Sunday, June 30, 2013

ഉമ്മന്‍ചാണ്ടിയുടേത് കുറ്റസമ്മതം: ഐസക്

ആലപ്പുഴ: സോളാര്‍ കുംഭകോണത്തില്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അറിഞ്ഞാണോ അറിയാതെയാണോ ചെയ്തത് എന്നതല്ല പ്രസക്തം. കുറ്റം ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാനം. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനല്‍ കുറ്റത്തിന് വേദിയായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും രണ്ടല്ല. അതുകൊണ്ട് ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരിയായ ജോപ്പന്റെ അറസ്റ്റ് ഈ കേസിലെ വഴിത്തിരിവാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു തുടര്‍ന്ന് കൊണ്ട് കേസില്‍ ശരിയായ അന്വേഷണം നടത്താന്‍ സാധ്യമല്ല. കേസില്‍ ഉമ്മന്‍ചാണ്ടിയ ചോദ്യം ചെയ്യണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ സിപിഐ എം ശ്രമിക്കുമോയെന്ന ചോദ്യത്തിന് ഭൂരിപക്ഷമുള്ളിടത്തോളം കാലം യുഡിഎഫ് തുടരുമെന്നായിരുന്നു മറുപടി. യുഡിഎഫ് മന്ത്രിസഭ രാജിവെക്കണമെന്നല്ല എല്‍ഡിഎഫ് ആവശ്യപ്പെട്ടതെന്നും ഐസക് ചൂണ്ടിക്കാട്ടി.

അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു

സോളാര്‍ തട്ടിപ്പുകേസില്‍ നിരന്തരം തെളിവുകള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണത്തില്‍നിന്ന് അന്വേഷണസംഘം ഒഴിവാക്കുകയാണ്. കോന്നിയിലെ വ്യവസായി ശ്രീധരന്‍നായരില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണെന്ന് ജോപ്പന്‍ നല്‍കിയ മൊഴി നിലനില്‍ക്കെയാണ് മുഖ്യമന്ത്രി ഇടപെട്ട് കേസ് അട്ടിമറിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവന്നാല്‍, ഓഫീസിന്റെ കസ്റ്റോഡിയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ചോദ്യംചെയ്യേണ്ടിവരും. ഇതാണ് അന്വേഷണസംഘത്തെ പിന്തിരിപ്പിക്കുന്നത്.

സരിത എസ് നായരും ബിജു രാധാകൃഷ്ണനും ശ്രീധരന്‍നായരുമായി കരാര്‍ ഉറപ്പിച്ചതും 40 ലക്ഷം രൂപ കൈമാറിയതും മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ജോപ്പന്റെ മൊഴി. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും നീളേണ്ടത് അനിവാര്യമായി. കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് വേണ്ടിവരുമെന്ന് അന്വേഷണസംഘത്തെ കുഴക്കി. എവിഡന്‍സ് ആക്ടുപ്രകാരം ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴിയെടുക്കണമെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസിന് ഇക്കാര്യങ്ങളിലുള്ള പരിമിതിയാണ് ചുവടുമാറ്റത്തിനു കാരണം. കേസിന്റെ ഗൂഢാലോന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലല്ലെന്നും മുഖ്യമന്ത്രിക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ ബന്ധമില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പുതിയ വാദം.

ശാലുവിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ കേന്ദ്രമന്ത്രിമാരും

ചങ്ങനാശേരി: സോളാര്‍ തട്ടിപ്പുകേസില്‍ പങ്കാളിയായ സീരിയല്‍ നടി ശാലുമേനോന്റെ അറസ്റ്റ് വൈകുന്നതിനുപിന്നില്‍ രണ്ട് കേന്ദ്രമന്ത്രിമാരെന്ന് സൂചന. മന്ത്രിമാരെ സംബന്ധിച്ച ചില രേഖകള്‍ ശാലുവിന്റെ പക്കലുണ്ടെന്നും അവ പുറത്തുവരുമെന്ന് ഭയക്കുന്നതിനാലുമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് സംസാരമുണ്ട്. ശാലുവിനെ സെന്‍സര്‍ ബോര്‍ഡ് അംഗമാക്കാന്‍ നിര്‍ദേശിച്ചത് താനാണെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സമ്മതിച്ചിരുന്നു. കെ സി വേണുഗോപാലിനും ശാലുവുമായി അടുത്ത ബന്ധമുണ്ടെന്നത് വെളിപ്പെട്ടിട്ടുണ്ട്. ശാലുവിനെ ചോദ്യം ചെയ്യരുതെന്നും കേസില്‍പ്പെടുത്തരുതെന്നും ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധവും ഇടപാടുകളും പുറത്തായതോടെ അന്വേഷണസംഘം ശാലുവിനെ തിരുവല്ലയില്‍ ചോദ്യംചെയ്തു. പിറ്റേന്നുതന്നെ അന്വേഷണ സംഘത്തലവനുമേല്‍ ശക്തമായ സമ്മര്‍ദമുണ്ടായതായി. ബിജു രാധാകൃഷ്ണന്‍ ഒളിവിലാകുന്നതിന് തലേന്ന് തന്റെ ഒപ്പമുണ്ടായിരുന്നൂവെന്ന് ശാലു വെളിപ്പെടുത്തിയിരുന്നു. ബിജു ഉപയോഗിച്ചത് ശാലുവിന്റെ മൊബൈല്‍ ഫോണാണ്. ഇനിയും അറസ്റ്റ് വൈകുന്നത് അന്വേഷണത്തെതന്നെ ബാധിക്കാനിടയുണ്ട്.

ഹൈക്കമാന്‍ഡിന് രോഷം

ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പുവിവാദം യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തെന്ന് ഹൈക്കമാന്‍ഡ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ തകിടംമറിക്കുംവിധം വിവാദമുയര്‍ന്നതിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും അഴിമതിയുടെ നിഴലിലായതിലും ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്്. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന എട്ടിനകം മുഖംരക്ഷിക്കല്‍ നടപടിക്ക് ഒരുങ്ങുകയാണ് ദേശീയനേതൃത്വം. യുഡിഎഫ് സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. സോളാര്‍ കേസ് പ്രതികളുമായി മുഖ്യമന്ത്രിക്കും ഓഫീസിനുമുള്ള അടുത്ത ബന്ധം ഗൗരവമായാണ് നേതൃത്വം പരിഗണിക്കുന്നത്.

സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയ ഘട്ടത്തിലാണ് കേരളം തലവേദനയാകുന്നത്. തെരഞ്ഞെടുപ്പില്‍ പകുതി സീറ്റെങ്കിലും കിട്ടുമെന്നാണ് ഈയിടെ സംസ്ഥാനത്തിന്റെ ചുമതലയൊഴിഞ്ഞ മധുസൂദന്‍ മിസ്ത്രി നേതൃത്വത്തെ ധരിപ്പിച്ചത്. സര്‍ക്കാര്‍ അനുദിനം വിവാദങ്ങളില്‍ കുഴയുകയും ഗ്രൂപ്പ്പോര് ശക്തമാകുകയും ചെയ്തതോടെ 2004ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമോയെന്ന ആശങ്കയാണ് നേതൃത്വത്തിന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. കേരളവും ഈ സാഹചര്യത്തിലേക്ക് നീങ്ങുന്നതോടെയാണ് കേരളത്തില്‍ അടിയന്തര ഇടപെടലിന് ഒരുങ്ങുന്നത്

deshabhimani

മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയത് വിവാദ ചിട്ടിക്കമ്പനി

ചങ്ങനാശേരി: യുഎന്‍ അവാര്‍ഡ് വാങ്ങിയ ഉമ്മന്‍ചാണ്ടിക്ക് ശനിയാഴ്ച ചങ്ങനാശേരിയിലും പുതുപ്പള്ളിയിലും സ്വീകരണം ഒരുക്കിയത് വിവാദ ചിട്ടിക്കമ്പിനിയെന്ന് ആരോപണം. ഡിസിസി ജനറല്‍ സെക്രട്ടറി കെ ജെ ജെയിംസ് ചെയര്‍മാനായ ആപ്പിള്‍ട്രീ ചിട്ടിക്കമ്പനിയാണ് സ്വീകരണത്തിന്റെ ചെലവുമുഴുവന്‍ വഹിച്ചതെന്ന് കോണ്‍ഗ്രസിലെതന്നെ ഒരുവിഭാഗം നേതാക്കള്‍ പറഞ്ഞു. ""സംഘാടകര്‍ ഒന്നും അറിയേണ്ടിവന്നില്ല. എല്ലാം ജയിംസിന്റെ ഏര്‍പ്പാടായിരുന്നു. പിരിവൊന്നും വേണ്ടിവന്നില്ല""- സംഘാടകരില്‍ ഒരു പ്രമുഖന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

പുതുപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 1000 കോടിയുടെ ആസ്തിയായി. തട്ടിപ്പുനടത്തിയെന്ന പരാതികളില്‍ പൊലീസ് കേസ് വന്നതോടെ ഈ സ്ഥാപനവും വിവാദത്തിലായി. ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായ ജെയിംസ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ്. വിവാദമൊഴിവാക്കാന്‍ ജെയിംസ് മുഖ്യമന്ത്രിക്കൊപ്പം സ്വീകരണവേദി പങ്കിട്ടില്ല. ഇതിനുമുമ്പ് ഡിസിസി സംഘടിപ്പിച്ച യോഗത്തില്‍ ജെയിംസ് പങ്കെടുത്തിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രമെടുക്കുന്നത് ശ്രദ്ധിച്ച മന്ത്രി തിരുവഞ്ചൂര്‍ ജെയിംസിനെ വേദിയില്‍നിന്ന് ഇറക്കിവിട്ടു.

deshabhimani 010713

മഴക്കെടുതി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- വി എസ്

മഴക്കെടുതിയില്‍നിന്ന് ആശ്വാസമേകാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വിഎസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇടമുറിയാതെ പെയ്യുന്ന മഴമൂലം കേരളത്തലങ്ങോളമിങ്ങോളം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ ജില്ലയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ കേരള മനസ്സാക്ഷിയെ നടുക്കുന്നതാണ്. ആയിരക്കണക്കിന് വീടുകളാണ് വെള്ളംകയറി നശിച്ചുപോയത്. റോഡുകളും തൂക്കുപാലങ്ങളും തകര്‍ന്ന് നിരവധി പ്രദേശങ്ങള്‍ കുടിവെള്ളംപോലും കിട്ടാതെ ഒറ്റപ്പെട്ടുപോയിരിക്കുന്നു. അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. കുട്ടനാട്ടില്‍ പതിനായിരക്കണക്കിനേക്കറിലെ കൃഷിയാണ് പൂര്‍ണമായും നശിച്ചുപോയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയായി പ്രളയജലത്തില്‍ മുങ്ങി കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടത്തുന്നതില്‍ ഗുരുതരമായ അനാസ്ഥയുള്ളതായി അവിടം സന്ദര്‍ശിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

മലയോര മേഖലകളില്‍ ഇപ്പോഴും ഉരുള്‍പൊട്ടല്‍ തുടരുന്നു. മഴക്കെടുതിമൂലമുള്ള മരണസംഖ്യ ഇനിയും ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. കണ്ണൂര്‍ ജില്ലയിലെ പൈസക്കരി തൂക്കുപാലം കഴിഞ്ഞ ദിവസം ഒലിച്ചുപോയി. മറ്റ് തൂക്കുപാലങ്ങളും അപകടാവസ്ഥയിലാണ്. എം.സി. റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നുപോയിരിക്കുന്നു. കുന്തിപ്പുഴയും നെല്ലിപ്പുഴയും കരകവിഞ്ഞ് നൂറുകണക്കിന് വീടുകള്‍ തകര്‍ന്നുപോയിരിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കാണുന്നതുപോലമില്ല.

കേരളം ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ മുഖ്യമന്ത്രിയുടെ തട്ടിപ്പ് ബന്ധങ്ങളിലും മുന്നണിക്കകത്തെ പടലപ്പിണക്കങ്ങളിലും മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെയും മറ്റ് മന്ത്രിമാരെയും സംരക്ഷിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ എല്ലാ ശ്രദ്ധയും.

തലസ്ഥാന ജില്ലയില്‍പോലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുനൂറോളം വീടുകളാണ് തലസ്ഥാന ജില്ലയില്‍ തകര്‍ന്നുപോയിട്ടുള്ളത്. വലിയതുറയില്‍ മാത്രം നൂറോളം വീടുകള്‍ തകര്‍ന്നിരിക്കുന്നു.  ചിറയിന്‍കീഴ് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.

ഇനിയും ഒരു നിമിഷംപോലും ഉപേക്ഷ വരുത്താതെ കൃഷിനാശം സംഭവിച്ചവര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സുരക്ഷിതമായ താല്‍ക്കാലിക പുനരധിവാസം ഒരുക്കണം. റോഡുകളും പാലങ്ങളും അറ്റകുറ്റപ്പണി നടത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയും ശുദ്ധജല വിതരണത്തിന് അടിയന്തര സംവിധാനമൊരുക്കുകയും വേണം. അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുകയും  കേരളത്തിലെ മഴക്കെടുതികള്‍ കേന്ദ്ര ഗവര്‍മെണ്ടിനെ ബോദ്ധ്യപ്പെടുത്തി അടിയന്തര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം - വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

അന്വേഷണം തുടരാന്‍ മുഖ്യമന്ത്രി ഒഴിഞ്ഞേതീരൂ: പിണറായി

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സോളാര്‍ തട്ടിപ്പ് നടന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസിലെ അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാനാവില്ല. മുഖ്യമന്ത്രി രാജിവച്ചൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിക്കഴിഞ്ഞു. തട്ടിപ്പ് നടത്തിയെന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ പി എ ജോപ്പന്‍ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ മഹസര്‍ തയ്യാറാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ്. സരിതയെയും ജോപ്പനെയും അവിടെ എത്തിച്ച് തെളിവെടുക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വരും. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അതിന് കഴിയില്ല. നിരപരാധിയെന്ന് സ്വയം പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ തടസപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്.-പിണറായി ചൂണ്ടിക്കാട്ടി.

ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട  വിവാദം ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടായപ്പോഴാണ് തെറ്റയിലിനെതിരെ ആരോപണം ഉണ്ടായിരിക്കുന്നത്. മുമ്പ് ഇത്തരം ആരോപണം നേരിട്ടവരൊന്നും എം എല്‍ എ സ്ഥാനം രാജിവെച്ചിട്ടില്ല. പി.ടി.ചാക്കോ, പി.ജെ.ജോസഫ്, നീലലോഹിതദാസന്‍ നായര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ ബി ഗണേഷ്‌കുമാര്‍,  എ ടി ജോര്‍ജ്ജ് എന്നിവര്‍ക്കെല്ലാം എതിരെ ഇത്തരം ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരാരും എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള എക്‌സിക്യൂട്ടീവ് അധികാരം കൈയ്യാളുന്ന ആളുകളാണെങ്കില്‍ രാജിവെക്കണം. മന്ത്രിസ്ഥാനം ആ ഗണത്തില്‍ പെട്ടതാണ്. എം.എല്‍.എ സ്ഥാനം ആ ഗണത്തില്‍ പെട്ടതല്ല- പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

deshabhimani

വടവാതൂര്‍ നിവാസികള്‍ ചോദിക്കുന്നു... ഞങ്ങളും മനുഷ്യരല്ലേ

"മാലിന്യക്കോട്ട"യത്ത് മൂക്കുപൊത്തി നഗരവാസികള്‍

മാലിന്യ പ്രശ്നം പരിഹാരമില്ലാതെ തുടരുമ്പോള്‍ വടവാതൂര്‍ നിവാസികളെപ്പോലെ തന്നെ കോട്ടയം നഗരവാസികളും ചോദിക്കുന്നു "ഞങ്ങളും മനുഷ്യരല്ലേ?" ദുര്‍ഗന്ധവും പകര്‍ച്ചവ്യാധികളും മൂലം പൊറുതിമുട്ടിയ സാഹചര്യത്തിലാണ് വടവാതൂരിലെ ഡമ്പിങ് യാര്‍ഡിലേക്ക് നഗരത്തില്‍ നിന്നുള്ള മാലിന്യനീക്കം നാട്ടുകാര്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും കലക്ടറും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം മാത്രമുണ്ടായില്ല. ഇതോടെ കോട്ടയം നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം മാലിന്യക്കോട്ടകളായി മാറി. ചുങ്കം റോഡില്‍ സിഎംഎസ് എച്ച്എസ്എസിന്റെ മുഖ്യ കവാടത്തില്‍ 50 മീറ്ററോളം നീളത്തിലാണിപ്പോള്‍ മാലിന്യം കെട്ടിക്കിടക്കുന്നത്. നഗരവാസികള്‍ മാത്രമല്ല സമീപ പഞ്ചായത്തുകളിലുള്ളവര്‍വരെ ഇവിടെ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നതായാണ് പരിസരവാസികള്‍ പറയുന്നത്. ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചാല്‍ കത്തിപ്പോകുന്ന പുല്ലും കരിയിലയുംവരെ ഇവിടെ തള്ളുന്നു. ഒപ്പം ദുര്‍ഗന്ധം വമിക്കുന്ന മറ്റ് മാലിന്യങ്ങളും.
ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സിഎംഎസ് എച്ച്എസ്എസ്, പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന സിഎന്‍ഐ എല്‍പിഎസ്, സിഐഎന്‍ ടിടിസി ട്രെയിനിങ് കോളേജ്, രണ്ട് പത്രമോഫീസുകള്‍, സിഎംഎസ് കോളേജ്, ഹോട്ടലുകള്‍, പള്ളികള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ മൂക്കുപൊത്താതെ നടക്കാനാവില്ല. ഇതേപോലെയാണ് തിരുനക്കര ക്ഷേത്രത്തിന് സമീപം ജവഹര്‍ ബാലഭവന്മുന്നിലും മാലിന്യക്കോട്ടയായിരിക്കുന്നു. ഇവിടെ ബാലഭവനില്‍ എത്തുന്ന കുട്ടികളും ഇതുവഴിയുള്ള യാത്രക്കാരും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. എന്തായാലും അടുത്ത ദിവസങ്ങളില്‍തന്നെ പ്രശ്നപരിഹാരമുണ്ടാക്കുകയും മാലിന്യനീക്കം ഉണ്ടാവുകയും ചെയ്തില്ലെങ്കില്‍ നഗരം കൊടുംവ്യാധികളുടെ പിടിയിലമരും എന്നതാണ് ജനങ്ങളുടെ ആശങ്ക.

വടവാതൂര്‍ നിവാസികള്‍ ചോദിക്കുന്നു... ഞങ്ങളും മനുഷ്യരല്ലേ

""ഞങ്ങളും മനുഷ്യരല്ലേ...എല്ലാവരെയുംപോലെ ഞങ്ങള്‍ക്കും ജീവിക്കണം...ഇനിയിവിടെ ഒരുനുള്ള് മാലിന്യം പോലും ഇടാന്‍ സമ്മതിക്കില്ല. എഴുപതു വര്‍ഷമായി കോട്ടയം നഗരത്തിന്റെ കുപ്പത്തൊട്ടിയായ വടവാതൂരില്‍ താമസിക്കുന്ന ജനങ്ങള്‍ ഇക്കുറി കടുത്ത തീരുമാനത്തിലാണ്. വാക്കുകളില്‍ മാത്രമല്ല മനസ്സിലും പ്രക്ഷോഭത്തിന്റെ തീ അണയാതെ കാത്തുസൂക്ഷിക്കുകയാണ് നാട്ടുകാര്‍. സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല. ഭക്ഷണം കഴിക്കാനെടുക്കുമ്പോള്‍ ഡംപിങ് യാര്‍ഡില്‍നിന്ന് മൂക്കിലേക്ക് അരിച്ചെത്തുന്ന ദുര്‍ഗന്ധം. ഇതിനെല്ലാം പുറമെ രോഗപീഡകളും. വടവാതൂര്‍ ഡംപിങ് യാര്‍ഡ് നാട്ടുകാര്‍ അടച്ചുപൂട്ടിയിട്ട് 11 ദിവസം കഴിഞ്ഞു. അന്ന് ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നു. ചര്‍ച്ചകള്‍ നിരവധി നടന്നു. ഒന്നിനും ഫലമില്ല. ഒടുവില്‍ മാലിന്യം വടവാതൂരിലേക്ക് കൊണ്ടുപോകാന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് തീരുമാനം മാറ്റി. കലക്ടറും വിജയപുരം പഞ്ചായത്തും കോട്ടയം നഗരസഭയും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാര്യമായി ഇടപെടുന്നുമില്ല. നഗരസഭയുടെയും വിജയപുരം പഞ്ചായത്തിന്റെയും പ്രതിനിധി കൂടിയാണ് തിരുവഞ്ചൂര്‍. ആരുടെ കൂടെ നില്‍ക്കണമെന്നത് തിരുവഞ്ചൂരിനെ വട്ടം ചുറ്റിക്കുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഇപ്പോഴത്തെ നിലയില്‍ പ്രശ്നപരിഹാരം അസാധ്യവും.

