Tuesday, August 21, 2012

എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍നിന്ന് പുറത്താക്കി; രോഗി ആത്മഹത്യ ചെയ്തു


എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ മനംനൊന്ത് ക്യാന്‍സര്‍രോഗി ആത്മഹത്യ ചെയ്തു. ബെള്ളൂര്‍ സരോളി മൂലയിലെ ജാനുനായ്ക്ക് (60) ആണ് തിങ്കളാഴ്ച വൈകിട്ട് വിഷം കഴിച്ചു മരിച്ചത്.

വര്‍ഷങ്ങളായി ക്യാന്‍സര്‍രോഗിയായ ജാനുനായ്ക്കിനെ എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ ക്യാമ്പിലെ വിശദപരിശോധനയെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയില്‍പ്പെടുത്തിയത്. അന്നുമുതല്‍ ചികിത്സാസഹായവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യവും ലഭിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അടുത്തിടെ പട്ടിക പുതുക്കിയതോടെ ജാനുനായ്ക്ക് ഉള്‍പ്പെടെ നൂറുകണക്കിന് രോഗികള്‍ പുറത്തായി. കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം കൊടുക്കുന്നതിന്റെ മറവിലാണ് സര്‍ക്കാര്‍ പട്ടിക പുതുക്കിയത്. 4079 പേരുണ്ടായിരുന്ന പട്ടികയില്‍നിന്ന് 3000 ആളുകളെ പുറത്താക്കിയ കരട് ലിസ്റ്റാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.നിരവധി ദുരന്തബാധിതരുള്ള ബെള്ളൂര്‍ പഞ്ചായത്തില്‍ വെറും ഒമ്പതുപേരേ കരട്ലിസ്റ്റിലുള്ളൂ.

ലിസ്റ്റില്‍ തന്റെ പേര് ഉള്‍പ്പെട്ടില്ലെന്നറിഞ്ഞതോടെ വിഷണ്ണനായ അദ്ദേഹം മരിക്കാന്‍ പോവുകയാണെന്ന് നാട്ടുകാരോട് പറഞ്ഞാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ലക്ഷ്മി. മക്കള്‍: ലളിത, രാമനായക്, വിമല, സുന്ദര, യശോദ.

സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കൊല്ലുന്നു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കൊല്ലുന്ന സമീപനമാണ് കരട് ലിസ്റ്റിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. ഇതിന്റെ അനന്തര ഫലമാണ് ജാനുനായ്ക്കിന്റെ ആത്മഹത്യ. മനുഷ്യാവകാശ കമീഷന്‍ നിര്‍ദ്ദേശിച്ച സാമ്പത്തിക സഹായം ലഭിക്കേണ്ടവരുടെ പട്ടികയില്‍ തന്റെ പേരില്ലെന്ന് അറിഞ്ഞ സമയത്താണ് ജാനു നായ്ക്ക് ജീവനൊടുക്കിയത്. ജനറല്‍ ആശുപത്രിയില്‍ ജാനുനായ്ക്കിന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയ എം പി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വിദഗ്ധര്‍ പങ്കെടുത്ത നാല് മെഡിക്കല്‍ ക്യാമ്പുകളിലൂടെയാണ് ബെളളൂര്‍ പഞ്ചായത്തില്‍ സഹായത്തിനര്‍ഹരായ 151 ആള്‍ക്കാരുടെ ലിസ്റ്റ് തയ്യാറാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ചെയ്തതാകട്ടെ പ്രത്യേക പരിശോധന നടത്തി ഇത് ഒമ്പതാക്കി കുറച്ചു. നേരത്തേ പെന്‍ഷനും ചികിത്സയും ലഭിച്ചിരുന്ന ജാനുനായ്ക്ക് ആദ്യത്തെ ലിസ്റ്റില്‍ ആറാമത്തെ ആളായിരുന്നു. അദ്ദേഹത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയതിന്റെ ദുരന്തമാണ് ഈ ദാരുണ സംഭവം. വളരെ ക്രൂരമായ വിനോദമാണ് സര്‍ക്കാര്‍ ഇതിലൂടെ നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരെന്ന് കേള്‍ക്കുന്ന് തന്നെ സര്‍ക്കാരിന് അലര്‍ജിയായിരിക്കുന്നു. ദുരന്തബാധിതരല്ല മറിച്ച് എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ കാര്യമാണ് ഇവരുടെ മനസില്‍. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലാ പഞ്ചായത്തും എന്‍ഡോസള്‍ഫാന്‍ സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റില്‍ 4182 പേരാണ് ഉള്ളത്. മരണപ്പെട്ട അഞ്ഞൂറോളം പേര്‍ക്ക് 1 ലക്ഷം രൂപ വീതം നേരത്തേ സാമ്പത്തിക സഹായം നല്‍കിയിരുന്നു.മറ്റുള്ളവര്‍ക്ക് ചികിത്സാ സഹായവും നല്‍കി. ഇടതുപക്ഷ സര്‍ക്കാര്‍ കാര്യക്ഷമമായി പദ്ധതികള്‍ നടപ്പാക്കി.

