Wednesday, August 29, 2012

സ്കൂള്‍ കുട്ടികള്‍ക്ക് ഓണ അരി മുടങ്ങി


സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് നല്‍കുന്ന അരി 12 വര്‍ഷത്തിനിടെ ആദ്യമായി മുടങ്ങി. ധനമന്ത്രാലയത്തിന്റെ ഉടക്കും കുട്ടികള്‍ക്കുള്ള അരി ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റിനായി വകമാറ്റിയതുമാണ് വിദ്യാര്‍ഥികളുടെ വയറ്റത്തടിച്ചത്. ഇത് സംബന്ധിച്ച് "ദേശാഭിമാനി" നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അരി നല്‍കാന്‍ ഉത്തരവിറക്കിയെങ്കിലും ഓണ അവധി ആരംഭിച്ചിരുന്നു. ഇനി അവധി കഴിഞ്ഞേ വിതരണം ചെയ്യാനാകൂ. എന്നാല്‍ ബിപിഎല്‍ കിറ്റിലേക്ക് തീരുമാനിച്ച അരി കിട്ടിയാല്‍ മാത്രമേ കുട്ടികള്‍ക്കുള്ള അരി നല്‍കാനാകൂ.

ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള കിറ്റിനായി ഭക്ഷ്യ വകുപ്പ് മുഖേനയാണ് സിവില്‍സപ്ലൈസിന് അരി കൈമാറിയത്. എന്നാല്‍ അരി വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ വൈകി. ഇതോടെ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി വകമാറ്റി ബിപിഎല്‍ കിറ്റിലേക്ക് നല്‍കി. 20 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് കിലോ അരി വീതം 4000 ടണ്‍ അരിയാണ് ബിപിഎല്ലുകാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതേ സമയത്ത് കുട്ടികള്‍ക്ക് ഓണഅരി നല്‍കണമെന്ന കാര്യം സര്‍ക്കാര്‍ മറന്നു. സംസ്ഥാനത്തെ എട്ടാംക്ലാസ് വരെയുള്ള 26ലക്ഷം കുട്ടികള്‍ക്കാണ് അഞ്ചു കിലോ അരി വീതം നല്‍കേണ്ടത്. ഇതിന് 13,000 ടണ്‍ അരിവേണം. ഇതിനിടെ ബിപിഎല്‍ കിറ്റില്‍ അരി കിട്ടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സ്കൂളില്‍ നിന്നുള്ള സൗജന്യ അരി കിട്ടുന്നതെന്ന് കാട്ടി ധനവകുപ്പ് തടസമുണ്ടാക്കി.

1998-99 ല്‍ നായനാര്‍ സര്‍ക്കാരാണ് ഓണത്തിനും ക്രിസ്മസിനും റംസാനും സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്ക് അഞ്ചുകിലോ അരി വീതം സമ്മാനമായി നല്‍കുന്ന പദ്ധതി തുടങ്ങിയത്. 12 വര്‍ഷമായി മുടക്കമില്ലാതെ നടന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയതോടെ പദ്ധതി അവതാളത്തിലായി. കഴിഞ്ഞ തവണ റംസാനും ക്രിസ്മസിനും അരി നല്‍കിയില്ല. പിന്നാലെ ഓണത്തിനും അരി വിതരണം ചെയ്യാതിരുന്നപ്പോള്‍ വിദ്യാര്‍ഥി സംഘടനകളടക്കം പ്രക്ഷോഭം ഉയര്‍ത്തി. ഇതേ തുടര്‍ന്നാണ് അരി നല്‍കാന്‍ ഉത്തരവിട്ടത്. ഇത് സൗജന്യ അരിയല്ലെന്നും 10 അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചെലവാകുമായിരുന്ന അരി ഒരുമിച്ച് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും പദ്ധതി തുടങ്ങിയ ഘട്ടത്തില്‍ അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ആ അവകാശമാണ് യുഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ചത്. ഉച്ചഭക്ഷണ പദ്ധതിയും സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിന് അരിയും പയറും അത് പാചകം ചെയ്യാനുള്ള ചെലവും അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് അരി മാത്രമാണ് നല്‍കുന്നത്. പയറും പച്ചക്കറിയും വാങ്ങുന്നതിനും അവ പാചകം ചെയ്യുന്നതിനുമായി പുറമെ നാലുരൂപയും നല്‍കും. ബാക്കി ചെലവാകുന്ന തുക സ്കൂളുകള്‍ പിടിഎ വഴിയും പുറമെ നിന്നും പിരിച്ചെടുക്കുകയാണ്.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത രണ്ടു ലക്ഷത്തോളം കുട്ടികള്‍ക്ക് ഓണം സ്പെഷ്യല്‍ അരി കിട്ടിയില്ല

