Saturday, August 25, 2012

അഗ്നിശമനസേനയില്‍ 75 പേരെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റി


ബാഹ്യ ഇടപെടലിനെത്തുടര്‍ന്ന് അഗ്നിശമന സേനയില്‍ 75 പേരെ മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റി. സ്റ്റേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍, ലീഡിങ് ഫയര്‍മാന്മാര്‍ എന്നിവരെയാണ് തലങ്ങും വിലങ്ങും മാറ്റിയത്. ഇപ്പോള്‍ പ്രൊമോഷന്‍ ലഭിച്ച 37 പേര്‍ക്ക് സ്ഥലം മാറ്റി അനുവദിച്ചതിന്റെ മറവില്‍ അപേക്ഷ നല്‍കിയിട്ടില്ലാത്ത 24 പേരെകൂടി മാറ്റുകയായിരുന്നു. ഭരണപക്ഷത്തിന് താല്‍പ്പര്യമുള്ളവരെ ഇഷ്ടപ്പെട്ട താവളങ്ങളില്‍ എത്തിക്കുന്ന രീതിയില്‍ ബാഹ്യ ഇടപെടല്‍ നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഗ്രൂപ്പ് തിരിച്ചുള്ള പട്ടികയായതിനാല്‍ സേനാ മേധാവി ആദ്യം ഒപ്പിടാന്‍ വിസമ്മതിച്ചു. സര്‍വീസില്‍നിന്ന് വിരമിച്ച എന്‍ജിഒ അസോസിയേഷന്റെ മുന്‍ നേതാവിന്റെ നേതൃത്വത്തില്‍ സേനയിലെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഈ നേതാവിന്റെ നേതൃത്വത്തില്‍ വകുപ്പു മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഒരു പട്ടികയെത്തി. തുടര്‍ന്ന് മറ്റൊരു ഗ്രൂപ്പുകാരും പട്ടിക നല്‍കി. സ്ഥലം മാറ്റത്തിന് അര്‍ഹതയുള്ളവരെല്ലാം ഒഴിവാക്കിയാണ് പട്ടിക നല്‍കിയത്.

സേനയിലെ ജീവനക്കാരുടെ സംഘടനയായ കേരള ഫയര്‍ഫോഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വം ഇപ്പോള്‍ യുഡിഎഫ് അനുകൂലികളുടെ കൈയിലാണ്. സംഘടനയുടെ നേതാക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അതേപടി നടപ്പാക്കണമെന്നാണ് മേലുദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവ്. 12 അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍മാരുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് 50,000 മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇടനിലക്കാര്‍ കൈക്കലാക്കിയത്.

പിഎസ്സി വഴി തെരഞ്ഞെടുത്ത ഫയര്‍മാന്മാരുടെ നിയമനത്തിലും ഇത്തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നാതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. ഫയര്‍മാന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും തെക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ്. ഇവരില്‍ ഉത്തരകേരളത്തില്‍ നിയമനം കിട്ടിയ പലര്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍ തെക്കന്‍ ജില്ലകളിലേക്ക് മാറ്റം നല്‍കുന്നു. അഞ്ച് വര്‍ഷത്തിലേറെയായ പലര്‍ക്കും അവസരം നിഷേധിച്ചാണ് നിയമനം ലഭിച്ച് അഞ്ചുദിവസത്തിനുള്ളില്‍ ചിലര്‍ക്ക് സ്ഥലമാറ്റം തരപ്പെടുന്നത്. അനാവശ്യ സ്ഥലമാറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ ആരും ഉറയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിയമനും സ്ഥലമാറ്റവും അടക്കമുള്ള കാര്യങ്ങളുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ അഞ്ചുതവണ മാറ്റമുണ്ടായി. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ചുമതലയിലുണ്ടായിരുന്ന ആളെ മത്സ്യഫെഡിലേക്ക് മാറ്റി. പകരം സെക്രട്ടറിയറ്റില്‍നിന്ന് ഒരു ഉദ്യോഗസ്ഥയെ നിയമിച്ചു. ഇവര്‍ക്ക് ഇരിപ്പിടം ഉറച്ചില്ല. പിന്നീട് സെക്രട്ടറിയറ്റില്‍നിന്നുവന്ന ഉദ്യോഗസ്ഥന്റെ മടക്കവും അതിവേഗത്തിലായിരുന്നു. ഇദ്ദേഹത്തിനുപകരം സെക്രട്ടറിയറ്റിന്റെ മുംബൈയിലെ അനക്സില്‍നിന്നുള്ള ഉദ്യോഗസ്ഥനെത്തിയെങ്കിലും അധികകാലമിരുന്നില്ല.

deshabhimani 250812

No comments:

Post a Comment