വടവാതൂരിലേക്ക് മാലിന്യം കൊണ്ടു വരുന്നത് ഒഴികെയുള്ള തീരുമാനമേ അംഗീകരിക്കൂവെന്നാണ് വിജയപുരം പഞ്ചായത്തും പറയുന്നത്. നഗരത്തിന്റെ മാലിന്യം പേറി മടുത്ത നാട്ടുകാര്‍ രാപ്പകല്‍ ഭേദമില്ലാതെ വടവാതൂരിലെ ഡംപിങ് യാര്‍ഡിന് മുന്നില്‍ സമരത്തിലാണ്. മാലിന്യം എത്തിക്കാതിരിക്കാന്‍ സദാസമയവും ഇവിടെ കാവലുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും പിന്തുണ ജനങ്ങളുടെ സമരത്തിനുണ്ട്. കോട്ടയം നഗരസഭയും വിജയപുരം പഞ്ചായത്തും ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും വടവാതൂരിന്റെ കാര്യത്തില്‍ യോജിച്ച തീരുമാനമില്ല. അവസരോചിത നയസമീപനമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ ക്യാപ്പിങ് നടത്തി മാലിന്യം സംസ്കരിക്കുമെന്ന തീരുമാനവും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പുറമെനിന്ന് നോക്കിയാല്‍ കാണാവുന്ന ഭാഗങ്ങളില്‍ മാത്രം മാലിന്യക്കൂമ്പാരത്തിന് മുകളില്‍ താല്‍ക്കാലികമായി പടുത വലിച്ചു കെട്ടിയിരിക്കുകയാണ്. കീഴ്ക്കാംതൂക്കായ പ്രദേശത്ത് ഇങ്ങനെ ചെയ്തിട്ടും കാര്യമില്ല. മുകള്‍ഭാഗത്തുനിന്ന് മഴവെള്ളം മാലിന്യത്തോടൊപ്പം കൂടിച്ചേര്‍ന്ന് ഒഴുകുകയാണ്.

ത്വക് രോഗം, അലര്‍ജി...രോഗം ഇവിടെ അരങ്ങു വാഴുന്നു

നാല്‍പതു ശതമാനംപേര്‍ക്ക് ത്വക്ക് രോഗം. അലര്‍ജിയും ശ്വാസകോശസംബന്ധമായ രോഗങ്ങളും അലട്ടുന്നവര്‍ വേറെയും. ഒരു പ്രദേശത്തെ ജനങ്ങളെ മാലിന്യനിക്ഷേപകേന്ദ്രം രോഗികളാക്കുകയാണെന്ന പഠനം പുറത്തുവന്നിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും തയാറാകുന്നില്ല. മാലിന്യനിക്ഷേപകേന്ദ്രത്തിന് സമീപം താമസിക്കുന്ന 80 ശതമാനം പേരും വിവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് കോട്ടയം ആസ്ഥാനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഡംപിങ് യാര്‍ഡിന്റെ 300 മീറ്റര്‍ ചുറ്റളവിലെ അന്‍പതു കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. നാല്‍പതു ശതമാനം പേര്‍ ത്വക്ക്രോഗങ്ങള്‍ മൂലം കഷ്ടപ്പെടുമ്പോള്‍ 14 ശതമാനം പേരില്‍ അലര്‍ജിരോഗം ഉണ്ടെന്നാണ് കണ്ടെത്തിയത്. പത്തു ശതമാനം പേരില്‍ ശ്വാസകോശസംബന്ധമായ അസുഖവും കണ്ടെത്തി. അറുപതു ശതമാനം പേര്‍ മറ്റ് പലവിധ രോഗങ്ങള്‍ക്ക് അടിമയാണ്. നൂറുമീറ്ററിലേറെ ഉയരത്തില്‍ മലകള്‍ പോലെ വര്‍ഷങ്ങളായുള്ള മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. ഇതില്‍ ഏഴുമീറ്റര്‍ വരെ ആഴത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ട്. ഒരുകിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശത്തെ മണ്ണില്‍ പതിനേഴിനം ബാക്ടീരിയകളെയും 12 ഇനം ഫംഗസുകളെയും കണ്ടെത്തിയിരുന്നു. ഒഴുകിയിറങ്ങുന്ന മലിനജലത്തില്‍ 13 ഇനം ബാക്ടീരിയകളെയും എട്ടിനം ഫംഗസുകളുയെും കണ്ടെത്തി. വായുവിലാകട്ടെ, 14 ഇനം ബാക്ടീരിയകളുടെയും 22 ഇനം ഫംഗസുകളുടെയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ഈ കറുത്ത ജലം ഞങ്ങളുടെ ജീവനെടുക്കും

""ഞങ്ങളുടെ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഓട്ടോറിക്ഷക്കാര്‍ പോലും ഈ വഴി വരുന്നില്ല. കണ്ടില്ലേ...ഇത്.."" ഡംപിങ് യാര്‍ഡിന്റെ സമീപത്തെ റോഡിലൂടെ കറുത്ത നിറത്തില്‍ പരന്നൊഴുകുന്ന രൂക്ഷഗന്ധമുള്ള മലിനജലം ചൂണ്ടിക്കാട്ടി സമീപവാസിയായ ലില്ലിക്കുട്ടി പറഞ്ഞു. റോഡില്‍ പലയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഈച്ചകള്‍ കൂട്ടത്തോടെ ഇരമ്പിയാര്‍ക്കുന്നു. മൂക്കു പൊത്തിയിട്ടും രക്ഷയില്ല. ""ഈ വെള്ളത്തില്‍ ചവിട്ടിയാണ് ഞങ്ങള്‍ എന്നും നടക്കുന്നത്. വേറെ വഴിയില്ല. കാലുകള്‍ ചൊറിഞ്ഞുതടിയ്ക്കുന്നു. ഇവിടെ താമസിക്കുന്ന പലര്‍ക്കും അസുഖങ്ങളുണ്ട്. ഇതെന്ന് അവസാനിക്കുമെന്ന് അറിയില്ല. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. അത് കഴിഞ്ഞു."" അവര്‍ വികാരാധീനയായി പറഞ്ഞു.

""രണ്ടും കല്‍പ്പിച്ചാണ് ഞങ്ങള്‍. ചവറുമായി വണ്ടിയെത്തിയാല്‍ അപ്പോള്‍ കാണാം. ഡംപിങ് യാര്‍ഡിനോട് ചേര്‍ന്ന് താമസിക്കുന്ന പുതുശേരിയില്‍ സജി ജോസ് പറഞ്ഞു. ""കാലങ്ങളോളം ഈ വിഴുപ്പു മുഴുവന്‍ ചുമക്കണോ...ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്നമല്ലിത്. ഓരോ തവണയും എന്തെങ്കിലുമൊക്കെ ന്യായങ്ങള്‍ പറഞ്ഞ് ഇവിടെ ചവര്‍ തള്ളും. ഇതിന്റെ ദുരവസ്ഥ പേറുന്ന ഞങ്ങളുടെ സ്ഥിതി ആരും ആലോചിക്കാത്തതെന്താ? വടവാതൂര്‍ നിവാസികള്‍ സ്ഥിരമായി കബളിപ്പിക്കലിന് വിധേയരാവുകയാണ്. ഞങ്ങള്‍ മണ്ടന്മാരും നഗരസഭാ അധികൃതര്‍ ബുദ്ധിമാന്മാരും. ഇനി അങ്ങനെ വേണ്ട."" സജി പറഞ്ഞു. ഡംപിങ് യാര്‍ഡിന് ചുറ്റുമതിലുണ്ടെങ്കിലും കാര്യമില്ല. അവിടെ വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം അഴുകി ഒലിച്ചിറങ്ങുന്ന മലിനജലം പുറത്തേയ്ക്ക് ഒഴുകുകയാണ്. ചുറ്റുമതിലിന്റെ പല ഭാഗത്തു കൂടിയും മലിനജലം പുറത്തേക്ക് വരുന്നുണ്ട്. മഴക്കാലമായതോടെ വലിയ പ്രവാഹമായി. ഇത് ഒഴുകിയെത്തുന്നത് താഴ്ന്ന നിരപ്പിലുള്ള വീടുകളിലാണ്. അതോടെ ജനജീവിതവും ദുസ്സഹമായി.

മാലിന്യസംസ്കരണം ഇങ്ങനെ

കോട്ടയം: ജൈവമാലിന്യവും അജൈവമാലിന്യവും തരംതിരിച്ച് പ്രത്യേകമായി വടവാതൂരില്‍ എത്തിക്കണമെന്നായിരുന്നു ഹൈക്കോടതി നഗരസഭയ്ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം തരംതിരിക്കാതെയാണ് ഡമ്പിങ് യാര്‍ഡിലേക്ക് കൊണ്ടുവന്നിരുന്നത്. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭ കോട്ടയത്തെ വിവിധ കേന്ദ്രങ്ങളില്‍ രണ്ടുതരം വീപ്പകള്‍ സ്ഥാപിച്ചിരുന്നതും ഇപ്പോള്‍ കാണാനില്ല. ജനങ്ങള്‍ സൗകര്യം പോലെ മാലിന്യം പഴയപടി ചവര്‍ പൊയിന്റുകളില്‍ കൊണ്ടിടുന്നു. അതേപടി ഡമ്പിങ് യാര്‍ഡിലേക്കും എത്തുന്നു. 2000 ല്‍ ബി ഗോപകുമാര്‍ ചെയര്‍മാനായിരുന്നപ്പോഴാണ് ഹൈദരാബാദ് ആസ്ഥാനമായ രാംകി എനര്‍ജി ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മാലിന്യസംസ്കരണ പ്ലാന്റിന്റെ കരാര്‍ ഏല്‍പ്പിച്ചത്. 2007 ല്‍ റീബാ വര്‍ക്കിയുടെ കാലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ വടവാതൂര്‍ പഞ്ചായത്തിന്റെയോ ലൈസന്‍സ് ഈ പ്ലാന്റിനില്ല. ഇടവേളകളില്‍ മാലിന്യം സംസ്കരിച്ച് വളമാക്കാറുണ്ടായിരുന്നു. എന്നാല്‍, വ്യാവസായികാടിസ്ഥാനത്തിലുള്ള വില്‍പ്പനയില്ല. സംസ്കരിച്ച ശേഷമുള്ള മാലിന്യം ശാസ്ത്രീയമായി കുഴിച്ചിടണമെന്ന കരാര്‍ പാലിക്കാതെ രാംകികമ്പനി അവ ഡമ്പങ് യാര്‍ഡില്‍ കൂട്ടിയിട്ടു. ഈ മാലിന്യം ഇപ്പാള്‍ കൂമ്പാരമായി. പക്ഷികളും മൃഗങ്ങളും ഇവ വലിച്ച് ജനവാസകേന്ദ്രങ്ങളില്‍ ഇടുന്നതുമൂലം കിണറുകളും മറ്റ് ജലസ്രോതസുകളുമടക്കം മലിനമാകുന്നു. രാംകി കമ്പനി തോന്നിയപോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇവരെ നിയന്ത്രിക്കാനോ ചോദ്യം ചെയ്യാനോ ആരുമില്ല. നഗരത്തില്‍ നിന്ന് എത്തിക്കുന്ന മാലിന്യത്തിന്റെ അളവ് പരിശോധിക്കുന്നതും സംസ്കരിക്കുന്നതും ബില്ലുകള്‍ തയ്യാറാക്കുന്നതും കമ്പനി ഉദ്യോഗസ്ഥരാണ്. അവര്‍ പറയുന്ന പണം കൈമാറുക മാത്രമാണ് നഗരസഭയുടെ ജോലി. പ്രതിദിനം

30 ടണ്‍ മാലിന്യം സംസ്കരിക്കാമെന്നാണ് കരാര്‍. ഒരു ടണ്ണിന് 594 രൂപ പ്രകരം നല്‍കും. നിലവില്‍ ആറു ടണ്ണില്‍ താഴെ മാലിന്യമാണ് എത്തുന്നത്. എങ്കിലും കരാര്‍ അനുസരിച്ച് 30 ടണ്ണിന്റെ പണമാണ് നഗരസഭ നല്‍കേണ്ടത്. രാംകി കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് മലിനീകരണനിയന്ത്രണ ബോര്‍ഡും മുന്‍ കലക്ടര്‍ മിനി ആന്റണിയും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും രാംകിയെ ഒഴിവാക്കി മറ്റാരെയെങ്കിലും വടവാതൂരില്‍ പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ ചുമതലപ്പെടുത്താന്‍ നഗരസഭ തയ്യാറായില്ല. ഇവിടെ കാര്യക്ഷമമായ മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും ഇതുവരെ നടപ്പാക്കിയിട്ടില്ല.

വേണ്ടത് വികേന്ദ്രീകൃത സംസ്കരണം

കോട്ടയം നഗരത്തിലെ മാലിന്യസംസ്കരണത്തിന് നഗരസഭ ഇനി എന്തു ചെയ്യും? നഗരസഭയ്ക്കുള്ള ഉത്തരവാദിത്തം പോലെ ഇവിടുത്തെ ജനങ്ങള്‍ക്കും മാലിന്യംസംസ്കരണത്തില്‍ ഉത്തരവാദിത്തമുണ്ട്. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ പറമ്പുകളിലേക്കോ പൊതുനിരത്തിലോ വലിച്ചെറിയുന്നതാണ് ചിലരുടെയങ്കിലും പതിവുരീതി. ഈ സംസ്കാരം മാറണം. സ്വന്തം വീട്ടുവളപ്പില്‍ തന്നെ മാലിന്യം സംസ്കരിക്കാന്‍ സൗകര്യമുള്ളവര്‍ പോലും അതിന് മെനക്കെടുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ കേന്ദ്രീകൃത മാലിന്യ പ്ലാന്റുകള്‍ അപ്രായോഗികമാണ്. മറിച്ച് വികേന്ദ്രീകൃതമായ മാലിന്യസംസ്കരണമാണ് അനുയോജ്യം. അതിലൂടെ വന്‍തോതില്‍ മാലിന്യം കുന്നുകൂടിയുള്ള തര്‍ക്കങ്ങളും ഒഴിവാകും. സംസ്കരണവും എളുപ്പം. അവരവരുടെ മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോവീടും കേന്ദ്രീകരിച്ച് ഇത് നടപ്പാക്കാവുന്നതേയുള്ളൂ. പൈപ്പ് കമ്പോസ്റ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ നിരവധിയുണ്ട്. ജൈവ മാലിന്യവും അജൈവ മാലിന്യവും വേര്‍തിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതിയും തകിടം മറിഞ്ഞത് ജനങ്ങളുടെ നിസ്സഹകരണം മൂലമാണ്. പ്ലാസ്റ്റിക്രഹിതനഗരം പദ്ധതി എവിടെപോയെന്ന് ആര്‍ക്കുമറിയില്ല. ഏറെ കൊട്ടിഘോഷിച്ച് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ ചവര്‍ പോയിന്റുകളില്‍ ഇപ്പോള്‍ കാണുന്നത് പ്ലാസ്റ്റിക് കൂമ്പാരം മാത്രമാണ്.

കലക്ടര്‍ വിളിച്ച യോഗത്തില്‍നിന്ന് നഗരസഭ വിട്ടുനിന്നു; ചര്‍ച്ച ഉപേക്ഷിച്ചു

വടവാതൂര്‍ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ കലക്ടര്‍ വിളിച്ച യോഗം നഗരസഭാ അധികൃതര്‍ എത്താത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കലക്ടറുടെ ചേംബറിലാണ് യോഗം വിളിച്ചിരുന്നത്. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയിലും സമരസമിതി ഭാരവാഹികളും എത്തിയിരുന്നെങ്കിലും നഗരസഭാ ചെയര്‍മാനോ സെക്രട്ടറിയോ ഹാജരായില്ല. ഒന്നര മണിക്കൂറോളം കലക്ടര്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്ച കലക്ടര്‍ വിളിച്ച യോഗത്തില്‍ ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതനുസരിച്ച് ഡമ്പിങ് യാര്‍ഡിന് മുന്നിലെ സമരം അവസാനിപ്പിക്കാനും മാലിന്യനീക്കം സുഗമമാക്കാനും ധാരണ ഉണ്ടാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഡമ്പിങ് യാര്‍ഡില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. ഇതിന് ആറുമാസത്തെ സമയപരിധിയെന്ന നിര്‍ദേശവും ഉയര്‍ന്നു. എന്നാല്‍, പഞ്ചായത്ത് കമ്മിറ്റിയിലും സമരസമിതിയിലും ആലോചിച്ചശേഷമേ നിലപാട് അറിയിക്കാന്‍ കഴിയൂവെന്ന് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകിട്ട് യോഗംവിളിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ ഇരുപക്ഷത്തോടും നിര്‍ദേശിച്ചിരുന്നു. ചര്‍ച്ചയ്ക്കുശേഷം കലക്ടര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു ധാരണ. ഇതോടെ പ്രശ്നപരിഹാരമാകുമെന്നും സൂചനയുണ്ടായിരുന്നു.

എന്നാല്‍, നഗരസഭയുടെ നിര്‍ദേശങ്ങള്‍ നേരത്തെ സമരസമിതിക്കുമുന്നില്‍ വച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞിരുന്നില്ലെന്നുമാണ് ചെയര്‍മാന്‍ എം പി സന്തോഷ്കുമാര്‍ ദേശാഭിമാനിയോട് പറഞ്ഞത്. ഇരിങ്ങാലക്കുട, തൃക്കാക്കര മുനിസിപ്പാലിറ്റികളിലെ മാലിന്യസംസ്കരണസംവിധാനം മനസ്സിലാക്കാന്‍ താന്‍ ഉള്‍പ്പെടെയുള നഗരസഭാംഗങ്ങള്‍ അവിടം സന്ദര്‍ശിച്ച് മടങ്ങുകയുമായിരുന്നു. അതിനിടെ വൈകിട്ടാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.

മാലിന്യനീക്കം നിലച്ചിട്ട് 12 ദിവസം; നഗരം നാറുന്നു 

നഗരത്തില്‍നിന്നുള മാലിന്യനീക്കം തടസ്സപ്പെട്ടിട്ട് 12 ദിവസം. നഗരമാണെങ്കില്‍ മാലിന്യക്കൂമ്പാരം. കോട്ടയം പച്ചക്കറി മാര്‍ക്കറ്റ് അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. മഴക്കാലത്ത് ചവര്‍നീക്കം നടക്കാത്തത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങള്‍ വ്യാപകമായ ജില്ലയെന്ന നിലയില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ചാലുകുന്ന്- ചുങ്കം റോഡില്‍ സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രവേശനകവാടത്തിന് സമീപം ദിവസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം തെരുവുനായ്ക്കള്‍ വലിച്ച് റോഡിലേക്ക് എത്തിക്കുകയാണ്.

ചിറയില്‍പ്പാടം, കോട്ടയം വില്ലേജ് ഓഫീസിന് മുന്‍വശം, ശാസ്ത്രി റോഡില്‍ ആദര്‍ശ് ടവറിന് പുറകില്‍, നാഗമ്പടം സ്റ്റേഡിയത്തിനു സമീപം, ലോഗോസ് ജംങ്ഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം തുടങ്ങി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മുക്കിലും മൂലയിലും മാലിന്യം അടിയുകയാണ്. ഇതും സമരമാര്‍ഗം കോട്ടയം: വടവാതൂരിലെ സമരപ്പന്തലിന് മുന്നില്‍ കുറേയേറെ പ്ലാസ്റ്റിക് കുപ്പികള്‍ തൂങ്ങിക്കിടപ്പുണ്ട്. കണ്ടാല്‍ അതിനുള്ളില്‍ പെപ്സിയാണെന്ന് തോന്നും. കുടിച്ചാല്‍ വിവരം അറിയും. ഇതേ നിറത്തിലുള്ള വെള്ളം സമരപ്പന്തലിന് മുന്നിലൂടെ ഒഴുകുന്നുണ്ട്. അതില്‍ നിന്നുയരുന്ന നാറ്റം അസഹനീയം. ഈ വെള്ളം ശേഖരിച്ച് കുപ്പിയിലാക്കിയാണ് സമരപ്പന്തലിനു മുന്നില്‍ തൂക്കിയിട്ടിയിരിക്കുന്നത്. ഇതും നാട്ടുകാരുടെ ഒരു പ്രതിഷേധമാര്‍ഗം.

deshabhimani

ആറന്മുള: വാര്‍ത്ത ദുരുദ്ദേശ്യപരം

കോഴഞ്ചേരി: മിച്ചഭൂമിയിലെ താമസക്കാര്‍ക്ക് സഹായമെത്തിക്കുന്നത് സംബന്ധിച്ചുള്ള മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് സിപിഐ എം കോഴഞ്ചേരി ഏരിയാ സെക്രട്ടറി ആര്‍ അജയകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പാര്‍ടി ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപനും സെക്രട്ടറിയറ്റംഗം എ പത്മകുമാറും അടക്കമുള്ളവര്‍ ആറന്മുളയിലെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും ഇവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും സിപിഐ എം സമരഭൂമിയിലെ താമസക്കാരെ സഹായിക്കുന്നില്ലെന്ന് ആരോപിക്കുന്നത് മറ്റാരെയോ സഹായിക്കാനാണ്. നാല്‍ക്കാലിക്കല്‍ എം ടി എല്‍പി സ്കൂള്‍ അല്ലാതെ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിന് മറ്റൊരു സ്കൂളിന്റെ പേര് ഒരു ഘട്ടത്തിലും ഉയര്‍ന്നിരുന്നില്ല. ആറന്മുള ഗവ. വിഎച്ച്എസില്‍ ക്യാമ്പ് ആരംഭിക്കാം എന്ന് തഹസില്‍ദാര്‍ അറിയിച്ച വാര്‍ത്ത നൂറു ശതമാനം സത്യവിരുദ്ധമാണ്. മിച്ചഭൂമിയിലെ സമരമുഖത്ത് താമസിക്കുന്നവര്‍ക്കു മുഴുവന്‍ സഹായവും ചെയ്തു കൊടുക്കുന്നത് സിപിഐ എം ആണ്. ഈ ആരോപണം വിമാനത്താവള വിരുദ്ധ സമരത്തെ പരാജയപ്പെടുത്താനും സ്വകാര്യ കമ്പനിയെ സഹായിക്കുന്നതിനും വേണ്ടിയാണെന്ന് സംശയിക്കണം. ആറന്മുള മിനിസിവില്‍സ്റ്റേഷനില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സിപിഐ എം മാത്രമാണ് രംഗത്തുണ്ടായിരുന്നതെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.

deshabhimani

അണ്‍എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളിലെ ശമ്പളം: ഹൈക്കോടതി ഉത്തരവിനു പുല്ലുവില

അണ്‍എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ ഭൂരിപക്ഷം മാനേജ്മെന്റുകളും നടപ്പാക്കുന്നില്ല. ഉത്തരവ് നടപ്പാക്കിയെന്നു ഉറപ്പുവരുത്തേണ്ട സിബിഎസ്ഇയും മാനേജ്മെന്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. സിബിഎസ്ഇ സ്കൂളിലെ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച 2011ല്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും തൊഴില്‍വകുപ്പിന്റെ സര്‍ക്കുലറും സിബിഎസ്ഇ ബോര്‍ഡ് നിര്‍ദേശം പാലിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവും മാനേജ്മെന്റുകള്‍ ഇതുവരെ പാലിച്ചിട്ടില്ല. സംസ്ഥാനത്തെ എത്ര സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കിയെന്ന് എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാല വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോള്‍ വിഷയം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന മറുപടിയാണ് സിബിഎസ്ഇ ചെന്നൈ റീജണല്‍ ഓഫീസ് നല്‍കിയത്. സിബിഎസ്ഇയും സ്കൂള്‍ മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ഈ മറുപടി.

സ്വകാര്യ സിബിഎസ്ഇ, അണ്‍എയ്ഡഡ് സ്കൂളുകളില്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മിനിമം ശമ്പളം ഉറപ്പാക്കണമെന്ന്ഹൈക്കോടതി 2012 സെപ്തംബറിലാണ് ഉത്തരവിട്ടത്. അധ്യാപകര്‍ക്ക് പ്രൈമറിതലത്തില്‍ 10,000, ഹൈസ്കൂള്‍തലത്തില്‍ 15,000, ഹയര്‍ സെക്കന്‍ഡറിതലത്തില്‍ 20,000 എന്നീ നിരക്കില്‍ ശമ്പളം നല്‍കണമെന്നായിരുന്നു ഉത്തരവ്. ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ 2013 ഫെബ്രുവരിയില്‍ സ്കൂളുകള്‍ക്ക് സര്‍ക്കുലറും നല്‍കി. ഇല്ലെങ്കില്‍ അഫിലിയേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സിബിഎസ്ഇ ഇപ്പോള്‍ അതെല്ലാം മറന്നമട്ടിലാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള ശമ്പളം നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സിബിഎസ്ഇ ശ്രമിക്കുന്നില്ല. പരിശോധന നടത്താത്തതിനാല്‍ മാനേജ്മെന്റുകള്‍ തൊഴില്‍ചൂഷണം നിര്‍ബാധം തുടരുന്നു. അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് മിക്കവാറും 4,000 രൂപമുതല്‍ 6000 രൂപവരെ മാത്രമാണ് മാസശമ്പളം. പത്തും ഇരുപതും വര്‍ഷം സര്‍വീസുള്ളവരാണ് ഈ തുച്ഛശമ്പളത്തില്‍ ജോലിചെയ്യുന്നത്. നാലായിരത്തോളം അണ്‍എയ്ഡഡ് സ്കൂളുകളില്‍ രണ്ടുലക്ഷംവരുന്ന അധ്യാപകരും അധ്യാപകേതര ജീവനക്കാരുമുണ്ട്. ഇവര്‍ക്ക് ഇഎസ്ഐ, പിഎഫ്, ബോണസ്, പ്രസവാനുകൂല്യം തുടങ്ങിയവയൊന്നും മാനേജ്മെന്റുകള്‍ നല്‍കുന്നില്ല. അവധിക്കാല ശമ്പളവും നല്‍കുന്നില്ല. നല്‍കിയാല്‍ത്തന്നെ അധ്യാപകരെ അവധിക്കാലത്ത് സ്കൂളില്‍ ജോലിചെയ്യിപ്പിക്കും. ഇത്തരം നടപടികളെ ചോദ്യംചെയ്താല്‍ അധ്യാപകരെയും ജീവനക്കാരെയും അന്യായമായി പിരിച്ചുവിടുന്നു. അണ്‍എയ്ഡഡ് മേഖലയില്‍ കൂണുപോലെ ഉയര്‍ന്നുവരുന്ന സിബിഎസ്ഇ സ്കൂളുകള്‍ക്കുമേല്‍ സര്‍ക്കാരിനോ വിദ്യാഭ്യാസവകുപ്പിനോ യാതൊരു നിയന്ത്രണവുമില്ല.
(ഇ പി വിനയകൃഷ്ണന്‍)

deshabhimani

പ്രതിഷേധം ഭയന്ന് മുഖ്യന്‍ ഒളിച്ചോടി സ്വീകരണം ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു

സോളാര്‍ തട്ടിപ്പില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധസൂചകമായി കരിങ്കൊടി കാണിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ പേട്ട ജങ്ഷനിലായിരുന്നു വന്‍ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ ആക്രമണം. വിമാനത്താവളത്തില്‍വന്നിറങ്ങിയ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കുന്നതില്‍നിന്ന് ഐ ഗ്രൂപ്പുകാര്‍ വിട്ടുനിന്നിരുന്നു. എ ഗ്രൂപ്പുകാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആസൂത്രിതമായി ആക്രമണം നടത്തിയത്. മുഖ്യമന്ത്രിക്കെതിരായി അലയടിക്കുന്ന പ്രതിഷേധത്തെ പൊലീസിനുപുറമെ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെയുംകൊണ്ട് നേരിടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പേട്ടയിലെ ആക്രമണം.

രാവിലെ 10.50 ഓടെ നെടുമ്പാശേരിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉമ്മന്‍ചാണ്ടി ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഭയന്ന് ചാക്ക- കഴക്കൂട്ടം ബൈപാസ് വഴി ഒളിച്ചോടിയിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ശംഖുംമുഖം, ചാക്ക, പേട്ട, ജനറല്‍ ഹോസ്പിറ്റല്‍, പാളയം എന്നിവിടങ്ങളില്‍ കരിങ്കൊടികാട്ടി പ്രതിഷേധിക്കാന്‍ കാത്തുനിന്നത്. വഴിയില്‍ കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം ഉണ്ടെന്ന് മനസ്സിലാക്കി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കഴക്കൂട്ടം ബൈപാസിലേക്ക് തിരിച്ചുവിട്ടു. ചാക്കയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി. വഴുതക്കാട് വഴി അരമണിക്കൂറിലധികം കറങ്ങിയശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സെക്രട്ടറിയറ്റില്‍ എത്തി.

ഭീകരത സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങള്‍

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായിട്ടും മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടൂരിലും തിരുവല്ലയിലും കരിങ്കൊടികാട്ടി. അടൂരില്‍ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങള്‍ ഭീകരത സൃഷ്ടിച്ചു. എംസി റോഡില്‍ അടൂര്‍ നെല്ലിമൂട്ടില്‍പടിയില്‍ അമിതവേഗത്തില്‍ വന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തികാട്ടി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം കെ മഹേഷ്കുമാറിനെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിക്കാനും ശ്രമിച്ചു. അമിതവേഗത്തില്‍ വന്ന സുരക്ഷവാഹനത്തിലെ ഡോര്‍ അപകടം ഉണ്ടാക്കും വിധം തുറന്നുവെച്ചാണ് ഇതിനുള്ളിലിരുന്ന് സുരക്ഷ ഭടന്മാര്‍ ലാത്തിവീശിയത്. നൂറിലധികം കിലോമീറ്റര്‍ വേഗത്തിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവന്നത്. പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് സംഘം തീവ്രശ്രമം നടത്തിയെങ്കിലും ഇതിനെ ചെറുത്താണ് കരിങ്കൊടി കാട്ടിയത്.

ജില്ലാ സെക്രട്ടറി റോഷന്‍ റോയി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ് രാജീവ്, ഏരിയ സെക്രട്ടറി എ ആര്‍ അജീഷ്കുമാര്‍, ഏരിയ പ്രസിഡന്റ് ബി നിസ്സാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അടൂരില്‍ പ്രകടനവും നടത്തി. തിരുവല്ലയില്‍ ടൗണിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇവിടെയും സുരക്ഷാ വാഹനത്തിലുണ്ടായിരുന്നവര്‍ ലാത്തിവീശി. തിരുവല്ല ഏരിയ പ്രസിഡന്റ് പ്രകാശ്ബാബു, സെക്രട്ടറി സി എന്‍ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ആര്‍ മനു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

സോളാര്‍തട്ടിപ്പ്: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും "ജയിലിലടച്ച് "പ്രതിഷേധം

പുതുപ്പള്ളി: സോളാര്‍തട്ടിപ്പ് കേസില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രതീകാത്മകമായി ജയിലിലടച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്ക് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിനിടെയാണ് പ്രതിഷേധം. പൊലീസ് ബന്തവസിനെ അവഗണിച്ചാണ് ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചുര്‍ രാധാകൃഷ്ണനെയും ജയിലില്‍ അടയ്ക്കുന്ന സമരം ഡിവൈഎഫ്ഐ നടത്തിയത്.

സിപിഐ എം പുതുപ്പള്ളി ലോക്കല്‍കമ്മിറ്റിഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതുപ്പള്ളി കവല ചുറ്റി ഉമ്മന്‍ചാണ്ടിയുടെ സ്വീകരണസ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അധ്യാപക സര്‍വീസ് സഹകരണ ബാങ്കിനു സമീപം പൊലീസ് തടഞ്ഞു. ഇവിടെ നിന്ന് 50 മീറ്റര്‍ അകലെയുള്ള നിലക്കല്‍ പള്ളി ഓഡിറ്റോറിയത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്ക് സ്വീകരണം.

ഡിവൈഎഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു. സിപിഐ
എം ഏരിയാസെക്രട്ടറി കെ എം രാധാകൃഷ്ണന്‍, എ എം എബ്രഹാം, സന്തോഷ് വര്‍ക്കി, സജേഷ് തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഇതിനിടെ വാകത്താനം നാലുന്നാക്കലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ബോര്‍ഡ് തിരികെ സ്ഥാപിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചു. സംഭവത്തില്‍ ഡിവൈഎഫ്ഐ വാകത്താനം മേഖലാകമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani

ശൈശവ വിവാഹത്തിനെതിരെ മഹിളാ അസോ. ക്യാമ്പയിന്‍

ശൈശവവിവാഹത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വിപുലമായ പ്രചാരണം നടത്തും. ജൂലൈ അഞ്ചുമുതല്‍ 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ ശൈശവവിവാഹം സാമൂഹ്യതിന്മ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

യുഡിഎഫ് സര്‍ക്കാര്‍ ശൈശവവിവാഹം പ്രോത്സാഹിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടത് അപലപനീയമാണ്. 16 വയസ്സിന് താഴെ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് അസോസിയേഷനടക്കം വിവിധ സംഘടനകളും വ്യക്തികളും പ്രതിഷേധിച്ചപ്പോഴാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എന്നാല്‍, ഇതുവരെനടന്ന വിവാഹങ്ങള്‍ സാധുവാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്. ശൈശവവിവാഹം കര്‍ശനമായി നിരോധിക്കാനാവണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യപദവി എന്നിവയെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ശൈശവവിവാഹം. ഇന്ത്യയില്‍ നിയമവിരുദ്ധമായ ബാലവിവാഹം ഹിന്ദു, മുസ്ലിം സമുദായങ്ങളില്‍ രാജ്യവ്യാപകമായി നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള ഇരുളിലേക്ക് മനുഷ്യരെ തളച്ചിടാനാണ് ശ്രമം. നിഷ്കളങ്കരായ പെണ്‍കുട്ടികള്‍ യൗവനത്തിലെത്തുമ്പോഴേക്കും ആരോഗ്യവും വ്യക്തിത്വവും നഷ്ടപ്പെട്ട് വെറും അടിമകളായിത്തീരുന്ന അവസ്ഥയുണ്ടാകും. ഇത്തരം പ്രശ്നങ്ങളില്‍ മതമൗലികവാദികള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ അവജ്ഞയോടെ തള്ളിക്കളയാന്‍ സമൂഹം തയ്യാറാകണമെന്നും അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെ കെ ശൈലജ പ്രസ്താവനയില്‍ പറഞ്ഞു.

വിവാഹ രജിസ്ട്രേഷന്‍: പുതിയ സര്‍ക്കുലറും നിയമവിരുദ്ധം: യുക്തിവാദിസംഘം

മലപ്പുറം: പുതിയ വിവാഹ രജിസ്ട്രേഷന്‍ സര്‍ക്കുലറും നിയമവിരുദ്ധമാണെന്ന് കേരള യുക്തിവാദിസംഘം പ്രസിഡന്റ് യു കലാനാഥന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2006ലെ ശൈശവ വിവാഹ നിരോധനനിയമം നിലനില്‍ക്കുന്നകാലത്തോളം 21 വയസ്സില്‍ താഴെയുള്ള പുരുഷനും 18 വയസ്സില്‍ താഴെയുള്ള സ്ത്രീയും തമ്മില്‍ വിവാഹിതരാകാന്‍ പാടില്ല. പുതിയ സര്‍ക്കുലറില്‍ 27-6-13 വരെ നടന്ന എല്ലാ വിവാഹങ്ങളും 2008ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണുള്ളത്. ഇത് പഴയ സര്‍ക്കുലറിലുള്ള മുസ്ലിം വിവാഹം എന്ന വാചകം മാത്രം മാറ്റിയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും കലാനാഥന്‍ പറഞ്ഞു.

deshabhimani

ക്യൂബയില്‍നിന്ന് ഇക്കൊല്ലം 10,500 നവഡോക്ടര്‍മാര്‍

ആരോഗ്യമേഖലയില്‍ ലോകം വിസ്മയത്തോടെ നോക്കുന്ന ക്യൂബയില്‍നിന്ന് ഈ അധ്യയനവര്‍ഷം ബിരുദം നേടി പുറത്തിറങ്ങുന്നത് 10,500 ഡോക്ടര്‍മാര്‍. ഇതില്‍ 4843 പേര്‍ വിദേശികളാണ്. ക്യൂബന്‍ പൗരന്മാര്‍ 5,683. വിവിധ ക്യൂബന്‍ പ്രവിശ്യകളില്‍ ജൂലൈ 19 മുതല്‍ 27 വരെ ബിരുദദാന ചടങ്ങുകള്‍ നടക്കും. മറ്റ് 70 രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഈവര്‍ഷം ക്യൂബയുടെ വൈദ്യശാസ്ത്ര മികവ് സ്വന്തമാക്കി പുറത്തിറങ്ങുന്നത്. ഇതില്‍ ഒമ്പത് രാജ്യങ്ങളില്‍നിന്ന് നൂറിലേറെ പേരുണ്ട്. ബൊളീവിയ (855), ഇക്വഡോര്‍ (718), മെക്സിക്കോ (444), അര്‍ജന്റീന (387), എല്‍ സാല്‍വദോര്‍ (386), ഗയാന (280), കിഴക്കന്‍ തിമോര്‍ (194), അംഗോള (118), ചൈന (101) എന്നീ രാജ്യങ്ങളാണ് ഈവര്‍ഷം ഏറ്റവും കൂടുതല്‍ ക്യൂബന്‍ ഡോക്ടര്‍മാരെ സൃഷ്ടിച്ചത്.

1961 മുതല്‍ 2012 വരെ 1,24,700 ഡോക്ടര്‍മാരാണ് ക്യൂബയിലെ സര്‍വകലാശാലകളില്‍നിന്ന് വിദ്യാഭ്യാസം നേടിയിറങ്ങിയത്. വൈദ്യശാസ്ത്രമേഖലയിലെ മറ്റു കോഴ്സുകള്‍കൂടി കണക്കിലെടുത്താല്‍ ഈ വര്‍ഷം ബിരുദം നേടിയത് 29,712 പേരാണെന്ന് പൊതുജനാരോഗ്യ വിദ്യാഭ്യാസ മന്ത്രാലയ മേധാവി ഡോ. ജോ എമിലിയോ കാബല്ലറോയെ ഉദ്ധരിച്ച് "ഗ്രാന്‍മ" റിപ്പോര്‍ട്ട്ചെയ്തു. ഇതില്‍ 5020 പേര്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ക്യൂബന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പുതിയ പരിശീലന പദ്ധതിയില്‍ മെഡിസിന്‍, ഡെന്റിസ്ട്രി, നേഴ്സിങ്, സൈക്കോളജി, ഹെല്‍ത്ത് ടെക്നോളജി തുടങ്ങി 21 കോഴ്സുകളുണ്ട്. 13 മെഡിക്കല്‍ സര്‍വകലാശാലകളാണ് ക്യൂബയിലുള്ളത്. മൂന്ന് സ്വതന്ത്ര ഫാക്കല്‍റ്റികളും ലാറ്റിനമേരിക്കന്‍ സ്കൂള്‍ ഓഫ് മെഡിസിനും അടക്കമുള്ള സ്ഥാപനങ്ങളിലായി ആകെ 37,500 പ്രൊഫസര്‍മാര്‍. മറ്റ് 20 രാജ്യങ്ങളില്‍ ക്യൂബന്‍ മെഡിക്കല്‍ അധ്യാപകര്‍ ക്ലാസെടുക്കുന്നുമുണ്ട്.

