Friday, August 31, 2012

വ്യാവസായികമാന്ദ്യം രൂക്ഷം


കോടികള്‍ മുടക്കി എമര്‍ജിങ് കേരള എന്ന പേരില്‍ പുത്തന്‍ വ്യവസായ സംരംഭകമേളയ്ക്ക് ഒരുങ്ങുമ്പോഴും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം വ്യവസായമേഖല പ്രതിസന്ധിയിലേക്ക്. പൊതുമേഖലയോടുള്ള വ്യവസായവകുപ്പിന്റെ താല്‍പ്പര്യക്കുറവും സ്ഥാപിത താല്‍പ്പര്യങ്ങളുംമൂലം ഭൂരിപക്ഷം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. വൈദ്യുതി നിരക്കുകൂടിവര്‍ധിപ്പിച്ചതോടെ ഇവയുടെ നിലനില്‍പ്പുതന്നെ അപകടത്തിലായി. ഒപ്പം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ഇതോടെ സംസ്ഥാനംതന്നെ വ്യാവസായിക മാന്ദ്യത്തിലായി. ഇതിന് പരിഹാരം കാണാതെ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കും ഭൂമാഫിയക്കും വ്യവസായമേഖല വിറ്റഴിക്കാനുള്ള സംരംഭമാണ് എമര്‍ജിങ് കേരള.

യുഡിഎഫ് സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷംകൊണ്ട് 44 സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തില്‍ 24ഉം നഷ്ടത്തിലായി. ഇനിയും ഓഡിറ്റിങ് പൂര്‍ത്തിയാകാത്ത ഇവയുടെ നഷ്ടത്തിന്റെ ഏകദേശ കണക്ക് 100 കോടിയിലേറെയാണ്. എല്‍ഡിഎഫ് അധികാരം വിടുമ്പോള്‍ 32 സ്ഥാപനം ലാഭത്തിലായിരുന്ന സ്ഥാനത്താണ് ഇത്. എല്‍ഡിഎഫിന് ഭരണത്തിന്റെ ഒരുഘട്ടത്തില്‍ 37 സ്ഥാപനംവരെ ലാഭത്തിലാക്കാന്‍ കഴിഞ്ഞു. അക്കാലത്ത് നഷ്ടത്തിലായിരുന്ന മുഴുവന്‍ സ്ഥാപനങ്ങളുംകൂടി ഉണ്ടാക്കിയ ബാധ്യത കേവലം ഒമ്പതുകോടി മാത്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബാധ്യത അന്നത്തേക്കാള്‍ 11 ഇരട്ടിയായി. കേരള ഓട്ടോമൊബൈല്‍സ്, സ്റ്റീല്‍കോംപ്ലക്സ്, ഓട്ടോകാസ്റ്റ്, ട്രാക്കോകേബിള്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, കേരളാ സെറാമിക്സ്, ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കെല്‍ട്രോണ്‍ കോംപൊണന്റ്, ട്രാവന്‍കൂര്‍ സിമന്റ്സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്, ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍, തൃശൂര്‍ സ്പിന്നിങ് മില്‍, കണ്ണൂര്‍ സ്പിന്നിങ് മില്‍, ഹാന്‍ടെക്സ്, കൊല്ലം സ്പിന്നിങ് മില്‍, ആലപ്പുഴ സ്പിന്നിങ് മില്‍, സീതാറാം ടെക്സ്റ്റൈല്‍സ്, ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍, ബാംബൂ കോര്‍പറേഷന്‍, കേരള ഇലക്ട്രിക്കല്‍ അലൈഡ് എന്‍ജിനിയറിങ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നഷ്ടക്കണക്ക് പറയുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള സെറാമിക്സ്, തൃശൂര്‍ സ്പിന്നിങ് മില്‍, കേരള ഓട്ടോമൊബൈല്‍സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, കൊല്ലം സ്പിന്നിങ് മില്‍, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍ എന്നിവ മാത്രമാണ് 2010-11ല്‍ നിസ്സാര നഷ്ടമുണ്ടാക്കിയത്. എന്നാല്‍, ഇക്കുറി നഷ്ടത്തിന്റെ പട്ടികയിലേക്ക് ഭൂരിപക്ഷം സ്ഥാപനവും എത്തി.

2006ല്‍ യുഡിഎഫ് ഭരണം തീരുമ്പോള്‍ 32 കമ്പനി നഷ്ടത്തിലായിരുന്നു. അന്ന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുംകൂടി ഉണ്ടാക്കിയ നഷ്ടം 125.87 കോടിയായിരുന്നു. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പടിപടിയായി ഇവയില്‍ ഭൂരിഭാഗവും ലാഭത്തിലാക്കി. 2010-11ല്‍ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ 296 കോടി രൂപ ലാഭമുണ്ടാക്കി. ഏഴു സ്ഥാപനത്തിന്റെ നഷ്ടമായ ഒമ്പതുകോടി രൂപ കുറച്ചതിനുശേഷമുള്ള കണക്കാണ് ഇത്. 2009-10 ല്‍ 239.75 കോടിയായിരുന്നു ലാഭം. വൈദ്യുതി നിരക്ക് വര്‍ധനയും വ്യവസായസ്ഥാപനങ്ങള്‍ക്ക് ദ്രോഹം ചെയ്തു. പ്രതിമാസം 10 ലക്ഷം യൂണിറ്റ് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിരക്കുപ്രകാരം 1.46 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാവുക.
(ഷഫീഖ് അമരാവതി)

deshabhimani 310812

1 comment:

  1. കോടികള്‍ മുടക്കി എമര്‍ജിങ് കേരള എന്ന പേരില്‍ പുത്തന്‍ വ്യവസായ സംരംഭകമേളയ്ക്ക് ഒരുങ്ങുമ്പോഴും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം വ്യവസായമേഖല പ്രതിസന്ധിയിലേക്ക്. പൊതുമേഖലയോടുള്ള വ്യവസായവകുപ്പിന്റെ താല്‍പ്പര്യക്കുറവും സ്ഥാപിത താല്‍പ്പര്യങ്ങളുംമൂലം ഭൂരിപക്ഷം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. വൈദ്യുതി നിരക്കുകൂടിവര്‍ധിപ്പിച്ചതോടെ ഇവയുടെ നിലനില്‍പ്പുതന്നെ അപകടത്തിലായി. ഒപ്പം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ഇതോടെ സംസ്ഥാനംതന്നെ വ്യാവസായിക മാന്ദ്യത്തിലായി. ഇതിന് പരിഹാരം കാണാതെ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കും ഭൂമാഫിയക്കും വ്യവസായമേഖല വിറ്റഴിക്കാനുള്ള സംരംഭമാണ് എമര്‍ജിങ് കേരള.

    ReplyDelete