Friday, August 17, 2012

അധികാര വികേന്ദ്രീകരണം അട്ടിമറിക്കരുത്


കോഴിക്കോട്: രാജ്യത്തിന് മാതൃകയായി സംസ്ഥാനത്ത് നടപ്പാക്കിയ അധികാര വികേന്ദ്രീകരണ പ്രക്രിയയെ അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങള്‍ തുറന്നുകാട്ടി സെമിനാര്‍. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "അധികാര വികേന്ദ്രീകരണവും 12-ാം പഞ്ചവത്സര പദ്ധതിയും" സെമിനാറാണ് അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും വരച്ചിട്ടത്. എന്തെങ്കിലും കാണിച്ചുകൂട്ടി 12-ാം പഞ്ചവത്സര പദ്ധതിയും ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും വാര്‍ഷിക പദ്ധതികളും അംഗീകരിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ നിശിത വിമര്‍ശനമുയര്‍ന്നു. 12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനകീയ ഇടപെടലുകളെയും ഉല്‍പ്പാദന പദ്ധതി പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കാനുതകുന്നതാണെന്ന് സെമിനാര്‍ വ്യക്തമാക്കി. ലോകത്ത് സ്ത്രീശാക്തീകരണത്തിന് ഉത്തമ പ്രതീകമായി മാറിയ കുടുംബശ്രീയെ ഉന്മൂലനം ചെയ്യാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നെറികേടുകള്‍ ചര്‍ച്ചയായി മുഴങ്ങി. എന്തുവില കൊടുത്തും കുടുംബശ്രീയെ സംരക്ഷിക്കണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.

ജനകീയാസൂത്രണത്തിലൂടെ ഉണ്ടാക്കിയ പദ്ധതി ആസൂത്രണ ചിട്ടകള്‍ പൂര്‍ണമായും തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ മാര്‍ഗനിര്‍ദേശമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ജനകീയതക്ക് പകരം ഉദ്യോഗസ്ഥ മേധാവിത്വമാണ് സൃഷ്ടിക്കപ്പെടുക. ആസൂത്രണത്തിന് സുതാര്യത നഷ്ടപ്പെടുമെന്നും കേരളത്തിലെ അധികാര വികേന്ദ്രീകരണ പരീക്ഷണത്തിന് വലിയ ആഘാതമാണ് ഇത് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായും സാമ്പത്തികമായും പദ്ധതികള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനുള്ള ശേഷി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകണമെന്നും ടി കെ രവീന്ദ്രന്‍ പറഞ്ഞു. അപ്രായോഗികമായ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉല്‍പ്പാദന മേഖലയില്‍നിന്നുള്ള പിന്‍വാങ്ങല്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയെ അവഗണിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സമീപനം മാറണമെന്ന് കെ ശശീന്ദ്രന്‍ പറഞ്ഞു. സംഘകൃഷിയുമായി മുന്നോട്ട് പോകുന്ന ജെഎല്‍ജികള്‍ക്ക് വിത്തും കാര്‍ഷിക ഉപകരണങ്ങളും നല്‍കി കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തണം. പ്രാദേശിക-സാമ്പത്തിക സാധ്യതകള്‍ മനസ്സിലാക്കി കുടുംബശ്രീ യൂണിറ്റുകള്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഭ്യമായ വിഭവശേഷിക്ക് അകത്തുനിന്ന് മാത്രമേ നിലവിലെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭവനിര്‍മാണ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയൂവെന്ന് ഡോ. രമാകാന്തന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ എ കെ പ്രേമജം അധ്യക്ഷയായി. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്കുട്ടി നന്ദിയും പറഞ്ഞു.

deshabhimani 170812

No comments:

Post a Comment