1959ലെ ക്യൂബന്‍ വിപ്ലവസമയത്ത് രാജ്യത്തുണ്ടായിരുന്ന ഡോക്ടര്‍മാരുടെ എണ്ണത്തിന്റെ ഒന്നര മടങ്ങാണ് ഈ അധ്യയനവര്‍ഷം പുറത്തിറങ്ങുന്ന ഡോക്ടര്‍മാര്‍. ചികിത്സാരംഗത്ത് വികസിത രാജ്യങ്ങളെപ്പോലും വെല്ലുന്ന സംവിധാനമാണ് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും വിപ്ലവകരമായ പദ്ധതികളിലൂടെയും ക്യൂബ നേടിയെടുത്തത്. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെല്ലാം ക്യൂബന്‍ ഡോക്ടര്‍മാരെ സന്നദ്ധസേവനത്തിന് നിയോഗിച്ചിട്ടുണ്ട്. ലോകമെമ്പാടും പ്രകൃതിദുരന്തമേഖലകളില്‍ ക്യൂബന്‍ മെഡിക്കല്‍ വിദഗ്ധര്‍ അസാധാരണമായ സേവനമാണ് കാഴ്ചവെക്കുന്നത്. ഫുട്ബോള്‍ ഇതിഹാസം മാറഡോണ ലഹരിവിമുക്ത ചികിത്സയ്ക്ക് വിജയകരമായി വിധേയനായത് ക്യൂബയിലാണ്. വെനസ്വേലന്‍ വിപ്ലവനായകന്‍ ഹ്യൂഗോ ഷാവേസിന്റെ ചികിത്സ ക്യൂബയിലായിരുന്നു.

deshabhimani

"മൂന്നുപേര്‍ക്ക് ഒരു കുഞ്ഞ് " പരീക്ഷണത്തിന് ബ്രിട്ടന്‍ അനുമതി നല്‍കുന്നു

മൂന്നുപേരുടെ കോശങ്ങള്‍ ഉപയോഗപ്പെടുത്തി കുഞ്ഞുണ്ടാക്കാനുള്ള കൃത്രിമ സന്താനോല്‍പ്പാദന പദ്ധതിക്ക് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍-ഐവിഎഫ്) ബ്രിട്ടന്‍ അനുമതി നല്‍കുന്നു. 2015നുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിര്‍ദേശങ്ങളുടെയും നിബന്ധനകളുടെയും കരട് അടുത്തവര്‍ഷം പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ പദ്ധതിക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമാകും ബ്രിട്ടന്‍.

മാതാപിതാക്കളില്‍ നിന്ന് അടുത്ത തലമുറയിലേക്ക് ജനിതകരോഗങ്ങള്‍ പടരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് പറയുന്നു. അതേസമയം, പദ്ധതിയുടെ ധാര്‍മികതയെ ചോദ്യംചെയ്ത് രൂക്ഷവിമര്‍ശനങ്ങളും ഉയരുന്നു. കോശത്തിലെ മുഖ്യഭാഗമായ മൈറ്റോകോണ്‍ട്രിയയുടെ വൈകല്യങ്ങളാണ് പ്രധാനമായും പാരമ്പര്യരോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. അമ്മയുടെ വൈകല്യങ്ങളുള്ള അണ്ഡകോശത്തിലെ ന്യൂക്ലിയസ് (മര്‍മം) ദാതാവായ മറ്റൊരു സ്ത്രീയുടെ അണ്ഡത്തിലേക്ക് വച്ചുമാറ്റുന്നതാണ് ഇവിടെ ചെയ്യുന്നത്. മൈറ്റോകോണ്‍ട്രിയയിലെ തകരാറിലൂടെ മാതാപിതാക്കളില്‍നിന്ന് സന്താനങ്ങളിലേക്ക് പടരുന്ന ഹൃദയ, കരള്‍, പേശീരോഗങ്ങള്‍ പുതിയ പദ്ധതിയിലൂടെ ഒഴിവാക്കാനാകുമെന്ന് ബ്രിട്ടണിലെ ആരോഗ്യ വകുപ്പിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ഡാം സാലി ഡേവിസ് പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ ഒരു കുട്ടിക്ക് ഒരു അച്ഛനും രണ്ട് അമ്മമാരുമുണ്ടാകും. പുരുഷബീജത്തിലെ വൈകല്യങ്ങളും ഈ രീതിയില്‍ മറികടക്കാനാകും.

അതേസമയം, ഈ രീതിയില്‍ സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ചില ആരോഗ്യസംഘടനകളും വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് മനുഷ്യരില്‍നിന്നുള്ള ജനിതകഘടന സ്വീകരിച്ച കുട്ടികളാകും ഈ പരീക്ഷണങ്ങളിലൂടെ ഉണ്ടാകുകയെന്നും അവര്‍ വിമര്‍ശിക്കുന്നു. പുതിയ പരീക്ഷണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കേണ്ടതുണ്ട്. നിയമം അംഗീകരിക്കപ്പെട്ടാല്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ പത്ത് വരെ കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

deshabhimani

സ്നോഡെന് സ്വാഗതം: മഡൂറോ

അമേരിക്കയുടെ കുതന്ത്രങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്ത എഡ്വേഡ് സ്നോഡെന് അഭയം നല്‍കാന്‍ വെനസ്വേല സന്നദ്ധമാണെന്ന് പ്രസിഡന്റ് നിക്കോളസ് മഡൂറോ പ്രഖ്യാപിച്ചു. ഇക്വഡോറിലേക്കാണ് സ്നോഡെന്‍ എത്തുന്നതെങ്കില്‍ അവിടെ അദ്ദേഹത്തിന് അഭയം ഒരുക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും വെനസ്വേലയുടെ പിന്തുണയും മഡൂറോ പ്രഖ്യാപിച്ചു. "ധീരനായ യുവാവ്" എന്നാണ് സ്നോഡെനെ അദ്ദേഹം വിശേഷിപ്പിച്ചത്. "ആ ചെറുപ്പക്കാരന് സുരക്ഷ ആവശ്യമാണെങ്കില്‍ അദ്ദേഹത്തിന് വിശ്വാസപൂര്‍വം വെനസ്വേലയിലേക്ക് വരാം. ഈ ധീരനെ മാനുഷികമായ എല്ലാ പരിഗണനയും നല്‍കി സംരക്ഷിക്കാന്‍ വെനസ്വേല സജ്ജമാണ്. മനുഷ്യകുലത്തിന് സത്യം മനസ്സിലാക്കാനും സ്നോഡെന് സ്വന്തം യാതന അവസാനിപ്പിക്കാനും ഇതുവഴി കഴിയും"- മഡൂറോ പറഞ്ഞു.

സ്നോഡെന്റെ പ്രവൃത്തി സത്യത്തിന്റെ പോരാട്ടമാണെന്നും അമേരിക്കയിലെ യുവാക്കള്‍ക്കിടയില്‍ സംഭവിക്കുന്നതിന്റെ പ്രതിനിധിയാണ് അദ്ദേഹമെന്നും മഡൂറോ പറഞ്ഞു. ഇന്റര്‍നെറ്റ്, ഫോണ്‍ചോര്‍ത്തലിലൂടെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയ ആഗോളവിവരചോരണത്തിന്റെ രഹസ്യങ്ങള്‍ ലോകത്തെ അറിയിച്ച സ്നോഡെനെ അമേരിക്ക വേട്ടയാടുകയാണ്. സിഐഎയുടെ ചാരക്കണ്ണുകളെ വെട്ടിച്ച് ഹോങ്കോങ്ങില്‍നിന്ന് പറന്ന സ്നോഡെന്‍ ആറുദിവസമായി മോസ്കോ വിമാനത്താവളത്തിലാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ എവിടെയങ്കിലും അഭയം തേടാനാണ് സ്നോഡെന്‍ ആഗ്രഹിക്കുന്നത്. വിക്കിലീക്സ് സംഘാംഗങ്ങള്‍വഴി ഇക്വഡോറില്‍ അഭയം തേടാനാണ് സ്നോഡെന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. അഭയാഭ്യര്‍ഥനയില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അമേരിക്കയ്ക്ക് സ്വന്തംനിലപാട് എഴുതി അറിയിക്കാമെന്നും വാഷിങ്ടണിലെ എംബസിവഴി ഇക്വഡോര്‍ അറിയിച്ചിരുന്നു. എന്നാല്‍, സ്നോഡെന് യാത്രാരേഖകളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഇക്വഡോറില്‍ എത്തിയശേഷമേ അഭയനടപടികളില്‍ അന്തിമഘട്ടത്തിലേക്ക് കടക്കാനാകൂവെന്നും ഇക്വഡോര്‍ വ്യക്തമാക്കി.

അമേരിക്കയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഇക്വഡോര്‍ അവരുമായുള്ള വ്യാപാര ഉടമ്പടിയില്‍നിന്ന് വ്യാഴാഴ്ച പിന്മാറി. ഉടമ്പടിയെ അമേരിക്ക ബ്ലാക്ക്മെയിലിന് ആയുധമാക്കുന്നതാണ് ഇക്വഡോറിനെ ചൊടിപ്പിച്ചത്. അതേസമയം, ചൈനീസ് പ്രദേശമായ ഹോങ്കോങ്ങില്‍നിന്ന് പോകാന്‍ സ്നോഡെന് അവസരമൊരുക്കിയതില്‍ അമേരിക്ക രോഷപ്രകടനവും ഭീഷണിയും തുടരുകയാണ്. ഹോങ്കോങ്ങിന്റെ നടപടി മോശമായിപ്പോയെന്നും ഇതിന് ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നും അമേരിക്കന്‍ സ്ഥാനപതി സ്റ്റീഫന്‍ യങ് പറഞ്ഞു. സ്നോഡെനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക നല്‍കിയ അപേക്ഷയില്‍ മതിയായ രേഖകളൊന്നും ഇല്ലായിരുന്നുവെന്ന ഹോങ്കോങ്ങിന്റെ വിശദീകരണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. അതിനിടെ, അമേരിക്കയുടെ നിലപാടിനെ റഷ്യ വീണ്ടും വിമര്‍ശിച്ചു. സ്നോഡെന്‍ വിഷയത്തില്‍ തങ്ങളെ പ്രതിസന്ധിയിലാക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.

deshabhimani

വിള ഇന്‍ഷുറന്‍സ് അട്ടിമറിക്കുന്നത് സ്വകാര്യ കമ്പനിക്കുവേണ്ടി

കാലവര്‍ഷക്കെടുതിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ട വിള ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്കുവേണ്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനമായ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പദ്ധതിയാണ് ഉത്തരവിറക്കാതെ ഇക്കുറി സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി (എഐസി) അധികൃതരുമായി കൃഷിവകുപ്പ് വെള്ളിയാഴ്ച നടത്തിയ യോഗം പരാജയപ്പെട്ടു.

ഉത്തരേന്ത്യന്‍ സര്‍ക്കാരുകള്‍ കരിമ്പട്ടികയില്‍ പെടുത്തിയ ധനകാര്യ സ്ഥാപനത്തിനായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തിനു പിന്നാലെയാണ് വിള ഇന്‍ഷുറന്‍സിന്റെ കടയ്ക്കലും കത്തിവയ്ക്കുന്നത്. സ്വകാര്യ ധനകാര്യസ്ഥാപനമായ എച്ച്ഡിഎഫ്സിയുടെ എച്ച്ഡിഎഫ്സി-എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സാണ് പദ്ധതി തട്ടിയെടുക്കാന്‍ രംഗത്തുള്ളത്. കര്‍ഷകരുടെ വിഹിതവും സര്‍ക്കാരുകള്‍ നല്‍കുന്ന സബ്സിഡിയും ഉള്‍പ്പെടെ മറിയുന്ന കോടികളാണ് ഇവരുടെ ലക്ഷ്യം. എച്ച്ഡിഎഫ്സി പിടിമുറുക്കിയതോടെ എഐസിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢാലോചന തുടരുകയാണ്. സര്‍ക്കാരിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഇന്‍ഷുറന്‍സ് ദല്ലാള്‍ സ്ഥാപനം എച്ച്ഡിഎഫ്സിക്കായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. അംഗീകൃത ബ്രോക്കര്‍ സ്ഥാപനമായ ഇവര്‍ നിര്‍ദേശിക്കുന്ന കമ്പനിക്ക് പദ്ധതി നിര്‍വഹണചുമതല നല്‍കാന്‍ സര്‍ക്കാരിനാകും. ഈ അധികാരം ദുരുപയോഗംചെയ്ത്, കഴിഞ്ഞ സീസണ്‍വരെ പദ്ധതി ഭംഗിയായി നടപ്പാക്കിയ എഐസിയെ ഒഴിവാക്കാനാണ് നീക്കം. ജൂണ്‍ ഒന്നിനുമുമ്പ് ഉത്തരവിറക്കി ഒരുമാസത്തിനകം കര്‍ഷകരെ ചേര്‍ക്കുകയാണ് ചെയ്തിരുന്നത്. എഐസി പൊതുമേഖലയിലെ മറ്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ വ്യാപകശൃംഖല ഉപയോഗിച്ചാണ് കര്‍ഷകരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് പദ്ധതി നടപ്പാക്കിയിരുന്നത്. സംസ്ഥാനത്ത് എച്ച്ഡിഎഫ്സിക്ക് വ്യാപകമായ ശൃംഖല ഇല്ലെന്നിരിക്കെ, ഇവര്‍ക്കുതന്നെ പദ്ധതി കൈമാറാനുള്ള കൃഷിവകുപ്പിന്റെ നീക്കം ദുരൂഹമാണ്.

സബ്സിഡി ഇനത്തില്‍ ലഭിക്കുന്ന കോടികള്‍ കൈക്കലാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. എച്ച്ഡിഎഫ്സിയുമായി കമീഷന്‍ തുക സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതാണ് ഉത്തരവു വൈകുന്നതിനു പിന്നിലെന്നറിയുന്നു. പദ്ധതി വൈകിയാല്‍ ഏറ്റെടുക്കുന്നത് കര്‍ഷകര്‍ക്കും തങ്ങള്‍ക്കും ഗുണകരമാകില്ലെന്ന നിലപാടാണ് എഐസിയുടേത്. ഇത്തരത്തില്‍ പദ്ധതി പരമാവധി വൈകിച്ച് എഐസിയെയും അതുവഴി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെയും മാറ്റിനിര്‍ത്താനും ഗൂഢാലോചനയുണ്ട്. സംസ്ഥാനതല ഏകോപനസമിതി ഒരുമാസം മുമ്പ് അംഗീകരിച്ച 12 ജില്ലകളിലെ 10 വിളകള്‍ക്കുള്ള കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതുമൂലം ത്രിശങ്കുവിലായത്. പ്രീമിയം തുകയുടെ കാല്‍ശതമാനം മാത്രം കര്‍ഷകനില്‍നിന്ന് ഈടാക്കി ബാക്കിതുക കേന്ദ്ര-സംസ്ഥാന സബ്സിഡിയായാണ് പദ്ധതി നടപ്പാക്കുന്നത്.
(ആനന്ദ് ശിവന്‍)

deshabhimani

നീതി നിഷേധം: മഹിളാ അസോസിയേഷന്‍

കുര്യനെതിരായ ഹര്‍ജി തള്ളി

തൊടുപുഴ: പി ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി സമര്‍പ്പിച്ച പുനരവലോകന ഹര്‍ജി കോടതി തള്ളി. കേസിലെ ഒന്നാംപ്രതി ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് ശനിയാഴ്ച തൊടുപുഴ സെഷന്‍സ് ജഡ്ജി കെ എബ്രഹാം മാത്യു തള്ളിയത്.

കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം പരോളിലിറങ്ങി ഒളിവില്‍പോയ ധര്‍മരാജന്‍ ഒരു ചാനലിനോട് പി ജെ കുര്യന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നു. കുര്യനെയും കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ നായര്‍, ജമാല്‍ എന്നിവരെയും താനാണ് സ്വന്തം കാറില്‍ കുമളി റസ്റ്റ് ഹൗസില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തിച്ചതെന്ന് ധര്‍മരാജന്‍ പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി പുനരവലോകന ഹര്‍ജി നല്‍കിയത്. എന്നാല്‍, വിസ്താരവേളയില്‍ ധര്‍മരാജന്‍ മലക്കംമറിഞ്ഞു. കുര്യനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ മദ്യലഹരിയില്‍ നടത്തിയതാണെന്ന് കോടതിയെ അറിയിച്ചു. ഈ സത്യവാങ്മൂലമാണ് പെണ്‍കുട്ടിയുടെ ഹര്‍ജി നിരസിക്കാന്‍ ഇടയാക്കിയത്. പി ജെ കുര്യനുവേണ്ടി അഡ്വ. രാംകുമാര്‍ ഹാജരായി.

ധര്‍മരാജന്റെ മൊഴിമാറ്റം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. മേല്‍കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ട്. അതിനായി നിയമപോരാട്ടം തുടരുമെന്നും പെണ്‍കുട്ടിക്കുവേണ്ടി ഹാജരായ അഡ്വ. കെ വി ഭദ്രകുമാരിയും അഡ്വ. എ ജെ വില്‍സണും പറഞ്ഞു.

നീതി നിഷേധം: മഹിളാ അസോസിയേഷന്‍

ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യനെതിരെ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി തള്ളിയ തൊടുപുഴ കോടതിയുടെ വിധി നീതിനിഷേധത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്‍ കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലാ കോടതി വിധി ദൗര്‍ഭാഗ്യകരവും നീതീകരിക്കാനാകാത്തതുമാണ്. പി ജെ കുര്യനാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന പെണ്‍കുട്ടിയുടെ ആരോപണം ഗൗരവമായി കാണാന്‍ കോടതി തയ്യാറായിട്ടില്ല. കേസിന്റെ തുടക്കംമുതല്‍ പി ജെ കുര്യന്റെ പേര് പെണ്‍കുട്ടി പറയുന്നു. എന്നിട്ടും കാര്യക്ഷമമായ അന്വേഷണമോ ജുഡീഷ്യല്‍ നടപടികളോ ഉണ്ടായിട്ടില്ല. ഈ കോടതി വിധി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ജസ്റ്റിസ് ജെ എസ് വര്‍മ സമിതിയുടെ ശുപാര്‍ശകളെ അട്ടിമറിക്കുന്നു. പി ജെ കുര്യന്റെ പേര് ബോധപൂര്‍വം വലിച്ചിഴച്ചതാണെന്ന കോടതി പരാമര്‍ശം പരാതി നല്‍കാനുള്ള ഇരയുടെ അവകാശത്തെ ചോദ്യംചെയ്യുന്നതാണെന്നും മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

നാസര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു, താങ്കളുടെ ഭൂമിയും കണ്ടുകെട്ടുമോ

തന്റെ ഭൂമി കണ്ടുകെട്ടുമ്പോള്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ ഭൂമിയും സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമോ എന്ന് മുഖ്യമന്ത്രിയോട് എ കെ നാസര്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ അവിഹിത ഇടപെടല്‍മൂലം കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് നാസര്‍. ജൂണ്‍ 21ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഓഫീസിലെത്തിയപ്പോഴാണ് അദ്ദേഹത്തോട് ഇങ്ങനെ ചോദിക്കേണ്ടിവന്നതെന്ന് നാസര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സലിം രാജ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ ഇത് നാസറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിതന്നെയാണെന്നു ബോധ്യപ്പെട്ടതായും എന്നാല്‍ ഇവര്‍ പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയതിനാലാണ് ഇത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങള്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് നാസര്‍ മുഖ്യമന്ത്രിയുടെ ഭൂമിയും ഇങ്ങനെ കണ്ടുകെട്ടുമോ എന്ന ചോദ്യം ഉന്നയിച്ചത്. സലിംരാജ് അവിഹിത ഇടപെട്ടതിനാല്‍ തന്റെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് ഇടപ്പള്ളി പത്തടിപ്പാലത്തെ ആഞ്ഞിക്കാത്ത് വീട്ടില്‍ എ കെ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സലിം രാജ് അവിഹിതമായി ഇടപെട്ട് തന്റെ കുടുംബസ്വത്ത് റവന്യൂഭൂമിയാക്കാന്‍ ശ്രമിക്കുന്നതായും നാസര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇവരുടെ കൈവശമുള്ള 1.16 ഏക്കറിന് കരം അടക്കാന്‍ ചെന്നപ്പോള്‍ വസ്തു എളങ്ങല്ലൂര്‍ സ്വരൂപത്തിന്റെ പേരിലാണെന്നും നാസറിന് ഭൂമിയില്‍ അവകാശമില്ലെന്നുമായിരുന്നു റവന്യൂ അധികൃതരുടെ മറുപടി. സലിം രാജിന്റെ ബന്ധുവും അയല്‍വാസിയുമായ കാട്ടിപ്പറമ്പില്‍ അബ്ദുള്‍ മജീദിന്റെ പരാതിയിലാണ് റവന്യൂ അധികൃതരുടെ നീക്കമെന്നാണ് നാസറിന്റെ പരാതി. നാസറും അബ്ദുള്‍ മജീദുമായി സിവില്‍ കേസുണ്ട്. അതിന്റെ പ്രതികാരമായാണ് തന്റെ കുടുംബസ്വത്ത് റവന്യൂഭൂമിയാക്കാന്‍ അബ്ദുള്‍ മജീദിന്റെ ഭാര്യാസഹോദരനായ സലിംരാജ് ശ്രമിക്കുന്നതെന്നും നാസര്‍ പറഞ്ഞു.

