യുഡിഎഫ് ഭരണത്തില്‍ നടക്കുന്ന നീതിനിര്‍വഹണത്തിലെ ഇരട്ടത്താപ്പും രാഷ്ട്രീയ മുതലെടുപ്പും അത്യന്തം അപകടകരമായ സാഹചര്യത്തിലേക്ക് കേരളത്തെ തള്ളിവിടുന്നു. കൊലക്കേസുകളിലടക്കം രാഷ്ട്രീയവിവേചനം പ്രകടമായതോടെ ഭരണഘടന ഉറപ്പുനല്‍കുന്ന നിഷ്പക്ഷമായ നീതിനിര്‍വഹണമെന്ന കാഴ്ചപ്പാടുതന്നെ അട്ടിമറിക്കപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ പോലും രാഷ്ട്രീയം പരിഗണിച്ച് പ്രതികളെ നിശ്ചയിക്കുന്നത് സംസ്ഥാനചരിത്രത്തില്‍ ആദ്യം. കോണ്‍ഗ്രസ്-മുസ്ലിംലീഗ്-പോപ്പുലര്‍ഫ്രണ്ടുകാര്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ നേരാംവണ്ണമുള്ള അന്വേഷണത്തിന് നടപടിയെടുക്കാത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍, മറുവശത്ത് സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടാന്‍ കേസുകള്‍ ആയുധമാക്കുന്നു. ഭരണകക്ഷിക്കാരും അവരുടെ സഹായികളായ മതതീവ്രവാദസംഘടനകളും കൊലപാതകവും ഗൂഢാലോചനയും നടത്തിയാലും അവരെ തൊടാന്‍ പൊലീസ് തയ്യാറല്ല. പ്രതിസ്ഥാനത്ത് സിപിഐ എമ്മാണെങ്കില്‍ ഏത് തെളിവും സൃഷ്ടിക്കപ്പെടും. ആരെയും പിടിച്ച് ജയിലിലടയ്ക്കും. കൊലയാളികളെ പാര്‍ടിനോക്കി സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മത്സരിക്കുമ്പോള്‍ നിഷ്പക്ഷ നീതിനിര്‍വഹണം അസാധ്യം. ടി പി ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധക്കേസുകളില്‍ കാണിക്കുന്ന "പ്രത്യേക താല്‍പ്പര്യം" മറ്റൊരു കൊലക്കേസിലും എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് നിഷ്പക്ഷമതികള്‍ ചോദിച്ചുതുടങ്ങി.
വ്യാജ തെളിവുകളും കള്ളസാക്ഷികളെയും സൃഷ്ടിച്ച് സിപിഐ എമ്മിന്റെ സമുന്നതനേതാക്കളെ വരെ ജയിലില്‍ അടയ്ക്കുമ്പോള്‍ വിദ്യാര്‍ഥിസംഘടനാ നേതാക്കളടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന മുസ്ലിംലീഗ്-കോണ്‍ഗ്രസ്-പോപ്പുലര്‍ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും പുറത്ത് വിലസുകയാണ്. ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജന്‍, കാസര്‍കോട് ഉദുമ കീക്കാനത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ടി മനോജ്, എബിവിപി നേതാവ് കോന്നി എന്‍എസ്എസ് കോളേജിലെ വിശാല്‍, മലപ്പുറം കുനിയിലെ സഹോദരങ്ങളായ കെ ആസാദ്, കെ അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലൊന്നും കാര്യക്ഷമമായ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. ടി മനോജിനെ ചവിട്ടിക്കൊന്ന മുസ്ലിംലീഗുകാരെ രക്ഷിക്കാനാണ് ഇപ്പോഴും ശ്രമം. പ്രതികളെ അറസ്റ്റുചെയ്യാന്‍ താല്‍പ്പര്യം കാട്ടാത്ത പൊലീസ് ഗൂഢാലോചകരിലേക്ക് അന്വേഷണം നീളാതിരിക്കാനും ശ്രദ്ധിക്കുന്നു. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ലെന്ന ചോദ്യം നിയമസഭയിലടക്കം ഉയര്‍ന്നിട്ടും സര്‍ക്കാരിന് കുലുക്കമില്ല. അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റംചുമത്തി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയെയും ജയിലിലടച്ച പൊലീസ്, രണ്ടുപേരെ വധിക്കാനുള്ള ബഷീറിന്റെ ആഹ്വാനത്തിന് സാക്ഷിയായ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ തൊടുന്നില്ല. കൊല നടക്കാന്‍ പോകുന്നു എന്നറിഞ്ഞിട്ടും തടയാതിരുന്ന തങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമല്ലേ?
