Wednesday, August 8, 2012

നെല്ലിയാമ്പതി: സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചു


നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റ് കൈവശം വച്ചവര്‍ക്കായി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്തുകളി. എസ്റ്റേറ്റ് കേസ് തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും സര്‍ക്കാര്‍ മൂന്നാഴ്ചത്തെ സാവകാശം തേടുകയായിരുന്നു. പരിഗണനാഘട്ടത്തിലുള്ള കേസായതിനാല്‍ കോടതി ഇത് അനുവദിക്കുകയും ചെയ്തു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് കൂടുതല്‍ സാവകാശം തേടിയത്.

ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നെല്ലിയാമ്പതി കേസ് പരിഗണിച്ചത്. കേസ് എടുത്ത ഘട്ടത്തില്‍ത്തന്നെ സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം ആര്‍ രമേശ്ബാബു കേസ് മൂന്നാഴ്ച നീട്ടണമെന്ന് അപേക്ഷിച്ചു. ഹര്‍ജിക്കാര്‍ തന്നെ സാവകാശം തേടിയ സാഹചര്യത്തില്‍ ഇത് അനുവദിക്കുകയായിരുന്നു. നെല്ലിയാമ്പതി കേസില്‍ സര്‍ക്കാര്‍ തുടക്കംമുതല്‍ എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ അലംഭാവം കാരണം ഹൈക്കോടതിയില്‍ കേസ് തോറ്റു. മിന്നാമ്പാറയിലെ 200 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് വിതരണംചെയ്യാന്‍ മാര്‍ച്ച് 16ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ ആദ്യം മുതല്‍ തണുപ്പന്‍ സമീപനമായിരുന്നു സര്‍ക്കാരിന്റേത്. വിധി വന്ന് മൂന്നുമാസത്തിനകം അപ്പീല്‍ നല്‍കേണ്ടിയിരുന്നെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. ഇത് വിവാദമായതിനെ തുടര്‍ന്ന് ഏറെ വൈകി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, തിങ്കളാഴ്ച കേസ് വന്നപ്പോള്‍ കൂടുതല്‍ സമയം തേടിയതിലൂടെ സര്‍ക്കാരിന്റെ അലംഭാവം കൂടുതല്‍ വ്യക്തമായി. നെല്ലിയാമ്പതിയിലെ സ്ഥിതിഗതി നേരില്‍ കാണാന്‍ യുഡിഎഫ് എംഎല്‍എമാരുടെ സംഘം സന്ദര്‍ശനം നടത്തിയ ദിവസം തന്നെയാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നാടകം. നെല്ലിയാമ്പതി കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ല.

എസ്റ്റേറ്റ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന വ്യക്തികളാകട്ടെ മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കി കേസ് വിജയിക്കാനുള്ള നീക്കത്തിലാണ്. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് എസ്റ്റേറ്റ് ഉടമകള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന ആക്ഷേപം തുടക്കം മുതലുണ്ട്. ഹൈക്കോടതിയില്‍ കേസ് തോറ്റശേഷം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ വനംവകുപ്പ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയിരുന്നു. അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള മൂന്നുമാസം സമയപരിധി അവസാനിക്കുന്ന ദിവസം മാത്രമാണ് ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ തനിക്ക് നിലപാടില്ലെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ മറുപടി.
(എം പ്രശാന്ത്)

നെല്ലിയാമ്പതി: കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കണം- സിപിഐ എം

പാലക്കാട്: പാട്ടക്കരാര്‍ ലംഘിച്ചതും കാലാവധി കഴിഞ്ഞതുമായ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച സിപിഐ എം പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇവിടുത്തെ തൊഴിലാളികളുടെ തൊഴിലും സംരക്ഷിക്കണം. 1980ലെ കേന്ദ്രവനംനിയമപ്രകാരം പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാരിന്റേതാണ്. ചെറുനെല്ലി എസ്റ്റേറ്റില്‍ കരാര്‍ ലംഘനം നടന്നിട്ടുണ്ടെന്നും തോട്ടം സന്ദര്‍ശിച്ച ശേഷം എം ചന്ദ്രന്‍ എംഎല്‍എയും സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

