനില്‍ തുടക്കമായി. രണ്ടുദിവസം വീതം നീണ്ട ഉദ്യോഗസ്ഥ, വിദേശമന്ത്രിതല സമ്മേളനങ്ങള്‍ക്കുശേഷം വ്യാഴാഴ്ച രാവിലെയാണ് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം ആരംഭിച്ചത്. ആതിഥേയരാജ്യമായ ഇറാന്റെ ദേശീയഗാനാലാപനത്തോടെയായിരുന്നു ഉച്ചകോടിയുടെ തുടക്കം. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനില്‍നിന്നുള്ള വചനങ്ങള്‍ വായിച്ചു. ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി സമ്മേളനം ഉദ്ഘാടനംചെയ്തു.
ആണവപദ്ധതിയുടെ പേരില്‍ അമേരിക്കയും കൂട്ടാളികളും ഉപരോധത്താല്‍ ആക്രമിക്കുന്ന ഇറാന് ചേരിചേരാ ഉച്ചകോടി നയതന്ത്രവിജയമാണ്. ഉച്ചകോടിയുടെ തയ്യാറെടുപ്പുഘട്ടം മുതല്‍ അമേരിക്കയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനമാണ് ഇറാന്‍ ഉന്നയിക്കുന്നത്. ഉച്ചകോടിയില്‍ വ്യാഴാഴ്ച സംസാരിച്ച ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹ്മദിനെജാദ് അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഇറാഖിലും ആസൂത്രിതമാര്‍ഗത്തിലൂടെ ജനങ്ങളെ വന്‍തോതില്‍ കൊന്നൊടുക്കുകയാണ് അമേരിക്കയെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് യുഎന്‍ രക്ഷാസമിതിയും ഉത്തരവാദിയാണ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ അധീശത്വവും അടിച്ചമര്‍ത്തലും വ്യാപിപ്പിക്കാനാണ് രക്ഷാസമിതിയുടെ നിലപാടുകള്‍ വഴിയൊരുക്കുന്നത്. അഫ്ഗാനിലും ഇറാഖിലുമെല്ലാം പ്രതിക്കൂട്ടില്‍നില്‍ക്കുന്നത് അമേരിക്കയായതുകൊണ്ടാണ് യുഎന്‍ ഇത്തരം നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. രക്ഷാസമിതിയിലെ സ്ഥിരാംഗമായ അമേരിക്ക വീറ്റോ അധികാരത്തിന്റെ മറവില്‍ അന്യായമായ മുന്‍തൂക്കം നേടുകയാണ്.
പുതിയ ലോകസാഹചര്യത്തില്‍ ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്മ ലക്ഷ്യങ്ങളും പ്രവര്‍ത്തനവും പുനഃക്രമീകരിക്കണമെന്നും അഹ്മദിനെജാദ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്രസമൂഹത്തെ നയിക്കുന്നതില്‍ ചേരിചേരാപ്രസ്ഥാനത്തിന് പങ്കുവഹിക്കാന്‍ കഴിയുന്ന തരത്തിലാകണം ഇതെന്നും അദ്ദേഹം വിശദീകരിച്ചു. നീതിയിലധിഷ്ഠിതമായ സമാധാനവും സ്വാതന്ത്ര്യവും മാനുഷിക അംഗീകാരവും എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാകുന്ന തരത്തിലുള്ള സംയുക്ത ആഗോള ഭരണനിര്‍വഹണമാകണമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാണ് ചേരിചേരാപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കള്‍ പരിശ്രമിച്ചതെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ഉച്ചകോടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തി. തെഹ്റാനിലെ ഉച്ചകോടി അസാധാരണവും അനുയോജ്യമല്ലാത്തതുമാണെന്ന് അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് വിക്ടോറിയ ന്യുലന്‍ഡ് കുറ്റപ്പെടുത്തി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ അമേരിക്ക എതിര്‍പ്പ് അറിയിച്ചിരുന്നു. അതേസമയം, ഉച്ചകോടിക്ക് സമ്പൂര്‍ണ പിന്തുണ റഷ്യ പ്രഖ്യാപിച്ചു. നാം രാജ്യങ്ങളുമായി കൂടുതല്‍ മെച്ചപ്പെട്ട സഹകരണത്തിനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉച്ചകോടിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. നാമില്‍ അതിഥിയായ റഷ്യ സ്ഥാനപതിയെ ഉച്ചകോടിക്ക് അയച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍, പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ഭൂട്ടാന്‍ പ്രധാനമന്ത്രി ജിഗ്മി തിന്‍ലി, കംബോഡിയ പ്രധാനമന്ത്രി ഹുന്‍ സെന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. പുതിയ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഉച്ചകോടിയുടെ അതിഥികളുടെ അതിഥികളുടെ പട്ടികയിലുണ്ട്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഒരു ഈജിപ്ത് പ്രസിഡന്റ് ഇറാനിലെത്തുന്നത് ഇതാദ്യമാണ്.