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് കെപിസിസി ജനറല്‍സെക്രട്ടറി കെ സുധാകരന്റെ വീട്ടിലാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രശാന്ത്ബാബു വെളിപ്പെടുത്തിയിട്ട് മാസങ്ങളായി. കുറ്റവാളി ഇപ്പോഴും നെഞ്ചുവിരിച്ച് നടക്കുന്നു. സിപിഐ എം നേതാക്കള്‍ പ്രസംഗിച്ചാലും വാര്‍ത്താസമ്മേളനം നടത്തിയാലും കേസെടുക്കുന്ന നാട്ടിലാണ് ഇതെന്നോര്‍ക്കണം. വൈദ്യുതിനിരക്ക് വര്‍ധനയ്ക്കെതിരെ കണ്ണൂര്‍ വൈദ്യുതിഭവനിലേക്ക് മാര്‍ച്ച് നടത്തിയതിനാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് അടക്കമുള്ള യുവജനനേതാക്കളെ ജാമ്യം കിട്ടാത്ത വകുപ്പുകളില്‍പ്പെടുത്തി ജയിലിലടച്ചത്. ജില്ലയിലെ എസ്എഫ്ഐ നേതാക്കള്‍ ഒന്നടങ്കം ജയിലിലാണ്. വരാന്‍ പോകുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള അരങ്ങൊരുക്കലാണ് ഇതന്നറിയാന്‍ മഷിയിട്ടു നോക്കേണ്ട.
(പി ദിനേശന്‍)
കൊല്ലുന്ന സര്‍ക്കാരിന് തിന്നുന്ന പൊലീസ്
ബിഹാറിലെ ഗയയില്‍നിന്ന് മനോനില തെറ്റി കേരളത്തിലെത്തിയ സത്നാംസിങ് എന്ന നിയമവിദ്യാര്‍ഥിയുടെ ജഡമാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. റോഡില്‍ പടക്കം പൊട്ടിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസിന്റെ ക്രൂരമര്‍ദനത്തെതുടര്‍ന്ന് ജീവനൊടുക്കി. ചാലക്കുടിയില്‍ അറുപത്തഞ്ചുകാരിയായ ആദിവാസിസ്ത്രീയെ പൊലീസ് തല്ലിച്ചതച്ചു. വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്തും ലാത്തിച്ചാര്‍ജ് ചെയ്തും പൊലീസ് കലിതീര്‍ത്തു. കസ്റ്റഡിയിലെടുത്തവരും റിമാന്‍ഡില്‍ കഴിഞ്ഞവരുമായ ഒരുഡസനോളം പേരുടെ ജീവന്‍ പൊലീസ് കവര്‍ന്നു. യുഡിഎഫ് ഭരണത്തില്‍ പൊലീസിന് കൊലയാളികളുടെ മുഖം കൈവന്നിരിക്കുകയാണ്. കൊല്ലുന്ന സര്‍ക്കാരിന് തിന്നുന്ന പൊലീസ് എന്നതാണ് സ്ഥിതി. സത്നാംസിങ് എന്ന യുവാവ് മനോരോഗ ആശുപത്രിയിലാണ് മരിച്ചതെങ്കിലും പൊലീസിന് ആ കൊലയില്‍ പങ്കുണ്ടെന്ന് വ്യക്തം. പക്ഷേ, മനോരോഗാശുപത്രിയിലെ ഏതാനും ജീവനക്കാരില്‍ അന്വേഷണം അവസാനിച്ചു. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍നിന്ന് വധശ്രമക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത സത്നാംസിങ്ങിനെ പൊലീസ് ലോക്കപ്പിലും കൊല്ലം ജയിലിലും ക്രൂരമായി മര്‍ദിച്ചശേഷമാണ് മനോരോഗാശുപത്രിയില്‍ എത്തിച്ചത്.