തൃശൂര്‍: സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന ഓണം സ്പെഷ്യല്‍ അരിവിതരണം നടന്നില്ല. ജില്ലയില്‍ രണ്ടുലക്ഷത്തോളം കുട്ടികള്‍ക്ക് അരികിട്ടിയില്ല. സ്പെഷ്യല്‍ അരി വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസവകുപ്പിന് ലഭിച്ചത് വിദ്യാലയങ്ങള്‍ അടച്ചശേഷമാണ്. അതേസമയം സപ്ലൈകോയ്ക്ക് അരി വിതരണം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതുമില്ല. ഇത് ഓണത്തിന് സ്പെഷ്യല്‍ അരി പ്രതീക്ഷിച്ചിരുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി. പാചകവാതകത്തൊഴിലാളികള്‍ക്കുള്ള ഫെസ്റ്റിവല്‍ അലവന്‍സ് കൊടുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ഇതും വിദ്യാലയങ്ങള്‍ അടച്ചതുമൂലം കിട്ടിയില്ല. ഉച്ചക്കഞ്ഞി കഴിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണത്തിനും റമദാനും അഞ്ചുകിലോവീതം അരി എല്‍ഡിഎഫ് ഭരണത്തില്‍ സൗജന്യമായി നല്‍കിയിരുന്നു. ഇത്തവണ അഞ്ചുകിലോ ആക്കി ചുരുക്കി. ഇതു വിതരണം ചെയ്യണമെന്ന ഉത്തരവ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് കഴിഞ്ഞ 25നും. ഓണാവധിക്ക് വിദ്യാലയങ്ങള്‍ അടച്ചതോടെ അരി നല്‍കാനായില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. വിദ്യാലയങ്ങള്‍ക്ക് ഓണം സ്പെഷ്യല്‍ അരി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സപ്ലൈകോ റീജണല്‍ ഓഫീസും പറയുന്നു. ഉത്തരവ് ലഭിക്കാതെ സ്പെഷ്യല്‍അരി നല്‍കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എഫ്സിഐ ഗോഡൗണുകളില്‍നിന്നാണ് അരി നല്‍കേണ്ടത്. ഇതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം എഫ്സിഐക്കും നല്‍കിയിട്ടില്ല.

ജില്ലയില്‍ 954 സ്കൂളിലായി രണ്ടു ലക്ഷത്തോളം കുട്ടികള്‍ക്കാണ് ഓണം സ്പെഷ്യല്‍ അരി ലഭിക്കേണ്ടത്. സര്‍ക്കാര്‍ കബളിപ്പിക്കല്‍മൂലം ഓണം കഴിഞ്ഞാലും കുട്ടികള്‍ക്ക് അരി ലഭിക്കില്ലെന്ന് വ്യക്തം. അരിയില്ലാത്തതുമൂലം വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണവിതരണവും താറുമാറായി. ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുമ്പോഴും ഉച്ചഭക്ഷണം വിതരണം ചെയ്യാനാവില്ലെന്നാണ് സ്ഥിതി. എഫ്സിഐ ഗോഡൗണുകളില്‍നിന്നാണ് ഉച്ചഭക്ഷണത്തിനുള്ള അരിയും സപ്ലൈകോ മുഖേന സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. എഫ്സിഐ ഗോഡൗണുകളില്‍ പുഴു അരിച്ച് അരി നശിക്കുമ്പോഴാണ് നിര്‍ധനരായ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്ക് അരി നല്‍കാതെ വലയ്ക്കുന്നത്. 1987ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്് സ്കൂളില്‍ ഉപ്പുമാവിനുപകരം ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഉച്ചക്കഞ്ഞി കുടിക്കുന്ന ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചു കിലോ അരിയും സൗജന്യമായി നല്‍കി. പിന്നീടിത് റമദാനും ക്രിസ്മസിനും വ്യാപിപ്പിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷമാണ് സ്കൂളുകളിലേക്കുള്ള അരി വിതരണം താറുമാറായത്. കഴിഞ്ഞവര്‍ഷവും സര്‍ക്കാര്‍ ഉത്തരവ് വൈകിയതുമൂലം ഓണം സ്പെഷ്യല്‍ അരി സപ്ലൈകോ, എഫ്സിഐ ഗോഡൗണുകളില്‍ കെട്ടികിടക്കുകയായിരുന്നു.

