Tuesday, August 28, 2012

കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം: ഇടതുപക്ഷം, ടിഡിപി


സിഎജിയുടെ റിപ്പോര്‍ട്ടിനെ അതിരൂക്ഷമായി ആക്രമിച്ചുകൊണ്ട് കല്‍ക്കരി ഇടപാടിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഏറ്റെടുത്തു. കല്‍ക്കരി ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം വകുപ്പിന്റെ ചുമതല വഹിച്ച തനിക്കുതന്നെയാണെന്ന് പ്രധാനമന്ത്രി&ാറമവെ; സമ്മതിച്ചു. സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ തര്‍ക്കവിഷയമാണെന്ന്് ലോക്സഭയില്‍ സമര്‍പ്പിച്ച പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയമല്ല. 1993 മുതല്‍ വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രാതിനിധ്യമുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം കല്‍ക്കരി ബ്ലോക്കുകള്‍ നല്‍കുന്നുണ്ട്. അപേക്ഷകരുടെ ബാഹുല്യം കാരണം ഇക്കാര്യത്തില്‍ സുതാര്യതയും മാനദണ്ഡങ്ങളും ഉറപ്പുവരുത്താന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ 2003ല്‍ കൊണ്ടുവന്നു.

കല്‍ക്കരി ബ്ലോക്കുകള്‍ ലേലത്തിലൂടെ നല്‍കാന്‍ തീരുമാനമെടുത്തത് 2004 ജൂണില്‍ യുപിഎ സര്‍ക്കാരാണ്. അതിന്‍പ്രകാരം ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചു. അപേക്ഷകരുടെ മുന്‍പരിചയവും കഴിവുകളും പരിശോധിക്കുകയും സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശകള്‍ പരിഗണിക്കുകയും ചെയ്തു. 2006ല്‍ത്തന്നെ ലേലം ആരംഭിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് സിഎജി പറയുന്നത്. നിയമമന്ത്രാലയത്തിന്റെ ചില അഭിപ്രായങ്ങള്‍ മാത്രം പരിഗണിച്ചാണ് സിഎജി ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ലേലം ചെയ്ത് നല്‍കുന്നതിന് നിയമനിര്‍മാണം നടത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശപ്രകാരംതന്നെ കല്‍ക്കരി ബ്ലോക്കുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ഇത് കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കൂട്ടായ തീരുമാനമാണ്. എന്തായാലും ലേലത്തിലൂടെ കല്‍ക്കരി ബ്ലോക്കുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ ഇപ്പോഴുള്ള സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി ഉത്തരവാദി ആരാണെന്ന് നിശ്ചയിക്കണമെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
(വി ജയിന്‍)

കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം: ഇടതുപക്ഷം, ടിഡിപി

ന്യൂഡല്‍ഹി: സ്വകാര്യമേഖലയ്ക്ക് അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഇടതുപക്ഷ പാര്‍ടികളും ടിഡിപിയും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ലേലംചെയ്യണമെന്നും കാര്യക്ഷമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലുള്ള അഴിമതിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി ഉത്തരവാദി ആരാണെന്ന് നിശ്ചയിക്കണമെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രധാനമന്ത്രി സമര്‍പ്പിച്ച പ്രതികരണം സ്വയം പ്രതിരോധിക്കുന്നതും വളച്ചൊടിച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ലേലത്തിലൂടെ കല്‍ക്കരിപ്പാടങ്ങള്‍ വിതരണംചെയ്യുന്നതിന് 2004 ല്‍ തീരുമാനിച്ച സര്‍ക്കാര്‍ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് എട്ടു വര്‍ഷം എടുത്തത് എന്തിനാണ്. ലേലത്തിലൂടെ കല്‍ക്കരിപ്പാടങ്ങള്‍ വിതരണംചെയ്യുന്നതിനെ പശ്ചിമബംഗാളിലെ ഇടതുപക്ഷസര്‍ക്കാര്‍ എതിര്‍ത്തുവെന്ന പ്രധാനമന്ത്രിയുടെ വാദം ശരിയല്ല. കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് അനുവദിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഹനിക്കരുതെന്ന് മാത്രമാണ് ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞതെന്ന് പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ കത്ത് ഉദ്ധരിച്ച് യെച്ചൂരി പറഞ്ഞു. സംസ്ഥാന വൈദ്യുതിബോര്‍ഡിനും പൊതുമേഖലാ ഉല്‍പ്പാദകര്‍ക്കും ആവശ്യമായ കല്‍ക്കരി എത്തിച്ചശേഷം ബാക്കിയുള്ള കല്‍ക്കരിമാത്രം ലേലത്തിലൂടെ വില്‍ക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. മുഴുവന്‍ കല്‍ക്കരിപ്പാടങ്ങളും ലേലത്തിലുടെ വിതരണംചെയ്യണമെന്ന സിഎജിയുടെ വാദം അംഗീകരിക്കുന്നില്ല. പൊതു ആവശ്യം കഴിഞ്ഞുള്ള കല്‍ക്കരിമാത്രമേ ലേലത്തിലൂടെ വിതരണംചെയ്യാവൂ.

പാര്‍ലമെന്റ് സ്തംഭനം അനിശ്ചിതമായി നീണ്ടുപോകുന്നത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടത്താത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും നവഉദാര നയത്തിന്റെ വക്താക്കളാണ്. അതുകൊണ്ട് ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റ് പ്രതിസന്ധിയെക്കുറിച്ച് കോണ്‍ഗ്രസ്, ബിജെപിയുമായിമാത്രമാണ് ആശയവിനിമയം നടത്തുന്നതെന്നും മറ്റ് കക്ഷികളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത ആരോപിച്ചു. സിഎജിയെയും മറ്റും പ്രധാനമന്ത്രി തന്റെ പ്രസ്താവനയില്‍ വിമര്‍ശിച്ചത് അദ്ദേഹത്തിന് ഭരണഘടനയോട് ബഹുമാനമില്ലെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡി രാജ (സിപിഐ) നമ്മ നാഗേശ്വരറാവു, ദേവേന്ദ്ര ഗൗഡ് (ടിഡിപി), ബരുണ്‍ മുഖര്‍ജി (ഫോര്‍വേഡ്ബ്ലോക്ക്), എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 280812

1 comment:

  1. സ്വകാര്യമേഖലയ്ക്ക് അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഇടതുപക്ഷ പാര്‍ടികളും ടിഡിപിയും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ലേലംചെയ്യണമെന്നും കാര്യക്ഷമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലുള്ള അഴിമതിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി ഉത്തരവാദി ആരാണെന്ന് നിശ്ചയിക്കണമെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രധാനമന്ത്രി സമര്‍പ്പിച്ച പ്രതികരണം സ്വയം പ്രതിരോധിക്കുന്നതും വളച്ചൊടിച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete