Monday, August 27, 2012

ലീഗുകാര്‍ വെട്ടിക്കൊന്ന രാജുവിന് നാടിന്റെ അന്ത്യാഞ്ജലി

മുസ്ലിംലീഗുകാര്‍ വെട്ടി കൊലപ്പെടുത്തിയ മേനംകുളം പുത്തന്‍തോപ്പിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വി രാജുവിന് നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഭിവാദ്യമേകിയത്.

വഴിയാത്രക്കാരായ സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്തതിന്റെ വിരോധവും അനധികൃത മണലൂറ്റിനെ എതിര്‍ത്തതിന്റെ പകയും തീര്‍ക്കാനാണ് മണല്‍മാഫിയക്ക് നേതൃത്വം നല്‍കുന്ന ലീഗ് ക്രിമിനലുകള്‍ രാജുവിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് പുത്തന്‍തോപ്പ് പാലത്തിനുസമീപത്തായിരുന്നു സംഭവം. എട്ടംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജുവിന്റെ ചേതനയറ്റ ശരീരം പാര്‍വതി പുത്തനാറിന്റെ തീരത്തെ ചെറ്റക്കുടിലിനുമുന്നില്‍ കിടത്തിയപ്പോള്‍ കരയാത്തവരായി ആരുമുണ്ടായിരുന്നില്ല. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളും പ്രിയതമയും അച്ഛനമ്മമാരും സഹോദരങ്ങളും അന്ത്യചുംബനമര്‍പ്പിച്ചപ്പോള്‍ നാടാകെ കണ്ണീരണിഞ്ഞു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സിപിഐ എം ഏരിയ സെക്രട്ടറി ആറ്റിപ്ര ജി സദാനന്ദന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി ബിജു, സെക്രട്ടറി എസ് പി ദീപക് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുത്തന്‍തോപ്പ് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു.


വെട്ടിവീഴ്ത്തിയത് ഇവരുടെ ജീവിതം

രാജുവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്ന പുത്തന്‍തോപ്പുകാര്‍ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. അഞ്ചും നാലും രണ്ടും വയസ്സായ മൂന്ന് പെണ്‍മക്കള്‍. ഭര്‍ത്താവിന്റെ അകാല വേര്‍പാടോടെ നിരാലംബയായിതീര്‍ന്ന അന്‍സി പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ എങ്ങനെ പോറ്റും? മുസ്ലിം സമുദായത്തില്‍പ്പെട്ട അന്‍സിയുടെ പ്രണയസാഫല്യമായായിരുന്നു രാജുവുമായുള്ള വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച് ജീവിതമാരംഭിച്ചപ്പോള്‍ പുത്തന്‍തോപ്പില്‍ പാര്‍വതിപുത്തനാറിന്റെ തീരത്തെ കനാല്‍ ഭൂമിയില്‍ ഓലകൊണ്ട് മറച്ച ഷെഡിലാണ് താമസിച്ചുവന്നത്. അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള എട്ടംഗകുടുംബത്തെ പട്ടിണി കൂടാതെ പരിപാലിക്കാന്‍ രാജുവിന്റെ കെട്ടിട നിര്‍മാണത്തൊഴിലില്‍നിന്ന് ലഭിക്കുന്ന വരുമാനം മാത്രമായിരുന്നു ആശ്രയം. വീടിനെക്കുറിച്ചായിരുന്നു രാജുവിന്റെ സ്വപ്നം മുഴുവന്‍. മൂന്നുമക്കള്‍ക്കും ഓടിനടക്കാനായി അഞ്ചുസെന്റ് സ്ഥലവും ഒരു വീടും. അതിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ എപ്പോഴും രാജു സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമായിരുന്നു.
(എസ് വിധീഷ്)


deshabhimani 270812

2 comments:

  1. മുസ്ലിംലീഗുകാര്‍ വെട്ടി കൊലപ്പെടുത്തിയ മേനംകുളം പുത്തന്‍തോപ്പിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വി രാജുവിന് നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഭിവാദ്യമേകിയത്.

    ReplyDelete
  2. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വി രാജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ലീഗ് പ്രവര്‍ത്തകന്‍ മേനംകുളം പുത്തന്‍തോപ്പ് കനാല്‍ പുറമ്പോക്കില്‍ ആറ്റരികത്ത് വീട്ടില്‍ ഫസലിനെ (45) റിമാന്‍ഡ് ചെയ്തു. എന്നാല്‍, പുത്തന്‍തോപ്പില്‍ ലീഗ് ക്രിമിനലുകള്‍ക്ക് താവളമൊരുക്കിയ ലീഗ് നേതാവിനെ പൊലീസ് ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുപോലുമില്ല. സംഭവം കഴിഞ്ഞ് പ്രതിയാണെന്നുപറഞ്ഞ് ഫസലിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുചെന്നാക്കിയശേഷം മുങ്ങിയ ഈ നേതാവ് ഇതുവരെ നാട്ടില്‍ പൊങ്ങിയിട്ടില്ല. എന്നാല്‍, ഇയാള്‍ സ്റ്റേഷനില്‍ പ്രതിയെയും കൊണ്ടുവന്ന കാര്‍ കസ്റ്റഡിയിലാണ്. ആറ്റുവക്കില്‍ അനധികൃതമായി കെട്ടിടം നിര്‍മിച്ച് മദ്യവും സല്‍ക്കാരവും നടത്തി പൊലീസ് ഒത്താശയോടെ ക്രിമിനലുകളെ സംരക്ഷിച്ച നേതാവിനെതിരെ അധോലോക താവളം ഒരുക്കിയതിനുപോലും ഇതുവരെ കേസ് ചുമത്താത്തതില്‍ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് പൊളിച്ചുകൊണ്ടുപോയ ഷെഡിന്റെ സാമഗ്രികള്‍ മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ താവളത്തില്‍ വച്ചാണ് ലീഗ് നേതാവും സംഘവും കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതക കേസില്‍ രണ്ടാംപ്രതിയാക്കിയ പുത്തന്‍തോപ്പിലെ നവാസ് (38) കൗണ്ടര്‍ കേസിന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പൊലീസ് നിരീക്ഷണത്തിലാണ് പ്രതിയെന്ന് കഴക്കൂട്ടം സിഐ ബിനുകുമാര്‍ അറിയിച്ചു.

    ReplyDelete