Friday, August 31, 2012

ആദിവാസി ഊരുകളിലെ തുടര്‍പഠനം നിലച്ചു


ആദിവാസി ഊരുകളില്‍ തുടര്‍പഠനപ്രവര്‍ത്തനത്തിന്റെ ചുമതലയുണ്ടായിരുന്ന മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലെ ഫെസിലിറ്റേറ്റര്‍മാരെ പൂര്‍ണമായി ഒഴിവാക്കുന്നു. ഇടുക്കി ജില്ലയില്‍ മാസങ്ങള്‍ക്കുമുമ്പ് ഇവരുടെ സേവനം നിര്‍ത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന നൂറോളം പേരോട് ഇനി ജോലി ചെയ്യേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ വനത്തിലെ ആദിവാസി മേഖലകളിലെ തുടര്‍പഠന പ്രവര്‍ത്തനം നിലച്ചു.

പഠനപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ആദിവാസി ഊരുകളിലെ വിവരങ്ങള്‍ പുറംലോകത്ത് എത്തിക്കുന്നതിനും ചുമതലപ്പെടുത്തിയ ഫെസിലിറ്റേറ്റര്‍മാരെ പ്രത്യേക ഫണ്ടില്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത്. മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍, പണിയന്‍, ഇടുക്കി ജില്ലയിലെ മുതുവാന്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിനാണ് ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ചത്. ക്ലസ്റ്റര്‍ റിസോഴ്സ് പേഴ്സണ്‍ ആയി ജോലി ചെയ്യുന്നവര്‍ക്ക് പഞ്ചായത്തില്‍ എല്ലായിടത്തും എപ്പോഴുമെത്താന്‍ കഴിയില്ലെന്നതിനാലാണ് വിവരശേഖരണത്തിന് തുച്ഛ പ്രതിഫലം നല്‍കി ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ചത്. നിയമന ഉത്തരവ് നല്‍കാത്തതിനാല്‍ ഒഴിവാക്കലും വാക്കാല്‍ മാത്രമായി.

സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോയവരെ മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങളില്‍ എത്തിച്ചതും ആദിവാസി കുടികളിലെ അസ്വാഭാവിക സംഭവങ്ങള്‍ പുറത്തറിയിച്ചിരുന്നതും ഫെസിലിറ്റേറ്റര്‍മാരാണ്. സാധാരണക്കാരുമായി വനത്തിനുള്ളിലെ ആദിവാസികള്‍ ഇടപെടില്ലെന്നതിനാല്‍ ഇവര്‍ക്കിടയില്‍നിന്ന് വിദ്യാഭ്യാസം നേടിയവരെയാണ് ഫെസിലിറ്റേറ്റര്‍മാരായി നിയമിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ലഭ്യമാക്കിയത് മഹിളാ സമഖ്യ സൊസൈറ്റിയുടെ ഇടപെടലിനാലാണ്. 246 റേഷന്‍കാര്‍ഡും 339 തിരിച്ചറിയല്‍ കാര്‍ഡും 466 തൊഴിലുറപ്പ് കാര്‍ഡും 297 ഇന്‍ഷുറന്‍സ് കാര്‍ഡുകളും മഹിള സമഖ്യ മുഖേന ലഭ്യമാക്കി. 105 ആദിവാസി കുട്ടികളെ സ്കൂളിലെത്തിച്ചു. ആദിവാസി സ്ത്രീകളെ അക്ഷരലോകത്ത് എത്തിക്കുന്നതിന്റെ ഭാഗമായാണ് തുടര്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇവര്‍ക്ക് ഐടിഡിപി സഹായത്തോടെ ഉച്ചഭക്ഷണവും നല്‍കിയിരുന്നു. ഈ പ്രവര്‍ത്തനവും നിലച്ചു.
(ജി രാജേഷ്കുമാര്‍)

deshabhimani 310812

No comments:

Post a Comment