സിറിയയില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് ഇന്ത്യ
തെഹ്റാന്‍: സിറിയയില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സിറിയന്‍ ജനതയുടെ അഭിലാഷം അനുസരിച്ചുള്ള പരിവര്‍ത്തനമാണ് വേണ്ടതെന്നും പുറത്തുനിന്നുള്ള കൈകടത്തല്‍ പാടില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചേരിചേരാ ഉച്ചകോടിയില്‍ പ്രസംഗിക്കവേ അഭിപ്രായപ്പെട്ടു. സിറിയയിലെ പ്രശ്നം പരിഹരിക്കാന്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിചേരാ പ്രസ്ഥാനം നിലപാട് സ്വീകരിക്കണമെന്നും മന്‍മോഹന്‍ നിര്‍ദേശിച്ചു. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും വലിയ മാറ്റങ്ങള്‍ നടക്കുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എല്ലായിടത്തും ജനാഭിലാഷത്തെയാണ് പിന്തുണയ്ക്കുന്നത്. സിറിയയിലെ സ്ഥിതിഗതി അത്യന്തം മോശമാകുന്നത് ആശങ്കാജനകമാണ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും പ്രതിബദ്ധത കാട്ടണമെന്നും മന്‍മോഹന്‍ അഭ്യര്‍ഥിച്ചു.
മന്‍മോഹന്‍ ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി
തെഹ്റാന്‍: ചേരിചേരാ ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി, പ്രസിഡന്റ് മെഹ്മൂദ് അഹ്മദിനെജാദ് എന്നിവരുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്റെ ആണവപദ്ധതിയും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും സ്ഥിതിഗതിയും മുഖ്യവിഷയങ്ങളായി. ഇരുരാജ്യവും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനും വ്യാപാരം ശക്തമാക്കാനുമുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി. മന്‍മോഹന്‍സിങ്ങും അഹ്മദിനെജാദുമായുള്ള കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടു.
ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താനുള്ള തീരുമാനം ചര്‍ച്ചയിലുണ്ടായി. ഗോതമ്പ് അടക്കമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറാനിലേക്ക് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ നടപടിയെടുക്കണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആണവപ്രശ്നത്തില്‍ ഇറാന്‍ ആറുരാഷ്ട്രങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്ന് മന്‍മോഹന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചര്‍ച്ചയ്ക്കുശേഷം മന്‍മോഹനുവേണ്ടി ഇറാന്‍ പ്രസിഡന്റ് വിരുന്നും സംഘടിപ്പിച്ചു. ഉച്ചകോടിക്കിടെ ഇറാന്‍ പ്രത്യേക വിരുന്നുനല്‍കുന്ന ഏക നേതാവാണ് മന്‍മോഹന്‍സിങ്. മറ്റ് ലോകനേതാക്കള്‍ക്ക് എല്ലാവര്‍ക്കുമായി വെള്ളിയാഴ്ച ഇറാന്‍ അത്താഴവിരുന്നുനല്‍കും. പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി മുസ്ലിം ഇതര രാഷ്ട്രനേതാവുമായി ചര്‍ച്ച നടത്തിയതും അപൂര്‍വമാണ്. 40 മിനിറ്റിന്റെ കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ലോകസാഹചര്യങ്ങളും ഉഭയകക്ഷിബന്ധവും ചര്‍ച്ചചെയ്തു. ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചതായി ഖമനേയി പറഞ്ഞു.
മന്‍മോഹനും സര്‍ദാരിയും കൂടിക്കാഴ്ച നടത്തി
തെഹ്റാന്‍: ചേരിചേരാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. ഈവര്‍ഷം ഇരുനേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ ഏപ്രിലില്‍ അജ്മീരിലെ സൂഫി ആരാധനാലായത്തിലെത്തിയ സര്‍ദാരി ഡല്‍ഹിയില്‍ മന്‍മോഹന്‍സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു. ഭീകരത തന്നെയാണ് ഇന്ത്യ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം മന്‍മോഹന്‍ ആവര്‍ത്തിച്ചു. കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചതിന് തൊട്ടടുത്ത ദിവസമാണ് കൂടിക്കാഴ്ച.
deshabhimani 310812
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ആണവപദ്ധതിയുടെ പേരില്‍ അമേരിക്കയും കൂട്ടാളികളും ഉപരോധത്താല്‍ ആക്രമിക്കുന്ന ഇറാന് ചേരിചേരാ ഉച്ചകോടി നയതന്ത്രവിജയമാണ്. ഉച്ചകോടിയുടെ തയ്യാറെടുപ്പുഘട്ടം മുതല്‍ അമേരിക്കയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനമാണ് ഇറാന്‍ ഉന്നയിക്കുന്നത്. ഉച്ചകോടിയില്‍ വ്യാഴാഴ്ച സംസാരിച്ച ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹ്മദിനെജാദ് അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഇറാഖിലും ആസൂത്രിതമാര്‍ഗത്തിലൂടെ ജനങ്ങളെ വന്‍തോതില്‍ കൊന്നൊടുക്കുകയാണ് അമേരിക്കയെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് യുഎന്‍ രക്ഷാസമിതിയും ഉത്തരവാദിയാണ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ അധീശത്വവും അടിച്ചമര്‍ത്തലും വ്യാപിപ്പിക്കാനാണ് രക്ഷാസമിതിയുടെ നിലപാടുകള്‍ വഴിയൊരുക്കുന്നത്. അഫ്ഗാനിലും ഇറാഖിലുമെല്ലാം പ്രതിക്കൂട്ടില്‍നില്‍ക്കുന്നത് അമേരിക്കയായതുകൊണ്ടാണ് യുഎന്‍ ഇത്തരം നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. രക്ഷാസമിതിയിലെ സ്ഥിരാംഗമായ അമേരിക്ക വീറ്റോ അധികാരത്തിന്റെ മറവില്‍ അന്യായമായ മുന്‍തൂക്കം നേടുകയാണ്.
ReplyDelete