ജനകീയസമരങ്ങള്‍ അടിച്ചമര്‍ത്തിയും ഭീകരത അഴിച്ചുവിട്ടും നീങ്ങുന്ന കേരള പൊലീസിന്റെ ദയനീയമുഖമാണ് ആട് ആന്റണിയിലൂടെ വെളിവായത്. തങ്ങളുടെ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നശേഷം മുങ്ങിയ ആട് ആന്റണിയെ ഒന്നരമാസം കഴിഞ്ഞിട്ടും പൊലീസ് പിടികൂടിയിട്ടില്ല. യുവാവിനെ ബസില്‍നിന്ന് പിടിച്ചിറക്കി ചവിട്ടിക്കൊന്നത് കെ സുധാകരന്‍ എംപിയുടെ ഗണ്‍മാനാണ്. പാലക്കാട് പെരുവെമ്പ് തങ്കയംവീട്ടില്‍ രഘുവാണ് പെരുമ്പാവൂരില്‍ മരിച്ചത്. പോക്കറ്റടിആരോപിച്ചാണ് ഗണ്‍മാന്‍ സതീഷും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചുകൊന്നത്. നാട്ടുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും തടഞ്ഞുവച്ചതിനാല്‍ ഇയാളെ പിടികൂടാനായി. വനിതാ പൊലീസിന്റെ മുന്നില്‍വച്ച് യുവാവിനെ നഗ്നനാക്കി വിലങ്ങിട്ട് പൂട്ടി മര്‍ദിച്ചത് ഉരുട്ടിക്കൊലയുടെ കുപ്രസിദ്ധിയുള്ള തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലാണ്. ഉരുട്ടിക്കൊല നടന്ന സമയത്തും മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയായിരുന്നുവെന്നത് യാദൃച്ഛികതയെന്ന് കരുതാന്‍ വയ്യ.
വൃദ്ധദമ്പതികളെ മണിക്കൂറുകളോളം പീഡിപ്പിച്ചത് പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ്. ഭക്ഷണവും മരുന്നും നല്‍കാതെ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന പീഡനത്തിനൊടുവില്‍ റിട്ട. അധ്യാപകരായ വൃദ്ധദമ്പതികള്‍ ആശുപത്രിയിലായി. പൊലീസ് മര്‍ദനത്തെതുടര്‍ന്ന് വിതുരയില്‍ യുവാവ് തൂങ്ങിമരിച്ചപ്പോള്‍ ആദിവാസിയായ ബാങ്ക് ജീവനക്കാരന്‍ പൊലീസ് മര്‍ദനംമൂലം ജീവനൊടുക്കി. ആറന്മുള മാതൃകാ പൊലീസ് സ്റ്റേഷനില്‍ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചശേഷം മൂത്രവും മദ്യവും കുടിപ്പിച്ചു "ജനകീയ പൊലീസ്". എല്ലാ ജില്ലയിലും പൊലീസ് കസ്റ്റഡിയില്‍ നിരപരാധികള്‍ മരിച്ചതാണ് യുഡിഎഫ് ഭരണത്തിന്റെ ബാക്കിപത്രം. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവങ്ങളും ഏറെ. അതേസമയം, സമരങ്ങളോട് ക്രൂരത കാണിച്ച പൊലീസ് സ്കൂള്‍വിദ്യാര്‍ഥികളെപ്പോലും വെറുതെ വിട്ടില്ല. വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത ഡിവൈഎസ്പി രാധാകൃഷ്ണപിള്ള ഇപ്പോഴും സര്‍വീസിലുണ്ട്. തലസ്ഥാനത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായ നിയാസിനെ വളഞ്ഞിട്ട് ലാത്തി ഒടിയുംവരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെയും നടപടിയില്ല.
കണ്ണൂരില്‍ അടിയന്തരാവസ്ഥയെ വെല്ലുന്ന ഭരണകൂട ഭീകരത
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പ് അത്ര കടുത്ത വകുപ്പൊന്നുമല്ലെന്ന് നിയമത്തെക്കുറിച്ച് സാമാന്യപരിജ്ഞാനമുള്ളവര്‍ പറയും. ഒരു കുറ്റകൃത്യം നടക്കുന്നതായി മുന്‍കൂട്ടി അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ യഥാസമയം അറിയിച്ച് തടഞ്ഞില്ലെങ്കില്‍ ചുമത്തുന്ന കുറ്റം. സാധാരണഗതിയില്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്നു തന്നെ ജാമ്യം ലഭിക്കാവുന്നത്. പക്ഷേ, കള്ളക്കേസില്‍പ്പെടുത്തിയ സിപിഐഎ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും സംസ്ഥാനകമ്മിറ്റി അംഗവും എംഎല്‍എയുമായ ടി വി രാജേഷിന്റെയും കാര്യമാകുമ്പോള്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്നെന്നല്ല, ഹൈക്കോടതിയില്‍നിന്നു പോലും ജാമ്യം ലഭിക്കുന്നില്ല. ഇതെന്തുകൊണ്ടെന്ന് ചികയുമ്പോഴാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ തകര്‍ക്കാന്‍ നടത്തുന്ന നികൃഷ്ടമായ നീക്കം പുറത്തുവരിക.
മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിചേര്‍ക്കണമെന്നത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്നെടുത്ത രാഷ്ട്രീയ തീരുമാനമാണ്. ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം. സ്വന്തം മാധ്യമങ്ങളെ ഉപയോഗിച്ച് "പാര്‍ടി കോടതി" വാര്‍ത്തയും മറ്റും ചമച്ചത് ഇതിനായിരുന്നു. പക്ഷേ, പൊലീസ് "തലകുത്തിമറിഞ്ഞിട്ടും" ഇതുസംബന്ധിച്ച ഒരു തെളിവും ലഭിച്ചില്ല. ഒടുവില്‍, മുന്‍കൂട്ടി അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റം ചുമത്താന്‍ നിര്‍ബന്ധിതമാവുകയായിരുന്നു പൊലീസ്. കേസില്‍ പി ജയരാജനും രാജേഷും ഉള്‍പ്പെടെ 30 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. മറ്റ് 28 പ്രതികളെയും അറസ്റ്റ് ചെയ്തപ്പോള്‍ ഇല്ലാതിരുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയരാജനെ അറസ്റ്റ് ചെയ്തതോടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടത് യാദൃച്ഛികമല്ല. ജയരാജനെ അറസ്റ്റുചെയ്തപ്പോള്‍ സംസ്ഥാനത്താകെ അക്രമമുണ്ടായെന്നും ഇത്രയും സ്വാധീനമുള്ള ആള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വിചിത്രവാദമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറും ഹൈക്കോടതിയില്‍ ഡിജിപിയും ഉന്നയിച്ചത്.
അടിയന്തരാവസ്ഥാ നാളുകളെ വെല്ലുന്ന ഭരണകൂട ഭീകരതയാണ് കണ്ണൂര്‍ ജില്ലയിലെമ്പാടും. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഷുക്കൂര്‍ കേസിനുപുറമെ ഫസല്‍, ചന്ദ്രശേഖരന്‍ വധക്കേസുകളും സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാനുള്ള ഉപാധിയായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഫസല്‍ വധക്കേസില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയായിരുന്നു. ഫസല്‍ കേസില്‍ ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ സിപിഐ എമ്മിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. വധത്തിനുപിന്നില്‍ സിപിഐ എമ്മാണെന്ന "കണ്ടെത്തല്‍" സിബിഐയുടേതാണ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇതെന്നത് പകല്‍പോലെ വ്യക്തം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആസഫലിയും മുഖ്യപങ്കുവഹിച്ചു. ഫസലിനെ കൊല്ലാന്‍ നിര്‍ദേശിച്ചത് സിപിഐ എം നേതാക്കളാണെന്ന് പറഞ്ഞാല്‍ മാപ്പുസാക്ഷികളാക്കാമെന്ന് പ്രതികള്‍ക്ക് സിബിഐ വാഗ്ദാനം നല്‍കിയതായി പുറത്തുവന്നിട്ടുണ്ട്.
