Sunday, August 19, 2012
ദുബായ് പോര്‍ട്ടിന് വല്ലാര്‍പാടം കറവപ്പശു
ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്തിപ്പുകാരായ വിദേശ കുത്തകക്കമ്പനിയുടെ കറവപ്പശുവായി മാറുന്നു. വല്ലാര്‍പാടത്തിന്റെ നിലനില്‍പ്പിനായി കൊച്ചി തുറമുഖട്രസ്റ്റ് കടക്കെണിയിലേക്കും നീങ്ങുന്നു. ഇടപാടുകാര്‍ക്ക് കണ്ടെയ്നര്‍ ഒന്നിന് 300 ഡോളര്‍ ലാഭിക്കാനാവുമെന്നാണ് ടെര്‍മിനല്‍ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചതെങ്കിലും നിലവില്‍ മുമ്പത്തേക്കാള്‍ 5000 രൂപയോളം (100 ഡോളര്‍) അധികമായി ചെലവിടേണ്ട സാഹചര്യമാണ്. ടെര്‍മിനലിലൂടെ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡ് കൈ നയാതെ വന്‍നേട്ടം കൊയ്യുന്നു.
2011 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി 1700 കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചത്. കപ്പല്‍ചാലിലെ ചളി നീക്കാനും ഇതര അനുബന്ധസൗകര്യങ്ങള്‍ ഒരുക്കാനുമായി തുറമുഖ ട്രസ്റ്റും കോടികള്‍ ചെലവഴിച്ചു. ഇതിലൂടെ നിലവില്‍ 500 കോടി രൂപയുടെ ബാധ്യതയാണ് തുറമുഖ ട്രസ്റ്റിന്. ചളി നീക്കാന്‍ മാത്രം പ്രതിവര്‍ഷം 110 കോടി രൂപയും തുറമുഖ ട്രസ്റ്റ് ചെലവിടണം. വല്ലാര്‍പാടത്തേക്ക് കൂടുതല്‍ കപ്പലുകള്‍ ആകര്‍ഷിക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ടെര്‍മിനലില്‍ നിലവില്‍ 3,37,000 കണ്ടെയ്നര്‍ മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. വരുമാനത്തിന്റെ മൂന്നിലൊന്നാണ് ടെര്‍മിനലിന്റെ ഉടമയായ കൊച്ചി തുറമുഖ ട്രസ്റ്റിനുള്ളത്. ഇതുവഴി ആദ്യവര്‍ഷം 49.4 കോടി രൂപ ട്രസ്റ്റിനു ലഭിച്ചു. കരാറുകാര്‍ക്കു ലഭിച്ചത് 98 കോടി. എന്നാല്‍ കിട്ടിയതിന്റെ ഇരട്ടിയിലേറെയാണ് കപ്പല്‍ചാലിലെ ആഴംനിലനിര്‍ത്താന്‍ ട്രസ്റ്റ് ചെലവഴിച്ചത്. കഴിഞ്ഞ ഒരുവര്‍ഷം മാത്രം തുറമുഖ ട്രസ്റ്റിനുണ്ടായ നഷ്ടം 86 കോടി രൂപയാണ്.
വല്ലാര്‍പാടം ആരംഭിക്കും മുമ്പ് തുറമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ (ആര്‍ജിസിടി) ദുബായ്പോര്‍ട്ട് വേള്‍ഡിന്റെ സമ്മര്‍ദത്തിനു വഴങ്ങി നിര്‍ത്തലാക്കുകയും ചെയ്തു. ആര്‍ജിസിടി വഴി തുറമുഖട്രസ്റ്റിനു ലഭിച്ചിരുന്നത് പ്രതിവര്‍ഷം 40 കോടിയോളം രൂപയായിരുന്നു. അന്ന് ഡ്രഡ്ജിങ്ങിനു മുടക്കിയതാകട്ടെ കേവലം 12.5 കോടി രൂപയും. ആഭ്യന്തര ചരക്കുനീക്കത്തില്‍ വിദേശ കപ്പലുകളെ വിലക്കുന്ന കബോട്ടാഷ്് നിയമം ഭേദഗതിചെയ്യാത്തതാണ് വല്ലാര്‍പാടത്തെ പിറകോട്ടടിപ്പിക്കുന്നതെന്നാണ് തുറമുഖട്രസ്റ്റ് അധികൃതരുടെ ഇപ്പോഴത്തെ വാദം. എന്നാല്‍ വല്ലാര്‍പാടത്തിനായി ഈ നിയമം ഇളവു ചെയ്യുന്നത് ദോഷകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന എതിര്‍വാദവും ശക്തമാണ്. ചെലവിന്റെ 28 ശതമാനമാണ് ഡ്രഡ്ജിങ്ങിനു മാത്രം പോര്‍ട്ട് ട്രസ്റ്റ് ചെലവഴിക്കുന്നത്. കൊല്‍ക്കത്ത ഒഴികെയുള്ള തുറമുഖങ്ങളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഈ ചെലവ്. കൊല്‍ക്കത്തയ്ക്കാകട്ടെ ഇതിനായി കേന്ദ്രത്തില്‍നിന്ന് ഗ്രാന്റ് ലഭിക്കുമ്പോള്‍ കൊച്ചിക്ക് ഇതു ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും അവഗണന തുടരുന്നു. നിലവിലെ സാഹചര്യത്തില്‍ 2012-13 വര്‍ഷം തുറമുഖട്രസ്റ്റിന് വിഹിതമായി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നത് 54.34 കോടി രൂപയാണ്. 2013-14ല്‍ 59.77 കോടിയും 2014-15ല്‍ 65.75 കോടിയുമാണ് പ്രതീക്ഷ. ചെലവാകട്ടെ ഇരട്ടിയോളവുമാകും. ഫലത്തില്‍ കൊച്ചി തുറമുഖത്തിനുമേലുള്ള കുരുക്ക് നാള്‍ക്കുനാള്‍ മുറുകുകയാണ്. ഇതുവഴി കരാറുകാരാകട്ടെ കൂടുതല്‍ വീര്‍ക്കുകയും ചെയ്യും.
(ഷഫീഖ് അമരാവതി)
deshabhimani 190812
Subscribe to:
Post Comments (Atom)
No comments:
Post a Comment