വസ്തുവിന്റെ ഉടമസ്ഥാവകാശം കണയന്നൂര്‍ തഹസില്‍ദാരെ ബോധ്യപ്പെടുത്തി നാസര്‍ അനുകൂല ഉത്തരവ് നേടിയിരുന്നു. ലാന്‍ഡ് റവന്യൂ കമീഷണറും അനുകൂല ഉത്തരവും പുറപ്പെടുവിച്ചു. പുതുതായി ചുമതലയേറ്റ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് അബ്ദുള്‍ മജീദ് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ രേഖകള്‍ പരിഗണിക്കാതെ നാസറിനെയും കുടുംബത്തെയും ഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഇപ്പോള്‍ നാസര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ്. സലിം രാജിനെതിരെ ജൂണ്‍ 13ന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെക്കണ്ട് പരാതി നല്‍കിയിരുന്നു. കാര്യമുണ്ടായില്ല. പിന്നീട് ആഭ്യന്തരമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നല്‍കി. പക്ഷേ ഇതുവരെ അന്തിമതീരുമാനമായില്ല. നാസറിന്റെ സഹോദരന്‍ എ കെ നൗഷാദ്, ഉമ്മ ഷെരീഫ, നൗഷാദിന്റെ ഭാര്യ ഷിമിത നൗഷാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
(അഞ്ജുനാഥ്)

deshabhimani

ഫേസ്ബുക്കില്‍ പ്രതികരിച്ച ജീവനക്കാരന് സസ്പെന്‍ഷന്‍

സോളാര്‍ തട്ടിപ്പിനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം ഷെയര്‍ ചെയ്തതിന് സെക്രട്ടറിയറ്റ് ജീവനക്കാരന് സസ്പെന്‍ഷന്‍.തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥന്‍ പ്രേമാനന്ദ് തെക്കുംകരയ്ക്കെതിരെയാണ് നടപടി. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി.

സൗരോര്‍ജ കേസില്‍ ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ശക്തമായ വികാരമാണ് പ്രതിഫലിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഭീഷണിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. രാഷ്ട്രീയഭേദമെന്യേ പതിനായിരങ്ങള്‍ സോളാര്‍ തട്ടിപ്പിനെതിരെ പ്രതികരണങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രചാരണങ്ങള്‍ വിലക്കാന്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം സൈബര്‍ സെല്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍,ഇവയെ പ്രതിരോധിക്കുന്നത് പ്രയാസകരമാണെന്ന് സൈബര്‍സെല്‍ സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു.

deshabhimani

ഉമ്മഞ്ചാണ്ടി ലേബര്‍ ക്യാമ്പുകളോ എംബസിയോ സന്ദര്‍ശിച്ചില്ല

ദേശാഭിമാനി

ജോപ്പനും സരിതയും കരാറുണ്ടാക്കിയത് 5 കോടിക്ക്

പാലക്കാട് കിന്‍ഫ്രാപാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാന്‍ കോന്നി സ്വദേശി ശ്രീധരന്‍നായരുമായി സരിത എസ് നായരും ടെന്നി ജോപ്പനും കരാറുണ്ടാക്കിയത് അഞ്ചുകോടിക്ക്. ഇതിന്റെ ആദ്യഗഡുവായി 40 ലക്ഷം രൂപയുടെ മൂന്നു ചെക്കുകള്‍ ശ്രീധരന്‍നായരില്‍നിന്ന് കൈപ്പറ്റിയത് സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണെന്നും ജോപ്പന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ കോള്‍സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് ശ്രീധരന്‍നായരില്‍നിന്ന് ചെക്ക് വാങ്ങിയത്. ശ്രീധരന്‍നായരെ പുറത്താക്കിയശേഷം മൂന്നു ചെക്കുകളില്‍ ഒരെണ്ണം താന്‍ എടുത്തു. രണ്ടെണ്ണം സരിതയും. ഇടപാടിന് പ്രത്യുപകാരമായി സരിത തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും ജോപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

40 ലക്ഷം ജോപ്പനും സരിതയ്ക്കും നല്‍കിയതായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എഡിജിപി ഹേമചന്ദ്രന് മൊഴിനല്‍കിയ ശ്രീധരന്‍നായരും സമ്മതിച്ചിട്ടുണ്ട്. പദ്ധതിക്ക് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് ജോപ്പന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. പദ്ധതിക്ക് 39 കോടി ചെലവ് വരുമെന്നും സര്‍ക്കാര്‍ ഇളവ് കഴിഞ്ഞ് 5 കോടി തന്നാല്‍മതിയെന്നും ജോപ്പന്‍ വാഗ്ദാനംചെയ്തെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു.

സരിതയുമായി രണ്ടുവര്‍ഷത്തിലേറെയായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ജോപ്പന്‍ വെളിപ്പെടുത്തി. തട്ടിപ്പുകാരിയാണെന്ന് നേരത്തേ അറിയാമായിരുന്നു. സരിതയുമായി എല്ലാ തരത്തിലും ബന്ധമുണ്ട്. പലപ്പോഴും ഒരുമിച്ച് ദൂരയാത്രകള്‍ പോയിട്ടുണ്ട്. സ്ഥിരമായി ഫോണിലും ബന്ധപ്പെടാറുണ്ട്. സൗരോര്‍ജപദ്ധതിയുടെ പേരിലാണ് സരിതയെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്. മറ്റ് മന്ത്രിമാരുടെ സ്റ്റാഫുകളെയും ഉന്നത ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തി കൊടുത്തതും താനാണ്. എന്നാല്‍, ജിക്കുവും സലിംരാജും പതിവായി സരിതയെ വിളിക്കുന്നതില്‍ നീരസമുണ്ടായിട്ടുണ്ട്. ഈ വിഷയത്തില്‍ സരിതയുമായി പിണങ്ങിയിട്ടുണ്ട്.

ടീം സോളാറിന്റെ പാര്‍ട്ണറാണെന്നും മുഖ്യമന്ത്രി അറിഞ്ഞുള്ള പദ്ധതിയാണെന്നും ശ്രീധരന്‍നായരെ പറഞ്ഞുവിശ്വസിപ്പിച്ചതായി ചെങ്ങന്നൂരില്‍ നടന്ന തെളിവെടുപ്പില്‍ ജോപ്പന്‍ പറഞ്ഞു. അതിനിടെ ശ്രീധരന്‍നായരെ പരാതിയില്‍നിന്ന് പിന്‍വലിപ്പിക്കാന്‍ ഉന്നത തലത്തില്‍ നീക്കംനടന്നിരുന്നു. എന്നാല്‍, ശ്രീധരന്‍നായര്‍ പരാതിയില്‍ ഉറച്ചുനിന്നതാണ് ജോപ്പന്റെ അറസ്റ്റിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ചില ബന്ധുക്കള്‍ക്ക് ഇടപാടുമായുള്ള ബന്ധത്തെ പറ്റി വ്യക്തമായ വിവരം ലഭിച്ചെങ്കിലും ആ വഴിക്ക് നീങ്ങണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

തിരുവഞ്ചൂര്‍ - ശാലു ബന്ധം മറനീക്കുന്നു

കോട്ടയം: നടി ശാലുമേനോനെ സംരക്ഷിക്കാനുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷം. വ്യക്തമായ തെളിവുകള്‍ പുറത്തായിട്ടും ശാലുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് പരസ്യമായി രംഗത്തെത്തി. ശാലുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് "ദേശാഭിമാനി"യോട് പറഞ്ഞു.

കോണ്‍ഗ്രസിലെ ഐ വിഭാഗവും എയിലെ തിരുവഞ്ചൂര്‍ വിരുദ്ധരും ഇത് ശരിവക്കുന്നു. ശാലുവിന്റെ വീടിന്റെ പാലുകാച്ചലിന് മന്ത്രി തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ സ്വീകരിച്ചത് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനാണ്. ശാലുവും ബിജുവും മന്ത്രിക്കിരുവശത്തുമായി നില്‍ക്കുന്ന ചിത്രവും വീഡിയോയും പുറത്താകുമെന്ന ഭയത്താലാണ് ഈ വഴിക്കുള്ള അന്വേഷണം തിരുവഞ്ചൂര്‍ തടഞ്ഞത്. ബിജുവിന്റെയും സരിതയുടെയും മൊഴിയിലും ശാലുവിനെതിരായ തെളിവുകളുണ്ട്. ജയിലിലായ ജോപ്പന്റെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നു. കേസിന്റെ എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തിന് എഴുതി നല്‍കുമെന്ന് വെളിപ്പെടുത്തിയ പി സി ജോര്‍ജ് തിരുവഞ്ചൂര്‍ ശാലുവിന്റെ വീട്ടിലെത്തിയതായി സ്ഥിരീകരിച്ചു. ഫോട്ടോകളും വീഡിയോയും നശിപ്പിക്കപ്പെട്ടതായി ചടങ്ങിന്റെ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറും വെളിപ്പെടുത്തി. പൊലീസിന്റെ നിര്‍ദേശപ്രകരാമാണ് ഇത് ചെയ്തതെന്നാണ് സൂചന.

ശാലു ബിജുവിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തായപ്പോഴാണ് തിരുവഞ്ചൂരുമൊത്തുള്ള ചിത്രം നശിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശമെത്തിയത്. ഇതിന്റെ ആസൂത്രണത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും കോട്ടയം ഡിസിസി അംഗം പി എന്‍ നൗഷാദും രംഗത്തത്തുണ്ടായിരുന്നു. നൗഷാദും കൊടിക്കുന്നിലുമാണ് കേന്ദ്ര സിനിമ സെന്‍സര്‍ ബോര്‍ഡില്‍ ശാലുവിന് അംഗത്വം തരപ്പെടുത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും ഓഫീസ് ജീവനക്കാരനുമായ ജോപ്പനെ ഉള്‍പ്പടെ ജയിലില്‍ അടച്ചിട്ടും ശാലുവിനെ സംരക്ഷിക്കുന്നതാണ് എ വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണം. ബിജുവുമായി ശാലുവിന് വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ശാലുവില്‍നിന്ന് കിട്ടിയ വിവരങ്ങളിലൂടെ മറ്റ് തെളിവുകളിലേക്ക് നീങ്ങിയാല്‍ ശാലുവിന്റെ അറസ്റ്റും അനിവാര്യമാകും. ബിജു ഒളിവിലാകുന്നതിന്റെ തലേന്ന് തന്നോടൊപ്പം ഉണ്ടായിരുന്നതായി ശാലു വെളിപ്പെടുത്തിയിരുന്നു. ശാലുവിന്റെ മൊബൈലും ഒളിവില്‍ പോകുമ്പോള്‍ ബിജുവിന്റെ കയ്യിലായിരുന്നു. ഈ മൊബൈല്‍ മാറ്റത്തിലൂടെയാണ് പ്രതി പൊലീസിനെ കബളിപ്പിച്ചത്.
(എസ് മനോജ്)

deshabhimani

ഇനിയും പിടിച്ചുതൂങ്ങാനോ?

പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ചും വിശ്വസ്തരെ ബലിയാടാക്കിയും മുഖ്യമന്ത്രിപദത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഇനിയും പിടിച്ചുതൂങ്ങാനാകുമോ. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും സരിത തട്ടിപ്പിന്റെ ആസ്ഥാനമാക്കിതിന്റെ തെളിവുകളുടെ പ്രവാഹമാണിപ്പോള്‍. ഭരണസിരാകേന്ദ്രത്തില്‍ തട്ടിപ്പുകാര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ പൊലീസ് രാജിലൂടെ ഒതുക്കാനാകില്ലെന്ന മുന്നറിയിപ്പാണ് ശനിയാഴ്ച കേരളത്തിലെ തെരുവുകളില്‍ കണ്ടത്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

രാഷ്ട്രീയമായി ആരെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ലെന്ന ചെന്നിത്തലയുടെ മുന്നറിയിപ്പിനും ഏറെ മാനങ്ങളുണ്ട്. സോളാര്‍തട്ടിപ്പിന് സ്വന്തം ഓഫീസും വസതിയും ഒരുക്കിയ ഉമ്മന്‍ചാണ്ടി നിരായുധനാണ്. ഏതുവിധേനയും പിടിച്ചുനില്‍ക്കാനുള്ള വെപ്രാളമാണ് മുഖ്യമന്ത്രിക്ക്. യുഎന്‍ അവാര്‍ഡ് വാങ്ങി തിരിച്ചെത്തിയ മുഖ്യമന്ത്രി നേരിട്ടത് ശക്തമായ രോഷമാണ്. സംസ്ഥാനത്തിന്റെ അന്തസ്സ് രക്ഷിക്കാനുള്ള മുന്നേറ്റമാണത്. സംരക്ഷണവലയമൊരുക്കിയിട്ടും മുഖ്യമന്ത്രിയെ ഊടുവഴികളിലൂടെ ഒളിച്ചുകടത്തുകയായിരുന്നു. പ്രതിഷേധം ഗ്രനേഡ് പ്രയോഗത്തിലൂടെ അവസാനിപ്പിക്കാമെന്ന ധാര്‍ഷ്ട്യത്തിനെതിരെ നാടൊന്നടങ്കം സമരമുഖത്താണ്. കുറ്റവാളികളെ രക്ഷിക്കാന്‍ പെടാപ്പാടിലായ ഉമ്മന്‍ചാണ്ടി സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നവരെ സസ്പെന്‍ഡ് ചെയ്യുന്നു. ഫേസ് ബുക്കില്‍ അഭിപ്രായം പറയുന്നത് മഹാപരാധമായി. ഈ കുറ്റം ചുമത്തി പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇപ്പോള്‍ സെക്രട്ടറിയറ്റ് ജീവനക്കാരനും നടപടിക്ക് ഇരയായി.

സരിതയ്ക്ക് സന്തതസഹചാരി ഫോണ്‍ചെയ്തതില്‍ കുറ്റംകാണാത്ത മുഖ്യമന്ത്രി ജോപ്പനെ അറസ്റ്റ് ചെയ്തപ്പോള്‍ സ്വരംമാറ്റി. കുറ്റംചെയ്തവര്‍ ആരായാലും രക്ഷപ്പെടില്ല എന്നാണിപ്പോള്‍ പറയുന്നത്. ഗണ്‍മാനെ സംരക്ഷിച്ചെങ്കിലും തെളിവ് ശക്തമായപ്പോള്‍സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. മുഖ്യമ ന്ത്രിയുടെ ഓഫീസില്‍നിന്ന് അഞ്ചുപേര്‍ പുറത്തായി. ചരിത്രത്തിലാദ്യമായി പേഴ്സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായി. സെക്രട്ടറിയറ്റിലും ക്ലിഫ് ഹൗസിലും തമ്പടിച്ച് തട്ടിപ്പ് നടത്തിയത് താനറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി സരിതയുമായി സംസാരിച്ചെന്നാണ് തട്ടിപ്പിനിരയായ ക്രഷര്‍ ഉടമ വെളിപ്പെടുത്തിയത്. താനും സരിതയും കസേരയില്‍ ഇരുന്ന് ജോപ്പനുമായി സംസാരിച്ചു എന്നാണ് മൊഴി. യുഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ സരിത ഇവിടം താവളമാക്കിയെന്നാണ് സൂചന. സരിത ക്ലിഫ് ഹൗസിലും പലതവണ വന്നുപോയി. അവിടെ നല്ല സ്വീകരണവും ലഭിച്ചെന്നും പറയുന്നു.

ആയിരത്തിലേറെ തവണ ജോപ്പനും സരിതയും ഫോണില്‍ സംസാരിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. മുഖ്യമന്ത്രി സദാ ഉപയോഗിക്കുന്ന രണ്ടു ഫോണില്‍ ഗണ്‍മാന്‍ നാനൂറിലധികം പ്രാവശ്യം വിളിച്ചതായി സമ്മതിച്ചിട്ടുണ്ട്. സരിതയുടെ മറ്റു നമ്പരുകളിലെ ഫോണ്‍ വിവരങ്ങള്‍ ഇനിയും വരാനിരിക്കുന്നു. എന്നിട്ടും സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഓഫീസും വസതിയും പേഴ്സണല്‍ സ്റ്റാഫും സംശയത്തിന്റെ പിടിയിലായപ്പോള്‍ ശക്തമായി നിഷേധിച്ച മുഖ്യമന്ത്രിക്ക് അധികം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്കെതിരെ നടപടിക്ക് നിര്‍ബന്ധിതനായി. ഇപ്പോള്‍ അവരെ ബലിയാടാക്കി തടിയൂരാനാണ് വെപ്രാളം. മുഖ്യമന്ത്രിയുടെ ഉപജാപകസംഘം നടത്തുന്ന വന്‍ തട്ടിപ്പിന്റെയും അഴിമതിയുടെയും അവിഹിത ഇടപാടുകളുടെയും കൂട്ടത്തിലൊന്നുമാത്രമാണ് സോളാര്‍ തട്ടിപ്പ്. ഇതില്‍ത്തന്നെ എത്രയോ പുറത്തുവരാനിരിക്കുന്നു. കൈയോടെ പിടിക്കപ്പെട്ടിട്ടും വിശുദ്ധന്‍ ചമയുന്ന ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് ആര്‍ത്തിരമ്പുന്ന ജനരോഷത്തിന്റെ നാളുകളാണ്.
(കെ എം മോഹന്‍ദാസ്)

മുഖ്യമന്ത്രിയെ ചോദ്യംചെയ്യും

സൗരോര്‍ജ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണസംഘം ചോദ്യംചെയ്യും. പക്ഷേ എഡിജിപിയുടെ നേതൃത്വത്തില്‍ എങ്ങനെ മുഖ്യമന്ത്രിയെ തട്ടിപ്പുകേസില്‍ ചോദ്യംചെയ്യുമെന്നത് അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ നിഴലായി നടന്ന പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിരിക്കുകയാണ്. ഈ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി ജോപ്പനെയും കൊണ്ട് വരുംദിവസങ്ങളില്‍ സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മഹസര്‍ തയ്യാറാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോഴക്കേസില്‍ തെളിവെടുപ്പ് നടത്തുമ്പോള്‍ ഓഫീസിന്റെ കസ്റ്റോഡിയനായ മുഖ്യമന്ത്രിയെയും ചോദ്യംചെയ്യേണ്ടിവരും. ഇത് ഒഴിച്ചുകൂടാനാകാത്ത നടപടിയാണ്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളെ കോഴക്കേസില്‍ എഡിജിപി ചോദ്യംചെയ്യുന്നത് നീതിപൂര്‍വമായിരിക്കില്ലെന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.

മുഖ്യമന്ത്രിപദവിയില്‍ തുടരുന്നയാളെ എങ്ങനെ ചോദ്യംചെയ്യുമെന്നതില്‍ വ്യക്തമായ തീരുമാനം ഇതുവരെ അന്വേഷണസംഘത്തിന് കൈക്കൊള്ളാന്‍ സാധിച്ചിട്ടില്ല. 40 ലക്ഷം രൂപയുടെ മൂന്ന് ചെക്കുകളാണ് ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് ജോപ്പന് കൈമാറിയത്. മുഖ്യമന്ത്രിക്കു നല്‍കാനുള്ള തുകയാണെന്ന് ജോപ്പന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ശ്രീധരന്‍നായര്‍ പോയശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് എതിര്‍വശത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ജോപ്പനും സരിതാനായരും പോകുകയും മൂന്നില്‍ രണ്ടു ചെക്കുകള്‍ ജോപ്പന്‍ സരിതയെ ഏല്‍പ്പിക്കുകയും ചെയ്തു. ചെക്കുകള്‍ കിട്ടിയ ഉടന്‍ സന്തോഷത്താല്‍ സരിത കെട്ടിപ്പിടിച്ച് തന്നെ ചുംബിച്ചതായും ജോപ്പന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്്. ഓഫീസിലെ പല ഉന്നതരും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നെന്നും ജോപ്പന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യാതെ അന്വേഷണനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാകില്ല.

deshabhimani

വഴിനീളെ കരിങ്കൊടി

സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വഴിനീളെ കരിങ്കൊടി. ചങ്ങനാശേരിയില്‍ യാത്രാമധ്യേ കാറിനുള്ളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി പുതപ്പിച്ചു. യുവജനരോഷത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ മുന്‍ നിശ്ചയിച്ച യാത്രാവഴികളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി. അവാര്‍ഡ് കൈപ്പറ്റി മനാമയില്‍നിന്ന് ശനിയാഴ്ച മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വഴികളിലെല്ലാം കടുത്ത പ്രതിഷേധമാണ് നേരിട്ടത്. അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഉമ്മന്‍ചാണ്ടിയെ തുടരാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.

route from tvpm to puthupally
നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഉമ്മന്‍ചാണ്ടിയെ ആലുവ ഗസ്റ്റ് ഹൗസിനുമുമ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ ഉമ്മന്‍ചാണ്ടിക്ക് വന്‍ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. വിമാനത്താവളത്തില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പലതവണ വഴിമാറ്റി. നേരത്തെ നിശ്ചയിച്ച റൂട്ട് വിട്ട് അരമണിക്കൂറിലധികം കാര്‍ നഗരത്തില്‍ ചുറ്റിവളഞ്ഞു. ശംഖുംമുഖത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. ചാക്കയില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതറിഞ്ഞ് വാഹനം കഴക്കൂട്ടം ബൈപാസ് വഴി തിരിച്ചുവിട്ടു. കുമാരപുരം, പട്ടം റൂട്ടിലൂടെ എത്തിയ മുഖ്യമന്ത്രി നേരെ സെക്രട്ടറിയറ്റിലേക്കുള്ള വഴി ഉപേക്ഷിച്ച് വഴുതക്കാട് വഴി പോയി. ക്ലിഫ് ഹൗസിലേക്ക് പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ യാത്ര ഒഴിവാക്കി.

