Thursday, August 9, 2012

എസ്എഫ്ഐ നേതാവിന്റെ കാര്‍ കത്തിച്ചു


ചുങ്കത്തറയില്‍ എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കെഎസ്യു ക്വട്ടേഷന്‍ സംഘം കത്തിച്ചു. എടക്കര ഏരിയാ ജോയിന്റ് സെക്രട്ടറി സി അര്‍ഷദിന്റെ കാറാണ് കത്തിച്ചത്. ബുധനാഴ്ച രാത്രി രണ്ടോടെയാണ് സംഭവം. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ പെട്രോള്‍ ഒഴിച്ച് പിന്‍ഭാഗത്ത് നിന്ന് കത്തിക്കുകയായിരുന്നു. പിന്‍ഭാഗം പൂര്‍ണമായി കത്തി മുന്‍വശത്തെ ഹോണ്‍ നിലയ്ക്കാതെ മുഴങ്ങിയതോടെയാണ് വീട്ടുകാര്‍ കാര്‍ കത്തിയമരുന്ന വിവരം അറിയുന്നത്. ഡീസല്‍ ടാങ്കിന് സമീപം തീപടര്‍ന്നപ്പോഴേക്കും അണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അഞ്ചോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്.

ചുങ്കത്തറ മാര്‍ത്തോമ കോളേജിലെ കെഎസ്യു നേതാക്കളുടെ നിര്‍ദേശപ്രകാരമുള്ള ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയുണ്ട്. ചൊവ്വാഴ്ച പകല്‍ ഒന്നോടെ കെഎസ്യു ജില്ലാ കമ്മറ്റിയംഗവും യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഷാജഹാന്‍ പായിമ്പാടം ഫോണില്‍ വിളിച്ച് കൊല്ലുമെന്നും വീട്ടില്‍ കയറി ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ഷാദ് "ദേശാഭിമാനി"യോട് പറഞ്ഞു. തെളിവ് സഹിതം വിവരങ്ങളും ഫോണ്‍നമ്പറും അര്‍ഷാദ് നിലമ്പൂര്‍ സിഐക്ക് കൈമാറിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ എസ്എഫ്ഐ എടക്കര ഏരിയാ കമ്മിറ്റിയംഗം റിന്‍ഷാദിന്റെ ബൈക്ക് പാലേമാട് വീട്ടില്‍ കയറി കത്തിച്ചിരുന്നു. ഈ കേസില്‍ ഒരു പ്രതിയെപ്പോലും പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായാണ് പൊലീസിന്റെ തണലില്‍ ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും കാര്‍ കത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചുങ്കത്തറ ടൗണില്‍ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വി കെ ഷാനവാസ്, പഞ്ചായത്ത് സെക്രട്ടറി പി സുധീഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി ഷെബീര്‍, മുജീബ്, പി ഷെരീഫ്, പി കെ ജിഷ്ണു എന്നിവര്‍ നേതൃത്വംനല്‍കി. വൈകിട്ട് സിപിഐ എം ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ കമ്മിറ്റിയംഗം എം ആര്‍ ജയചന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി എം സുകുമാരന്‍, എം വി വിജേഷ്, പി ഭാസ്കരന്‍, വി ജി ജോസ് എന്നിവര്‍ നേതൃത്വംനല്‍കി.

ശക്തമായ നടപടി വേണം: എസ്എഫ്ഐ

മലപ്പുറം: കാര്‍ കത്തിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയുടെ നിര്‍ദേശപ്രകാരമാണ് എടക്കര, ചുങ്കത്തറ മേഖലയില്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ആക്രമണം നടക്കുന്നത്. ഫലപ്രദമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. കാറും ബൈക്കും കത്തിച്ച കേസിലെ പ്രതികള്‍ പൊലീസിന് കണ്‍മുമ്പിലൂടെ വിലസുകയാണ്. അര്‍ഷദിനെ ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയതിന്റെ തെളിവ് നിലമ്പൂര്‍ സിഐക്ക് കൈമാറിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ ഇലക്ഷന്‍ അട്ടിമറിക്കുകയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് ലക്ഷ്യമിടുന്നത്. ഒരുമാസം മുമ്പ് ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി റാഗ് ചെയ്യുകയും, വിദ്യാര്‍ഥിനി ക്യാമ്പസില്‍ കുഴഞ്ഞുവീഴുകയുംചെയ്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയിലെത്തിച്ചതിന്റെ പ്രതികാരമാണ് കെഎസ്യുവിന്്. പൊലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പി കെ മുബഷിറിന്റെ നേതൃത്വത്തില്‍ സി അര്‍ഷദിന്റെ വീട് എസ്എഫ്ഐ നേതാക്കള്‍ സന്ദര്‍ശിച്ചു.

deshabhimani news

No comments:

Post a Comment