Sunday, August 26, 2012

എന്‍ഡോസള്‍ഫാന്‍: 5 വര്‍ഷം കഴിഞ്ഞാല്‍ ഇരകള്‍ക്ക് സഹായമില്ല


കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ സഹായമൊന്നും ലഭിക്കില്ല. ജീവിതകാലം മുഴുവന്‍ കിടപ്പിലായ ഗുരുതര രോഗികള്‍ക്ക് പോലും സാധാരണനിലയില്‍ വികലാംഗര്‍ക്ക് നല്‍കുന്ന വികലാംഗ പെന്‍ഷന്‍ മാത്രമാകും ലഭിക്കുക. അഞ്ചുവര്‍ഷത്തിനുശേഷം ഇവര്‍ക്ക് ഒരുവിധ സഹായവും തുടരില്ലെന്നുകാട്ടി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ഉത്തരവിറക്കിയത്. ദേശീയ മനുഷ്യാവകാശ കമീഷന് നല്‍കിയ റിപ്പോര്‍ട്ടിലെ യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ച്, സഹായം ലഭിക്കേണ്ടവരുടെ പട്ടിക വെട്ടിച്ചുരുക്കാനുള്ള ഗുഢനീക്കം നടത്തുന്നതിനിടയിലാണ് ഭാവിയില്‍ എല്ലാവിധ ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വിവിധ സഹായങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൂര്‍ണമായും വൈകല്യം ബാധിച്ചവര്‍ക്കും കിടപ്പിലായവര്‍ക്കും രണ്ടായിരം രൂപയും ഭാഗികമായി വൈകല്യം ബാധിച്ചവര്‍ക്ക് ആയിരം രൂപയും പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. പിന്നീട്, ദേശീയ മനുഷ്യാവകാശ കമീഷന്‍ പൂര്‍ണമായി കിടപ്പിലായവര്‍ക്കും മരിച്ച ഇരകളുടെ ആശ്രിതര്‍ക്കും അഞ്ച് ലക്ഷം രൂപയും ഭാഗികമായി വൈകല്യം സംഭവിച്ചവര്‍ക്ക് മൂന്നുലക്ഷം രൂപയും സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം സഹായത്തിന് അര്‍ഹരായ 4182 പേരൂടെ പട്ടികയും തയ്യാറാക്കി. സാമ്പത്തികസഹായം നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ച മനുഷ്യാവകാശ കമീഷന്‍, നിലവില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടരാനും കാലാനുസൃതമായി വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു. ഈ നിര്‍ദേശങ്ങളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണ്.

ആദ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒന്നരലക്ഷം രൂപ വീതം രണ്ടു ഗഡുക്കളായി വിതരണം ചെയ്യുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ബാക്കി രണ്ടുലക്ഷം നിക്ഷേപമായി കണക്കാക്കി പ്രതിമാസം 2000 രൂപ ദുരിതബാധിതര്‍ക്ക് നല്‍കും. അഞ്ചുവര്‍ഷത്തിനുശേഷം ബാക്കി രണ്ട് ലക്ഷം രൂപ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്നുലക്ഷം രൂപയില്‍ രണ്ടുഘട്ടമായി രണ്ടുലക്ഷം നല്‍കും. ബാക്കി ഒരുലക്ഷം അഞ്ചുവര്‍ഷത്തിനുശേഷം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കണം. ഈ പണം ഒരു അക്കൗണ്ടിലും നിക്ഷേപിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അഞ്ചുവര്‍ഷത്തിനുശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒരുവിധ ആശ്വാസവും ലഭിക്കില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. ശയ്യാവലംബരായ 2453 പേര്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും ഭാഗികമായി വൈകല്യമുള്ള 1729 പേര്‍ക്ക് മൂന്നുലക്ഷം രൂപ വീതവും അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമീഷനെ അറിയിച്ചിരുന്നു. ഇതിനായി 27.04 കോടി രൂപ കാസര്‍കോട് ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും മനുഷ്യാവകാശ കമീഷനെ സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍, 4182 പേരുള്ള ലിസ്റ്റില്‍ നിന്ന് ബഹുഭൂരിപക്ഷം രോഗികളെയും ഒഴിവാക്കി 103 പേര്‍ക്കു മാത്രമായി സഹായം ചുരുക്കാനാണ് സര്‍ക്കാര്‍ ശ്രമം.

deshabhimani 270812

1 comment:

  1. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ സഹായമൊന്നും ലഭിക്കില്ല. ജീവിതകാലം മുഴുവന്‍ കിടപ്പിലായ ഗുരുതര രോഗികള്‍ക്ക് പോലും സാധാരണനിലയില്‍ വികലാംഗര്‍ക്ക് നല്‍കുന്ന വികലാംഗ പെന്‍ഷന്‍ മാത്രമാകും ലഭിക്കുക. അഞ്ചുവര്‍ഷത്തിനുശേഷം ഇവര്‍ക്ക് ഒരുവിധ സഹായവും തുടരില്ലെന്നുകാട്ടി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ഉത്തരവിറക്കിയത്. ദേശീയ മനുഷ്യാവകാശ കമീഷന് നല്‍കിയ റിപ്പോര്‍ട്ടിലെ യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ച്, സഹായം ലഭിക്കേണ്ടവരുടെ പട്ടിക വെട്ടിച്ചുരുക്കാനുള്ള ഗുഢനീക്കം നടത്തുന്നതിനിടയിലാണ് ഭാവിയില്‍ എല്ലാവിധ ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നത്.

    ReplyDelete