ഉച്ചതിരിഞ്ഞ് കോട്ടയം യാത്രയിലും റൂട്ട് പലവട്ടം മാറ്റിയെങ്കിലും വഴിനീളെ പ്രതിഷേധം നേരിട്ടു. അടൂരിലും തിരുവല്ലയിലും കൊട്ടാരക്കരയിലും കരിങ്കൊടികാട്ടി. ചങ്ങനാശേരി തെങ്ങണയ്ക്കു സമീപം വട്ടച്ചാല്‍പ്പടിയിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സാഹസികമായി കരിങ്കൊടി പുതപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരുടെ സ്വീകരണമേറ്റു വാങ്ങിവന്ന മുഖ്യമന്ത്രിയുടെ കാറിന്റെ യാത്ര പതുക്കെയായിരുന്നു. ഈ സമയം മുദ്രാവാക്യം വിളിയുമായി എത്തിയ പ്രവര്‍ത്തകര്‍ കരിങ്കൊടി പുതപ്പിക്കുകയായിരുന്നു. ഗണ്‍മാനും പൊലീസുകാരും ഉള്‍പ്പെടെ പ്രതിഷേധക്കാരെ വളഞ്ഞിട്ട് മര്‍ദിച്ചു. മര്‍ദനത്തില്‍ പി ബി ജിയാഷിന് ഗുരുതര പരിക്കേറ്റു.

കൊട്ടാരക്കര പുലമണ്‍ ജങ്ഷനില്‍ പകല്‍ 2.30നാണ് കരിങ്കൊടി കാണിച്ചത്. എംസി റോഡ്വഴി വന്ന മുഖ്യമന്ത്രി പുലമണില്‍നിന്നു ഗോവിന്ദമംഗലം റോഡില്‍ കയറി യാത്ര തുടരുകയായിരുന്നു. തുടര്‍ന്ന് എംസി റോഡും ദേശീയപാതയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. 15പേരെ അറസ്റ്റ്ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോട്ടയത്തേക്കുള്ള വഴിയില്‍ എംസി റോഡില്‍ അടൂര്‍ നെല്ലിമൂട്ടില്‍പടിയിലും തിരുവല്ലയിലും കരിങ്കൊടി വീശി. പൊലീസുകാര്‍ ലാത്തിവീശി ഭീകരത സൃഷ്ടിച്ചു. ഡിവൈഎഫ്ഐ നേതാവ് എം കെ മഹേഷ് കുമാറിനെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിക്കാനും ശ്രമിച്ചു. അത്ഭുതകരമായാണ് മഹേഷ് രക്ഷപ്പെട്ടത്. ആലുവ പാലസില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Saturday, June 29, 2013

പ്രമേഹത്തിനുള്ള പിയോഗ്ലിറ്റസോണ്‍ നിരോധിച്ചു

deshabhimani

ലീഗ് സഖ്യം ദോഷമായെന്ന് ചെന്നിത്തല

മുസ്ലീംലീഗുമായുള്ള സഖ്യം കോണ്‍ഗ്രസിന് ദോഷമായെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സമുദായ സംഘടനകളുമായുള്ള ബന്ധം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി. സമുദായങ്ങളുമായും ജാതിസംഘടനകളുമായും കോണ്‍ഗ്രസ് ലക്ഷ്മണ രേഖ പുലര്‍ത്തണം. ഡിസിസി ഓഫീസില്‍ നാരായണന്‍ തിക്കോടി എഴുതിയ സികെജിയുടെ ജീവചരിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗുമായുള്ള കൂട്ടുകെട്ട് എതിര്‍ത്ത സികെജിയുടെ നിലപാട് ഇന്ന് അനുഭവ പാഠമായി. ഒന്നും രണ്ട് സീറ്റ് കൊടുത്താല്‍ പിന്നീട് കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് അന്നേ സി കെ ജി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

മന്നത്ത് പത്മനാഭനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞപ്പോള്‍ സമുദായം വേറെ പാര്‍ടി വേറെ എന്നുപറഞ്ഞയാളാണ് സി കെ ഗോവിന്ദന്‍ നായര്‍. കോണ്‍ഗ്രസ് മന്ത്രിമാര്‍ സമുദായ സംഘടനകളുടെയും മറ്റ് രാഷ്ട്രീയ പാര്‍ടികളുടെയും പരിപാടികളില്‍ സൗഹാര്‍ദ പ്രതിനിധികളായിപ്പോലും പങ്കെടുക്കരുതെന്ന സി കെ ജിയുടെ കത്ത് ഇന്നും പ്രസക്തമാണെന്ന് ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഞാന്‍ അക്കൂട്ടത്തിലാണ്. സമുദായ സംഘടനകളുമായി കൂട്ടുകൂടിയതിനാല്‍ ഉണ്ടായ കളങ്കം കുറച്ചുകൂടി സമയം വരും. മായ്ച്ചാലും മായാത്ത കറയായിപ്പോയി അതെന്ന് അദ്ദേഹം പറഞ്ഞു.

മുന്നണി വിട്ടുപോകും എന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് പോകാന്‍ സ്ഥലമില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പോയാല്‍ അവരെ ആരും എടുക്കില്ല. ലോക്സഭയിലേക്ക് ഒരു സീറ്റ് നല്‍കുമ്പോള്‍ രണ്ടും രണ്ട് കിട്ടുമ്പോള്‍ മൂന്നും ചോദിക്കുകയാണ്. കോണ്‍ഗ്രസിനുള്ളത് മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതില്ല. കോണ്‍ഗ്രസിനുള്ളത് എടുത്തിട്ടുമതി വീതംവെക്കലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് യു രാജീവന്‍ അധ്യക്ഷനായി. യു കെ കുമാരന്‍ പുസ്തകം പരിചയപ്പെടുത്തി. എം കെ രാഘവന്‍ എംപി, എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, പി ശങ്കരന്‍എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിയെ ക്രൂശിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി.

കോഴിക്കോട്: പേഴ്സണല്‍സ്റ്റാഫിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രി യെ ക്രൂശിക്കരുതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. പൊതുജനസേവനത്തിന് യുഎന്‍ പുരസ്കാരം വാങ്ങിയ ഉമ്മന്‍ചാണ്ടിക്ക് ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ റെക്കോഡുണ്ട്. പേഴ്സണല്‍സ്റ്റാഫ് അംഗങ്ങളുടെ കുഴപ്പത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ പഴിക്കരുത്. മലപ്പുറം പാസ്പോര്‍ട് ഓഫീസറുടെ പേരില്‍ കുറ്റമുണ്ടെങ്കില്‍ നടപടിയെടുക്കണം. ഇതിന്റെ പേരില്‍ പ്രതിപക്ഷനേതാവിന്റെ കത്തെഴുത്ത് കണ്ട് വിരണ്ടുപോകില്ലെന്നും മന്ത്രി വാര്‍ത്താസലേഖകരോട് പറഞ്ഞു

ഐഗ്രൂപ്പ് ശക്തമാക്കാന്‍ ചെന്നിത്തല-മുരളി ചര്‍ച്ച

കോഴിക്കോട് : ഐഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കെ മുരളീധരന്‍എംഎല്‍എയും രഹസ്യയോഗത്തില്‍ ധാരണയായി. കോണ്‍ഗ്രസിലെയും യുഡിഎഫ് സര്‍ക്കാരിലെയും പുതിയസംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ കൂടതല്‍ ഐക്യത്തോടെ യോജിച്ച് പേകാന്‍ ഇരുവരും കൂടിയാലോചനയില്‍ തീരുമാനിച്ചു. ശനിയാഴ്ച രാവിലെ കോഴിക്കോടെത്തിയ ചെന്നിത്തല മുരളീധരന്റെ നടക്കാവിലെ വീട്ടിലെത്തികാണുകയായിരുന്നു.

മുരളീധരന്‍ ഈയടുത്ത് ഐഗ്രൂപ്പിലേക്ക് ചേര്‍ന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐ വിഭാഗം നേതാക്കള്‍ക്കൊപ്പം ചെന്നിത്തല മുരളിയുമായി ചര്‍ച്ച നടത്തിയത്.മുരളിയോടൊപ്പം  ഐയിലേക്ക് തിരിച്ചുവന്ന പ്രവര്‍ത്തകരെ എല്ലാ പ്രവര്‍ത്തനത്തിലും പങ്കാളിയാക്കാന്‍ തീരുമാനിച്ചു. വാര്‍ഡ്തലണ്ടവരെ ഗ്രൂപ് യോഗങ്ങള്‍ വിളിക്കാനും ധാരണയായി. കഴിഞ്ഞയാഴ.ച തിരുവനന്തപുരത്ത് ചെന്നിത്തലയെ കണ്ട മുരളി അദ്ദേഹത്തിന്റെ നേതൃത്വത്തിന് പിന്തുണപ്രഖയാപിച്ചിരുന്നു. മുരളിയുടെ വരവോടെ പഴയ കരുണാകരഗ്രൂപ്പ്കാരെയെല്ലാം കൂട്ടിച്ചേര്‍ത്ത് ഐ ശക്തമാക്കാനാണ് നീക്കം.

ശനിയാഴ്ചത്തെ രഹസ്യയോഗത്തില്‍ കെപിസിസി ജനറല്‍സെക്രട്ടറിമാരായ എന്‍ സുബ്രമഹണ്യന്‍, കെ പി അനില്‍കുമാര്‍,സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍മന്ത്രി പി ശങ്കരന്‍, കെപിസിസി നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി എം നിയാസ് എന്നിവരുമുണ്ടായിരുന്നു.

deshabhimani

മുഖ്യമന്ത്രി കടിച്ചുതൂങ്ങുന്നത് അറസ്റ്റ് ഒഴിവാക്കാന്‍: വി എസ്

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്നതില്‍നിന്ന് സ്വയം രക്ഷപ്പെടുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോഴും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിനെ ബലിയാടാക്കി രക്ഷപ്പെടാന്‍ താനില്ല എന്ന് നിയമസഭയില്‍ പ്രറഞ്ഞ മുഖ്യമന്ത്രി, ഇപ്പോള്‍ അവരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. ഇതിനുവേണ്ടി സംസ്ഥാന പോലീസിനെ ദുരുപയോഗം ചെയ്യുന്നു- വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജോപ്പന്‍ അറസ്റ്റിലായ കേസിലെ ശ്രീധരന്‍നായര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ്. കോന്നി പോലീസ് സ്റ്റേഷനിലെ 656/2013 എന്ന പ്രഥമവിവര റിപ്പോര്‍ട്ടും അതിനാധാരമായ പരാതിയും പരിശോധിച്ചാല്‍ ഇത് ബോദ്ധ്യപ്പെടും. ഇത് മറച്ചുവെച്ച് ജോപ്പനില്‍ കേസൊതുക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ചേംബറിലെ വിഡിയോ ദൃശ്യങ്ങള്‍ തെളിവായി പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്യാന്‍ പോലീസ് അറച്ചുനില്‍ക്കുന്നു. ഇത്രയും നടപടിതന്നെ ഉണ്ടായത് ശ്രീധരന്‍ നായര്‍ കോടതിയെ സമീപിച്ചതുകൊണ്ടും കോടതി ഇടപെട്ടതും കൊണ്ടാണ്. സരിത തട്ടിപ്പിന്റെ ഇരകളെ സ്വീകരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കൃത്യം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് മഹസര്‍ തയ്യാറാക്കണം എന്നാണ് നിബന്ധന. അതായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രതികളെ കൊണ്ടുവന്ന് തട്ടിപ്പിന്റെ മഹസര്‍ തയ്യാറാക്കണം. ഈ നാണക്കേട് മലയാളികളുടെ തലയില്‍ കെട്ടിവെക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്?-വി എസ് ചോദിച്ചു.

ശാലു മേനോനെ പ്രതിചേര്‍ക്കാന്‍ പോലീസ് തയ്യാറാവാത്തതിന്റെ കാരണം വ്യക്തമാണ്. അവരുടെ വീടിന്റെ പാലുകാച്ചിന്റെ വിഡീയോ ചിത്രീകരിച്ച ഫോട്ടോഗ്രാഫറുടെ കമ്പ്യൂട്ടറില്‍നിന്ന് രേഖകള്‍ പോലീസ് എടുത്തുമാറ്റി എന്ന ആരോപണം ഗുരുതരമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജോപ്പനെതിരെ ഇപ്പോള്‍ വഞ്ചനാക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. അടിയന്തരമായി സലിംരാജിന്റേയും ജോപ്പന്റെയും ജിക്കുമോന്റെയും, അനധികൃത സ്വത്ത് സംബന്ധിച്ചും ഈ ക്രിമിനല്‍ തട്ടിപ്പിന് കൂട്ടുനിന്നതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണം. അതുപോലെ മുഖ്യമന്ത്രിയുടെയും മകന്റെയും പോക്കറ്റായ പാവംപയ്യന്റെ ധനസ്രോതസ്സുകളെക്കുറിച്ചും അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്ക് ഇത്രയും ക്രിമിനലുകളെ നിയമിക്കാന്‍ മുഖ്യമന്ത്രി കാട്ടിയ വൈഭവം പ്രശംസിക്കാതെ വയ്യ വി എസ് പരിഹസിച്ചു.
 ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികളുടെ കാര്യത്തിലോ, മണിപ്പാലില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിഷയത്തിലോ നാട്ടിലെ പ്രളയദുരിതത്തിലോ ഒന്നും ശ്രദ്ധിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. ജയിലില്‍ പോകാതിരിക്കാന്‍ വേണ്ടി തെളിവു നശിപ്പിക്കുന്നതില്‍ മാത്രമാണ് മന്ത്രിമാര്‍ക്ക് ശ്രദ്ധ. ഇനിയും മലയാളികളുടെ ക്ഷമ പരീക്ഷിക്കാതെ മുഖ്യമന്ത്രി ഉടന്‍ രാജിവെച്ച് ജൂഡീഷ്യല്‍ അന്വേഷണത്തിന് വിധേയനാകണം-വി എസ് ആവശ്യപ്പെട്ടു.

ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ ജനതാദള്‍ ആണ് തീരുമാനം എടുക്കേണ്ടതെന്ന് ചോദ്യത്തിനു മറുപടിയായി വി എസ് പറഞ്ഞു.

പേഴ്സണല്‍സ്റ്റാഫ്: പേരുദോഷമായെന്ന് ചെന്നിത്തല

കോഴിക്കോട്: കോണ്‍ഗ്രസ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ടിയല്ല മന്ത്രിമാരാണിപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത്. അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ പാര്‍ടിക്ക് ദോഷമുണ്ടാക്കി- കെഎസ്ടി വര്‍ക്കേഴസ് യൂണിയന്‍(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളന ഉദ്ഘാടനവേളയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പേരുദോഷമുണ്ടാക്കിയെന്ന ആരോപണം കെപിസിസി പ്രസിഡന്റ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം.

കേന്ദ്രമന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനൊരു വ്യവസ്ഥയുണ്ട്. ഡല്‍ഹിയിലതിന് കൃത്യമായ സമ്പ്രദായമുണ്ട്. പൊലീസ് പരിശോധനയടക്കം കഴിഞ്ഞാണ് നിയമനം. എന്നാല്‍ ഇവിടെ മന്ത്രിമാരുടെ താല്‍പര്യാര്‍ഥമാണിതെല്ലാം നടത്തുന്നത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ടി ഇടപെടും. നിയമനം സുതാര്യമാക്കും. മന്ത്രിമാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം കൊടുത്താലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ കാണുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ് ദുര്‍വിനിയോഗം ചെയ്ത ആരെയും സംരക്ഷിക്കാന്‍ പാര്‍ടി അനുവദിക്കില്ലെന്നും രമേശ് വ്യക്തമാക്കി.

പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ സിപിഐ എമ്മും എല്‍ഡിഎഫും തുടരുന്ന രീതിയാണ് നല്ലത്. പാര്‍ടി അറിഞ്ഞാകണം നിയമനം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ടെന്നിജോപ്പന്‍ അറസ്റ്റിലായതും സോളാര്‍തട്ടിപ്പും നേരിട്ട് പരമാര്‍ശിക്കാതെയായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് തമ്പാനൂര്‍ രവി അധ്യക്ഷനായി.

പേഴ്സണല്‍ സ്റ്റാഫില്‍ ഇനിയും വമ്പന്‍വമ്പന്‍സ്രാവുകള്‍

കോഴിക്കോട് : മുഖ്യമന്ത്രിക്ക് ഐക്യരാഷ്ട്രസഭാഅവാര്‍ഡ് കിട്ടി പ്രഭാതസൂര്യനെപ്പോലെ വെട്ടിത്തിളങ്ങേണ്ട സമയത്ത് ഗ്രഹണസ്ഥിതിയാണ് സര്‍ക്കാരിനെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഇപ്പോള്‍ രണ്ടുമുന്നുപേരെയെ പിടിച്ചിട്ടുള്ളു. ഇതിലും വമ്പന്‍സ്രാവുകള്‍ ചില മന്ത്രിമാരുടെ പേഴ്സണല്‍സ്റ്റാഫിലുണ്ട്. എമഎല്‍എമാരുടെ കത്തും നിവേദനവും പൂഴ്തുന്ന വിദ്വാന്മാരുണ്ട് സ്റ്റാഫില്‍. പത്താം ക്ലാസ് പോയിട് നാലാംക്ലാസും ഡ്രില്ലുമാണ് പലരുടെയും യോഗ്യത.മന്ത്രി പറഞ്ഞാലും കേള്‍ക്കാത്തസ്റ്റാഫുമുണ്ട്.ഇക്കാര്യത്തില്‍ കെപിസിസി കര്‍ശനമായി ഇടപെടണം.രോഗമറിഞ്ഞ് ചികിത്സിക്കണം.

സ്ക്രീന്‍ചെയ്ത് സുതാര്യമായിരിക്കണം നിയമനം. സിപിഐ എം അധികാരമേറിയാല്‍ അവരുശട സര്‍വീസ് സംഘടനകള്‍ക്കാണ് പേഴ്സണല്‍സ്റ്റാഫില്‍ പ്രാധാന്യം. എന്നാല്‍ കോണ്‍ഗ്രസ് വന്നാല എന്‍ജിഒ അസോസിയേഷനെയും മറ്റും പരിഗണിക്കില്ല.ഒട്ടേറെ നല്ലകാര്യം ചെയ്തിട്ടും ചീത്തപ്പേരുണ്ടാക്കിയ വമ്പന്മാരാണ് പേഴസണല്‍സ്റ്റാഫിലുള്ളത്. ഇപ്പം സോളാറെന്ന് പേരുകേള്‍ക്കുമ്പം ഞങ്ങള്‍ക്ക് ഭയമാണ്. കഴിഞ്ഞത് കഴിഞ്ഞു. പക്ഷെ ഇനി ആവര്‍ത്തിക്കാനനനുവദിക്കരുത്. നിയമസഭയില്‍ എല്ലാത്തിനും മുഖ്യമന്ത്രി ഇടപെടേണ്ടിവരുന്ന സ്ഥിതിയാണെന്നും മുരളി പറഞ്ഞു. കെഎസ്ടി വര്‍ക്കേഴ്സ്യൂണിയന്‍ (ഐഎന്‍ടിയുസി) സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍

deshabhimani

മുഖ്യമന്ത്രിക്ക് കരിങ്കൊടി

അഴിമതിയില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആലുവയിലും തിരുവനന്തപുരം വിമാനത്താവളത്തിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ആലുവയിൽ മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലെത്തിയാണ് മുപ്പതിലേറെവരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു പ്രതിഷേധം.യുവമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.