(പി സുരേശന്‍)
തോല്‍ക്കാന്‍ വാദം ശക്തം
സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി കേസുകള്‍ അട്ടിമറിച്ച് പൊതുസ്വത്ത് അന്യാധീനപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. ഇതിനായി അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്തന്നെ ദുരുപയോഗിക്കുകയാണെന്ന ആക്ഷേപം ശക്തം. കേസുകളെ ചൊല്ലി മന്ത്രിമാര്‍ തമ്മിലും നിയമ, റവന്യു വകുപ്പുകള്‍ തമ്മിലും സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ക്കിടയിലുമുള്ള ഭിന്നതകള്‍ ഇതിനകം മറനീക്കി. കര്‍ഷകരെന്ന പേരില്‍ നെല്ലിയാമ്പതിയില്‍ 280 ഏക്കറോളം വനഭൂമി അനധികൃതമായി കൈയേറിയവരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. നിയമമന്ത്രിയുടെയും ചീഫ് വിപ്പിന്റെയും വേണ്ടപ്പെട്ടവരാണ് കൈയേറ്റക്കാര്‍ എന്നതുകൊണ്ട് കൈമെയ് മറന്ന് അവര്‍ രംഗത്തുവന്നു. റവന്യു കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്തുവന്ന സ്പെഷ്യല്‍ പ്ലീഡറെ നെല്ലിയാമ്പതി ഉള്‍പ്പെടെ വനംകേസുകള്‍ ഏല്‍പ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഒരാഴ്ചയോളം നിയമവകുപ്പില്‍ നടപടിയില്ലാതെ കിടന്ന സര്‍ക്കാര്‍ ഉത്തരവ് ഒടുവില്‍ പുകയായി. പതിവുപോലെ സര്‍ക്കാരിന്റെ വക്കാലത്തുമായിട്ടാണെങ്കിലും കൈയേറ്റക്കാരുടെ വക്കീലായി എജിയോ അദ്ദേഹത്തിന്റെ സില്‍ബന്തികളോ കോടതിയില്‍ ഹാജരായി. ഇതിനിടെ, നല്ലനിലയില്‍ നടന്നുവന്ന റവന്യു കേസുകള്‍ സ്വയം ഏറ്റെടുക്കാനും എജി ശ്രമിച്ചു. സ്പെഷ്യല്‍ പ്ലീഡര്‍ സുശീലഭട്ടിന്റെ ചെറുത്തുനില്‍പ്പുകൊണ്ടു മാത്രം ആ ശ്രമം പരാജയപ്പെട്ടു. സുശീലഭട്ടിനെ തല്‍സ്ഥാനത്തുനിന്നു നീക്കാന്‍ മന്ത്രിസഭാതലത്തില്‍ ശ്രമമുണ്ടായി.
നെല്ലിയാമ്പതി ഉള്‍പ്പെടെ വനംകേസുകളില്‍ കോടതിയില്‍ ഹാജരാക്കാന്‍ സ്പെഷ്യല്‍ പ്ലീഡര്‍ എം കെ മാധവന്‍കുട്ടി തയ്യാറാക്കിയ സത്യവാങ്മൂലത്തെച്ചൊല്ലി വനം-നിയമ വകുപ്പുകള്‍ ഏറ്റുമുട്ടി. സര്‍ക്കാര്‍ അനുകൂല വാദങ്ങള്‍ വെട്ടിമാറ്റിയാണ് സ്പെഷ്യല്‍ പ്ലീഡര്‍ സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് വനംവകുപ്പ് പരാതിപ്പെട്ടു. തന്റെ തിരുത്തല്‍ വീണ്ടും തിരുത്തി വനം ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് സ്പെഷ്യല്‍ പ്ലീഡര്‍ എജിയോട് പരാതിപ്പെട്ടപ്പോള്‍ വകുപ്പ്ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാരിന് തിരുത്തേണ്ടിവന്നു. ഭരണം നിയന്ത്രിക്കുന്ന പ്രമുഖ സമുദായത്തിന്റെ നോമിനിയാണ് വിവാദത്തിലായ സ്പെഷ്യല്‍ പ്ലീഡര്‍.
ഗുരുതരമായ ആക്ഷേപങ്ങളാണ് എജിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഉയരുന്നത്. എജി നേരിട്ടു ഹാജരായ ചെറുന്നെല്ലി എസ്റ്റേറ്റ് കേസ്, രവിവര്‍മ എസ്റ്റേറ്റ് കേസ്, നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റ് കേസ് എന്നിവയില്‍ സര്‍ക്കാര്‍ ദുര്‍ബലവാദങ്ങളാണ് ഉന്നയിച്ചത്. മറ്റു കേസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം കേസ് നടത്തിപ്പിന്റെയും നിയമോപദേശത്തിന്റെയും ചുമതലയുള്ള സ്റ്റാന്‍ഡിങ് കോണ്‍സല്‍മാര്‍ എജിയുടെ സ്വകാര്യ സ്ഥാപനത്തിലുള്ളവരാണ്. സര്‍ക്കാരിനെതിരായ കേസുകള്‍ നടത്തുന്നതും ഇവര്‍ തന്നെ. എജിയുടെ മകന്‍ മില്ലു ദണ്ഡപാണിക്കു മാത്രം സിവില്‍ സപ്ലൈസ്, കൊച്ചി നഗരസഭ, ജിസിഡിഎ, വാട്ടര്‍ അതോറിറ്റി എന്നിവ ഉള്‍പ്പെടെ 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ചുമതലയുണ്ട്. സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസുകളില്‍ അനുകൂലവിധി കിട്ടുമെന്ന പ്രതീക്ഷയില്‍ എജിയുടെ മകനും ഭാര്യയും നടത്തുന്ന അഭിഭാഷകസ്ഥാപനത്തിലേക്ക് പ്രമുഖ കക്ഷികള്‍ വക്കാലത്ത് മാറ്റുന്നതായും ആക്ഷേപമുണ്ട്. മനോരമയുടെ നിയമോപദേഷ്ടാവായ കെ പി ദണ്ഡപാണി എംആര്‍എഫ് കമ്പനിക്കെതിരായ 30 കോടിയുടെ നികുതി കേസില്‍ സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നു. നികുതി കേസുകളുടെ ചുമതലയുള്ള സ്പെഷ്യല്‍ പ്ലീഡറെ ഒഴിവാക്കിയാണ് എജി ഹാജരായത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ വിചിത്ര വാദം കോടതിയില്‍ വിളിച്ചുപറഞ്ഞതും എജി തന്നെ. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കേണ്ടതില്ലെന്നും മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ആഘാതം താങ്ങുമെന്നുമാണ് എജി കോടതിയെ അറിയിച്ചത്.
