Friday, August 31, 2012

പരിഷ്കാരങ്ങള്‍ തീവ്രമാക്കാന്‍ പാര്‍ലമെന്റ് സമിതി


രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ നവഉദാര പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പാര്‍ലമെന്റിന്റെ ധന സ്റ്റാന്‍ഡിങ്കമ്മിറ്റിയുടെ ശുപാര്‍ശ. സബ്സിഡികള്‍ വെട്ടിചുരുക്കാനും പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് ഭേദഗതി ബില്ലുകള്‍ എത്രയും വേഗം പാസാക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചു. ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്സിന്‍ഹ അധ്യക്ഷനായ സമിതിയാണ് പരിഷ്കാരങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമിതിയിലെ ഇടതുപക്ഷ അംഗങ്ങളായ പി രാജീവും ഗുരുദാസ്ദാസ് ഗുപ്തയും തീവ്ര പരിഷ്കരണ നടപടികളെന്ന ശുപാര്‍ശയോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണെന്നും ഇത് കുറേ നാള്‍കൂടി തുടരുമെന്നും സമിതി വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ 5.3 ശതമാനമായി വളര്‍ച്ച ഇടിഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സമസ്ത മേഖലകളിലും വളര്‍ച്ച പരിതാപകരമാണ്. വളര്‍ച്ച കൈവരിക്കുന്നതിന് കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങണം. സാമ്പത്തിക പരിഷ്കാരങ്ങളുടെയും ഉദാരവല്‍കരണ നടപടികളുടെയും കാര്യത്തില്‍ സന്തുലിതവും സമ്പൂര്‍ണവുമായ സമീപനം കൈക്കൊള്ളണം. രാജ്യത്ത് സമ്പന്നരും ദരിദ്രരുമായുള്ള അന്തരം വര്‍ധിക്കുകയാണ്. സ്വത്തുവിതരണത്തിന്റെ കാര്യത്തിലും വലിയ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. വാങ്ങല്‍ ശേഷി ചുരുക്കം ചിലരിലേക്ക് ഒതുങ്ങുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും യഥാര്‍ഥ കൂലിയില്‍ വരുന്ന കുറവും ദരിദ്രജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്. നിക്ഷേപാനുകൂല അന്തരീക്ഷം സര്‍ക്കാര്‍ സൃഷ്ടിക്കണം. സേവനമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് പഠനഗ്രൂപ്പിന് രൂപം നല്‍കണം. സബ്സിഡി ചെലവില്‍ വരുന്ന വലിയ വര്‍ധന കാരണം ഒരിക്കലും ധനക്കമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുന്നില്ല. സബ്സിഡി നിശ്ചിത ആളുകളിലേക്ക് പരിമിതപ്പെടുത്തുക എന്നതാണ് പരിഹാരമാര്‍ഗം.

പ്രണബ് മുഖര്‍ജി അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിലെ പല തീരുമാനങ്ങളും രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന് ദോഷം ചെയ്തിട്ടുണ്ട്. പൊതു ഒഴിവാക്കല്‍ വിരുദ്ധ ചട്ടങ്ങളും (ഗാര്‍), നികുതി പരിഷ്കാരങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം കൊണ്ടുവന്നതും നിക്ഷേപകരുടെ വിശ്വാസം തകര്‍ത്തിട്ടുണ്ട്. വിദേശ-ആഭ്യന്തര നിക്ഷേപകര്‍ ആശങ്കാകുലരാണ്. ഈ സ്ഥിതി മറികടക്കുന്നതിന് നയ പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടുകയും നിക്ഷേപങ്ങള്‍ക്ക് തടസ്സമായ കാര്യങ്ങള്‍ ഇല്ലാതാക്കുകയും വേണം. പെന്‍ഷന്‍ ഫണ്ട് ബില്‍, ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍, ബാങ്കിങ് ഭേദഗതി ബില്‍, കമ്പനി ഭേദഗതി ബില്‍ എന്നിവ എത്രയും വേഗം പാസാക്കണം.

അതേസമയം, രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ കാര്യത്തില്‍ സ്വതന്ത്ര വിലയിരുത്തല്‍ ഉണ്ടായിട്ടില്ലെന്ന് പി രാജീവ് വിയോജനക്കുറിപ്പില്‍ പറഞ്ഞു. ഇത് നയസമീപനങ്ങളെ ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യം ഏറെ മോശമായിരിക്കുമ്പോഴും യൂറോപ്പില്‍ പ്രതിസന്ധി രൂക്ഷമാക്കിയ അതേ നയങ്ങള്‍ ഇവിടെയും തുടരാനാണ് സര്‍ക്കാര്‍ ശ്രമം. ചെലവുചുരുക്കലിന്റെ പേരില്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കണമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോട് യോജിക്കാനാകില്ല. ദരിദ്രര്‍ക്കുള്ള ഇളവുകള്‍ കുറയ്ക്കാനും സബ്സിഡിക്ക് പുതിയ വരുമാന പരിധികള്‍ കൊണ്ടുവരാനുമാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഇത് ധനകമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ സബ്സിഡി കുറയ്ക്കണമെന്ന ശുപാര്‍ശയോട് യോജിക്കാനാകില്ല. പെന്‍ഷന്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്ത് ശുപാര്‍ശ ചെയ്യുന്ന പരിഷ്കാരങ്ങളോടും വിയോജിക്കുന്നതായി രാജീവ് രേഖപ്പെടുത്തി.
(എം പ്രശാന്ത്)

deshabhimani 310812

No comments:

Post a Comment