കയര്‍തൊഴിലാളികള്‍ക്കും ഓണത്തിനുമുമ്പ് പെന്‍ഷനില്ല

ആലപ്പുഴ: ജില്ലയിലെ ബഹുഭൂരിപക്ഷം കയര്‍തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഓണത്തിനുമുമ്പ് പെന്‍ഷന്‍ നിഷേധിച്ചു. കയര്‍ക്ഷേമനിധി ബോര്‍ഡിന്റെ അനാസ്ഥയാണ് കയര്‍തൊഴിലാളികളുടെ ഓണം കണ്ണീരിലാക്കിയത്. രണ്ടുരീതിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ക്ഷേമബോര്‍ഡ് തീരുമാനിച്ചത്. പുതുതായി പെന്‍ഷന്‍ അനുവദിച്ചവര്‍ക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനും നേരത്തെ പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്ക് തപാല്‍മുഖേനയുമാണ് പെന്‍ഷന്‍ നല്‍കുക. എന്നാല്‍ തപാല്‍വഴി പെന്‍ഷന്‍ നല്‍കിയാല്‍ പണം ഓണത്തിനുമുമ്പ് ലഭിക്കില്ലെന്ന് ഈ രംഗത്തെ തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി. പെന്‍ഷന്‍ രണ്ടാംതീയതിക്കുശേഷം മാത്രമേ ലഭിക്കൂ. വിലക്കയറ്റംമൂലം നട്ടംതിരിയുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്ന പെന്‍ഷനാണ് ഇക്കുറി നിഷേധിക്കപ്പെട്ടത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കയര്‍തൊഴിലാളികള്‍ക്ക് പെന്‍ഷനുകള്‍ സമയത്ത് കിട്ടിയിരുന്നില്ല. ഉത്സവകാലങ്ങളില്‍ ഒരാഴ്ചമുമ്പെങ്കിലും പെന്‍ഷന്‍ ലഭിക്കുന്നതിനു ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ആലപ്പി കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി ആര്‍ ശിവരാജന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് ഭരണത്തില്‍ ജനം പൊറുതിമുട്ടി: വി എസ്

എസ്എല്‍ പുരം (ആലപ്പുഴ): ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണംകൊണ്ട് ജനം പൊറുതിമുട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കണ്ണര്‍കാട് ജ്വാല വായനശാല ആന്‍ഡ് ഗ്രന്ഥശാല കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റത്താല്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസനടപടിയൊന്നുമില്ല. പെന്‍ഷന്‍ വിതരണമെല്ലാം അവതാളത്തിലായി. ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് അഞ്ചുകിലോ അരി നല്‍കാനായില്ല. അഴിമതിയില്‍ പ്രധാനമന്ത്രിതന്നെ മുഖ്യപങ്കുവഹിച്ചെന്ന ആക്ഷേപം ഉയര്‍ന്നുവന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പെരുത്ത അഴിമതിയില്‍ അഞ്ചുദിവസമായി പാര്‍ലമെന്റ് ഇളകിമറിയുകയാണ്. പ്രധാനമന്ത്രി കാട്ടുകള്ളനാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഭരണമാണിത്. ഇതേ സ്ഥിതിയിലാണ് കേരളത്തിലെ ഭരണവും. നിയമനം, സ്ഥലംമാറ്റം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കോഴ നല്‍കണമെന്ന അവസ്ഥയാണ്. അത്യന്തം ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലൂടെയാണ് ജനങ്ങള്‍ ഇത്തവണ തിരുവോണത്തെ കാണുന്നതെന്നും വി എസ് പറഞ്ഞു.

തൊഴില്‍രഹിതവേതനം വിതരണം ചെയ്തില്ല; പഞ്ചായത്തോഫീസ് ഉപരോധിച്ചു, അധികൃതരെ തടഞ്ഞുവച്ചു

പത്തനംതിട്ട: തൊഴില്‍രഹിതവേതനം വൈകി; ഏനാത്ത്, കൊടുമണ്‍ പഞ്ചായത്തുകളില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സമരം. ഓണത്തിന് മുമ്പ് തൊഴില്‍രഹിതവേതനം വിതരണം ചെയ്യുന്നതില്‍ അനാസ്ഥ കാട്ടിയ കൊടുമണ്‍ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം നടത്തിയത്. ഏനാത്ത് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

കൊടുമണ്‍ പഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച വിതരണം ചെയ്യുമെന്ന് അറിയിപ്പുണ്ടായിരുന്നതിനാല്‍ അറുന്നൂറോളം തൊഴില്‍രഹിതര്‍ എത്തിയിരുന്നു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എ എന്‍ സലീം ഉദ്ഘാടനം ചെയ്തു. ബിജി സി ജോര്‍ജ് അധ്യക്ഷനായി. ആശാ ബാബു, ജി സുജിത്ത്, വി ഡി ബിജു, ദിലീപ് പ്രസാദ് എന്നിവര്‍ സംസാരിച്ചു. തൊഴില്‍രഹിത വേതനത്തിന്റെ അലോട്ട്മെന്റ് 23ന് ട്രഷറിയില്‍ എത്തിയിട്ടും വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടി യുഡിഎഫ് നേതൃത്വത്തിലുള്ള ഏനാത്ത് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചില്ല. ഇതു കാരണം ഓണത്തിന് മുമ്പ് വേതനം നല്‍കാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റിനെയും സെക്രട്ടറിയേയും തടഞ്ഞുവച്ചത്.