ചില്ലറവിപണിയില്‍ എഫ്ഡിഐ: മുന്‍കൈയെടുത്ത് ആന്റണി
ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള നീക്കം സജീവമാക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി രംഗത്ത്. ഇക്കാര്യത്തില്‍ എതിര്‍പ്പുള്ള യുപിഎ ഘടകകക്ഷികളെ അനുനയിപ്പിക്കലാണ് ആന്റണിയുടെ ദൗത്യം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി ആന്റണി ദൗത്യത്തിന് തുടക്കമിട്ടു. കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെത്തിയ ആന്റണി, മമതയുമായി നടത്തിയ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ എഫ്ഡിഐ വിഷയത്തില്‍ കേന്ദ്രം തയ്യാറാക്കുന്ന പുതിയ നയത്തിന് പിന്തുണ തേടി. സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കുന്നതാകും പുതിയ നയം. എതിര്‍പ്പുള്ള സംസ്ഥാനങ്ങള്‍ക്ക് ചില്ലറരംഗത്ത് എഫ്ഡിഐ വേണ്ടെന്ന നിലപാട് തുടരാം. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കും. ചില്ലറവിപണിയില്‍ എഫ്ഡിഐ വരുന്നതിനോട് നേരത്തെ തൃണമൂല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തൃണമൂലിന് ഇതേനിലപാട് തുടരാമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ എഫ്ഡിഐ നടപ്പാക്കുന്നതിനെ എതിര്‍ക്കരുതെന്നും ആന്റണി മമതയോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശും രാജസ്ഥാനും ഡല്‍ഹിയും എഫ്ഡിഐ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ ന്യായം ഉന്നയിച്ചാണ് താല്‍പ്പര്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ എഫ്ഡിഐ അനുവദിക്കണമെന്ന് കേന്ദ്രം വാദിക്കുന്നത്. സെപ്തംബറില്‍ ഇതുസംബന്ധിച്ച നയപ്രഖ്യാപനമുണ്ടാകുന്നതോടെ ചില്ലറവില്‍പ്പന വിപണിയില്‍ ഭാഗികമായി എഫ്ഡിഐ വരുന്നതിന് വഴിയൊരുങ്ങും. കേരളം ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും എഫ്ഡിഐക്ക് അനുകൂലമായ നിലപാടില്‍ എത്തിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. ആന്റണിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. വളര്‍ച്ചനിരക്ക് ഉയര്‍ത്തുന്നതിന് സാമ്പത്തികപരിഷ്കാരങ്ങള്‍ തീവ്രമാക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ധനമന്ത്രിയായി ചുമതലയേറ്റ പി ചിദംബരത്തിന് കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇക്കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കി. പരിഷ്കരണനടപടികളില്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ചിദംബരത്തിന്റെ സഹായിയാകും. വാണിജ്യരംഗത്ത് നിരവധി പരിഷ്കാരം സെപ്തംബറില്‍ പ്രഖ്യാപിക്കുമെന്ന് ആനന്ദ്ശര്‍മ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
(എം പ്രശാന്ത്)
ദല്ലാള്‍ നന്ദകുമാര്‍: സിബിഐ അന്വേഷണം അട്ടിമറിച്ചത് തിരുവഞ്ചൂര്‍
വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരായ സിബിഐ അന്വേഷണം അട്ടിമറിച്ചത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നതിന് കൂടുതല്‍ തെളിവുകള്‍. നൂറ് കോടിരൂപയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കാതെയും സുപ്രീംകോടതിയില്‍ നന്ദകുമാര്‍ സ്റ്റേ ഹര്‍ജി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകനെ ഹാജരാകാന്‍ നിര്‍ദേശിക്കാതെയുമാണ് ആഭ്യന്തരമന്ത്രി അന്വേഷണം മുടക്കിയത്.