കുറച്ചു ദിവസമായി കേരളത്തിന് പുറത്തായതിനാല്‍  നടന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി അലുവയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങളിൽ വന്ന കാര്യങ്ങളെ അറിഞ്ഞുള്ളൂ. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കും. കുറ്റം ചെയ്തവര്‍ ആരായാലും സംരക്ഷിക്കുകയില്ല. എന്നാല്‍ , കുറ്റം ചെയ്യാത്തവര്‍ക്കതിരെ ഒരു കാരണവശാലും നടപടിയുണ്ടാവില്ല. ആരെയും ബലിയാടാക്കില്ല- ലൈംഗികാപവാദ കേസിൽ ആരോപണം നേരിടുന്ന മുന്‍മന്ത്രി ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് എല്‍ .ഡി.എഫും ജനതാദളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് എ ഗ്രൂപ്പ് പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരണം നല്കി. ഐ ഗ്രൂപ്പ് വിട്ടുനിന്നു

ഉപ്പ് തിന്നവർ  വെള്ളം കുടിക്കട്ടെ: ചെന്നിത്തല

കോഴിക്കോട്: സോളാർ അഴിമതിക്കേസിൽ കോൺഗ്രസ് ആരെയും രാഷ്ട്രീയമായി സംരക്ഷിക്കില്ലെന്ന്  കെ പിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കട്ടെ. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും കുട്ടക്കാർക്ക് കിട്ടണം  മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം തന്നെ നിയമസഭയിൽ സമ്മതിച്ചതാണു. അന്വഷണവും അറസ്റ്റും നടക്കട്ടെ. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം.- ചെന്നിത്തല പറഞ്ഞു

കോഴിക്കോട്ടെത്തിയ ചെന്നിത്തല രാവിലെ കെ മുരളിധരനെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു.

ജോപ്പന്റെ അറസ്റ്റ് ഗത്യന്തരമില്ലാതെ; ഇനിയാര്?

മുഖ്യമന്ത്രിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു: വിഎസ്

ആലപ്പുഴ: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് കൂടുതല്‍ വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടിയിട്ടുണ്ടെന്ന് ഉന്നതതല അന്വേഷണത്തിലൂടെയേ പുറത്തുവരൂ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടമെന്ന പ്രതിപക്ഷ ആവശ്യത്തിന് പ്രസക്തിയേറുകയാണ്. തട്ടിപ്പ് സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിയുകയാണ്. ഓരോ വിവരങ്ങള്‍ പുറത്തുവരുന്നതനുസരിച്ച് ഓരോരുത്തരെയായി പിടികൂടുകയാണെന്നും വി എസ് പറഞ്ഞു. വിമാനത്താവളംവഴി മനുഷ്യക്കടത്തിന് സൗകര്യമൊരുക്കാന്‍ പാസ്പോര്‍ട്ട് തിരുത്തിയ കേസില്‍ ഇന്റലിജന്‍സ് എഡിജിപി ആറു പേര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരാള്‍ക്കെതിരെമാത്രം നടപടി എടുക്കുന്നില്ല. ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധത്തിന് തെളിവാണിതെന്നും വി എസ് പറഞ്ഞു.

ജിക്കു വിദേശത്തേക്ക് കടക്കാന്‍ ഒരുങ്ങുന്നു

പുതുപ്പള്ളി: മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി സൂചന. സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന ഇയാള്‍ ബഹറിനിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നതായാണ് വിവരം. സോളാര്‍ കേസില്‍ സരിതയുമായി നൂറു തവണ ജിക്കു ഫോണ്‍ വിളിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പിഎ എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ജിക്കു. ജോപ്പനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പൊലീസ് സമാനമായ കുറ്റം ചെയ്ത ജിക്കുവിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് ഉമ്മന്‍ചാണ്ടിയുമായുള്ള ജിക്കുവിന്റെ ബന്ധത്തിന്റെ വലിപ്പം വ്യക്തമാക്കുന്നു.

ടീം സോളാറിനെപ്പറ്റി ഊര്‍ജമന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

കൊച്ചി: സോളാര്‍തട്ടിപ്പ് നടത്തിയ ടീം സോളാറിനെക്കുറിച്ച് പാരമ്പര്യേതര ഊര്‍ജമന്ത്രാലത്തിനും അനര്‍ട്ട് അടക്കമുള്ള ഏജന്‍സികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതായി സൗരോര്‍ജരംഗത്തെ ഏജന്‍സികളുടെയും പ്രചാരകരുടെയും സംഘടനയായ കേരള റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രൈസേഴ്സ് ആന്‍ഡ് പ്രൊമോട്ടേഴ്സ് അസോസിയേഷന്‍ (കെആര്‍ഇഇപിഎ) ഭാരവാഹികള്‍ പറഞ്ഞു. ഇത് അവഗണിക്കപ്പെട്ടു. ഒരുവര്‍ഷംമുമ്പ് എറണാകുളത്ത് സംഘടിപ്പിച്ച പാരമ്പര്യേതര ഊര്‍ജസ്രോതസ് സെമിനാറില്‍ പ്രാസംഗികനായി ടീം സോളാര്‍ പ്രതിനിധി ബിജു രാധാകൃഷ്ണന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നതായും ഇവര്‍ വ്യക്തമാക്കി. പാരമ്പര്യേതര ഊര്‍ജമന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ടീം സോളാര്‍ തമിഴ്നാട്ടില്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് പത്രവാര്‍ത്ത സംഘാടകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ബിജുവിനെ ഒഴിവാക്കി. എന്നാല്‍ സെമിനാറിന്റെ മുന്‍നിരയില്‍ സംഘാടകര്‍ക്കൊപ്പം ബിജുവും ഉണ്ടായിരുന്നു. സരിത എസ് നായര്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കി. സെമിനാറില്‍ ഉണ്ടായിരുന്ന അനര്‍ട്ട് അധികൃതരോട് ഇവരുടെ സ്ഥാപനം തമിഴ്നാട്ടില്‍ നടത്തിയ തട്ടിപ്പുകള്‍ വിശദീകരിച്ചിരുന്നെന്ന് കെആര്‍ഇഇപിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

60 മുതല്‍ 80 ശതമാനംവരെ സബ്സിഡി വാഗ്ദാനംചെയ്താണ്് ടീം സോളാര്‍ ഇടപാടുകാരെ പിടിച്ചെടുത്തത്. ഇപ്പോള്‍ സൗരോര്‍ജമെന്നു പറഞ്ഞ് ജനങ്ങളെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സെമിനാറുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഡല്‍ഹിയില്‍ പാരമ്പര്യേതര ഊര്‍ജവിഭാഗം ഡയക്ടറെ ടീം സോളാര്‍ അറിയിച്ചിരുന്നു. അനൗദ്യോഗികമായി അനര്‍ട്ടിന്റെ പ്രതിനിധികളെയും ടീം സോളാറിനെക്കുറിച്ചുള്ള സംശയങ്ങള്‍ ധരിപ്പിച്ചിരുന്നു. കെആര്‍ഇഇപിഎ അംഗത്വത്തിനായും ടീം സോളാര്‍ ശ്രമിച്ചു. എന്നാല്‍, സബ്സിഡിയും വിലയും സംബന്ധിച്ച വാഗ്ദാനങ്ങളില്‍ സംശയം തോന്നിയതിനാല്‍ അംഗത്വം നല്‍കിയില്ല. കെആര്‍ഇഇപിഎ സെക്രട്ടറി കെ എന്‍ അയ്യര്‍, ട്രഷറര്‍ ശിവരാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സംസ്കൃത സര്‍വകലാശാലാ തലപ്പത്ത് സംസ്കൃത ബിരുദധാരികളില്ല

വിജിലന്‍സ് കേസില്‍ പ്രതിയായ ഡോ. എം സി ദിലീപ്കുമാറിനെ യുജിസി ചട്ടം ലംഘിച്ച് വൈസ് ചാന്‍സലറാക്കുകവഴി കാലടി സംസ്കൃത സര്‍വകലാശാലയെ നയിക്കാന്‍ സംസ്കൃത ബിരുദധാരികളില്ലാത്ത അവസ്ഥയായി. കൊമേഴ്സില്‍ അസോസിയേറ്റ് പ്രൊഫസറാണ് എം സി ദിലീപ്കുമാര്‍. യുഡിഎഫ് ഭരണകാലത്ത് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സര്‍വകലാശാലയെ നയിക്കാന്‍ ഇതര ബിരുദക്കാര്‍ നിയോഗിക്കപ്പെടുന്നത്. വിഖ്യാത ചരിത്രപണ്ഡിതനായ കെ എന്‍ പണിക്കരെ എല്‍ഡിഎഫ് വിസി ആക്കിയതിനെ സംസ്കൃതബിരുദമില്ലെന്ന പേരില്‍ എതിര്‍ത്തവരാണ് ചട്ടവും കീഴ്വഴക്കവും അട്ടിമറിച്ച് രാഷ്ട്രീയപ്രേരിതമായി നിയമനം നടത്തിയത്. യുജിസി മാനദണ്ഡപ്രകാരം പ്രൊഫസര്‍ പദവിയില്‍ 10 വര്‍ഷത്തെ പരിചയമുള്ളവരെ മാത്രമേ വൈസ് ചാന്‍സലര്‍ പദവിയില്‍ പരിഗണിക്കാവൂ. എന്നാല്‍, പുതിയ വിസിക്ക് പ്രൊഫസര്‍ പദവി പോലും ലഭ്യമായിട്ടില്ല. ബിരുദം കൊമേഴ്സിലും. ഡോക്ടറേറ്റ് നേടിയതാകട്ടെ സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീം സംബന്ധിച്ച പ്രബന്ധത്തിന്.

കൊച്ചിന്‍ കോളേജിലെ പിടിഎ ഫണ്ടില്‍നിന്ന് നാലരലക്ഷം രൂപ ദുരുപയോഗം ചെയ്തതിന് വിജിലന്‍സ് അന്വേഷണം നേരിടുകയാണ് ഇദ്ദേഹം. വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് പാനല്‍, ഇദ്ദേഹത്തിന്റെ പേര് തിരസ്കരിക്കുകയും യോഗ്യരായവര്‍ക്കായി വിജ്ഞാപനം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. പാനലിലെ യുജിസി പ്രതിനിധി പുരി ജഗന്നാഥ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. നീലകണ്ഠപതിയാണ് ശക്തമായി എതിര്‍ത്തത്. എന്നാല്‍, ഈ നിര്‍ദേശം മറികടന്ന് രാഷ്ട്രീയതാല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് ഇദ്ദേഹത്തെ വിസി ആക്കിയത്. കോണ്‍ഗ്രസ് അധ്യാപകസംഘടനയായ കെപിസിടിഎയുടെ സംസ്ഥാന പ്രസിഡന്റാണ് ദിലീപ്കുമാര്‍. സര്‍വകലാശാല വിസി, പിവിസി, രജിസ്ട്രാര്‍ എന്നീ ഉന്നത പദവികളില്‍ ഒന്നിലെങ്കിലും സംസ്കൃത പണ്ഡിതര്‍ വേണമെന്നാണ് ചട്ടം. നിലവിലെ പിവിസി ഡോ. സുചേത നായര്‍ക്ക് പത്രപ്രവര്‍ത്തനത്തിലാണ് ബിരുദം. രജിസ്ട്രാര്‍ ഡോ. എം പ്രശാന്തകുമാറിന്റെ ബിരുദാനന്തര ബിരുദം ഇംഗ്ലീഷിലും.

യുഡിഎഫ് ഭരണകാലത്ത് ഡോ. കെ എസ് രാധാകൃഷ്ണനെ വിസിയാക്കിയപ്പോഴാണ് സമാന അവസ്ഥയുണ്ടായത്. അന്ന് രജിസ്ട്രാര്‍ ഡോ. എസ് പ്രേംജിത്തിന് മറൈന്‍ സയന്‍സിലായിരുന്നു വൈദഗ്ധ്യം. പിവിസിക്കു പകരം അന്നുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ ഡീന്‍ പദവി റദ്ദാക്കുയിരുന്നു. സര്‍വകലാശാല ആരംഭിക്കുമ്പോള്‍ 1993ല്‍ അന്നത്തെ വിസിയായ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായര്‍ സംസ്കൃത പണ്ഡിതനായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് കാലത്ത് വിസിയായ ഡോ. എന്‍ പി ഉണ്ണിയും റജിസ്ട്രാര്‍ ഡോ. കെ ജി പൗലോസും പ്രിന്‍സിപ്പല്‍ ഡീന്‍ ഡോ. എന്‍ വി പി ഉണിത്തിരിയും പ്രഗത്ഭരായ സംസ്കൃത പണ്ഡിതര്‍ ആയിരുന്നു. തുടര്‍ന്നാണ് കെ എന്‍ പണിക്കരെ വിസി ആക്കിയത്. ഭാരതദര്‍ശനത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹത്തെയാണ് സംസ്കൃത ബിരുദമില്ലെന്ന പേരില്‍ എതിര്‍ത്തത്. അന്നത്തെ പ്രിന്‍സിപ്പല്‍ ഡീന്‍ ഡോ. എന്‍ കെ ശങ്കരന്‍ സംസ്കൃത പണ്ഡിതനായിരുന്നു. കെ എസ് രാധാകൃഷ്ണനുശേഷം എല്‍ഡിഎഫ് കാലത്ത് വിസിയായ ഡോ. ജെ പ്രസാദിന്റെ ഡോക്ടറേറ്റും സംസ്കൃതത്തിലായിരുന്നു.

deshabhimani

ഉമ്മന്‍ചാണ്ടിയുടെ അവാര്‍ഡ് മാണിയുടെ പ്രസംഗംപോലെ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങിയ ഐക്യരാഷ്ട്രസഭയുടെ "അന്താരാഷ്ട്ര പുരസ്കാരം" ധനമന്ത്രി കെ എം മാണി ബ്രിട്ടീഷ് അസംബ്ലിയില്‍ നടത്തിയ പ്രസംഗംപോലെ പരിഹാസ്യമായി. സോളാര്‍തട്ടിപ്പ് ഉള്‍പ്പെടെയുള്ള അഴിമതിയാരോപണങ്ങളില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ആദ്യ അവാര്‍ഡ് എന്ന പച്ചക്കള്ളവും തട്ടിവിട്ടു. ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങിയ ഇതേ അവാര്‍ഡ് മധ്യപ്രദേശിനും കിട്ടിയിട്ടുണ്ട്. മധ്യപ്രദേശിനുവേണ്ടി അവാര്‍ഡ് വാങ്ങാന്‍ മുഖ്യമന്ത്രിയെന്നല്ല, വകുപ്പുമന്ത്രിപോലും പോയില്ല. വകുപ്പു സെക്രട്ടറി കാഞ്ചന്‍ ജെയിനാണ് അവാര്‍ഡ് വാങ്ങിയത്. കേരളത്തില്‍നിന്നാകട്ടെ, മുഖ്യമന്ത്രിക്കു പുറമെ ഒരു മന്ത്രിയും ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും അടക്കമുള്ള സംഘമാണ് അവാര്‍ഡ് വാങ്ങാന്‍ പോയത്. ഇതിന്റെ പേരിലും കോടികള്‍ പൊടിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണില്‍നിന്ന് അവാര്‍ഡ് വാങ്ങുമെന്ന നുണയും നടത്തി. മനാമയില്‍ നടന്ന പരിപാടിയില്‍ ബാന്‍ കി മൂണ്‍ പങ്കെടുക്കുമെന്നുപോലും ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. എന്നിട്ടും യുഎന്‍ സെക്രട്ടറി ജനറലില്‍നിന്നാണ് അവാര്‍ഡ് വാങ്ങുന്നതെന്ന് പ്രചരിപ്പിച്ചു. ഐക്യരാഷ്ട്രസഭാ അണ്ടര്‍ സെക്രട്ടറിയാണ് അവാര്‍ഡ് നല്‍കിയത്. ഓഫീസ് മേധാവി പ്യൂണില്‍നിന്ന് അവാര്‍ഡ് വാങ്ങുന്നതുപോലെ പരിഹാസ്യം.

അഴിമതിനിര്‍മാര്‍ജന പരിപാടിക്കാണ് കേരളത്തിന് അവാര്‍ഡ്. ഇത് മറച്ചുവച്ച് പൊതുജനസേവനത്തിനാണ് അവാര്‍ഡ് എന്നും കള്ളക്കഥയുണ്ടാക്കി. മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി മികച്ച അഴിമതിനിര്‍മാര്‍ജന നീക്കമാണെന്ന് രേഖയുണ്ടാക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് ഫോറത്തിലേക്ക് അവാര്‍ഡിന് അപേക്ഷിച്ചത്. ചില ഇടനിലക്കാരുടെ സഹായത്തോടെ നടത്തിയ നീക്കത്തെത്തുടര്‍ന്ന് "അഴിമതി തടയലി"ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ആഫ്രിക്ക, ഏഷ്യ-പസിഫിക്, യൂറോപ്പും വടക്കേ അമേരിക്കയും, ലാറ്റിനമേരിക്കയും കരീബിയയും, പടിഞ്ഞാറന്‍ ഏഷ്യ എന്നിങ്ങനെ അഞ്ചാക്കി തിരിച്ചുനല്‍കിയ അവാര്‍ഡുകളില്‍ ഒന്നുമാത്രമാണിത്. ഉത്തര്‍പ്രദേശിലെ ആരോഗ്യം പദ്ധതിക്ക് കഴിഞ്ഞവര്‍ഷവും തൊട്ടുമുന്‍വര്‍ഷം ഡല്‍ഹിയിലെ സാമാജിക്ക് സുവിധസംഘത്തിനും സ്വനചേതന്‍ സൊസൈറ്റി എന്ന എന്‍ജിഒയ്ക്കും അവാര്‍ഡ് കിട്ടിയിരുന്നു. 2009ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ശുദ്ധജലവിതരണ പദ്ധതിക്കായിരുന്നു പുരസ്കാരം. അതിനുമുമ്പ് നാഗാലാന്‍ഡ് സര്‍ക്കാരിനും ആന്ധ്രാപ്രദേശിലെ ഐടിവകുപ്പിനും പുരസ്കാരം കിട്ടിയിട്ടുണ്ട്. അന്നൊന്നും ഏതെങ്കിലും മുഖ്യമന്ത്രി വ്യക്തിപരമായ നേട്ടമായി കൊട്ടിഘോഷിക്കുകയോ അതിശയോക്തി പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ബ്രിട്ടീഷ് അസംബ്ലിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചെന്നു പ്രചരിപ്പിച്ച് നേരത്തെ മന്ത്രി കെ എം മാണിയും ഇതേ മാതൃകയില്‍ വന്‍ പ്രചാരണം നടത്തുകയും സര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ ഒരു മലയാളി സംഘടന വാടകയ്ക്കെടുത്ത് നടത്തിയ പരിപാടിയിലേക്കാണ് മാണിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. സ്വകാര്യമായ ഈ പരിപാടിയെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരിപാടിയായി അവതരിപ്പിച്ചപോലെയായി ഉമ്മന്‍ചാണ്ടിയുടെ അവാര്‍ഡും.

deshabhimani

പ്രകൃതിവാതക വില വര്‍ധന പാടില്ല: സിപിഐ എം, സിപിഐ

പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ച് ഇതേക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോയും സിപിഐ കേന്ദ്ര സെക്രട്ടറിയറ്റും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതിയുടെയും രാസവളത്തിന്റെയും സിഎന്‍ജിയുടെയും വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ തീരുമാനം കാരണമാകുമെന്നും ഇരു പാര്‍ടികളും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പ്രകൃതിവാതകം കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കരുതെന്നും സിപിഐ എം പിബി ആവശ്യപ്പെട്ടു.

ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന് നേട്ടമുണ്ടാക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. വില വര്‍ധിപ്പിക്കുന്നതുവരെ കൃഷ്ണ ഗോദാവരി തീരത്തെ ഡി-6 ബ്ലോക്കില്‍ നിന്നുള്ള ഉല്‍പ്പാദനം റിലയന്‍സ്് ബോധപൂര്‍വം കുറയ്ക്കുകയാണ്. പ്രകൃതിവാതക വില ഒരു ഡോളര്‍ വര്‍ധിക്കുമ്പോള്‍ റിലയന്‍സിന് 7.40 കോടി ഡോളറാണ് ലാഭം. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ഡോളറും ഈജിപ്തില്‍ 2.57 ഡോളറും നൈജീരിയയില്‍ 0.11 ഡോളറും ഓസ്ട്രേലിയയില്‍ 5 ഡോളറുമാണ് ഒരു എംഎംബിടിയു പ്രകൃതിവാതകത്തിന്റെ വില. കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വിലയാകട്ടെ 8.4 ഡോളറും. വില വര്‍ധനയുടെ ഭാഗമായി അഞ്ച് വര്‍ഷത്തിനകം 71,250 കോടി രൂപയാണ് സര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് സബ്സിഡി നല്‍കേണ്ടത്. സാര്‍വത്രിക ഭക്ഷ്യസുരക്ഷ നടപ്പാക്കാന്‍ പണമില്ലെന്ന് പറയുമ്പോഴാണിത്. വിലവര്‍ധനയുടെ ഭാരം മുഴുവന്‍ സാധാരണ ജനങ്ങളുടെയും കര്‍ഷകരുടെയും മുകളില്‍ കെട്ടിവയ്ക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

പ്രകൃതിവാതക വില വര്‍ധന രാജ്യത്ത് വിലക്കയറ്റമുണ്ടാക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. സാമ്പത്തികദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്കും മേലുമുള്ള കനത്ത ആഘാതമാണ് നടപടിയെന്നും സിപിഐ പറഞ്ഞു. റിലയന്‍സ് പോലുള്ള കോര്‍പറേറ്റ് കമ്പനികള്‍ക്ക് കോടികളുടെ ലാഭം നല്‍കാന്‍ കര്‍ഷകരുടെ ജീവിതം ദുരിത പൂര്‍ണമാക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെതെന്ന് അഖിലേന്ത്യാ കിസാന്‍സഭ പ്രസ്താവനയില്‍ പറഞ്ഞു. കടത്തുകൂലിയും രാസവളവിലയും വര്‍ധിക്കും. യുപിഎ സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂലവും കര്‍ഷകവിരുദ്ധവുമായ നടപടി തുറന്നുകാണിക്കുമെന്നും കിസാന്‍സഭ പ്രസിഡണ്ട് എസ് രാമചന്ദ്രന്‍പിളള പറഞ്ഞു.