ഏനാത്ത് എസ്ഐ എസ് ജയകുമാറിന്റെ സാന്നിധ്യത്തില്‍ പ്രസിഡന്റ് എല്‍ ഉഷാകുമാരി, സെക്രട്ടറി, ഡിവൈഎഫ്ഐ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉത്രാടംനാളില്‍ വേതനം വിതരണം നടത്താമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ഡിവൈഎഫ്ഐ നേതാക്കളായ എസ് ശ്രീനി, സി സുനീഷ്, എസ് കൃഷ്ണ, സിസിലി എന്നിവര്‍ സംസാരിച്ചു.

പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ല: എല്‍ഡിഎഫ്

കൊല്ലം: ദുര്‍ബലവിഭാഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും ഓണത്തിനുമുമ്പ് വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജില്ലയില്‍ നടപ്പായില്ലെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി പ്രസ്താവനയി പറഞ്ഞു.

എണ്ണായിരത്തിലധികം കയര്‍ത്തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും ബോണസും മറ്റാനുകൂല്യങ്ങളും ഇനിയും വിതരണം ചെയ്തിട്ടില്ല. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ കയര്‍ത്തൊഴിലാളികള്‍ക്ക് നേരിട്ട് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍ കൊല്ലം ജില്ലയില്‍ തപാല്‍ മണിഓര്‍ഡര്‍ മുഖാന്തിരം അയച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികഭാഷ്യം. കയര്‍ത്തൊഴിലാളികള്‍ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഫണ്ട് അനുവദിക്കാതിരുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണ്. സമീപജില്ലകളില്‍ വിതരണംചെയ്ത പെന്‍ഷന്‍ കൊല്ലം ജില്ലയിലെ തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ ഒരുനടപടിയും സ്വീകരിക്കാന്‍ ജില്ലയിലെ മന്ത്രിമാര്‍ ശ്രമിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവയും ജില്ലയില്‍ ഭൂരിപക്ഷം പേര്‍ക്കും ലഭിച്ചിട്ടില്ല. ഇതും തപാല്‍ മുഖേന അയച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

പാവപ്പെട്ട പതിനായിരക്കണക്കിന് പരമ്പരാഗത വ്യവസായതൊഴിലാളികളുടെ ഓണപെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് ആദ്യ അനുഭവമാണ്. ഗവണ്‍മെന്റിന്റെ കുറ്റകരമായ അനാസ്ഥമൂലം ജില്ലയിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് അരക്ഷിത ഉത്സവമായി ഇപ്രാവശ്യത്തെ ഓണം മാറി. ഏത് ഭരണകാലത്തും ഓണത്തിനുമുമ്പായി ലഭിക്കുന്ന ഈ ആനുകൂല്യങ്ങള്‍ നിഷേധിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അടച്ചിട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് ഗവണ്‍മെന്റ് നല്‍കിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളും ഇപ്പോള്‍ ഇല്ലാതാക്കി. പുനലൂര്‍ പേപ്പര്‍മില്ലിലെ 800 തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ച ആനുകൂല്യം പിന്നീട് ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ ആര്‍ രാമചന്ദ്രന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

deshabhimani 290812

1 comment:

  1. സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് നല്‍കുന്ന അരി 12 വര്‍ഷത്തിനിടെ ആദ്യമായി മുടങ്ങി. ധനമന്ത്രാലയത്തിന്റെ ഉടക്കും കുട്ടികള്‍ക്കുള്ള അരി ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റിനായി വകമാറ്റിയതുമാണ് വിദ്യാര്‍ഥികളുടെ വയറ്റത്തടിച്ചത്. ഇത് സംബന്ധിച്ച് "ദേശാഭിമാനി" നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അരി നല്‍കാന്‍ ഉത്തരവിറക്കിയെങ്കിലും ഓണ അവധി ആരംഭിച്ചിരുന്നു. ഇനി അവധി കഴിഞ്ഞേ വിതരണം ചെയ്യാനാകൂ. എന്നാല്‍ ബിപിഎല്‍ കിറ്റിലേക്ക് തീരുമാനിച്ച അരി കിട്ടിയാല്‍ മാത്രമേ കുട്ടികള്‍ക്കുള്ള അരി നല്‍കാനാകൂ.

    ReplyDelete