കോടതി വ്യവഹാരങ്ങളില്‍ പ്രതിക്കു വേണ്ടിയും വാദിക്കുവേണ്ടിയും മാറിമാറി ഇടപെട്ട് കോടികള്‍ വഴിവിട്ട് സമ്പാദിച്ചുവെന്നാണ് നന്ദകുമാറിനെതിരെ ഉയര്‍ന്ന പരാതി. സംസ്ഥാനത്തിനകത്തും പുറത്തും ചില ഉന്നതര്‍ ഇയാളുടെ കക്ഷികളാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മന്ത്രി തിരുവഞ്ചൂരിന് ഇയാളുമായുള്ള അടുത്ത ബന്ധം വിവാദമുയര്‍ത്തിയിരുന്നു.
ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയെത്തുടര്‍ന്ന് ഫെബ്രുവരി 22ന് ഇയാള്‍ക്കെതിരെ സിബിഐ അന്വേഷണം നടത്താനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഇത് പൂഴ്ത്തിവച്ചു. നന്ദകുമാര്‍ ഹൈക്കോടതിയില്‍ സ്റ്റേ ഹര്‍ജി നല്‍കിയപ്പോള്‍ വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തെന്നാണ് ആഭ്യന്തരമന്ത്രിയുടെ വിശ്വസ്തനും കോണ്‍ഗ്രസ് നേതാവുമായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി മെയ് എട്ടിന് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍, ഇങ്ങനെ സത്യവാങ്മൂലം നല്‍കിയപ്പോഴും ഫയല്‍ മന്ത്രിയുടെ ഓഫീസില്‍ വിശ്രമിക്കുകയായിരുന്നു. ഹൈക്കോടതി സ്റ്റേ അനുവദിക്കാത്തതിനെത്തുടര്‍ന്ന് നന്ദകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഘട്ടത്തില്‍പോലും വിജ്ഞാപനം അയച്ചുകൊടുത്ത് സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ അഭിഭാഷകനെ ഹാജരാക്കാനും ആഭ്യന്തരവകുപ്പ് നടപടി എടുത്തില്ല. മൂന്ന് മാസത്തിലേറെയാണ് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഫയല്‍ പൂഴ്ത്തിവച്ചത്. കേസ് രണ്ട് തവണ മാറ്റിവച്ചപ്പോഴും അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഏകപക്ഷീയമായി മെയ് 25ന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. സ്റ്റേ നീക്കാന്‍ ആഭ്യന്തരമന്ത്രി മുന്‍കൈ എടുത്തില്ല.
ഇത് സംബന്ധിച്ച് പരിശോധിച്ച് മറുപടി പറയാമെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. സുപ്രീംകോടതി സ്റ്റേ അനുവദിച്ചതുകൊണ്ടാണ് വിജ്ഞാപനം അയച്ചുകൊടുക്കാത്തതെന്ന് പിന്നീട് തിരുത്തി. ഈ വാദവും പൊളിഞ്ഞപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ അത് വാങ്ങിക്കൊണ്ടുപോകേണ്ട ചുമതല സിബിഐ ഉദ്യോഗസ്ഥര്‍ക്കാണെന്ന വിചിത്രവാദവും ഉയര്‍ത്തി. സിബിഐ ഉദ്യോഗസ്ഥര്‍ വന്ന് വാങ്ങാത്തതിനാലാണ് വിജ്ഞാപനം കൈമാറാത്തതെന്ന് പറയാനും മന്ത്രി മടിച്ചില്ല. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പരാതിയില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഫയല്‍ ഇപ്പോള്‍ അയച്ചുകൊടുക്കേണ്ടെന്ന് മന്ത്രി പ്രത്യേകം നിര്‍ദേശിച്ചതിനാലാണ് അയക്കാതിരുന്നതെന്ന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം സലീം അറിയിച്ചതായും ജോമോന്‍ പരാതിയില്‍ പറയുന്നു.