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് പരിശോധന നടത്തി ലിസ്റ്റില്‍ വലിയ കുറവു വരുത്തി. ദുരന്തബാധിതര്‍ക്ക് നല്‍കുന്ന ധനസഹായം ചുരുക്കാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. നേരത്തേയുള്ള നാലായിരത്തിലേറെ പേരുടെ ലിസ്റ്റില്‍ വലിയ കുറവു വരുത്തി ചുരുക്കം ആളുകള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍സ്വീകരിക്കുന്നത്. പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കു മാത്രം സഹായം നല്‍കുന്ന സമീപനം തീര്‍ത്തും തെറ്റാണ്. ക്യാന്‍സര്‍രോഗികളെയും മനോരോഗം ബാധിച്ചവരെയും ഒഴിവാക്കിയതാണ് ലിസ്റ്റില്‍ ആളുകള്‍ കുറയാന്‍ കാരണം. എംപി എന്ന നിലയില്‍ തന്നെയോ മറ്റ് ജന പ്രതിനിധികളെയോ എന്‍ഡോസള്‍ഫാന്‍ സെല്ലിനെയോ പുതിയ ലിസ്റ്റിന്റെ കാര്യം അറിയിച്ചില്ല. ലിസ്റ്റ് അപകാതയുള്ളതാണ്. ഇത് പൂര്‍ണമായി തിരുത്തണം. എന്‍ഡോസള്‍ഫാന്‍ സെല്‍ വഴി ചര്‍ച്ച ചയ്യാതെ ഉദ്യോഗസ്ഥ തലത്തില്‍ മാത്രമെടുക്കുന്ന തീരുമാനത്തിന്റെ വൈകല്യമാണിതെല്ലാം. അടിയന്തിരമായും ഇത്തരം പ്രശ്നങ്ങള്‍ക്ക് മുഖ്യമന്ത്രി പരിഹാരം കാണണം. ജാനുനായ്ക്കിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണം. ചികിത്സ സൗകര്യം നിഷേധിക്കുന്ന നിലപാടില്‍ പ്രതിഷേധിക്കുന്നതായും എംപി പറഞ്ഞു. സെല്ലില്‍ അറിയിക്കാതെ ലിസ്റ്റ് നേരിട്ട് പഞ്ചായത്തുകള്‍ക്ക് അയച്ചുകൊടുത്ത നടപടി ശരിയായില്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളദേവി പറഞ്ഞു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഘട്ടം ഘട്ടമായെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

deshabhimani news

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ മനംനൊന്ത് ക്യാന്‍സര്‍രോഗി ആത്മഹത്യ ചെയ്തു. ബെള്ളൂര്‍ സരോളി മൂലയിലെ ജാനുനായ്ക്ക് (60) ആണ് തിങ്കളാഴ്ച വൈകിട്ട് വിഷം കഴിച്ചു മരിച്ചത്.

    ReplyDelete