പെട്രോള്‍വില വീണ്ടും കൂട്ടി; മാസത്തില്‍ മൂന്നാം വര്‍ധന

ന്യൂഡല്‍ഹി: ഒരുമാസത്തിനിടെ തുടര്‍ച്ചയായ മൂന്നാംതവണ പെട്രോള്‍വില വര്‍ധിപ്പിച്ചു. ലിറ്ററിന് 1.82 രൂപയാണ് കൂട്ടിയത്. നികുതി കൂട്ടാതെയുള്ള കണക്കാണിത്. ജൂണ്‍ ആദ്യവാരം 75 പൈസയും ജൂണ്‍ 15ന് രണ്ടുരൂപയും കൂട്ടിയിരുന്നു. ഈ മാസം മാത്രം ലിറ്ററിന് അഞ്ചുരൂപയോളമാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി പുതിയ വിലനിരക്ക് നിലവില്‍ വന്നു.

സാധാരണ ഓരോ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണകമ്പനികള്‍ വില പുനഃപരിശോധിക്കുക. എന്നാല്‍, ഇക്കുറി ജൂണ്‍ 30 വരെ കാത്തിരിക്കാതെതന്നെ വില കൂട്ടാന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഡോളറിനെതിരെ രൂപയുടെ വില കുത്തനെ ഇടിഞ്ഞതാണ് അടിയന്തര വിലവര്‍ധനയ്ക്ക് കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന ന്യായം. ഡീസല്‍വിലയും അടുത്തുതന്നെ വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഇതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഈ മാസം ആദ്യം ഡീസല്‍വില ലിറ്ററിന് അമ്പതുപൈസ കൂട്ടിയിരുന്നു. കഴിഞ്ഞ ജനുവരിക്ക് ശേഷം ഡീസല്‍വില അഞ്ചുവട്ടം കൂട്ടി. നികുതിയടക്കം ഡല്‍ഹിയില്‍ 2.19 രൂപയുടെ വര്‍ധനയാണ് വരിക. ലിറ്ററിന് 66..9 രൂപയായിരുന്ന വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 68.58 രൂപയായി ഉയര്‍ന്നു.

deshabhimani

വ്യാജ പാസ്പോര്‍ട്ട്: നടപടി ഒഴിവാക്കാന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഇടപെട്ടു

അനധികൃത പാസ്പോര്‍ട്ട് തരപ്പെടുത്തിയവര്‍ക്കെതിരെയുള്ള നിയമനടപടി ഒഴിവാക്കാന്‍ മലപ്പുറം, കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് വിദേശകാര്യ ജോയിന്റ് സെക്രട്ടറിയായ ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ വഴിവിട്ട് ഉത്തരവ് നല്‍കിയതായി സിബിഐ കണ്ടെത്തി. നിയമം ലംഘിച്ച് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മുക്തേഷ് കുമാര്‍ പര്‍ദേശി ഇറക്കിയ ഉത്തരവ് സിബിഐ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതുസംബന്ധിച്ച നിയമം പാര്‍ലമെന്റിനേ ഭേദഗതി ചെയ്യാനാവൂ എന്നിരിക്കെയാണ് രാജ്യത്തെ രണ്ട് പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് മാത്രമായി വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് വന്‍ തട്ടിപ്പിന് വഴിയൊരുക്കിയത്. ഇത് വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ ഒത്താശയോടെയാണെന്ന് സൂചനയുണ്ട്.

2012 ഡിസംബര്‍ 12ന് മലപ്പുറത്തെത്തിയ ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മലപ്പുറം, കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരുടെ യോഗം വിളിച്ചാണ് നിയമവിരുദ്ധ ഉത്തരവ് ഇറക്കിയത്. വിമാനത്താവളത്തില്‍ കൃത്രിമം കണ്ടെത്തി പിടികൂടുന്ന പാസ്പോര്‍ട്ടുകള്‍ തുടര്‍നടപടി സ്വീകരിക്കാതെ പാസ്പോര്‍ട്ട് ഉടമയ്ക്ക് കൈമാറണമെന്നായിരുന്നു ഉത്തരവ്. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് തട്ടിപ്പ് പാസ്പോര്‍ട്ടുകള്‍ മടക്കി നല്‍കിയിട്ടുണ്ട്. ഡിസംബര്‍വരെ ഇത്തരം 137 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നിടത്താണ് തുടര്‍ന്ന് ഒരു കേസുപോലും എടുക്കാതിരുന്നത്. സിബിഐ നടത്തിയ മിന്നല്‍പരിശോധനയില്‍ ഏതാനും ദിവസത്തെ റെക്കോഡുകളില്‍നിന്നുതന്നെ അമ്പതോളം പാസ്പോര്‍ട്ടുകള്‍ നടപടി സ്വീകരിക്കാതെ വിട്ടുനല്‍കിയതായി കണ്ടെത്തി. വിശദ പരിശോധനയിലേ തട്ടിപ്പിന്റെ ആഴം വ്യക്തമാകൂ.

പാസ്പോര്‍ട്ടില്‍ കൃത്രിമം ബോധ്യപ്പെട്ടാല്‍ ശക്തമായ നിയമനടപടികളാണ് ചട്ടം വ്യവസ്ഥചെയ്യുന്നത്. ഒരു കാരണവശാലും ഉടമകള്‍ക്ക് മടക്കിനല്‍കാന്‍ പാടില്ലെന്നും ചട്ടമുണ്ട്. ഇക്കാര്യത്തില്‍ ഏതെങ്കിലും പ്രദേശത്തിനോ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കോ ഇളവ് നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ല. തിരിച്ചുനല്‍കിയവയില്‍ ഏറെയും സ്ത്രീകളുടെ പാസ്പോര്‍ട്ടുകളാണെന്നാണ് വിവരം. കേരളംവഴി മനുഷ്യക്കടത്ത് നടക്കുന്നതായും ഇതിലധികവും ലൈംഗിക വാണിഭത്തിനാണെന്നുമുള്ള കേസുകള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ പോലും ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

നെടുമ്പാശേരിവഴിയുള്ള മനുഷ്യക്കടത്ത് പിടിച്ചപ്പോള്‍ മലപ്പുറം, കോഴിക്കോടുവഴി പാസ്പോര്‍ട്ട് എടുത്തവര്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായത്. പലപ്പോഴും വിദേശത്തുപോയി തിരിച്ചുവന്നിട്ടുള്ളവരുടെ പാസ്പോര്‍ട്ടുകളാണ് ഇത്തരത്തില്‍ കൂടുതലായി പിടിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ചീഫ് പാസ്പോര്‍ട്ട് ഓഫീസറില്‍ ശക്തമായ രാഷ്ട്രീയസമ്മര്‍ദം ഉണ്ടായിരുന്നതായാണ് സൂചന. കേസില്‍ ചീഫ് പാസ്പോര്‍ട്ട് ഓഫീസറെയും പ്രതിചേര്‍ക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നതിന് കൊച്ചിയിലേക്കു വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ അബ്ദുള്‍റഷീദിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ദേശദ്രോഹംപോലുമാകാവുന്ന തട്ടിപ്പിലേക്ക് വെളിച്ചംവീശുന്ന തെളിവുലഭിച്ചത്.
(ഷഫീഖ് അമരാവതി)

പാസ്പോര്‍ട്ട് ഓഫീസറെ രക്ഷിക്കാന്‍ ലീഗ്

മലപ്പുറം: അഴിമതി നിരോധന നിയമ പ്രകാരം സിബിഐ കേസെടുത്ത മലപ്പുറം പാസ്പോര്‍ട്ട് ഓഫീസറെ രക്ഷിക്കാന്‍ മുസ്ലിംലീഗ് ഇടപെടുന്നു. കേസെടുത്ത് രണ്ടാഴ്ചയായിട്ടും പാസ്പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുല്‍ റഷീദ് സര്‍വീസില്‍ തുടരുകയാണ്. സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്താനോ ചോദ്യംചെയ്യാനോ ഇതുവരെയും നിര്‍ദേശമുണ്ടായിട്ടില്ല. വെള്ളിയാഴ്ചയും റഷീദ് ഓഫീസിലെത്തി. പാസ്പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് വ്യക്തമായ തെളിവ് സിബിഐയുടെ പക്കലുണ്ട്. റഷീദിന്റെ വളാഞ്ചേരിയിലെ വീട്ടിലെ റെയ്ഡില്‍ 2.35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഓഫീസിലും ട്രാവല്‍ ഏജന്‍സികളിലുമുണ്ടായ പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. റഷീദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ചും സിബിഐയ്ക്ക് തെളിവ് കിട്ടി. ഇത്രയൊക്കെയായിട്ടും പാസ്പോര്‍ട്ട് ഓഫീസറെ ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ സിബിഐ തയ്യാറായിട്ടില്ല. കുറ്റക്കാരനാണെന്ന് പ്രാഥമിക തെളിവ് ലഭിച്ചിട്ടും സസ്പെന്‍ഡ് ചെയ്യാനും ഉത്തരവായിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുടരുന്ന നിസംഗത സംശയാസ്പദമാണ്. റഷീദ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരുടെ യോഗത്തിലും പങ്കെടുത്തു.

മലപ്പുറം ആംഡ് റിസര്‍വ് പൊലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്ന റഷീദ് 2011 ആഗസ്തിലാണ് പാസ്പോര്‍ട്ട് ഓഫീസറായത്. രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ് വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ ഓഫീസില്‍നിന്ന് നേരിട്ട് നിയമനം നല്‍കിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെയും കെ പി എ മജീദിന്റെയും ഗണ്‍മാനായിരുന്ന റഷീദിനെ ചോദ്യംചെയ്യുന്നത് ലീഗ് നേതൃത്വം ഭയപ്പെടുന്നു. റഷീദിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിക്കുന്ന ആഗസ്ത് വരെ നടപടി നീട്ടിക്കൊണ്ടുപോകാനാണ് വിദേശകാര്യ മന്ത്രാലയത്തിലെ നീക്കമന്നറിയുന്നു.

deshabhimani

പി മോഹനനെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടച്ചിട്ട് ഒരുവര്‍ഷം തികയുന്നു

പ്രതികാര രാഷ്ട്രീയത്തിന്റെയും നീതിനിഷേധത്തിന്റെയും ഇരയായി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ ജയിലറക്കുള്ളിലടയ്ക്കപ്പെട്ടിട്ട് ശനിയാഴ്ച ഒരു വര്‍ഷം തികയുകയാണ്. രാഷ്ട്രീയ-ഭരണ ഇടപെടലിനാല്‍ ജാമ്യംപോലും നിഷേധിച്ചാണ് മോഹനനെ തടങ്കലിലാക്കിയത്. യുഡിഎഫ്-മാര്‍ക്സിസ്റ്റ്വിരുദ്ധ രാഷ്ട്രീയനേതൃത്വത്തിന്റെ സംയുക്ത ഗൂഢാലോചനയിലായിരുന്നു അറസ്റ്റ്.

ഒരു കൊല്ലമായി കോഴിക്കോട് ജില്ലാ ജയിലിലാണ് മോഹനന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പേരില്‍ അരങ്ങേറിയ സിപിഐ എം വേട്ടയുടെ ഭാഗമായിരുന്നു ജില്ലയിലെ മുതിര്‍ന്ന നേതാവിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തത്. കൊള്ളക്കാരെയും ഭീകരരെയും കൈകാര്യംചെയ്യുംവിധം നിന്ദ്യമായ രീതിയിലായിരുന്നു അറസ്റ്റ്. ദേശീയപാതയില്‍ കൊയിലാണ്ടിക്കടുത്ത് സിനിമാ സ്റ്റൈലിലായിരുന്നു പൊലീസ്സംഘം അറസ്റ്റിനായെത്തിയത്. ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ അകമ്പടിയിലായിരുന്നു ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ചാടിവീഴല്‍. സിപിഐ എം ജില്ലാകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് വരികയായിരുന്നു മോഹനന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നയാളെ പൊതുനിരത്തില്‍ ഭീകരരെയെന്നപോലെ വളഞ്ഞിട്ട് പിടിച്ചത് പരക്കെ അപലപിക്കപ്പെടുകയും പ്രതിഷേധമുയരുകയുമുണ്ടായി.

മോഹനനെ കടുത്ത ഭീഷണിപ്രയോഗവുമായാണ് പൊലീസ് നേരിട്ടത്. ഉന്നത നേതാക്കളുടെ പേര് പറയാന്‍ നിരന്തര സമ്മര്‍ദമുണ്ടായി. ഇതിനൊന്നും വഴങ്ങാതെ, പതറാതെ നിലയറുപ്പിച്ചപ്പോഴാണ് 14-ാംപ്രതിയാക്കിയത്. എങ്ങനെയും അകത്തിടണമെന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ സംഘമായ ആര്‍എംപിയുടെ വാശിക്കും ശാഠ്യത്തിനും കീഴടങ്ങുകയായിരുന്നു പൊലീസ്. സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെയും സംസ്ഥാനകമ്മിറ്റി അംഗം ടി വി രാജേഷ് എംഎല്‍എയെയും ഷുക്കൂര്‍ വധക്കേസിലും കണ്ണര്‍ ജില്ലാസെക്രട്ടറിയറ്റംഗം കാരായി രാജനെയും തലശേരി ഏരിയാകമ്മിറ്റി അംഗം കാരായിചന്ദ്രശേഖരനെയും ഫസല്‍ വധക്കേസിലും ജയിലിലടച്ചിരുന്നു. കാരായി രാജനും സഹദേവനും ഇപ്പോഴും ജയിലിലാണ്. സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ട് പ്രസ്ഥാനത്തെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുക എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപജാപകനീക്കത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം.
(പി വി ജീജോ)

deshabhimani

പാസ്‌പോര്‍ട്ട് മെയ്ഡ് ഇന്‍ മലപ്പുറം! കുഞ്ഞാലിക്കുട്ടിയും കുടുങ്ങും

മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന വ്യാജ പാസ്‌പോര്‍ട്ടു നിര്‍മാണത്തെക്കുറിച്ച് സി ബി ഐ നടത്തുന്ന അന്വേഷണത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനൊപ്പം വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കുടുങ്ങും.

സി ബി ഐക്ക് ഇതുവരെ ലഭിച്ച വിവരങ്ങളനുസരിച്ച് ഇരുവരും ചേര്‍ന്നു നടത്തിയ ഒരു വന്‍ഗൂഢാലോചനയെത്തുടര്‍ന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന കെ അബ്ദുള്‍ റഷീദിന്റെ മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായുള്ള നിയമനം. കേന്ദ്ര സര്‍വീസില്‍ അണ്ടര്‍സെക്രട്ടറി റാങ്കിലുള്ളവരെ മാത്രമേ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിക്കാവൂഎന്നാണ് ചട്ടം. ജമ്മു-കശ്മീരില്‍ മാത്രം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എസ് പി റാങ്കിനുമുകളിലുള്ളവരെ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരായി  നിയമിക്കാമെന്ന വ്യവസ്ഥയുണ്ട്.

സ്വതന്ത്ര ഇന്ത്യയിലെ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ ചരിത്രത്തില്‍ ഇതുവരെ ജമ്മു-കശ്മീരില്‍ ഒഴികെ മറ്റൊരു  സംസ്ഥാനത്തും ഒരു പൊലീസ് ഉദ്യോഗസ്ഥനെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ച ചരിത്രമേയില്ലെന്നാണ് തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്. വെറും ഡിവൈ എസ് പി യായ അബ്ദുള്‍ റഷീദ് ഇത്തരമൊരു റാങ്കില്‍ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമനം ലഭിച്ച ആദ്യത്തെയാള്‍ എന്ന 'ബഹുമതി' ക്കും അഹമ്മദ് - കുഞ്ഞാലിക്കുട്ടിമാരുടെ നിയമവിരുദ്ധനീക്കങ്ങളിലൂടെ അര്‍ഹനായിരിക്കുന്നുവെന്നാണ് ഈ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

പാസ്‌പോര്‍ട്ട് അപേക്ഷകരില്‍ നിന്നും ട്രാവല്‍ ഏജന്റുമാരില്‍ നിന്നും അബ്ദുള്‍ റഷീദ് കോടികളുടെ കോഴ കൈപ്പറ്റിയെന്നതിന്റെ തെളിവുകളും സി ബി ഐക്കു ലഭിച്ചിട്ടുണ്ടെന്നറിയുന്നു. ഇപ്രകാരം സമാഹരിച്ച തുകയില്‍ ഭീമമായ പങ്ക് അത്യുന്നതങ്ങളിലേയ്ക്ക് ഒഴുകിയതായും അന്വേഷണ സംഘം കണ്ടെത്തി. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന അബ്ദുള്‍ റഷീദ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മാനസപുത്രനാണെന്ന കാര്യം മലപ്പുറത്തുകാര്‍ക്കെങ്കിലുമറിയാം. ഈ 'യോഗ്യത' തന്നെയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റുകൂടിയായ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനെ നിയമവിരുദ്ധമായ ഈ ഉദ്യോഗദാനത്തിനു പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യഥാര്‍ഥ പാസ്‌പോര്‍ട്ടുടമകളുടെ ചിത്രത്തില്‍ തലവെട്ടിമാറ്റി കൊടുംക്രിമിനലുകളെ ഗള്‍ഫിലേക്കു കടത്തിയതും കരിപ്പൂരും നെടുമ്പാശ്ശേരിയും കേന്ദ്രീകരിച്ചു നടന്ന വിദേശത്തേക്കുള്ള പെണ്‍വാണിഭവുമടക്കം 137 പാസ്‌പോര്‍ട്ടുകേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാം അബ്ദുള്‍ റഷീദിന്റെ കാര്‍മ്മികത്വത്തില്‍ നടന്നതാണെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.
'മെയ്ഡ് ഇന്‍ മലപ്പുറം' പാസ്‌പോര്‍ട്ടുകളെ സംബന്ധിച്ചവിവരങ്ങള്‍ ഒന്നൊന്നായി പ്രവഹിച്ചതിനിടയില്‍ ഇ അഹമ്മദിന്റേയും കുഞ്ഞാലിക്കുട്ടിയുടേയും സാന്നിധ്യത്തില്‍ ഉന്നതതലയോഗം വിളിച്ചുകൂട്ടി കേസുകളെടുത്ത് പാസ്‌പോര്‍ട്ട് ഉടമകളെ ബുദ്ധിമുട്ടിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതും സംബന്ധിച്ച വിശദവിവരങ്ങളും സി ബി ഐക്കു ലഭിച്ചിട്ടുണ്ടെന്നറിയുന്നു. അബ്ദുള്‍ റഷീദിന്റെ നിയമവിരുദ്ധ നിയമനത്തേയും വ്യാപകമായ വ്യാജപാസ്‌പോര്‍ട്ട് നിര്‍മാണത്തേയും സംബന്ധിച്ച് സി ബി ഐ അന്വേഷണമാണ് കേന്ദ്രമന്ത്രി ഇ അഹമ്മദിലേയ്ക്കു നീളുന്നതെങ്കില്‍ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കൊടികുത്തിവാഴുകയും കോടികള്‍ കൊയ്തുകൂട്ടുകയും ചെയ്ത റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദുമായുള്ള ബന്ധത്തെക്കുറിച്ചും അയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുമായിരിക്കും കുഞ്ഞാലിക്കുട്ടിയില്‍ നിന്നും തെളിവെടുക്കുകയെന്നും സി ബി ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

janayugom