അഴിമതിക്ക് അവസരമൊരുക്കി വൈദ്യുതി ബോര്‍ഡില്‍ സ്ഥലംമാറ്റം
അഴിമതിക്ക് അവസരമൊരുക്കി വൈദ്യുതി ബോര്‍ഡില്‍ സ്ഥലംമാറ്റം. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലംമാറ്റം നടത്തി ഭരണാനുകൂല സംഘടനകള്‍ക്ക് പണം കൊയ്യാനും അംഗങ്ങളെ ചേര്‍ക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി മുന്‍കാലങ്ങളില്‍ ബോര്‍ഡില്‍ സ്വീകരിച്ചിരുന്ന സ്ഥലംമാറ്റ നടപടിക്രമങ്ങള്‍ അട്ടിമറിച്ചു. ഫെബ്രുവരി അവസാനത്തോടെ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ച് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സൂക്ഷ്മപരിശോധനക്കുശേഷം മാറ്റത്തിനര്‍ഹരായവരുടെ ഉത്തരവ് മെയ് അവസാനത്തോടെ പുറത്തിറക്കും. ജീവനക്കാര്‍ക്ക് പുതിയ സ്ഥലവുമായി പൊരുത്തപ്പെടാനും പുതിയ അധ്യയനവര്‍ഷം കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനും ഇതുവഴി സാധിക്കും. മാറ്റത്തിനുമുമ്പ് സംഘടനകളുമായി ചര്‍ച്ച നടത്തുന്നതും പതിവാണ്. ഇതിനുപുറമെ വിധവകള്‍, മാരകരോഗം ബാധിച്ചവര്‍, ബോര്‍ഡിനുകീഴിലെ ജീവനക്കാരുടെ സഹകരണസ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാറുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും സംഘടനാ വിധേയത്വമോ വിരോധമോ കണക്കിലെടുക്കാതെ ഉപഭോക്താക്കളുടെയും പൊതുതാല്‍പര്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് സ്ഥലമാറ്റം നല്‍കിയത്.
മെയ് അവസാനം പുറത്തിറക്കേണ്ട ഉത്തരവിറക്കിയത് ആഗസ്ത് രണ്ടാംവാരത്തില്‍. സ്ഥലംമാറ്റം ചര്‍ച്ച ചെയ്യാന്‍ സംഘടനകളെ വിളിച്ചതാകട്ടെ ജൂലൈ 26നും. പിന്നീട,് ജീവനക്കാരുടെ നിലവിലെ ഒഴിവുകളും എണ്ണവും തമ്മില്‍ തീരെ പൊരുത്തമില്ലാത്ത കരട് സീനിയോറിറ്റി ലിസ്റ്റുണ്ടാക്കി. ഇതിനുസരിച്ച് മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് മാറ്റം നടത്തുകയാണ് ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും അശാസ്ത്രീയമായ രീതിയിലാണ് സ്ഥലംമാറ്റം. വടകര ഡിവിഷനില്‍ ആവശ്യത്തിന് ലൈന്‍മാന്‍മാരുള്ളപ്പോള്‍ തെക്കന്‍ ജില്ലകളില്‍നിന്ന് ഇവിടെ വീണ്ടും ലൈന്‍മാന്‍മാരെ നിയോഗിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ ഡിവിഷനിലുംഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ തലതിരിഞ്ഞ സമീപനം സ്വീകരിച്ചത്. വര്‍ക്കര്‍ മുതല്‍ സബ് എന്‍ജിനിയര്‍ വരെയുള്ള തസ്തികകളില്‍ ക്രമവിരുദ്ധമായി മാറ്റമുണ്ടായി.
deshabhimani 200812
യുഡിഎഫ് ഭരണത്തില്‍ നടക്കുന്ന നീതിനിര്‍വഹണത്തിലെ ഇരട്ടത്താപ്പും രാഷ്ട്രീയ മുതലെടുപ്പും അത്യന്തം അപകടകരമായ സാഹചര്യത്തിലേക്ക് കേരളത്തെ തള്ളിവിടുന്നു. കൊലക്കേസുകളിലടക്കം രാഷ്ട്രീയവിവേചനം പ്രകടമായതോടെ ഭരണഘടന ഉറപ്പുനല്‍കുന്ന നിഷ്പക്ഷമായ നീതിനിര്‍വഹണമെന്ന കാഴ്ചപ്പാടുതന്നെ അട്ടിമറിക്കപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ പോലും രാഷ്ട്രീയം പരിഗണിച്ച് പ്രതികളെ നിശ്ചയിക്കുന്നത് സംസ്ഥാനചരിത്രത്തില്‍ ആദ്യം.
ReplyDelete