Friday, August 17, 2012

വിദ്യക്ക് ഇത് പ്രതിഷേധത്തിന്റെ അവസാന വഴി



സര്‍ക്കാരും ജോലിചെയ്യുന്ന സ്ഥാപനവും നീതി നിഷേധിച്ചപ്പോള്‍ ദുരിതജീവിതത്തിന് അവസാന വഴി കണ്ടെത്തുകയായിരുന്നു വിദ്യ. ആത്മഹത്യാഭീഷണിയുമായി രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിക്കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ കയറാന്‍ വിദ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പിണ്ടിമന അയിരൂര്‍പാടി അമ്പലത്തുംപാറ രമണിയുടെ മകളായ വിദ്യ നിര്‍ധന കുടുംബത്തിന്റെ അത്താണിയാണ്. അമ്മ രമണി വീട്ടുവേലചെയ്താണ് മകളെ ബിഎസ്സി നേഴ്സിങ് പഠിപ്പിച്ചത്. പട്ടികജാതി വികസനവകുപ്പ് നല്‍കിയ 10,000 രൂപ ഉപയോഗിച്ച് പണിത ഒറ്റമുറി കൂരയിലിരുന്നു പഠിച്ചാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. ബസേലിയോസ് ആശുപത്രിയില്‍ നാലുവര്‍ഷപഠനം പൂര്‍ത്തിയാക്കി. ഒരുവര്‍ഷം സൗജന്യസേവനവും നടത്തി. ഇപ്പോള്‍ ബോണ്ട് എക്സ്റ്റന്‍ഷന്‍ എന്ന പേരില്‍ ജോലിനോക്കുന്നു. 4000 രൂപയാണ് ശമ്പളം. ഇത് ഏപ്രില്‍മുതല്‍ 7000 രൂപയായി ഉയര്‍ത്താമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല.

2004 ജൂലൈ 20ന് 3.75 ലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോതമംഗലം ശാഖയില്‍നിന്ന് വിദ്യാഭ്യാസവായ്പ എടുത്താണ് പഠിച്ചത്. നാലരലക്ഷത്തോളം രൂപ ഇപ്പോള്‍ തിരിച്ചടയ്ക്കാനുണ്ട്. ജപ്തി നടപടിക്ക് ബ്ലോക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കുറഞ്ഞ ശമ്പളംമൂലമാണ് തിരിച്ചടവ് മുടങ്ങിയത്. വിദ്യ ജനിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചു. അമ്മയും ചേച്ചിയുമടങ്ങുന്ന കുടുംബത്തിന് മറ്റു വരുമാനമില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേഴ്സിങ് വിദ്യാഭ്യാസത്തിന് അഞ്ചു ശതമാനം സീറ്റ് സംവരണവും ഫീസിളവും ഉണ്ട്. എന്നാല്‍ ഫീസിളവ് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
(എം ജി രാമകൃഷ്ണന്‍)

ബോണ്ട് സമ്പ്രദായം അവസാനിപ്പിച്ചിട്ടും കബളിപ്പിച്ചു

കോതമംഗലം: ബോണ്ട് സമ്പ്രദായം അവസാനിപ്പിച്ചിട്ടും ഇതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ കബളിപ്പിക്കുകയായിരുന്നെന്ന് കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നേഴ്സുമാര്‍. അടുത്തിടെ പോസ്റ്റ് ബിഎസ്സി കോഴ്സിന് ചേരാന്‍ ഒരു നേഴ്സിനെ വിട്ടയച്ചത് 43,000 രൂപയോളം ഈടാക്കിയ ശേഷമാണ്. ഇതിനു നല്‍കിയ രസീതില്‍ "ബോണ്ട് ബ്രേക്കേജ് മണി" എന്നാണ് രേഖപ്പെടുത്തിയത്. സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് ഭീഷണിയാണ് നേരിടേണ്ടി വന്നത്.

ബാത്ത്റൂമില്‍ ഒളിക്യാമറ സ്ഥാപിക്കുകയും ഇതിലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു ആദ്യ ഭീഷണി. കൂടാതെ ഹോസ്റ്റല്‍മുറിയിലെ വൈദ്യുതിയും കുടിവെള്ളവും വിഛേദിച്ചു. ഗുണ്ടകളെവിട്ട് ആക്രമിക്കാനും നീക്കമുണ്ടായി. നേഴ്സുമാര്‍ക്ക് മിനിമം വേതനം, ബോണ്ട് നിര്‍ത്തലാക്കല്‍, മൂന്നു ഷിഫ്റ്റ് ജോലി തുടങ്ങിയവ അംഗീകരിക്കാന്‍ ആശുപത്രി മാനേജ്മെന്റ് തയ്യാറായില്ലെങ്കില്‍ ആശുപത്രി നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ആര്‍ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

deshabhimani 170812

1 comment:

  1. സര്‍ക്കാരും ജോലിചെയ്യുന്ന സ്ഥാപനവും നീതി നിഷേധിച്ചപ്പോള്‍ ദുരിതജീവിതത്തിന് അവസാന വഴി കണ്ടെത്തുകയായിരുന്നു വിദ്യ. ആത്മഹത്യാഭീഷണിയുമായി രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിക്കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ കയറാന്‍ വിദ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

    ReplyDelete