യുഡിഎഫ് ഉപസമിതിയുടെയും ബദല്‍ സംഘത്തിന്റെയും നെല്ലിയാമ്പതി സന്ദര്‍ശനം പ്രഹസനമാണ്. പാട്ടക്കരാര്‍ ലംഘിച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്തുകൊണ്ട് യുഡിഎഫിന്റെ ബദല്‍ സംഘവും പറഞ്ഞില്ലെന്ന് എംഎല്‍എമാര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ധനമന്ത്രി കെ എം മാണിയുടെ നിലപാട് പരിഹാസ്യമാണ്. മതികെട്ടാന്‍മല ഉള്‍പ്പെടെ വന്‍തോതിലുള്ള ഭൂമികൈയേറ്റത്തിന് കൂട്ടുനിന്നയാളാണ് മാണി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവായ മാത്തച്ചന്‍ കുരുവിനാല്‍ കുന്നേലിന്റെ ബന്ധുവും പി സി ജോര്‍ജിന്റെ അയല്‍ക്കാരനുമായ എബ്രഹാം കുരുവിനാല്‍ കുന്നേലാണ് നെല്ലിയാമ്പതിയില്‍ ഭൂമിതട്ടിപ്പ് നടത്തിയത്. ചെറുനെല്ലി എസ്റ്റേറ്റില്‍ ഇല്ലാത്ത 70 ഏക്കര്‍ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി ഭരണങ്ങാനത്തെ ജയിംസ് എന്നയാള്‍ക്ക് മാറ്റക്കച്ചവടം നടത്തുകവരെ ചെയ്തു. എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ഇല്ലാത്ത വില്ലേജ് ഓഫീസിന്റെ പേരിലാണ് വ്യാജരേഖ ചമച്ചത്.

നെല്ലിയാമ്പതി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ തോട്ടം ഉടമകള്‍ക്ക് സ്റ്റേ ലഭിച്ചത് സര്‍ക്കാര്‍ കേസ് വേണ്ടവിധത്തില്‍ വാദിക്കാത്തതിനാലാണ്. സ്റ്റേ ലഭിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടില്ല. കോടതിയില്‍ തോട്ടംഉടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ തോറ്റു കൊടുക്കുകയാണ്. ഈ വിഷയങ്ങളെക്കുറിച്ചൊന്നും അഭിപ്രായം പറയാതെയുള്ള യുഡിഎഫിന്റെയും കോണ്‍ഗ്രസ് എംഎല്‍എമാരുടെയും നെല്ലിയാമ്പതിസന്ദര്‍ശനം പ്രഹസനമാണ്. ഏറ്റെടുത്തതും ഏറ്റെടുക്കാനുള്ളതുമായ തോട്ടങ്ങളിലെ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ക്ക് പാക്കേജ് തയ്യാറാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരായ വി ചെന്താമരാക്ഷന്‍, എം ഹംസ, കെ എസ് സലീഖ, കെ വി വിജയദാസ്, കര്‍ഷകസംഘം ജില്ലാസെക്രട്ടറി പി കെ സുധാകരന്‍ എന്നിവര്‍ പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നു.

നെല്ലിയാമ്പതി: ഉമ്മന്‍ചാണ്ടിക്ക് മൗനം

ന്യൂഡല്‍ഹി: നെല്ലിയാമ്പതി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. നെല്ലിയാമ്പതി പ്രശ്നത്തില്‍ മുഖ്യമന്ത്രി ആര്‍ക്കൊപ്പമാണെന്ന ചോദ്യത്തിന് ആ വിഷയത്തിലേക്ക് പോകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ക്ക് കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം, പി സി ജോര്‍ജിന്റെ നിലപാട് തുടങ്ങി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ മുഖ്യമന്ത്രി നിശബ്ദനായിരുന്നു. കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് സംസ്ഥാനത്തിന്റെ അഞ്ചുപ്രതിനിധികളെ വൈകാതെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

