Tuesday, August 28, 2012

കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം


റദ്ദാക്കിയ ടുജി സ്പെക്ട്രം ലൈസന്‍സ് 2013 ജനുവരി 11ന് അകം ലേലംചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. സമയപരിധിക്കുള്ളില്‍ ലേലം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെലവുള്‍പ്പെടെ കോടതിയലക്ഷ്യനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയ കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു. സ്പെക്ട്രം ലേലത്തിനുള്ള അവസാന തീയതി നീട്ടിനല്‍കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജി എസ് സാങ്വി, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആഗസ്ത് 31നകം ലേലം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള ഉത്തരവ്. സെപ്തംബര്‍ ഏഴിന് അവസാനിക്കേണ്ടിയിരുന്ന നിലവിലുള്ള ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സുകള്‍ ജനുവരി 18 വരെ നീട്ടി. ടുജി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മറ്റു കോടതികള്‍ പരിഗണിക്കില്ലെന്നും ബെഞ്ച് അറിയിച്ചു.

സ്പെക്ട്രം ലൈസന്‍സ് പുനര്‍ലേലംചെയ്യാതെ നീട്ടിക്കൊണ്ടു പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. എ രാജ ടെലികോംമന്ത്രിയായിരിക്കെയാണ് ലൈസന്‍സുകള്‍ ലേലം കൂടാതെ വിതരണംചെയ്ത് സ്വകാര്യകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേട്ടമുണ്ടാക്കിക്കൊടുത്തത്. ഈ ഇടപാടില്‍ ഖജനാവിന് 1.75 ലക്ഷം കോടിയുടെ നഷ്ടം വന്നുവെന്ന് സിഎജി കണ്ടെത്തിയിരുന്നു. ലേലത്തിനുള്ള സമയപരിധി വ്യക്തമാക്കാതെയാണ് ടെലികോം സെക്രട്ടറി ആര്‍ ചന്ദ്രശേഖര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. ഈ നടപടിയിലും ബെഞ്ച് കടുത്ത അസംതൃപതി രേഖപ്പെടുത്തി. സമയപരിധി നിശ്ചയിക്കാതെ ലേലം ഒരിക്കലും നടക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലേലപ്രക്രിയ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ല. ലേലത്തിനുള്ള അവസാന തീയതി നിശ്ചയിക്കാതെ സമയപരിധി നീട്ടി നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. അങ്ങനെ ചെയ്താല്‍ നിലവില്‍ ലൈസന്‍സുള്ള ഓപ്പറേറ്റര്‍മാര്‍ ലേലം അട്ടിമറിക്കാനും വീണ്ടും നീട്ടിക്കൊണ്ടുപോകാനും ശ്രമം നടത്തും. ലേലം കൂടാതെ നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഫെബ്രുവരി രണ്ടിലെ വിധിയോട് സര്‍ക്കാര്‍ വിശ്വസ്തത പുലര്‍ത്തിയില്ല. ഇനിയൊരിക്കല്‍ക്കൂടി സമയപരിധി നീട്ടിത്തരില്ല. സര്‍ക്കാര്‍ ലേലത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് അടുത്ത ജനുവരി 13ന് കോടതി പരിശോധിക്കും. എന്നിട്ട് ഭാവി നടപടിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

നവംബര്‍ 12ന് തുടങ്ങുന്ന ലേലനടപടികള്‍ 60 ദിവസത്തിനകം തീര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ലേലം തുടങ്ങുന്നതില്‍ ടെലികോംമന്ത്രാലയം വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്ക് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ബെഞ്ച് അറിയിച്ചു. ജനുവരി 11ന് അകം ലേലം നടത്തിയില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യനടപടി ആരംഭിക്കും. ലേലം പൂര്‍ത്തിയാക്കാത്തതിന് ചെലവും&ാറമവെ; ഈടാക്കും. ടുജി സ്പെക്ട്രത്തിന് അര്‍ഹത നേടുന്നത് ആരാണെന്ന് ജനുവരി 13ന് വ്യക്തമാകും. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് റദ്ദാക്കിയ ലൈസന്‍സുകളെ സംബന്ധിച്ച ഭാവിനടപടി അതിനുശേഷം തീരുമാനിക്കും- ബെഞ്ച് വിശദമാക്കി.

deshabhimani 280812

1 comment:

  1. റദ്ദാക്കിയ ടുജി സ്പെക്ട്രം ലൈസന്‍സ് 2013 ജനുവരി 11ന് അകം ലേലംചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. സമയപരിധിക്കുള്ളില്‍ ലേലം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെലവുള്‍പ്പെടെ കോടതിയലക്ഷ്യനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയ കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു. സ്പെക്ട്രം ലേലത്തിനുള്ള അവസാന തീയതി നീട്ടിനല്‍കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജി എസ് സാങ്വി, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആഗസ്ത് 31നകം ലേലം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള ഉത്തരവ്. സെപ്തംബര്‍ ഏഴിന് അവസാനിക്കേണ്ടിയിരുന്ന നിലവിലുള്ള ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സുകള്‍ ജനുവരി 18 വരെ നീട്ടി. ടുജി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മറ്റു കോടതികള്‍ പരിഗണിക്കില്ലെന്നും ബെഞ്ച് അറിയിച്ചു.

    ReplyDelete