Saturday, August 25, 2012

മരുന്നുപരീക്ഷണം: നിയന്ത്രണം വേണം-ടി എന്‍ സീമ


നുഷ്യരിലെ മരുന്നുപരീക്ഷണകാര്യത്തില്‍ കൃത്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കണമെന്ന് ടി എന്‍ സീമ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് മനുഷ്യരിലെ മരുന്നുപരീക്ഷണം വലിയതോതില്‍ വര്‍ധിച്ചതായാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍മാത്രം ലക്ഷത്തോളം മരുന്നുപരീക്ഷണം നടന്നു. ബഹുരാഷ്ട്ര കുത്തകകള്‍ നടത്തുന്ന മരുന്നുപരീക്ഷണം വര്‍ധിക്കുന്നതിനൊപ്പം ഇതേത്തുടര്‍ന്നുള്ള മരണങ്ങളും വര്‍ധിക്കുകയാണ്. ആഴ്ചയില്‍ പത്തുപേരെന്ന തോതിലാണ് മരണം. അതായത്, പ്രതിദിനം ഒന്നിലേറെ മരണം.

മരുന്നുപരീക്ഷണരംഗത്ത് അധാര്‍മികത വര്‍ധിക്കുന്നതിന് മുഖ്യമായ കാരണം അപര്യാപ്തമായ ചട്ടങ്ങളും സര്‍ക്കാരിന്റെ മോശപ്പെട്ട നിയന്ത്രണ സംവിധാനങ്ങളുമാണ്. മരുന്നുപരീക്ഷണത്തിന് ഇരകളാകുന്നവര്‍ക്ക് ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ നല്‍കുന്ന നഷ്ടപരിഹാരത്തില്‍ വലിയ വിവേചനം നിലനില്‍ക്കുന്നു. ഇന്ത്യയില്‍ പരീക്ഷിക്കപ്പെടുന്ന പുതിയ മരുന്നുകള്‍ ഇവിടെ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുമെന്ന് സ്പോണ്‍സര്‍മാര്‍ ഉറപ്പുനല്‍കുന്നില്ല. ഇന്ത്യയില്‍ കൂടുതലായി കണ്ടുവരുന്ന അസുഖങ്ങള്‍ക്കുള്ള പുതിയ മരുന്നുകളൊന്നും രാജ്യത്ത് പരീക്ഷിക്കപ്പെടുന്നില്ല. എത്തിക്സ് കമ്മിറ്റികളെ നിയന്ത്രിക്കുന്നതിനും ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ചട്ടങ്ങളിലെ നാലാമത്തെ ഭേദഗതി, അതായത് 122-ഡിഡി വകുപ്പും ഷെഡ്യൂള്‍ വൈ-1 ഉം അടിയന്തരമായി നടപ്പാക്കണം. തെരഞ്ഞെടുക്കപ്പെട്ട റിസര്‍ച്ച് ആശുപത്രികളില്‍ ചികിത്സാരംഗത്ത് നല്ല അനുഭവസമ്പത്തുള്ള പരിശോധകര്‍ മാത്രമേ പരീക്ഷണങ്ങള്‍ നടത്താവൂ. സ്ത്രീകള്‍, കുട്ടികള്‍, ദരിദ്രര്‍, നിരക്ഷരര്‍ എന്നിങ്ങനെ കൂടുതലായി ചൂഷണം ചെയ്യപ്പെടാന്‍ ഇടയുള്ള വിഭാഗങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയും ഇവര്‍ സ്വയമേവ പരീക്ഷണത്തിന് അനുമതി നല്‍കുന്നതെന്ന് ഉറപ്പാക്കുകയും വേണം- സീമ പറഞ്ഞു.

മരുന്നുപരീക്ഷണം: പഠനത്തിന് ഐഎംഎ സമിതി

കൊച്ചി: മനുഷ്യരാശിക്ക് പ്രയോജനകരമായ രീതിയില്‍ നടത്തുന്ന മരുന്നുപരീക്ഷണങ്ങള്‍ വൈദ്യശാസ്ത്രമേഖലയ്ക്ക് അനിവാര്യമാണെന്നും അവയെ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരുന്നുപരീക്ഷണത്തെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിന് ഐഎംഎ സംസ്ഥാന ഘടകം ഡോ. ടി എന്‍ ബാബു രവീന്ദ്രന്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു. സെപ്തംബര്‍ 30നു മുമ്പായി സംസ്ഥാന പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഐഎംഎ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പുതിയ മരുന്ന് ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ലഭിക്കണമെങ്കില്‍ അത് ഇവിടെയുള്ള രോഗികളിലും പരീക്ഷിച്ചിരിക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ നിബന്ധനയുണ്ട്. സൗജന്യ മെഡിക്കല്‍ക്യാമ്പുകളിലെ രോഗികളെയോ രോഗിയുടെ സമ്മതപത്രം ഇല്ലാതെയോ ആരെയും പഠനത്തില്‍ ഉള്‍പ്പെടുത്തില്ല. പരീക്ഷണവുമായി സഹകരിക്കുന്ന എല്ലാ രോഗികളുടെയും സമഗ്രമായ ആരോഗ്യ പരിശോധന സൗജന്യമായി നടത്തും. ഇവര്‍ക്ക് പൂര്‍ണമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പരീക്ഷണത്തില്‍ ഡോക്ടര്‍മാര്‍ക്ക് സാമ്പത്തികനേട്ടമില്ല. എല്ലാ പരീക്ഷണങ്ങളും ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് നടത്തുന്നത്. സ്ഥാപനത്തിലെ എത്തിക്സ് കമ്മിറ്റിയുടെ അനുമതിയും തേടണം. ഏതെങ്കിലും ഡോക്ടര്‍മാരോ ആശുപത്രിയോ അനധികൃതമായ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഇവരെ ഐഎംഎ പിന്തുണയ്ക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഐഎംഎ എറണാകുളം ബ്രാഞ്ച് പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, ഡോ. വി പി ഗംഗാധരന്‍, ഡോ. ഹാരിഷ്കുമാര്‍, ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി, ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. എബ്രഹാം കോശി തുടങ്ങിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 250812

No comments:

Post a Comment