നെല്ലിയാമ്പതി: ജോര്‍ജിന് പിന്തുണയുമായി മാണിയും

നെല്ലിയാമ്പതി വനഭൂമി വെട്ടിപ്പ് വിഷയത്തില്‍ കെ എം മാണിയും പി സി ജോര്‍ജിനൊപ്പം. ജോര്‍ജ് ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ടി നിലപാടാണെന്ന് വിലയിരുത്തിയ മാണിഗ്രൂപ്പ് ഉന്നതാധികാരസമിതി യോഗം, സദുദ്ദേശ്യത്തോടെയാണെങ്കിലും മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുന്ന പദപ്രയോഗം ജോര്‍ജ് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. ധീവരസമുദായത്തിന് വിഷമമുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് മാപ്പ് പറയാമെന്ന് ജോര്‍ജ് സമ്മതിച്ചതായി കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, മാപ്പ് പറയാമെന്ന് പറഞ്ഞില്ലെന്നും യോഗത്തിന് മുമ്പുതന്നെ ധീവരസഭ ജനറല്‍ സെക്രട്ടറി ദിനകരന് "സമുദായത്തിന് വിഷമമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി" കാണിച്ച് കത്ത് നല്‍കിയിരുന്നെന്നും ജോര്‍ജ് "ദേശാഭിമാനി"യോട് പറഞ്ഞു. സമുദായത്തോട് മാത്രമാണ് ഖേദം പ്രകടിപ്പിച്ചത്. ടി എന്‍ പ്രതാപന്‍ എംഎല്‍എ ഇതില്‍ കക്ഷിയല്ല. ഇക്കാര്യത്തില്‍ പ്രതാപന് മനഃപ്രയാസമുണ്ടാകേണ്ട കാര്യമില്ല. താനും പ്രതാപനും തമ്മില്‍ തര്‍ക്കമില്ലെന്നും ജോര്‍ജ് പറഞ്ഞു.

കര്‍ഷകര്‍ നിയമപരമായി കൈവശംവയ്ക്കുന്ന ഭൂമി സംരക്ഷിക്കണമെന്ന കാര്യത്തില്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാരിസ്ഥിതിക ദുര്‍ബലപ്രദേശമെന്നുപറഞ്ഞ് ചുമ്മാ ഭൂമി ഏറ്റെടുക്കാനാകില്ല. പ്രശ്നം പഠിക്കുന്നതിന് നിയോഗിച്ച യുഡിഎഫ് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് എം എം ഹസ്സന്‍ രാജിവച്ച സാഹചര്യത്തില്‍ പുതിയ കമ്മിറ്റിയെ യുഡിഎഫ് ഉടന്‍ നിയോഗിക്കണം- മാണി പറഞ്ഞു.

പോത്തിനെ ചാരി പശുവിനെ തല്ലുന്നുവെന്ന് പി സി ജോര്‍ജ്

നെല്ലിയാമ്പതി വിഷയത്തിലുള്ള വിമര്‍ശങ്ങള്‍ പോത്തിനെ ചാരി പശുവിനെ തല്ലുന്ന പരിപാടിയാണെന്ന് പി സി ജോര്‍ജ്. വിമര്‍ശിക്കുന്നവരുടെ ലക്ഷ്യം വേറെയാണെങ്കിലും പറയുന്നത് തനിക്കെതിരെയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള കൃഷിക്കാരുടെ പ്രശ്നങ്ങളില്‍ ഇനി പ്രതികരിക്കാനില്ല. നെല്ലിയാമ്പതിവിഷയം പാര്‍ടി ഏറ്റെടുത്തിട്ടുണ്ട്. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. കെ എം മാണിയും പി ജെ ജോസഫും ഇത് സംബന്ധിച്ച് പ്രതികരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

deshabhimani 080812

1 comment:

  1. നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റ് കൈവശം വച്ചവര്‍ക്കായി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്തുകളി. എസ്റ്റേറ്റ് കേസ് തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും സര്‍ക്കാര്‍ മൂന്നാഴ്ചത്തെ സാവകാശം തേടുകയായിരുന്നു. പരിഗണനാഘട്ടത്തിലുള്ള കേസായതിനാല്‍ കോടതി ഇത് അനുവദിക്കുകയും ചെയ്തു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് കൂടുതല്‍ സാവകാശം തേടിയത്.

    ReplyDelete