Friday, August 31, 2012

ഭക്ഷ്യസുരക്ഷയില്‍ സര്‍ക്കാര്‍ മായം ചേര്‍ക്കുന്നു


സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായി ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഒരു ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടേതടക്കമുള്ള നിര്‍ദേശങ്ങളാണ് വിവാദം തണുത്തപ്പോള്‍ തട്ടിന്‍പുറത്തായത്.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജോയിന്റ് കമീഷണറുടെ താല്‍ക്കാലിക തസ്തിക സ്ഥിരപ്പെടുത്താനും മറ്റൊരു തസ്തിക കൂടി സൃഷ്ടിക്കാനുമായിരുന്നു യോഗത്തിലെ ഒരു നിര്‍ദേശം. സംസ്ഥാനത്തെ 60 മുനിസിപ്പാലിറ്റിയിലും ഓരോന്നും അഞ്ച് കോര്‍പറേഷനില്‍ മൂന്നും വീതം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം. ഇതിനായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള 32 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും മാറ്റിനിയമിക്കണം. കൂടാതെ 43 തസ്തിക കൂടി സൃഷ്ടിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇതിനു പുറമെ ഓരോ ജില്ലയിലും മാംസം, മത്സ്യം എന്നിവയുടെയും ഇവ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കുന്നതിനുമായി വെറ്ററിനറി സയന്‍സില്‍ ബിരുദമുള്ള ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കണം.

ക്ഷീരവികസനവകുപ്പിന്റെ കീഴിലുള്ള 14 ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരെ ഫുഡ് സേഫ്റ്റി കമീഷണര്‍ക്കുകീഴില്‍, വകുപ്പിലെ ലീന്‍ നിലനിര്‍ത്തി നിയമിക്കാനും അവര്‍ മുഖേന പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലാബുകള്‍ എന്‍എബിഎല്‍ അക്രെഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടുമുള്ള റീജണല്‍ ലാബുകള്‍, പത്തനംതിട്ട ജില്ലാ ലാബ്, മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ മരടിലും പൂക്കോട്ടും മണ്ണുത്തിയിലുമുള്ള ലാബുകള്‍, ക്ഷീരവികസനവകുപ്പിനു കീഴില്‍ പട്ടത്തും ആലത്തൂരിലുമുള്ള ലാബുകള്‍, ഫിഷറീസ് വകുപ്പിന്റെ പനങ്ങാട്ടുള്ള ലാബ്, ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെ കോന്നിയിലുള്ള ലാബ് എന്നിവയുടെ നിലവാരമാണ് എന്‍എബിഎല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ത്തേണ്ടത്.

ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെ കീഴില്‍ കോന്നിയിലുള്ള കൗണ്‍സില്‍ ഓഫ് ഫുഡ് റിസര്‍ച്ച്
ആന്‍ഡ് ഡെവലപ്മെന്റ് (സിഎഫ്ആര്‍ഡി) ലാബ്, ഭക്ഷ്യസുരക്ഷാ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദേശവുമുണ്ടായി. എല്ലാ സര്‍ക്കാര്‍ലാബിലും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള ഫുഡ് അനലിസ്റ്റുമാരെ നിയമിക്കാന്‍ അതത് വകുപ്പ് നടപടി സ്വീകരിക്കണം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മൂന്നു മേഖലയാക്കിത്തിരിച്ചും പിന്നീട് ജില്ലാതലങ്ങളിലും കേസുകള്‍ തീര്‍പ്പാക്കാന്‍ അഡ്ജുഡിക്കേറ്റിങ് ഓഫിസര്‍മാരെ നിയമിക്കണം. തിരുവനന്തപുരത്ത് ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കണം. ഹൈക്കോടതിയുമായും നിയമവകുപ്പുമായും ആലോചിച്ച്, ജില്ലാ കോടതികളെയോ സ്പെഷ്യല്‍ കോടതികളെയോ താല്‍ക്കാലികമായി ഫുഡ് സേഫ്റ്റി സ്പെഷ്യല്‍ കോടതികളായി നാമനിര്‍ദേശം ചെയ്യണം. ഭക്ഷ്യസുരക്ഷാ കമീഷണര്‍ ഓഫീസ്, ട്രിബ്യൂണല്‍ ഓഫീസ്, കോടതി എന്നിവയ്ക്കായി തിരുവനന്തപുരത്ത് തൈക്കാട് വില്ലേജില്‍ അനുവദിച്ച 68 സെന്റില്‍ കെട്ടിടം നിര്‍മിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉണ്ടായത്. ഇതിലൊന്നിലും തുടര്‍നടപടിയുണ്ടായിട്ടില്ല.

deshabhimani 310812

No comments:

Post a Comment