Friday, August 31, 2012

സര്‍ക്കാര്‍ വഞ്ചന നേരിട്ടറിഞ്ഞ് യുവജന നേതാക്കള്‍ ദുരന്തമേഖലയില്‍


സര്‍ക്കാര്‍ വഞ്ചന നേരിട്ടറിഞ്ഞ് യുവജന നേതാക്കള്‍ ദുരന്തമേഖലയില്‍. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വ്യാഴാഴ്ച ദുരന്തമേഖലയിലെത്തിയത്. നൂറുകണക്കിനാളുകളാണ് വിവിധ പഞ്ചായത്തുകളില്‍ പരാതിയുമായി നേതാക്കളെ സമീപിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സ്വന്തം ജീവന്‍നല്‍കി പ്രതിഷേധിച്ച ബെള്ളൂരിലെ ജാനു നായ്ക്കിന്റെ വീട്ടിലാണ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിക്കൊപ്പം നേതാക്കള്‍ ആദ്യമെത്തിയത്. ധനസഹായം നല്‍കുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ മരണംകൊണ്ട് പ്രതിഷേധിച്ചിട്ടും അധികൃതരാരും തിരിഞ്ഞുനോക്കാതിരുന്ന കുടുംബത്തിന് ഡിവൈഎഫ്ഐ വക സാമ്പത്തിക സഹായവുമായാണ് നേതാക്കളെത്തിയത്. 10,000 രൂപയുടെ സഹായം പി കെ ശ്രീമതി ജാനു നായ്ക്കിന്റെ ഭാര്യ ലക്ഷ്മിക്ക് നല്‍കിയതിനൊപ്പം ഏതാവശ്യത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന സാന്ത്വനവും ഈ കുടുംബത്തിന് നല്‍കിയാണ് നേതാക്കള്‍ വീട്ടില്‍നിന്നിറങ്ങിയത്.
ബുധനാഴ്ച രാത്രി മരിച്ച കിന്നിങ്കാറിലെ തേമപ്പ പൂജാരിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചാണ് പര്യടനത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസിലെത്തി. ഇവിടെ വലിയൊരു ജനക്കൂട്ടമാണ് നേതാക്കളെ കാത്തിരുന്നത്. ലിസ്റ്റില്‍നിന്ന് പുറത്തായവരും പെന്‍ഷന്‍ കിട്ടാത്തവരും ചികിത്സ നിഷേധിക്കപ്പെട്ടവരും തങ്ങളുടെ സങ്കടങ്ങള്‍ നിരത്തി. രണ്ട് ഓപ്പറേഷന് സഹായം കിട്ടി മൂന്നാമത്തേതിന് കിട്ടാത്ത വിദ്യാര്‍ഥിയും മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി സ്ഥലവും വീടും നല്‍കുമെന്ന് പറഞ്ഞിട്ട് വഞ്ചിക്കപ്പെട്ട ക്യാന്‍സര്‍ രോഗി ജിഷ മാത്യുവും പഞ്ചായത്തിലെ കിടപ്പിലായവരുടെ പട്ടികയില്‍ ഒന്നാമത്തെ പേരുകാരിയായിട്ടും ധനസഹായ പട്ടികയില്‍നിന്ന് പുറത്തായ റിഷാനയും പെന്‍ഷന്‍ കിട്ടാത്തവരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബെള്ളൂരില്‍നിന്ന് എന്‍മകജെയിലെ പദ്രെയിലും പിന്നീട് ബദിയടുക്കയിലെ പള്ളത്തടുക്കയിലും കുമ്പടാജെയിലെ മാര്‍പ്പനടുക്കയിലും കര്‍മംതോടിയിലും ബോവിക്കാനത്തും നേതാക്കളെത്തി. ആയിരത്തോളം പരാതികളാണ് കിട്ടിയത്. ഇതില്‍ ഇതുവരെ ലിസ്റ്റിലുള്‍പ്പെടാത്തവരും ഉണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇവിടെ വിവിധ വൈകല്യങ്ങളോടെ കുട്ടികള്‍ ജനിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും നേതാക്കള്‍ക്ക് ലഭിച്ചു. ബദിയടുക്കയില്‍ കാലുകളില്ലാതെ ജനിച്ച ഒരുവയസ്സായ തന്റെ കുഞ്ഞിനെയുമെടുത്താണ് ഒരമ്മയെത്തിയത്. ഇങ്ങനെയുള്ള രോഗികളൊന്നും സര്‍ക്കാരിന്റെ പട്ടികയില്‍ ഇടംപിടിക്കുന്നില്ല. ദുരന്തം ആവര്‍ത്തിക്കുമ്പോഴും ഏതാനുമാളുകള്‍ക്ക് സഹായം നല്‍കി എല്ലാം അവസാനിപ്പിക്കാനുള്ള തിടുക്കത്തിലാണ് സര്‍ക്കാര്‍. ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനാളുകളെ അവഗണിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ പരിപാടിയെങ്കില്‍ അതിശക്തമായ ബഹുജന രോഷത്തെ നേരിടേണ്ടിവരുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു യുവജന നേതാക്കളുടെ പര്യടനം.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി പി ദിവ്യ, കെ രാജേഷ്, ജില്ലാസെക്രട്ടറി സിജി മാത്യു, പ്രസിഡന്റ് മധു മുതിയക്കാല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജ്മോഹന്‍, കെ മണികണ്ഠന്‍, ഷിബിന്‍ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സബീഷ്, ഡിവൈഎഫ്ഐ കാറഡുക്ക ബ്ലോക്ക് സെക്രട്ടറി കെ ജയന്‍ എന്നിവര്‍ പ്രതിനിധി സംഘത്തോടൊപ്പമുണ്ടായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജാനകി, ജില്ലാസെക്രട്ടറി എം ലക്ഷ്മി, പ്രസിഡന്റ് ഇ പത്മാവതി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി ഭവാനി, ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ കെ കുശല എന്നിവരും രാവിലെ സംഘത്തോടൊപ്പമുണ്ടായി.

deshabhimani 310812

No comments:

Post a Comment